നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സാഹിത്യത്തിലെ മുന്‍നിര എഴുത്തുകാരനായിരുന്ന പാറപ്പുറത്ത് എന്ന കെ. ഇ. മത്തായിയുടെ ജന്മശതാബ്ദിയാണ് നവംബര്‍ 14.
‘ആള്‍കൂട്ടത്തിലായാരിക്കുമ്പോഴും ഒറ്റപ്പെട്ടവനായിരിക്കുക എന്ന വിരോധാഭാസമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്. എനിക്ക് വിഹരിക്കാനും എന്റെ കഴിവു പ്രകടിപ്പിക്കുവാനും കഴിയുന്ന ഒരേ ഒരു മണ്ഡലം സാഹിത്യമാണെന്ന് ബോധ്യമായപ്പോള്‍ സദാ ആള്‍ക്കൂട്ടത്തില്‍ കഴിയേണ്ട ജീവിത സാഹചര്യത്തില്‍ പെട്ടുപോയ ഞാന്‍ ആത്മാവു കൊണ്ട് അവരില്‍ നിന്നെല്ലാം അകലാന്‍ നിര്‍ബന്ധിതനായി. എഴെട്ടു പേരൊത്ത് ഒരു ടെന്റില്‍ കഴിയുമ്പോഴും ബാരക്കില്‍ ഒന്നിച്ച് കഴിയുന്ന പത്ത് നാല്‍പ്പതു പേരില്‍ ഒരാളായിരിക്കുമ്പോഴും ഞാന്‍ ഒറ്റപ്പെട്ടവനായിരുന്നു. അങ്ങനെ ഒറ്റപ്പെട്ട , എനിക്ക് വിശ്രമിക്കാന്‍ വേണ്ടി ഞാന്‍ പണി തീര്‍ത്ത പര്‍ണ്ണശാലകളാണ് എന്റെ കഥകളെല്ലാം’; പാറപ്പുറം.
മലയാള സാഹിത്യത്തില്‍ വായനക്കാര്‍ക്ക് തികച്ചും അപരിചിതമായ ലോകമാണ് കിഴക്കേ പൈനും മുട്ടില്‍ ഈശോ മത്തായി എന്ന കെ.ഇ. മത്തായി പാറപ്പുറത്ത് എന്ന പേരില്‍ തന്റെ ചെറുകഥകളിലൂടെ വരച്ചു കാട്ടിയത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് പട്ടാള ജീവിതമാരംഭിച്ച പാറപ്പുറം പട്ടാളക്കഥകളല്ല എഴുതിയിട്ടുള്ളത്. പട്ടാളക്കാരന്റെ കഥകളാണ്. ക്യാമ്പുകളില്‍ കഴിയുന്ന പട്ടാളക്കാരെ കുറിച്ച് മറ്റു കഥാകാരന്മാര്‍ എഴുതിയപ്പോള്‍ പാറപ്പുറത്ത് തന്റെ കഥകളില്‍ നാട്ടില്‍ കഴിയുന്ന പട്ടാളക്കാരുടെ ഭാര്യയേയും കാമുകിയേയും അമ്മയേയും സഹോദരികളേയും കഥാപാത്രങ്ങളാക്കി എഴുതി. നന്തനാരും കോവിലനുമായിരുന്നു ഈ പശ്ചാത്തലത്തില്‍ കഥയെഴുതി മലയാള സാഹിത്യലോകത്ത് ശ്രദ്ധേയരായ മറ്റു രണ്ടു കഥാകാരന്മാര്‍.
മാവേലിക്കരക്കടുത്ത് കുന്നത്താണ് മത്തായിയുടെ ജനനം. പിതാവ് ചെറുപ്പത്തിലെ മരിച്ചതോടെ കുടുംബഭാരമേറ്റെടുക്കേണ്ടി വന്നു. രണ്ടാം മഹാലോകയുദ്ധം തുടങ്ങിയ സമയം. 1944 ല്‍ മത്തായി പട്ടാളത്തില്‍ ഹവീല്‍ദാര്‍ ക്ലര്‍ക്കായി ചേര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ 21 വര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്തു. അക്കാലത്തെ അനുഭവങ്ങളാണ് മത്തായിയിലെ സാഹിത്യകാരനെ ഉണര്‍ത്തിയത്. പട്ടാള ക്യാമ്പില്‍ അവതരിപ്പിക്കാന്‍ ഒരു നാടകമെഴുതിക്കൊണ്ടാണ് എഴുത്ത് തുടങ്ങിയത്.
ആ നാടകം ഉല്‍ഘാടനം ചെയ്ത കേണല്‍ ദുര്‍ഗാദാസ് ജാഥോര്‍ എന്ന മേലുദ്യോഗസ്ഥന്‍ ആ പട്ടാള ക്യാമ്പിലെ സിംഹവും എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന കര്‍ക്കശനായ പട്ടാള മേധാവിയുമായിരുന്നു. ഉല്‍ഘാടനം ചെയ്ത ശേഷം മുഴുവന്‍ സമയവും ആ നാടകം ഇരുന്ന് കണ്ട കേണല്‍ അത് അവസാനിച്ച ശേഷം വേദിയില്‍ കയറി എഴുതിയ യുവാവിനെ അങ്ങോട്ട് വിളിച്ചു. ‘ഇത്തരത്തിലുള്ള ഒരു നാടകം രചിക്കാന്‍ കഴിവുള്ള ഒരു ജവാന്‍ എന്നോടൊപ്പം ഉണ്ട് എന്നറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നല്ലൊരു നാടകം രചിച്ച ഈ ചെറുപ്പക്കാരന്‍ നമ്മുടെയെല്ലാം ആദരവ് പിടിച്ച് പറ്റിയിരിക്കുന്നു. നിങ്ങള്‍ക്കെല്ലാം വേണ്ടി ഞാന്‍ ഇയാളെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു’ കേണലിന്റെ ഇടി മുഴക്കം പോലുള്ള ശബ്ദത്തിലുള്ള പ്രഖ്യാപനം അവിടെ വന്നവരുടെ നീണ്ട കരഘോഷത്തില്‍ മുങ്ങിപ്പോയി. എഴുത്തുകാരനായ മത്തായിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം അതായിരുന്നു. അതോടെ പട്ടാള ക്യാമ്പുകളില്‍ അറിയപ്പെടുന്ന എഴുത്തുകാരനായി കെ.ഇ. മത്തായി.
