January 18, 2025 |

185 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാ​ഗങ്ങൾ പൊളിച്ച് യുപി സർക്കാർ

സംഭവത്തില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി

185 വര്‍ഷം പഴക്കമുള്ള ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ സ്ഥിതി ചെയ്യുന്ന നൂറി മസ്ജിദാണ് അനധികൃത നിര്‍മ്മാണമെന്ന് ആരോപിച്ച് യുപി സര്‍ക്കാര്‍ പൊളിച്ച് നീക്കിയത്. മസ്ജിദ് പൊളിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് പരിപാലകര്‍ സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നാടകീയ നീക്കം. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയതെന്നും മസ്ജിദ് പരിപാലകര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. 185 year old mosque demolished 

റോഡ് വീതി കൂട്ടുന്നതിന് തടസമാകുന്ന നിര്‍മ്മാണത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചതെന്നും മസ്ജിദ് തകര്‍ത്തിട്ടില്ലെന്നും ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് ത്രിപാഠി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് മസ്ജിദ് പരിപാലകര്‍ പള്ളിയുടെ സമീപത്തുള്ള കുറച്ച് കടകള്‍ നീക്കം ചെയ്തിരുന്നുവെന്നും റോഡിന്റെ അലൈന്‍മെന്റിന് കുറുകെ വരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 139 പേര്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും അവിനാഷ് ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയില്‍ തങ്ങളുടെ എതിര്‍പ്പുകള്‍ കേള്‍ക്കുന്നതിന് മുമ്പുതന്നെ നിര്‍മ്മാണം പൊളിക്കാന്‍ ഭരണകൂടം എത്തിയെന്ന മസ്ജിദ് പരിപാലകരുടെ ആരോപണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. റോഡിന്റെ വീതി കൂട്ടുന്നതിന് തടസമായ കടകളും വീടുകളുമെല്ലാം പൊളിച്ച് മാറ്റുന്നതിന് സെപ്റ്റംബറില്‍ ഒരു ശ്രമം നടത്തിയിരുന്നുവെന്നും ജില്ലാ ഭരണകൂടം അവര്‍ക്ക് മതിയായ സമയം നല്‍കിയിരുന്നുവെന്നും അവിനാഷ് ത്രിപാഠി പറഞ്ഞു.

‘നോട്ടീസ് നല്‍കിയതിന് ശേഷം പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പള്ളിയുടെ ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തുടക്കം മുതല്‍ അവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു. മസ്ജിദിന്റെ ചരിത്രപരമായ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ അധിക നിര്‍മ്മാണത്തെ തുടര്‍ന്ന് റോഡ് കൈയേറിയതായി തെളിഞ്ഞതായി’,അവിനാഷ് ത്രിപാഠി പറഞ്ഞു. കനത്ത പോലീസ് സേനയെ വിന്യസിച്ചാണ് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചതെന്ന് ഫത്തേപൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു. അഞ്ച് സര്‍ക്കിള്‍ ഓഫീസര്‍മാര്‍, 10 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, 200 കോണ്‍സ്റ്റബിള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ ആര്‍മിഡ് കോണ്‍സ്റ്റബുലറിയുടെ ഒരു കമ്പനി, കലാപ വിരുദ്ധ ദ്രുതകര്‍മ സേനയുടെ ഒരു പ്ലാറ്റൂണ്‍ എന്നിവരെ വിന്യസിച്ചിരുന്നതായി വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു.

അതേസമയം, സംഭവത്തില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘180 വര്‍ഷം പഴക്കമുള്ള ഒരു നിര്‍മ്മാണമാണെങ്കില്‍ അവയെ സംരക്ഷിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഒരു പ്രത്യേക സമൂഹത്തെ അപമാനിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നു. ഭരണകൂട സംവിധാനങ്ങള്‍ മുസ്ലീം സമുദായത്തിനൊപ്പമല്ലെന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന്’ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് ആലം പറഞ്ഞു. 185 year old mosque demolished
Content summary: Parts of the 185-year-old mosque were demolished UP Govt
Noori Masjid UP Govt yogi adithyanath 185 year old mosque

×