ആത്മാര്‍ത്ഥമായി ചിരിപ്പിക്കുന്ന പെരുസ്

ഭയങ്കര കോമഡിയെന്ന് പറഞ്ഞിറങ്ങുന്ന സിനിമകള്‍ക്കിടയില്‍ പെരുസ് കണ്ട് മനസ് നിറഞ്ഞു ചിരിക്കാം

പെരുസ് (Perusu) കണ്ടു കുറെ ചിരിച്ചു. ആദ്യത്തെ സീനില്‍ നിന്ന് തന്നെ തുടങ്ങുന്ന, സ്വാഭാവികമായ ചിരി അവസാനം വരെ നിന്നു. ഇടയില്‍ ഒന്ന് കിതക്കുന്നുണ്ടെങ്കിലും, സിനിമയുടെ അസാധാരണമായ തുടക്കവും, അതിന്റെ തുടര്‍ച്ചകളെ എങ്ങിനെയൊക്കെ തിരിച്ചാലും മറിച്ചാലും ചെന്നെത്തുന്ന ക്രൂഡ് കോമഡികളും ഈ ചെറിയ സിനിമയെ എന്‍ഗേജിങ് ആക്കി തന്നെ കൊണ്ട് പോകുന്നു. സ്ലാപ്സ്റ്റിക്ക് കോമഡി പരമാവധി കുറച്ചിട്ടുണ്ട്. അത് തമിഴ് സിനിമകളില്‍ ഒരു പതിവല്ലാത്തതു കൊണ്ടാണോ എന്നറിയില്ല, പെരുസ് അവിടെ അത്ര ഹിറ്റ് ആയിട്ടില്ല. ഈ സിനിമയെ സംബന്ധിച്ച ഒരു ട്രാജഡി അതാണ്.

ശ്രീലങ്കന്‍ സംവിധായകനായ ഇളങ്കോ റാമിന്റെ നിരവധി അവാര്‍ഡുകള്‍ നേടിയ ടെന്റിഗോ (Tentigo) എന്ന സിനിമയുടെ തമിഴ് വേര്‍ഷന്‍ ആണ് പെരുസ്. തമിഴിലും സംവിധായകന്‍ ഇളങ്കോ തന്നെയാണ്. ബാലാജി ജയരാമനും ഇളങ്കോയും ഒരുമിച്ചു തിരക്കഥ എഴുതിയിരിക്കുന്നു. ആദ്യ കാഴ്ചയില്‍ രംഗബോധമില്ലാത്ത കോമാളി ആയിട്ടാണ് മരണം ഹാലസ്യത്തെ പുല്‍കുന്നത്. വീട്ടിലിരുന്നു മര്യാദക്ക് ടിവി കണ്ടു കൊണ്ടിരുന്ന ഒരു മനുഷ്യനെ ഒരാവശ്യവുമില്ലാതെ, കാലന്‍ അങ്ങ് പൊക്കി കൊണ്ടുപോയല്ലോ എന്ന് നമ്മള്‍ സഹതപിക്കാന്‍ തുടങ്ങുമ്പോഴേക്കും, സ്‌ക്രിപ്റ്റ് നമ്മളെ ഓര്‍മിപ്പിക്കും – നന്നായി ജീവിച്ചു തന്നെയാണ് ആ ഗ്രാമത്തിലെ മഹാന്‍ പട്ടികയില്‍ ഉള്ള ഹാലസ്യം പോയതെന്ന്. പിന്നീടങ്ങോട്ട്, പടി പടിയായി, ഇത്ര സുന്ദരമായി, റൊമാന്റിക് ആയി മരിക്കാനൊക്കെ ഹാലസ്യത്തിനെ പറ്റു എന്ന നിലയിലെത്തും കാര്യങ്ങള്‍. പിന്നെ, അതൊക്കെ മനസിലാക്കാന്‍ നാട്ടുകാരും വീട്ടുകാരും കുറച്ചു വൈകിയെന്നേ ഉള്ളു. അങ്ങനെ മരിച്ചിട്ടും മരിക്കാത്ത കേന്ദ്ര കഥാപാത്രമായി മാറുന്നു ഹാലസ്യം.