വിഭജനകാലത്ത് ഇന്ത്യയില്‍ വന്ന ഒരു അഭയാര്‍ത്ഥിയായ പഞ്ചാബി പെണ്‍കുട്ടി ജീവിക്കാനായി മത്തായി ജോലി ചെയ്യുന്ന പട്ടാള ക്യാമ്പിനടുത്ത് കപ്പലണ്ടി വിറ്റിരുന്നു. ആ പെണ്‍കുട്ടിയെ പറ്റി രുഗ്മിണി എന്ന പേരില്‍ കഥയെഴുതി ഒരു മാസികക്ക് അയച്ചു. ഒരു മാസം കഴിഞ്ഞ് മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ”ലോക വാണി മാസിക മത്തായിയെ തേടിയെത്തി. ഡോ. കെ.എം. ജോര്‍ജായിരുന്നു മാസികയുടെ പത്രാധിപര്‍. അതില്‍ ‘പുത്രിയുടെ വ്യാപാരം’ എന്നൊരു കഥയുണ്ടായിരുന്നു. തലക്കെട്ടിന് താഴെ അച്ചടിച്ചിരുന്നു, കഥാകൃത്ത് കെ.ഇ.മത്തായി. തന്റെ ആദ്യ കഥ അച്ചടിച്ച് കണ്ട മത്തായിയുടെ സന്തോഷം വര്‍ണ്ണാതീനമായിരുന്നു. ആനന്ദത്തോടെ തന്റെ കഥ വീണ്ടും, വീണ്ടും വായിച്ച് മാസിക തലയിണക്കീഴില്‍ വെച്ചാണ് മത്തായി അന്ന് ഉറങ്ങിയത്. 1948 ല്‍ പ്രസിദ്ധീകരിച്ച ആദ്യകഥക്ക് കിട്ടിയ പ്രതിഫലവും മോശമായില്ല. 15 രൂപ.
മീററ്റില്‍ ജോലി ചെയ്യുമ്പോഴാണ് മറ്റൊരു കഥാകാരനായ കോവിലനെ പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരമായി സമ്മേളിച്ചു സാഹിത്യ ചര്‍ച്ചകള്‍ നടത്തിയത് മത്തായിയുടെ സാഹിത്യ വികസനത്തിന് ഗുണം ചെയ്തു. കോവിലന്‍ അന്നേ പേരെടുത്ത കഥാകാരനായിക്കഴിഞ്ഞിരുന്നു.
മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം മാസിക പല പ്രസിദ്ധരായ മലയാളി എഴുത്തുകാരും എഴുതിത്തുടങ്ങിയ മികച്ച പ്രസിദ്ധീകരണമായിരുന്നു. വി.ടി. നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍, കെ.എ. കൊടുങ്ങല്ലൂര്‍, പമ്മന്‍, നന്തനാര്‍, ഒ.വി.വിജയന്‍, തുടങ്ങിയരുടെയെല്ലാം ആദ്യ രചനകള്‍ വന്നത് ജയകേരളത്തിലാണ്. ജയകേരളത്തില്‍ ‘മണ്ണടിഞ്ഞ അഭിലാഷങ്ങള്‍’ വന്നതോടെ മത്തായി വായനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കഥാകൃത്തായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘സ്‌നേഹമില്ലാത്ത അമ്മ’ വന്നതോടെ യുവ കഥാകൃത്തായി മത്തായി മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി. മത്തായി പുതിയ ഒരു കഥയെഴുതി. ‘ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍’. ആ കഥ അയച്ചത് പാറപ്പുറത്ത് എന്ന പേരിലായിരുന്നു. അതോടെ മലയാള സാഹിത്യലോകത്ത് ഇ ജെ. മത്തായി അപ്രതൃക്ഷനായി പാറപ്പുറത്ത് എന്ന നാമധേയം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.
1952 ല്‍ താന്‍ എഴുതിയ ചില കഥകള്‍ ചേര്‍ത്ത് സ്വന്തമായി ഒരു കഥാസമാഹാരം പാറപ്പുറത്ത് അച്ചടിച്ചു പുറത്തിറക്കി. 500 കോപ്പികള്‍ അച്ചടിച്ച ‘പ്രകാശധാര’ എന്ന പാറപ്പുറത്തിന്റെ ആദ്യ കൃതിക്ക് പട്ടാള ക്യാമ്പുകളില്‍ നല്ല സ്വീകരണം ലഭിച്ചു, ഭൂരിഭാഗം കോപ്പികളും അവിടെ ചിലവായി.
ചെറുകഥകളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്ത പ്രമേയങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടി വന്നപ്പോഴാണ് പാറപ്പുറത്ത് നോവല്‍ സാഹിത്യത്തിലേക്ക് കടന്നത്. പാറപ്പുറം നൈനിറ്റാളില്‍ ജോലി ചെയ്യുമ്പോള്‍ ജയകേരളത്തിന്റെ പത്രാധിപരായ അപ്പുക്കുട്ടി ഗുപ്തന്റെ ഒരു കത്ത് ലഭിച്ചു. ജയകേരളത്തില്‍ ഇപ്പോള്‍പ്രസിദ്ധീകരിക്കുന്ന വി.ടി. നന്ദകുമാറിന്റെ നോവല്‍ ഉടനെ തീരും. ഒരു നോവല്‍ എഴുതിക്കൂടെ? അങ്ങനെ എഴുതിയതാണ് ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’. പാറപ്പുറത്തിന്റെ ജീവിതാനുഭവങ്ങള്‍ ഈ നോവലിലൂടെ ആവിഷ്‌ക്കരിക്കുന്നുണ്ട്. സ്വന്തം കുടുംബപശ്ചാത്തലം കുറെക്കൂടി വര്‍ണ്ണം കലര്‍ത്തിയാണ് അവതരിപ്പിച്ചത്. നായകന്റെ പേര് തന്റെത് തന്നെ നല്‍കി, മാത്യു. തങ്കച്ചന്‍ എന്ന് വിളിപ്പേര്. ഈ നോവലിന്റെ കയ്യെഴുത്ത് പ്രതിയിലെ തുടക്കത്തിലെ ചില ഭാഗങ്ങള്‍ അറുപതു തികഞ്ഞ പാറപ്പുറത്തിന്റെ അമ്മയെ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. ”എന്നാലും നീ ഇതൊക്കെ ഇത്രയും കാലം ഓര്‍ത്തു വെച്ചല്ലോ മോനേ” അമ്മ പാറപ്പുറത്തിനോട് പറഞ്ഞു. തന്റെ മുപ്പതാം വയസിലാണ് പാറപ്പുറം ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എഴുതിയത്.
നിണമണിഞ്ഞ കാല്‍പാടുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പാറപ്പുറത്ത് മലയാള സാഹിത്യലോകത്ത് സ്ഥാനം പിടിച്ചത്. 1955 ല്‍ മദാസിലെ ജനതാ പബ്ലിഷിംഗ് കമ്പനി ‘നിണമണിഞ്ഞ കാല്‍പാടുകള്‍’ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. 1963 ല്‍ ഈ നോവല്‍ എന്‍.എന്‍ പിഷാരടി ചലചിത്രമാക്കി. പാറപ്പുറം തന്നെയാണ് തിരക്കഥയെഴുതിയത്. മധുവിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ഈ ചിത്രം കാണാന്‍ പാറപ്പുറം നാട്ടിലെത്തി. പടം കാണണം പക്ഷേ, കോട്ടയത്ത് റിലീസില്ല. വെറെ എവിടെയൊക്കെയോ ഓടുന്നുണ്ട്. പക്ഷേ, എങ്ങനെ അറിയും? ഒറ്റ വഴിയേയുള്ളൂ തൃശൂര്‍ ചെന്ന് നിര്‍മ്മാതാവായ ശോഭനാ പരമേശ്വരന്‍ നായരെ കാണുക. ഉടനെ പാറപ്പുറത്ത് കോട്ടയത്ത് ചെന്ന് എം.കെ. മാധവന്‍ നായരെ കണ്ടു. എം.കെ മാധവന്‍ നായര്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ കാന്തവലയം പോലെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള ആളാണ്. എം. കെയ്ക്ക് അറിയാത്ത സൂത്രവിദ്യയില്ല. എം.കെ. ലളിതമായ ഒരു പരിഹാരം നിര്‍ദേശിച്ചു. തൃശൂര്‍ക്ക് പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേറുക. ബസ്സിലിരുന്നു കൊണ്ട് ഇരുവശവും കാണുന്ന ഭിത്തികളിലെ പോസ്റ്ററുകള്‍ വായിക്കുക. അങ്ങനെ രണ്ട് പേരും കൂടി കോട്ടയത്തു നിന്ന് വടക്കോട്ട് മുവാറ്റുപുഴ വഴി തൃശൂര്‍ പോകുന്ന ബസ്സില്‍ കയറി സാഹസിക യാത്ര ആരംഭിച്ചു. ബസ്സിലിരുന്ന് ഇരുവശത്തേയും മതിലുകളിലെ പോസ്റ്റര്‍ വായിക്കാന്‍ തുടങ്ങി. കൂത്താട്ടുകുളത്തെത്തിയപ്പോള്‍ ദാ മതിലില്‍ ഒട്ടിച്ചിരിക്കുന്ന നിണമണിഞ്ഞ കാല്‍പ്പാടുകളുടെ പോസ്റ്റര്‍ നോവലിസ്റ്റിനെ നോക്കിച്ചിരിക്കുന്നു.
ഉടനെ രണ്ടു പേരും കൂത്താട്ടുകുളത്തിറങ്ങി. എന്ത് വേണം? സാദാ പ്രേക്ഷകരെപ്പോലെ ടിക്കറ്റെടുത്ത് സിനിമ കാണണോ? അതോ തിയേറ്ററുടമയോട് നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്റെ ആത്മാവില്‍ വിരിഞ്ഞ പൂവാണ് എന്ന് പാറപ്പുറം നേരിട്ട് പറയണോ? രണ്ടു പേര്‍ക്കും അത് ചെയ്യാന്‍ ഒരു സങ്കോചം.
എം.കെ ക്ക് ഒരു ബുദ്ധി തോന്നി. ‘നമുക്ക് ജേക്കബ് ഫിലിപ്പിനെ കാണാം. ജേക്കബ് ഫിലിപ്പെന്നാല്‍ ഉഗ്രന്‍ കമ്യൂണിസ്റ്റ്, ആദ്യകാല ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ – ഇന്ന് നാം കാണുന്ന പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ സുന്ദരമായ പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ പലതും 1940 ല്‍ ജേക്കബ് ഫിലിപ്പ് എടുത്തതാണ്. കൂടാതെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനുമാണ്. ഇപ്പോള്‍ കുത്താട്ടു കുളത്ത് ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്.
