2005 ലാണ് അമേരിക്കൻ തീരത്ത് കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കടൽവിഭവങ്ങൾക്കും എണ്ണ-വാതക നിക്ഷേപങ്ങൾക്കും പേരുകേട്ട ലൂസിയാനയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള പാരീഷ് ആയ പ്ലാക്മിൻസിലാണ് ത്രീന ചുഴലിക്കാറ്റിൻ്റെ ഭീകരമായ ശക്തിയെ അതിജീവിച്ച ഒരു അജ്ഞാത റോസ് ചെടിയുള്ളത്.
പിങ്ക് പൂക്കൾ വിരിയുന്ന ഈ ക്ലൈംബിങ് റോസ് ചെടിയുടെ ഉത്ഭവം ഇപ്പോഴും അവ്യക്തമാണ്. 2005 ൽ കത്രീന ചുഴലിക്കാറ്റ് ഗൾഫ് തീരത്തെ തകർത്തെറിഞ്ഞ് ഏകദേശം 125 ബില്യൺ ഡോളറിൻ്റെ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനും ഏകദേശം 16 വർഷം മുൻപാണ് ഈ ചെടി പെഗ്ഗി മാർട്ടിൻ്റെ ലൂസിയാനയിലെ ഫീനിക്സിലുള്ള പൂന്തോട്ടത്തിൽ എത്തിയത്.
1989 ൽ ഒരു സുഹൃത്താണ് തനിക്ക് ഈ റോസ് തന്നതെന്ന് മാർട്ടിൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വർഷങ്ങളോളം ഗവേഷണം ചെയ്തും യാത്ര ചെയ്തും ഇതിൻ്റെ യഥാർത്ഥ ഉത്ഭവം കണ്ടെത്താൻ മാർട്ടിന് സാധിച്ചിട്ടില്ല. ഒരുപക്ഷേ റോസാച്ചെടി 1800കളിൽ നിന്നുള്ളതാകാമെന്നും യൂറോപ്പിലാണ് ഇതിൻ്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നതെന്നും മാർട്ടിന് പറഞ്ഞു. തൻ്റെ പൂന്തോട്ടത്തിലുണ്ടായിരുന്ന 450 ഓളം പഴക്കം ചെന്ന റോസുകളിൽ ഈ ഒരൊറ്റ ചെടി മാത്രമാണ് കൊടുങ്കാറ്റിനെ അതിജീവിച്ചതെന്നും മാർട്ടിൻ പറഞ്ഞു. ചുഴലിക്കാറ്റിന് ശേഷം ചെടി വെള്ളത്തിനടിയിൽ കുറച്ചുകാലം മുങ്ങിയിട്ടും അതിജീവിച്ചതായി കണ്ടെത്തിയതോടെയാണ് ഇത് കൂടുതൽ ശ്രദ്ധ നേടിയത്.
ടെക്സസ് എ ആൻ്റ് എം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലാൻഡ്സ്കേപ്പ് ഹോർട്ടികൾച്ചറിസ്റ്റ് എമിറിറ്റസുമായ ഡോ. വില്യം സി വെൽച്ച് 2003 ൽ ന്യൂ ഓർലിയൻസ് ഓൾഡ് ഗാർഡൻ റോസ് സൊസൈറ്റിയുടെ ഒരു പരിപാടിയിൽ സംസാരിക്കാൻ എത്തിയപ്പോൾ ഈ റോസ് ചെടിയിൽ പരീക്ഷണം നടത്തിയിരുന്നു. ആന്റിക് റോസുകളെക്കുറിച്ചും പാരമ്പര്യ പൂന്തോട്ടങ്ങളെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിനും ആ റോസിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
വളരെ ശക്തമായ ജനിതക ഗുണങ്ങളാണ് റോസിനുള്ളതെന്നും ഇത്രയും ശക്തമായ ഒരു ചെടി അതിജീവിച്ചത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും വെൽച്ച് പറഞ്ഞു. 2005 ഓഗസ്റ്റ് 29 ന് ലൂസിയാനയിലെ ഗ്രാൻഡ് ഐലൻഡിന് സമീപം ഫീനിക്സിലെ മാർട്ടിൻ്റെ വീട്ടിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ തെക്ക് മാറിയാണ് കത്രീന ചുഴലിക്കാറ്റ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗത്തിലാണ് അന്ന് കൊടുങ്കാറ്റ് വീശിയത്. മാർട്ടിനും ഭർത്താവ് എം.ജെ.യും ചുഴലിക്കാറ്റ് വരുമ്പോൾ വീട് വിട്ട് പോകുന്നത് ആദ്യമായിട്ടായിരുന്നില്ല. പക്ഷേ കത്രീന ഏറ്റവും മോശമായ കൊടുങ്കാറ്റായിരുന്നു എന്ന് അവർ ഓർക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയ ശേഷം ഫീനിക്സിലേക്ക് തിരികെ പ്രവേശിക്കുന്നത് അസാധ്യമായിരുന്നെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഫീനിക്സിൽ 5 മുതൽ 6 മീറ്റർ വരെ വെള്ളം കെട്ടിക്കിടന്നിരുന്നു. വെള്ളപ്പൊക്കത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കാൻ നിർമ്മിച്ച ബണ്ടുകളെ പോലും വെള്ളം കവിഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് മാർട്ടിനും ഭർത്താവിനും അവരുടെ സ്ഥലത്തേക്ക് തിരികെ എത്താനും നാശനഷ്ടങ്ങൾ വിലയിരുത്താനും കഴിഞ്ഞത്. അവർ ഓർമ്മിക്കുന്നത് മരത്തിന്റെ ശിഖരങ്ങളും ചാരവും മാത്രമാണ് അന്ന് കണ്ടതെന്ന് മാർട്ടിൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
എല്ലാം നഷ്ടമായെന്ന് കരുതുന്ന സമയത്താണ് ട്രാക്ടർ ഷെഡിൽ തൂങ്ങിക്കിടക്കുന്ന നീളമുള്ള, പച്ച നിറത്തിലുള്ള, കടുംനിറമുള്ള ചെടിയെ മാർട്ടിൻ കണ്ടത്. ഈ നിഗൂഢ പുഷ്പം ഒരു ആധുനിക ഹൈബ്രിഡ് ടീ റോസ് അല്ല മറിച്ച് പഴയ ക്ലൈംബിങ് റോസുകളോട് സാമ്യമുള്ളതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കടൽവെള്ളത്തിൽ മുങ്ങിയതിനാൽ ഉപ്പുരസത്തെ ചെറുക്കാനുള്ള കഴിവ്, ഒന്നുകിൽ വേരുകൾ വഴി ഉപ്പിനെ ഒഴിവാക്കുകയോ അല്ലെങ്കിൽ കോശങ്ങൾക്കുള്ളിൽ സംഭരിക്കുകയോ ചെയ്തുകൊണ്ട് ചെടി നേടിയതായാണ് വിദഗ്ധർ പറയുന്നത്. വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ്, നിലവിലുള്ള തണ്ടുകളിൽ നിന്ന് വളരെ വേഗം പുതിയ മുകുളങ്ങളും വേരുകളും ഉണ്ടാക്കാൻ ഇതിന് സാധിച്ചു. റോസ് എത്ര ദിവസം വെള്ളത്തിനടിയിലായിരുന്നു എന്ന് കൃത്യമായി പറയാൻ പ്രയാസമാണ്.
Content Summary: peggy martin rose that survived hurricane katrina
Leave a Comment