ഡെത്ത് ഇറക്ഷന്‍ (death erection) ഒരു മനുഷ്യാവസ്ഥ ആണ്. അത് ഒരു സിനിമയുടെ ബോഡി ലാംഗ്വേജ് സ്വീകരിക്കുമ്പോള്‍ എന്താവും പ്ലോട്ട് എന്ന ചിന്ത തന്നെ സാഹസികമാണ്. എന്റെ ഇത് വരെയുള്ള സിനിമ കാഴ്ചകളില്‍ അങ്ങിനെയൊന്ന് വന്നിട്ടില്ല. ലോക സിനിമകളില്‍ എവിടെയെങ്കിലും വന്നിരിക്കാം. ഇല്ലാതെയുമിരിക്കാം. അത് കൊണ്ട് പെരുസിന്റെ തുടക്കം മുതല്‍ പുതുമയുള്ള ഒരു തീമിനു വേദിയാകുന്ന, ആ വല്ലാത്തൊരു മരണവീട്ടിലേക്കു വന്നു ചേരുന്ന കഥാപാത്രങ്ങളെയും അവരുടെ സംശയങ്ങളെയും അത് ഓടിനടന്നു തീര്‍ക്കുന്ന, നിമിഷകഥകളില്‍ നിന്ന് കഥകളിലേക്കു ചാടി കളിക്കുന്ന മക്കള്‍ ദുരൈയെയും സാമിയെയും നന്നായി രസിച്ചു. ഹാലസ്യത്തിന്റെ ഭാര്യ, മരുമക്കള്‍, ചിത്തി, എന്തിനു സ്വന്തം വീട്ടില്‍ ഇരുപ്പുറക്കാത്ത അയല്‍ക്കാരി അടക്കം ആരും കിട്ടിയ അവസരം പാഴാക്കുന്നില്ല. ഓട്ടോക്കാരന്‍ റെഡിന്‍ കിങ്സ്ലി വെറുതെ സ്‌ക്രീനില്‍ വന്നാല്‍ മതി, നമ്മള്‍ ചിരിച്ചോളും.

ഈ സിനിമയിലെ വണ്‍-ലൈന്‍ തമാശകള്‍ ആകര്‍ഷകമാണ്. എളുപ്പത്തില്‍ തെന്നി പോകാവുന്ന ഒരു ഏരിയ ആണിത്. ഏറ്റില്ലെങ്കില്‍ സ്‌ക്രിപ്റ്റ് മൊത്തം പാളും. അഭിനേതാക്കള്‍ കളത്തില്‍ കോമാളികള്‍ ആവും. ആകെ രണ്ടു ദിവസം തികച്ചില്ല കഥയുടെ ആയുസ്. നല്ല ശ്രദ്ധ വേണം. അതില്‍ ടീം മുഴുവന്‍ വിജയിച്ചിട്ടുണ്ട്. ചെറിയ ലാഗുകള്‍ തുടങ്ങുമ്പോള്‍ തന്നെ സംവിധായകന്‍ സീനുകളെ, ഒരേ ട്രാക്കില്‍ നിന്ന് കൊണ്ട് തന്നെ തിരിക്കാന്‍ ശ്രമിക്കുന്നു.