നേരെ ജേക്കബ് ഫിലിപ്പിനെ കാണുന്നു. എം. കെ. വിവരങ്ങള്‍ പറഞ്ഞതോടെ സംഭവം ഉഷാറായി. ജേക്കബ് ഫിലിപ്പ് ഇരുവരേയും കുട്ടി തിയേറ്റര്‍ ഉടമയായ എ.സി. ചാക്കോയെ കാണുന്നു. കാര്യം പറയുന്നു. തിയേറ്ററുടമ ചാക്കോ ആലോചനയിലാണ്. അദ്ദേഹം പെട്ടെന്ന് പറഞ്ഞു. ഇത് ഒരു സംഭവമാക്കണം.
അപ്പോഴാണ് പാറപ്പുറം ഒരു കാര്യം ശ്രദ്ധിച്ചത്. തിയേറ്ററില്‍ വെച്ചിരുന്ന എല്ലാ ബോര്‍ഡുകളിലും പാറപ്പുറത്തിന്റെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന് എഴുതി നോവലിസ്റ്റിന് പ്രാധാന്യം നല്‍കിയിരിക്കുന്നു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. തിയേറ്റര്‍ ഉടമ ചാക്കോയുടെ ‘സംഭവം’ ആരംഭിക്കുന്നു.
ഒരു ടാക്‌സി വരുന്നു. അതില്‍ മൈക്ക് ഫിറ്റ് ചെയ്യുന്നു. ആ കാര്‍ കുത്താട്ടുകുളം ടൗണ്‍ മുഴുവന്‍ അനൗണ്‍സ്‌മെന്റുമായി കറങ്ങുകയാണ്.’നിണമണിഞ്ഞ കാല്‍പ്പാടുകളുടെ കഥാകൃത്തായ ശ്രീ പാറപ്പുറത്ത് തന്റെ സിനിമ ആദ്യമായി കാണാന്‍ കൂത്താട്ടുകുളത്തെത്തിയിരിക്കുന്നു. പൗരാവലിയുടെ വകയായി ഹൃദ്യമായ സ്വീകരണം അദ്ദേഹത്തിന് തിയേറ്റര്‍ അങ്കണത്തില്‍ വെച്ച് നല്‍കുന്നു.’
ഏറെ താമസിയാതെ തിയേറ്ററിന് മുന്‍പില്‍ വലിയൊരു ആള്‍ക്കുട്ടം തടിച്ചു കൂടുന്നു. നോവലിസ്റ്റിനെ ആദരിച്ച് പ്രസംഗം. മറുപടിയായി പാറപ്പുറത്തിന്റെ നന്ദി. ചുരുക്കത്തില്‍ സംഭവം പൊടിപൊടിച്ചു. ഒരു സിനിമയുടെ കഥാകൃത്തിന് തിയേറ്ററില്‍ വെച്ച് പരസ്യമായി ജനങ്ങളുടെ ആശിര്‍വാദത്തോടെ ഇത്തരമൊരു അംഗീകാരം കിട്ടിയത് മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ചെമ്മീനെഴുതിയ തകഴിക്ക് പോലും കിട്ടാത്ത സ്വീകരണമായിരുന്നു അത്.
എറണാകുളത്ത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പരിഷത്തിന്റെ രജത ജൂബിലി ആഘോഷം നടക്കുകയാണ്. വിശാലമായ പന്തല്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. യുവ കഥാകാരന്‍ പാറപ്പുറത്തിന് ആരേയും പരിചയമില്ല. പാറപ്പുറം എറ്റവും പിറകില്‍ ഒരു ഇരിപ്പിടത്തില്‍ ഇരുന്നു. കഥാ-നോവല്‍ സാഹിത്യത്തെക്കുറിച്ചാണ് ആ ദിവസത്തെ ചര്‍ച്ച’. അന്നത്തെ ശ്രദ്ധേയനായ നിരൂപകന്‍ പി. എ. വാര്യര്‍ പ്രസംഗിച്ചു. ‘അടുത്ത കാലത്ത് ഇറങ്ങിയ നാലു പ്രധാന കൃതികളെകുറിച്ച് ഞാനിവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു. ഒന്ന്, തകഴിയുടെ ചെമ്മീന്‍, 2 ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, മൂന്ന് മുണ്ടശ്ശേരിയുടെ കൊന്തയില്‍ നിന്ന് കുരിശിലേക്ക്, നാല്. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍.
സദസ്സില്‍ കുശുകുശുപ്പ് . തകഴിയേയും, ഉറൂബിനേയും മുണ്ടശ്ശേരിയേയും അവര്‍ക്ക് അറിയാം പക്ഷേ, ആരാണ് പാറപ്പുറത്ത്?
പാറപ്പുറത്ത് എഴുന്നേറ്റു. തന്റെ സമയം ഇതാണ്. പന്തലില്‍ നിന്ന് എഴുന്നേറ്റ് വേദിക്കരികിലെത്തി. അവിടെ ബാഡ്ജ് ധരിച്ച് കുറയാളുകള്‍ നില്‍പ്പുണ്ട്. ഞാനാണ് പാറപ്പുറം എന്ന് ആരോടെങ്കിലും പറയണം. അവസാനം മടിച്ച് മടിച്ച് ഗുപ്തന്‍ നായരോട് സ്വയം പരിചയപ്പെടുത്തി. ‘ഞാനാണ് പാറപ്പുറത്ത്’. അദ്ദേഹം മറ്റ് വിശിഷ്ടാതിഥികള്‍ക്ക് പാറപ്പുറത്തെ പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഏറ്റവും പ്രധാനിയായ ജി. ശങ്കരക്കുറുപ്പിനും.
