കടുത്ത വേനലിലും ഏഴിക്കര പ്രദേശത്ത് വേലിയേറ്റ വെള്ളപൊക്കം രൂക്ഷമായ സാഹചര്യമാണ്. പ്രദേശത്തെ റോഡുകളും വീടുകളുടെ മുറ്റവും വെള്ളത്തിനടിയിലാണ്. ഏഴിക്കരകാർക്ക് ഇതൊരു സ്ഥിരം കാഴ്ചയാണ്. വർഷങ്ങളായി വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറിയാണ് ഇവർ ജീവിക്കുന്നത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഏഴിക്കര. വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനം കായലിനെ ആശ്രയിച്ചാണ്. മത്സ്യബന്ധനവും അനുബന്ധ ജോലികളും കൃഷിയുമാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗം. നേരത്തെ വൃശ്ചിക മാസത്തിൽ മാത്രം സംഭവിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കം ഇപ്പോൾ ദിനംപ്രതി സംഭവിക്കാൻ തുടങ്ങിയതോടെ ഇവരുടെ ദുരിതത്തിന്റെ ആഴവും കൂടിയിരിക്കയാണ്.
വേലിയേറ്റ വെള്ളപ്പൊക്കം തടയാൻ തദ്ദേശസ്വയംഭരണ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളെല്ലാം ഘട്ടം ഘട്ടമായി നടത്തിവരികയാണെന്നാണ് ഏഴിക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ വിനോദ് അഴിമുഖത്തോട് വ്യക്തമാക്കിയത്. പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നതായും, അതിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നതെന്നും വിനോദ് പറയുന്നു. എന്നാൽ, ഈ പദ്ധതികളെല്ലാം നടപ്പിലാക്കാൻ എടുക്കുന്ന കാലതാമസം പ്രദേശത്തെ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പദ്ധതികൾ നടപ്പിലാക്കുന്നത് വരെ ദുരിതബാധിത പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യം പലപ്പോഴായി മീറ്റിംഗുകളിൽ ഉന്നയിച്ചിരുന്നതായും ഇത് നടപ്പിലാക്കിയിട്ടില്ലെന്നും വിനോദ് പറഞ്ഞു.
ഭൂമിയുടെയും ചന്ദ്രന്റെയും പരിക്രമണങ്ങൾക്കിടയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന സമുദ്രഭാഗം ചന്ദ്രന്റെ ആകർഷണത്താൽ ഉയരും. ജഡത്വബലത്താൽ നേരെ എതിർഭാഗവും ഉയരും. സാധാരണഗതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ദിവസത്തിൽ രണ്ട് തവണ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവാറുണ്ട്. ഇത് സ്വഭാവികമാണ്, എന്നാൽ എറണാകുളം ജില്ലയിലെ ഏഴിക്കര പോലെയുള്ള പ്രദേശങ്ങളിൽ ഉണ്ടാവുന്നത് ഇത്തരം സ്വാഭാവികമായ വെള്ളപൊക്കങ്ങളല്ല. ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്ര നിരപ്പ് ഉയരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചുഴലിക്കാറ്റുകളും ഉഷ്ണതരംഗങ്ങളും അതിതീവ്രമഴയും ഇതിന്റെ ആക്കം കൂട്ടുന്നതായുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പണ്ട് കാലങ്ങളിൽ കുംഭമാസത്തിലെ ശിവരാത്രിയിലാണ് വേലിയേറ്റ വെള്ളപൊക്കം ഉണ്ടായിരുന്നത് അത് സാധാരണയായി രണ്ട് ദിവസം