കാന്‍ ചലച്ചിത്ര മേളയില്‍ തലയെടുപ്പോടെ ഇന്ത്യന്‍ പെണ്ണുങ്ങള്‍. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ പുതുയുഗത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയാണ് ചിത്രത്തിലൂടെ രാജ്യത്തെത്തുന്നത്. ഗ്രാന്‍ഡ് പീ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. മല്‍സരത്തില്‍ 22 സിനിമകളെ പിന്‍തള്ളിയായിരുന്നു ഇന്ത്യന്‍ സിനിമയുടെ നേട്ടം. മല്‍സരത്തിനെത്തിയ ആദ്യ ഇന്ത്യന്‍ വനിതയുടെ ചിത്രം, അതും മൂന്ന് ദശാബ്ധത്തിന് ശേഷം മേളയിലെത്തിയ ചിത്രം എന്നീ പ്രത്യേകതകളുമുണ്ട്.
അപ്രതീക്ഷിത നേട്ടമെന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ടീം പുരസ്‌കാരത്തിനെ കുറിച്ച് പ്രതികരിച്ചത്. രണ്ട് നഴ്‌സുമാരുടെ പ്രണയ ജീവിതം വരച്ച് കാണിക്കുന്ന ചിത്രത്തിന്റെ എഴുത്തും സംവിധായികയായ പായല്‍ കപാഡിയയുടേത് തന്നെയാണ്. നഴ്‌സ് പ്രഭയായി കനി കൃസൃതിയും സുഹൃത്ത് അനു എന്ന പേരില്‍ ദിവ്യ പ്രഭയുമാണ് അഭിനയിച്ചത് മലയാളികള്‍ക്കും അഭിമാനമായി. ഛായ കാദാം, ഹൃദു ഹറൂണ്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. മുംബൈയാണ് കഥാ പശ്ചാത്തലം. ഒരുമാസത്തോളം മുംബൈയിലും 15 ദിവസം രത്‌നഗിരിയുമായിട്ടായിരുന്നു ചിത്രീകരണം. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രണ്‍ബീര്‍ ദാസും എഡിറ്റിങ് മികവ് കെമന്റ് പിന്റാക്‌സിന്റേതുമാണ്. സംഗീത സംവിധാനം തോപ്‌ഷേ ആണ്. പെറ്റിറ്റ് ചാവോസ് എന്ന ഫ്രഞ്ച് കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മിച്ചത് തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫുമാണ്. സഹനിര്‍മാണം ചോക്ക് – ചീസ് ഫിലിംസ്, അനദര്‍ ബര്‍ത്ത്, നെതര്‍ലാന്‍ഡിലെ ബാല്‍ദര്‍ ഫിലിം, ലക്സംബര്‍ഗിലെ ലെസ് ഫിലിംസ് ഫൗവ്‌സ് എന്നിവര്‍ ചേര്‍ന്നാണ്.
അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ് കാറ്റഗറിയിലെ മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്‌കാരം കൊല്‍ക്കത്തക്കാരിയായ അനസൂയ സെന്‍ഗുപ്തയും നേടിയിരുന്നു. ബള്‍ഗേറിയക്കാരനായ കോണ്‍സ്റ്റന്റിന്‍ ബോഷനോവ് സംവിധാനം ചെയ്ത ദ ഷെയിംലെസ് ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.
English Summary; Payal Kapadia’s All We Imagine As Light makes Cannes history with Grand Prix award