‘പാറപ്പുറത്തിന് ഒരു ബാഡ്ജ് കൊടുക്കു’ ശങ്കരക്കുറുപ്പു പറഞ്ഞു. പാറപ്പുറത്തിന് അത് ‘അംഗീകാരത്തിന്റെ ബാഡ്ജ്’ ആയിരുന്നു.
അതിന് ശേഷം പാറപ്പുറത്ത് ധാരാളം എഴുതാനാരംഭിച്ചു. 1958 ല്‍ രണ്ടാമത്തെ നോവല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല.’ അതും സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഒരിക്കല്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് മിലിട്ടറി ആശുപത്രിയില്‍ കഴിയുമ്പോള്‍ ശുശ്രൂഷിച്ച നഴ്‌സുമായി ചെറിയ ഒരടുപ്പമുണ്ടായി. അതാണ് അന്വേഷിച്ചു കണ്ടെത്തിയില്ലക്ക് പ്രചോദനം. കുടംബത്തെ കരകേറ്റാന്‍ നഴ്‌സായി ജോലിനോക്കി കുടുംബം രക്ഷപ്പെടുത്തി വിവാഹം പോലും കഴിക്കാതെ സ്വന്തം ജീവിതം പാഴാക്കിയ ഒരു യുവതിയുടെ കഥയാണ് അത്. ആതുര സേവകരായ പട്ടാളനഴ്‌സ്മാരുടെ ജീവിതം തന്‍മയത്തോടെ ചിത്രീകരിച്ച ഒരു നോവലാണത്. പാറപ്പുറത്തിന്റെ പ്രശസ്തമായ മറ്റൊരു നോവലാണ് ‘പണി തീരാത്ത വീട്’. അതിന്റെ ഉത്ഭവം യാദൃശ്ചികമായിരുന്നു. ഒരിക്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഏവൂര്‍ ദേശബന്ധു വായനശാലയുടെ വാര്‍ഷിക സമ്മേളനത്തിന് പ്രസംഗിക്കാന്‍ പാറപ്പുറത്തിനെ ക്ഷണിക്കാന്‍ നാല് പേര്‍ വന്നു. അപ്പോള്‍ പാറപ്പുറം വീടിന്റെ പിറകു വശത്ത് അവശേഷിച്ച പണി പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നിട് സമ്മേളനത്തില്‍ സ്വാഗത പ്രാസംഗികന്‍ ഇപ്രകാരം പറഞ്ഞു. ‘ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം പണി തീരാത്ത വീടിന്റെ പണിയിലായിരുന്നു.’ വേദിയിലിരിക്കുന്ന പാറപ്പുറത്തിന്റെ മനസിലേക്ക് ആ വരികള്‍ പടര്‍ന്നു കയറി. എത്ര മനോഹരം ആ പ്രസംഗവേദിയില്‍ അദ്ദേഹം ചിന്തിച്ചു. ഓരോ മനുഷ്യ ജീവിതവും ഓരോ വീടല്ലേ? പാറപ്പുറത്തിന്റെ ഭാവന ഉണര്‍ന്നു. അങ്ങനെ എഴുതിയതാണ് ‘പണി തീരാത്ത വീട് ‘. 1972 ല്‍ ‘പണിതിരാത്ത വീട് കെ.എസ്. സേതുമാധവന്‍ ചലചിത്രമാക്കി. പാറപ്പുറം തന്നെ സിനിമക്കും തിരക്കഥ രചിച്ചു. പാറപ്പുറത്തിനടക്കം 5 സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ചിത്രമായിരുന്നു പണി തീരാത്ത വീട്. സിനിമയില്‍ പാറപ്പുറത്തിന്റെ ഉറ്റ സുഹൃത്തായ വയലാര്‍ രാമവര്‍മ്മ അറിഞ്ഞെഴുതിയ വരികള്‍ എം.എസ്. വിശ്വനാഥന്‍ ഈണം നല്‍കി ജയചന്ദ്രന്‍ അതി മനോഹരമായി പാടി.
‘അഞ്ജനക്കല്ലുകള്‍ മിനുക്കിയടുക്കി
അഖിലാണ്ഡ മണ്ഡല ശില്‍പ്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു
പ്രപഞ്ച മന്ദിരമേ
നിന്റെ നാലുകെട്ടിന്റെ
പടിപ്പുര മുറ്റത്ത് ഞാനെന്റെ
മുറി കൂടി പണിയിച്ചോട്ടെ?’
തിരിച്ചറിവായ നാള്‍ തൊട്ടു പലേ പേരിലും പലേ രൂപത്തിലും പാറപ്പുറത്തിന്റെ ജീവിതവുമായി അഭേദ്യമായി ബന്ധം പുലര്‍ത്തിയ ഒന്നായിരുന്നു , പാറപ്പുറത്തിന്റെ മാസ്റ്റര്‍ പീസ് ആയ ‘അരനാഴിക നേരം’ നോവലും അതിലെ നായകന്‍ കുഞ്ഞേനാച്ചനും. 90 വയസു വരെ ജീവിച്ച്, ഏറെ നേടുകയും പലതും നഷ്ടപ്പെടുകയും ചെയ്യുന്ന കുഞ്ഞേനാച്ചന്‍ മലയാള സാഹിത്യത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ്. മദ്ധ്യതിരുവിതാകൂറിലെ ക്രൈസ്തവ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.
വളരെ ശ്രദ്ധിച്ചും സാവകാശത്തിലുമാണ് അരനാഴികനേരം എഴുതി പൂര്‍ത്തിയാക്കിയത്. കുറെക്കാലം മുന്‍പേ ഇതിന് വേണ്ടി ബൈബിളിലെ ഉദ്ധരണികള്‍ പാറപ്പുറം തയ്യാറാക്കി വെച്ചിരുന്നു.