നിൽക്കാറുമുണ്ട്. ഈ സ്ഥിതി മാറി നിത്യേന വെള്ളംകയറുന്ന അവസ്ഥയാണ് പ്രദേശത്തെന്ന് പ്രദേശവാസികൾ അഴിമുഖത്തോട് പറഞ്ഞു. പുഴയരികത്ത് താമസിക്കുന്ന ആളുകൾ അനധികൃതമായി ഭൂമി കയ്യേറിയെടുത്തതും ചിറ കെട്ടുന്നതും വെള്ളത്തെ വഹിക്കാനുള്ള ശേഷി ഇല്ലാതാക്കുന്നു. കടലിലെയും കായലിലെയും സമ്മർദ്ദം മൂലം വെള്ളം കയറുന്നത് പ്രതിസന്ധിയിലാക്കുന്നത് സാധാരണക്കാരായ ഞങ്ങളെയാണ്. ഞങ്ങളുടെ വീടെല്ലാം ദ്രവിച്ച് നശിക്കുന്ന നിലയിലാണ്. മാറിത്താമസിക്കാനുള്ള സ്ഥലമോ സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇവിടെ തന്നെ തുടരുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
പ്രദേശത്ത് മുമ്പ് ഒരുപാട് തോടുകളുണ്ടായിരുന്നു അത് മുഴുവൻ നികത്തി ആ നിലത്തിലാണ് ഇപ്പോൾ വീടുകൾ പണിതിരിക്കുന്നത്. സാധാരണയായി വേലിയേറ്റപ്പൊക്കം സംഭവിക്കുന്ന സമയത്ത് തന്നെയാണ് ഇപ്പോഴും വെള്ളം കയറുന്നത് എന്നാണ് എന്റെ കണക്കുകൂട്ടലെന്ന് ഏഴിക്കരയിലെ ഒന്നാം വാർഡിലെ താമസക്കാരനായ വിൽസൺ അഴിമുഖത്തോട് പറഞ്ഞു. എന്നാൽ ഈ വെള്ളത്തെ ഉൾക്കൊള്ളാനുള്ള ശേഷി കായലുകൾക്ക് ഇല്ലാത്തത് ആണ് ഈ ദുരിതത്തിന് കാരണമെന്ന് കരുതുന്നുവെന്നും പ്രദേശത്ത് കെട്ടിടങ്ങളുടെ എണ്ണം കൂടിയത് ഭൂമിയ്ക്ക് താങ്ങാനാവുന്നതിലും കൂടുതൽ ഭാരമായെന്ന് വിൽസൺ കൂട്ടിചേർത്തു.
വെള്ളപൊക്ക ദുരിതം കാരണം വീടിന്റെ ചവിട്ടുപടി വരെ ഞങ്ങൾ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. എന്നിട്ടും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. മത്സ്യബന്ധനവും കൃഷിയുമാണ് ഇവിടെയുള്ള ജനങ്ങളുടെ പ്രധാന വരുമാന മാർഗം. പണ്ട് കാലങ്ങളിൽ പ്രദേശത്ത് കൃഷി സുലഭമായിരുന്നു. കൃഷിയുണ്ടായിരുന്ന കാലത്ത് മത്സ്യസമ്പത്തും ദിനംപ്രതി വർദ്ധിക്കുകയായിരുന്നു. മത്സ്യങ്ങൾക്ക് താവളങ്ങളുമുണ്ടായിരുന്നു. പൊക്കാളി കൃഷിയെയാണ് മത്സ്യങ്ങൾ ഭക്ഷണത്തിനായും താവളത്തിനായും ആശ്രയിച്ചിരുന്നത്. ഇന്ന് വെള്ളപൊക്ക ദുരിതം വർദ്ധിച്ചതോടെ കുറേയധികം മീനുകൾക്ക് വംശനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പല മത്സ്യങ്ങളും ഞങ്ങളുടെ പ്രദേശത്തിന് ഇപ്പോൾ അന്യമാണെന്ന് വിൽസൺ വ്യക്തമാക്കി
വഴി നടക്കുന്നതും യാത്രമൊക്കെ ദുസഹ്യമാണ് ഞങ്ങൾക്ക്. വേലിയേറ്റ വെള്ളപൊക്കത്തെ പ്രതിരോധിക്കാനുള്ള പല പ്രവർത്തനങ്ങളും നടപ്പിലാക്കെമന്ന് സർക്കാർ വാഗ്ദാനങ്ങളുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന പ്രദേശത്തിന് കിഴക്ക് ഭാഗത്ത് നിന്നാണ് വെള്ളം കയറുന്നത്, ഈ ഭാഗത്ത് ചിറ കെട്ടാമെന്ന് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. വാഗ്ദാനം നൽകിയതല്ലാതെ അതിനെക്കുറിച്ച് പിന്നീട് ഒന്നും സംസാരിക്ക പോലും ചെയ്തിട്ടില്ലെന്ന് വിൽസൺ പറഞ്ഞു.