സത്യത്തില്‍ നമ്മള്‍ എന്തൊക്കെയാണ് നാട്ടിലും വീട്ടിലും നല്ല ഇമേജുള്ള, കാരണവന്മാരെക്കുറിച്ചു കെട്ടിപൊക്കുന്നത്, അതാണ് പെരുസിലെ സാമൂഹ്യവിമര്‍ശനം. വയസായവരുടെ മരിക്കാത്ത തൃഷ്ണകളെ ആരും ഗൗനിക്കാറില്ല. അത് കൊണ്ട് തന്നെ അവരുടെ രഹസ്യ ജീവിതങ്ങള്‍ ഭാര്യമാര്‍ക്ക് പോലും വല്യ പിടിയില്ല. ഹിന്ദിയില്‍ ഗജരാജ് റാവു ‘തായ് മസ്സാജ് ‘ എന്ന സിനിമയില്‍ മറ്റൊരു രീതിയില്‍ ഇത് പോലൊരു കഥാപാത്രം ആവുന്നുണ്ട്. മലയാളത്തില്‍ ഇറങ്ങിയ ഭരതനാട്യം എന്ന സിനിമയില്‍ സമാനമായ സാഹചര്യത്തില്‍ -എന്തേ ആ പേജ് വായിക്കാന്‍ പറ്റിയില്ലേ- എന്ന് സൈജു കുറുപ്പ് അമ്മയോട് ചോദിക്കുന്നുണ്ട്. നമ്മള്‍ അടുത്തറിയുന്ന പലരെക്കുറിച്ചും ഒടുവില്‍ മാത്രം വെളിവാകുന്ന വലിയ സത്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നില്‍കുമ്പോള്‍ രംഗപ്രവേശം ചെയ്യുന്ന പ്രസക്തമായ സര്‍ക്കാസം ആണത്. അത് പോലെ, ഹാലസ്യത്തിന്റെ അപരജീവിതത്തിന്റെ മണിയടിക്കുന്ന അയാളുടെ മൊബൈലിന്റെ റിങ്‌ടോണ്‍, തുടര്‍ന്നുള്ള ഇത്തിരി ഓവര്‍ ആവുന്ന ബഹളം, പരസ്പരധാരണയിലെത്തിയ രണ്ടു സ്ത്രീകള്‍ക്കിടയിലെ ആ അവസാനത്തെ പഞ്ച് ഡയലോഗ് – അവിസ്മരണീയമായി. ഡെത്ത് ഇറക്ഷനൊക്കെ അതിനു മുന്‍പില്‍ ഒന്നുമല്ലാതാകുന്നു. ഹാലസ്യം മരിക്കുന്നതിന് തൊട്ടു മുന്‍പ് അടിച്ചു നല്ല വഴിക്കു നടത്താന്‍ നോക്കിയ പയ്യനും പ്രേക്ഷകര്‍ക്കു പുതിയ വെളിപാട് തരുന്നു. ആ പ്രത്യേക മരുന്ന് തേടി, ഹാലസ്യത്തിന്റെ വീടിന്റെ മുറികളില്‍ പരാതി നടക്കുന്ന വൃദ്ധ-ചെറുപ്പക്കാര്‍ മരണവീടിന്റെ മൊത്തം ടെമ്പോ തന്നെ മാറ്റിക്കളയുന്നു.

യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളായ സുനില്‍ റെഡ്ഡിയും, വൈഭവ് റെഡ്ഡിയുമാണ് പെരുസിലെ സഹോദരങ്ങള്‍. രണ്ടു പേരും സൂപ്പറാണ് സ്‌ക്രീനില്‍. കുടിയനായ ദുരൈ ആയി വൈഭവ് നല്ല ഒതുക്കത്തില്‍ ഹാസ്യാത്മകമാവുന്നു. ഉടനീളം കൂടെ നില്‍ക്കുന്ന സുഹൃത്തായി ബാല സരവണന്‍ കട്ടക്കുണ്ട്. ദീപ ശങ്കറിന്റെ അടിമുടിയുള്ള കഥാപാത്ര-തമിഴത്തം ഒരൊഴുക്കാണ്. ഭാര്യയായി വരുന്ന ധനവും സന്ദര്‍ഭത്തിനനുസരിച്ചു ഭാവം മാറ്റുന്നു. പെരുസില്‍ അഭിനയിക്കുന്ന ആരും മോശമാക്കിയിട്ടില്ല അവരുടെ കഥാപാത്രങ്ങളെ എന്നതാണ് സത്യം.
ഈയടുത്ത കാലത്ത് ഒരു സിനിമ കണ്ടു, അതിന്റെ ക്രൂഡും അല്ലാത്തതുമായ കോമഡികളിലൂടെ സഞ്ചരിച്ചു, ആത്മാര്‍ത്ഥമായി ഉടനീളം ചിരിച്ചത് പെരുസ് കണ്ടിട്ടാണ്. ഭയങ്കര കോമഡി പടം എന്ന് പലരും ഉറപ്പു പറഞ്ഞ പലതും ചിരിപ്പിക്കാറില്ല. ഈയിടെ കണ്ട ഒരു ജാതി ജാതകത്തിലെ വിനീത് ശ്രീനിവാസന്‍ കഥാപാത്രം ചെയ്യുന്ന കോമഡികള്‍ പോലെയുള്ളവ ആണ് ഉദ്ദേശിച്ചത്.  Perusu Tamil Movie, Directed by Ilango Ram, review

Content Summary; Perusu Tamil Movie, Directed by Ilango Ram, review

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Leave a Comment