‘ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിനു ഞാന്‍ മനസു വെച്ചു. ഇത് ദൈവം മനുഷ്യര്‍ക്ക് കഷ്ടപ്പെടുത്താന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. സൂര്യന് കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ട്. അവയൊക്കെ മായയും വൃഥാ പ്രയത്‌നവുമെത്രെ’. അരനാഴിക നേരം വായിക്കാന്‍ തുടങ്ങുമ്പോള്‍, ആദ്യം പാറപ്പുറത്ത്, ബൈബിളിലെ ഈ വാക്യത്തില്‍ ആ നോവലിന്റെ അന്തസത്ത മുഴുവന്‍ അടങ്ങിയിരിക്കുന്നു.
നോവല്‍ പുറത്ത് വന്നതോടെ അതിലെ കഥാപാത്രമായ കുഞ്ഞേനാച്ചനെപ്പോലെ പാറപ്പുറവും മലയാള നോവല്‍ സാഹിത്യത്തില്‍ അനശ്വരനായി. പൂര്‍ണ്ണതയിലെത്തിയ സര്‍ഗപ്രതിഭയുടെയും ആഖ്യാന പാടവത്തിന്റെയും സൃഷ്ടിയാണ് അരനാഴികനേരം. 1968 ല്‍ അരനാഴികനേരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആ വര്‍ഷം തന്നെ കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഏര്‍പ്പെടുത്തിയ ആദ്യത്തെ സാഹിത്യ പ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അരനാഴികനേരത്തിന് ലഭിച്ചു. 10, 000 രൂപയായിരുന്നു അവാര്‍ഡ് തുക.(1968 ലെ പതിനായിരം!). ഇത്ര വലിയ തുക ഒരു സാഹിത്യകാരന് തനിച്ച് കിട്ടുന്നതില്‍ സംഘത്തിന്റെ തലപ്പത്തുള്ള ചിലര്‍ക്ക് വലിയ മനപ്രയാസമുണ്ടായിരുന്നെന്ന് അന്ന് സംഘത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഡി.സി. കിഴക്കേ മുറി പിന്നീട് എഴുതി. ചുരുക്കത്തില്‍ സാഹിത്യ ലോകവും സാഹിത്യകാരന്മാരും ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നും. പിറ്റേ വര്‍ഷം തൊട്ട് ഈ തുക 5 ഭാഗങ്ങളായി പല വിഭാഗക്കള്‍ക്ക് പകുത്തു നല്‍കി.
1970 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അരനാഴികനേരത്തില്‍ കുഞ്ഞേനാച്ചനെ അവിസ്മരണീയമാക്കിയത് കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു. ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞിന് ശേഷം കൊട്ടരക്കരക്ക് കിട്ടിയ അനശ്വര കഥാപാത്രമായിരുന്നു കുഞ്ഞേനാച്ചന്‍. കുഞ്ഞേനാച്ചനായി സത്യനെയായിരുന്നു നിര്‍മ്മാതാക്കളായ മഞ്ഞിലാസും സേതു മാധവനും ആദ്യം ഉദേശിച്ചത്. പക്ഷേ, സത്യന്‍ തന്നെ കുഞ്ഞേനാച്ചനായി കൊട്ടാരക്കരയെ നിര്‍ദേശിക്കുകയായിരുന്നു.
ചിത്രത്തിലെ നട്ടുച്ച വെയിലത്ത് തലയില്‍ തോര്‍ത്തും ഇട്ട് മകന്റെ വീട്ടില്‍ പോകുമ്പോള്‍ വഴിയില്‍ തലകറങ്ങി വീഴുന്ന രംഗത്തെ കൊട്ടാരക്കരയുടെ അഭിനയം പാറപ്പുറത്തിനെ വിസ്മയിപ്പിച്ചു. ‘അത് എന്റെ ഭാവനയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മിഴിവുറ്റ കുഞ്ഞേനാച്ചന്റെ ചിത്രമാണ്.’ തിരക്കഥയെഴുതിയ പാറപ്പുറത്ത് ഒരിക്കല്‍ അനുസ്മരിച്ചു. അതുപോലെ പട്ടാളത്തിലുള്ള മകന്‍ മരിച്ച വിവരമറിയുന്ന മറ്റൊരു മകന്‍ മാത്തുക്കുട്ടി (സത്യന്‍) കുഞ്ഞേനാച്ചന്റെ കാലില്‍ കെട്ടിപ്പിടിച്ച് ‘ അപ്പാ എന്നെ എടുത്തിട്ട് അവനെ തന്നാല്‍ മതിയായിരുന്നല്ലോ എന്ന് പറയുന്ന രംഗം. ഈ രണ്ട് രംഗത്തിലും കുഞ്ഞേനാച്ചന്‍ ഒരു വാക്കുപോലും ഉരിയാടുന്നില്ല. കൊട്ടാരക്കര എന്ന നടന്റെ ഭാവാഭിനയം മാത്രം. 1970 ലെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം കൊട്ടാരക്കരക്ക് നേടിക്കൊടുത്തത് കുഞ്ഞാനേച്ചനായിരുന്നു.
അവസാന ഭാഗത്ത് അല്‍പ്പം മാറ്റം വരുത്തിയതൊഴിച്ചാല്‍ പാറപ്പുറത്തിന്റെ നോവലിനോട് ഏറ്റവും നീതി പുലര്‍ത്തിയ ചിത്രമാണ് അരനാഴിക നേരം. അക്കാലത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ അരനാഴിക നേരത്തില്‍ മധു ഒഴികെ മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളും അഭിനയിച്ചു. പാറപ്പുറത്ത് ഇതില്‍ ഒരു രംഗത്തില്‍ പ്രതൃക്ഷപ്പെടുന്നുണ്ട്. എന്ന ഫോള്‍ബ്രെഷ്റ്റ് നാഗല്‍ എന്ന ജര്‍മന്‍ മിഷനറി കേരളത്തില്‍ വെച്ച് രചിച്ച ‘പ്രസിദ്ധമായ ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു’ എന്ന വിലാപ ഗാനം വയലാര്‍ ചില മാറ്റങ്ങളോടെ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ടു പി.ലീലയും മാധുരിയും പാടിയത് പിനീട് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായി.