വേലിയേറ്റ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നതാണ് മറ്റൊരു വസ്തുത. ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അതുപോലെ തന്നെ കുട്ടികളും വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ത്രീകൾ രാവിലെ 4 മണിക്ക് എഴുന്നേറ്റ് അടുക്കളയിലുള്ള വെള്ളം കോരി കളഞ്ഞിട്ടുവേണം പാചകം തുടങ്ങാൻ. അതുകഴിഞ്ഞ് 12 മണിക്കൂർ കഴിയുമ്പോൾ വീണ്ടും വെളളം കയറുന്ന സാഹചര്യമുണ്ട്. ഇത്തരം ജോലികളെല്ലാം തന്നെ സ്ത്രീകൾ ഒറ്റയ്ക്കു ചെയ്യേണ്ടി വരുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
വെള്ളം കയറുന്ന സമയത്തെക്കുറിച്ച് എനിക്ക് ഏകദേശ ധാരണയുണ്ട്. ആ സമയം നോക്കി ഞാൻ എത്തുമ്പോൾ കാണുന്നത് മുട്ടൊപ്പം വെള്ളമായിരിക്കും. വീട്ടിലെ അടുക്കളയിലെ പാത്രങ്ങൾ മുതൽ വെള്ളത്തിലൂടെ ഒഴുകി നടക്കുകയാവും. വെള്ളം കയറുന്നതിനൊപ്പം മാലിന്യങ്ങൾ കൂടി അടിഞ്ഞു കൂടുന്നത് കാരണം മര്യാദയ്ക്ക് നടക്കാൻ പോലും സാധിക്കില്ല. ഇന്നലെ രാത്രിയും കൂടി വെള്ളം കയറിയിരുന്നു. ഭാര്യ രാവിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ എത്തുന്ന സമയത്തായിരിക്കും ഇങ്ങനെ വെള്ളം നിറഞ്ഞിരിക്കുന്നത്. ഇത് കാണുന്നത് നമുക്കും മാനസികമായ ബുദ്ധിമുട്ടും ഉണ്ടാക്കും. വെള്ളം കയറി വീട് ദ്രവിക്കുന്നതിനൊപ്പം ഞങ്ങളുടെ മനസും പതറി കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ ഇതിനൊരു പരിഹാരം കാണാമെന്ന തരത്തിൽ ഇതുവരെ സംസാരിച്ചിട്ടില്ല. ഇതിനൊരു പരിഹാരം കാണുമെന്നോ സഹായം ലഭിക്കുമെന്നോ പ്രതീക്ഷ നഷ്ടപ്പെട്ടാണ് ഞങ്ങൾ ജീവിക്കുന്നത് വിൽസൺ പറഞ്ഞു നിർത്തി.
സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടും ഏഴിക്കരകാരുടെ ദുരിതത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല, സർക്കാർ ഇടപെടലിലൂടെ മാത്രമേ കൃത്യമായ പരിഹാരം കാണാനും സാധിക്കൂ.
content summary: People of Ezhikkara are suffering due to tidal flooding and the government has not found a solution.