പാറപ്പുറത്തിന്റെ ‘കോട്ടയം മാനന്തവാടി’ എന്ന ചെറുകഥയാണ് കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ ചലചിത്ര ജീവിതത്തില്‍ കെ.ജി. ജോര്‍ജ് അവസാന കാലത്ത് സംവിധാനം ചെയ്ത ടെലിഫിലിമായ ‘യാത്രയുടെ അന്ത്യം'(1991). നിര്‍ഭാഗ്യവശാല്‍ കെ. ജി. ജോര്‍ജ് എന്ന സംവിധായകന്റെ ആദ്യത്തേയും അവസാനത്തേയും ടെലിഫിലിമായിരുന്നു അത്. പാറപ്പുറത്തിന്റെ കഥയുടെ സൗന്ദര്യം ചോര്‍ന്നുപോകാതെയാണ് കെ. ജി. ജോര്‍ജ് അത് മനോഹരമായ ടെലിഫിലിമാക്കിയത്.
മാധ്യമത്തിന്റെ പുതുമയും അത് നല്‍കിയ സ്വാതന്ത്ര്യവുമാണ് പാറപ്പുറത്തിന്റെ ചെറുകഥ തിരഞ്ഞെടുക്കാന്‍ കെ. ജി. ജോര്‍ജിനെ പ്രേരിപ്പിച്ചത്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത അര ഡസന്‍ സിനിമയെക്കാള്‍ കലാമൂല്യമുള്ളതായിരുന്നു ‘യാത്രയുടെ അന്ത്യം’ എന്ന ഈ ടെലിഫിലിം. ദൂരദര്‍ശന് ഒരു പ്രഫഷനല്‍ വിപണന തന്ത്രമില്ലാത്തതിനാല്‍ ഈ ചിത്രം അധികം അറിയപ്പെടാതെ പോയി.
കഥാനായകനായ സാഹിത്യകാരന്‍ വികെവിയുടെ (മുരളി) യാത്രയില്‍ നിന്നാണ് പടം ആരംഭിക്കുന്നത്. ഈ വികെവി പാറപ്പുറം തന്നെയാണെന്നു സംഭാഷണങ്ങളിലൂടെ അറിയാം. അദ്ദേഹത്തിന്റെ മികച്ച കൃതിയായ അരനാഴിക നേരത്തെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളുണ്ട്.
ആശയവിനിമയ രീതി കത്തുകളിലൂടെ നടക്കുന്ന കാലത്ത്, ടെലിഗ്രാമുകള്‍ നല്ലതോ ചീത്തയോ ആയ വാര്‍ത്തകളുമായി നമ്മെ തേടിവരുമായിരുന്നു. തന്റെ മാനസഗുരുവും രക്ഷിതാവുമായ എബ്രഹാം സാറിന്റെ ഒരു ടെലിഗ്രാം കിട്ടിയ വികെവി ശുഭമോ അശുഭമോ എന്നറിയാതെ അദ്ദേഹത്തിന്റെ നാടായ മന്തരത്തോപ്പിലേക്കുള്ള നടത്തുന്ന കെഎസ്ആര്‍ടിസി ബസ് യാത്രയാണ് സിനിമയുടെ കഥ.
ഫ്‌ളാഷ്ബാക്കിലൂടെ വികെവിയും അവന്റെ ഉപദേഷ്ടാവും തമ്മിലുള്ള ബൗദ്ധിക വിനിമയങ്ങള്‍ പോലും സ്വാഭാവികമായി അനുഭവപ്പെടുന്നു, കഥയോട് ചേര്‍ന്നു പോകുന്ന ഫ്‌ളാഷബാക്ക്. സംഭവങ്ങള്‍ കാഴ്ചക്കാരെ ഒരിക്കലും ആശയക്കുഴപ്പത്തിലാക്കുന്നില്ല. ടെലിഫിലിമിലും കെ. ജി. ജോര്‍ജിന്റെ ലളിതമായ ശൈലി തന്നെ. ബസ് യാത്രയ്ക്കിടെ വികെവി കണ്ടുമുട്ടുന്ന കാഴ്ചകളും ആളുകളും സിനിമയെ സജീവമാക്കുന്നു. അറുപതുകളുടെ അവസാനം കേരളത്തെ പിടികൂടിയ ഗള്‍ഫ് ബൂം നന്നായി അനുഭവിച്ചവരാണ് മാവേലിക്കരനായ പാറപ്പുറത്തും തിരുവല്ലക്കാരന്‍ കെ. ജി. ജോര്‍ജും. പാശ്ചാത്യനാടുകളില്‍ ജീവിക്കുന്ന, പ്രവാസി മലയാളി, അവന്റെ നാട്ടിലെ ജീവിതനിലവാരത്തെ പുച്ഛിച്ചു തള്ളുന്നതിന്റെ അമര്‍ഷം അടയാളപ്പെടുത്താനാകാം ബസില്‍ രണ്ട് കഥാപാത്രങ്ങളെ ഇരുത്തിയത്.
തന്റെ കഥകള്‍ തന്നിലും ഭാര്യയിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ആകര്‍ഷകമായ ആഡംബരമില്ലാത്ത ഭാഷയില്‍ പറയുന്ന ബസ് കണ്ടക്ടര്‍ മാത്രമാണ് വികെവിയെന്ന എഴുത്തുകാരനെ ബസ്സില്‍ വെച്ച് തിരിച്ചറിയുന്നത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിലുള്ള അതൃപ്തി സഹയാത്രികനോട് പല തവണ അറിയിക്കുന്ന പൊങ്ങച്ചക്കാരനായ എന്‍ആര്‍ഐക്കാരനായ മറ്റൊരു യാത്രക്കാരന്‍, പ്രശസ്തനാണെന്നറിയുമ്പോള്‍ എഴുത്തുകാരനോട് ഹസ്തദാനം ചെയ്യാന്‍ തയ്യാറായി. അദ്ദേഹം വി.കെ. വി എഴുതിയതൊന്നും വായിച്ചിട്ടില്ല. ”ഇന്ത്യയില്‍ എഴുത്ത് വളരെ കുറഞ്ഞ ശമ്പളമുള്ള ഒരു തൊഴിലാണ്. അത് പാശ്ചാത്യരില്‍ നിന്നു പഠിക്കണം.” അദ്ദേഹം വികെവിക്ക് ഉപദേശവും നല്‍കുന്നുണ്ട്. സാഹിത്യകാരനോടുള്ള സമൂഹത്തിന്റെ സമീപനം ഓര്‍മിപ്പിക്കുന്ന രംഗമായി ഇതിനെ കാണാം.
വികെവിയുടെ ഓര്‍മശകലങ്ങളില്‍ നിന്നുമാണ് എബ്രഹാം സാറിനെ അറിയുന്നത്. അവര്‍ നരവംശശാസ്ത്രം, ചരിത്രം, സാഹിത്യം എന്നിവയെക്കുറിച്ച് ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നു. എബ്രഹാമിന്റെ ലോകവീക്ഷണം, അയാളുടെ വായനാശീലങ്ങളാല്‍ രൂപപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. വധുവിന്റെ പിതാവ് ബസില്‍ വെച്ച് പെട്ടെന്ന് മരിക്കുന്നു. തന്റെ തൊട്ടരികില്‍ ഇരുന്ന ആ വയോവൃദ്ധന്റെ മരണം ആദ്യം കാണുന്നതും അറിയുന്നതും വികെവി തന്നെ. ഇടത്തരക്കാരന്റെ സന്തോഷവും ദുഃഖവും കടന്നുപോകുന്ന ആ രംഗങ്ങളൊക്കെ ലളിതമായി പകര്‍ത്തിയ ഈ ചിത്രം ഒരു ടെലിഫിലിമിന്റെ പരിമിതികള്‍ നമ്മെ ഒരിക്കലും ഓര്‍മിപ്പിക്കില്ല.
ഒടുവില്‍ എബ്രഹാം സാറിന്റെ വീട്ടിലെത്തുന്ന വികെവി പക്ഷേ, വൈകിപ്പോയി. അവിടെ കാണുന്നത് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരവും അടുത്തിരുന്ന് വിലപിക്കുന്ന വിധവയായ ഒരേ ഒരു മകളേയുമാണ്. ചിത്രത്തിലെ ഏറ്റവും ഹൃദയത്തെ തൊടുന്ന അവസാന രംഗത്തില്‍ എബ്രഹാം സാറിന്റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് മകള്‍ കണ്ണുനീരോടെ വികെവിയോട് പറയുന്നു. ‘അവസാനം വരെ നല്ല ബോധമുണ്ടായിരുന്നു. വന്നോ വന്നോയെന്ന് പല പ്രാവശ്യം ചോദിച്ചു. ഒടുവില്‍ പറഞ്ഞു അയാളിപ്പോള്‍ വണ്ടിയില്‍ ഉണ്ടാകും എന്റെ മരണം കാണുകയായിരിക്കും’. അല്‍പം മുന്‍പ് മാത്രം ബസ്സില്‍ വെച്ച് തൊട്ടടുത്ത് ഒരു മരണം കണ്ട വികെവി ഈ വാക്കുകളില്‍ സ്തബ്ദനായി തരിച്ച് നില്‍ക്കുന്നു. എബ്രഹാം സാര്‍ ഒരിക്കലും തന്നോടു പറയാത്ത ഒന്ന്. സത്യം ഒന്നേയുള്ളു മരണം. മരണം മാത്രം. എന്നത് വികെവിയുടെ മനസിലേക്കെത്തി നില്‍ക്കുകയാകാം.,’ ‘സമയമാം രഥത്തില്‍’ എന്ന ഗീതത്തിന്റെ പശ്ചാത്തലത്തില്‍ ‘യാത്രയുടെ അന്ത്യം’. തീരുന്നു.
14 സിനിമക്ക് തിരക്കഥയെഴുതിയ പാറപ്പുറത്താന്റെ അത്ര തന്നെ രചനകള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. രണ്ട് തവണ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡ് നേടി. 18 ഓളം നോവലുകള്‍, കഥാസമാഹാരങ്ങള്‍ തുടങ്ങിയ വെറേയും ഉണ്ട് 1981 ഡിസംബറില്‍ 30 ന് നോവലായ ‘കാണാപ്പൊന്നിലെ 14ാം അദ്ധ്യായത്തിലെ വരികള്‍ ‘ജീവിതം! അത് ആര്‍ത്തിരമ്പി വരുന്ന പെരുമഴ പോലേയാണ്. ഒരു നിമിഷത്തിനുള്ളില്‍ അതസാനിക്കുന്നു.’ എന്ന് എഴുതി നിറുത്തി പാറപ്പുറത്ത്
ഉറങ്ങാന്‍ കിടന്നു. പിന്നെ അദ്ദേഹം ഉണര്‍ന്നില്ല. Parappurath, notable Malayalam novelist and screenwriter, marks his centenary
Content Summary; Parappurath, notable Malayalam novelist and screenwriter, marks his centenary