ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, പ്രതിപക്ഷ നേതാവ് എല്ലി ഷ്ലെയ്ൻ, നടിമാർ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെ രാജ്യത്തെ പ്രമുഖ വനിതകളുടെ ചിത്രങ്ങൾ വികലമാക്കി പ്രസിദ്ധീകരിച്ച ഒരു പോൺ വെബ്സൈറ്റിനെതിരെ ഇറ്റലിയിൽ വ്യാപകമായ പ്രതിഷേധം. വെബ്സൈറ്റിനെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
Phica എന്ന ഇറ്റാലിയൻ വെബ്സൈറ്റിൽ സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ അറിവോ സമ്മതമോ കൂടാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും മറ്റ് പൊതു സ്രോതസ്സുകളിൽ നിന്നും എടുത്ത ഈ ചിത്രങ്ങൾ വികലമാക്കുകയും അശ്ലീലമായ അടിക്കുറിപ്പുകൾ നൽകുകയും ചെയ്തിരുന്നു. 700,000-ൽ അധികം വരിക്കാരുള്ള ഈ സൈറ്റ് 2005 മുതലാണ് പ്രവർത്തിച്ചുവരുന്നത്.
ഈ സംഭവം ഇറ്റലിയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെയും ലിംഗവിവേചനത്തെയും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. അടുത്തിടെ, പുരുഷന്മാർ ഭാര്യമാരുടെയും മറ്റ് സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്ന “Mia Moglie” എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മെറ്റാ അടച്ചുപൂട്ടിയിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയിലെ (പിഡി) വനിതാ രാഷ്ട്രീയക്കാർ നിയമപരമായ പരാതി നൽകിയതോടെയാണ് ഈ വിഷയം പൊതുശ്രദ്ധ നേടിയത്. വലേറിയ കംപാനയാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് അലേസിയ മൊറാനി, അലസാന്ദ്ര മൊറേറ്റി, ലിയ ക്വാർട്ടപെല്ലെ തുടങ്ങിയവരും പരാതി നൽകാൻ മുന്നോട്ടുവന്നു. ഇറ്റാലിയൻ മാധ്യമങ്ങൾ ഈ സംഭവത്തെ “ഇറ്റലിയുടെ #മീറ്റൂ” എന്നാണ് വിശേഷിപ്പിച്ചത്.
തന്റെ ചിത്രങ്ങൾ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചതിൽ അതീവ ദുഃഖിതയാണെന്ന് വലേറിയ കംപാന ഫേസ്ബുക്കിൽ കുറിച്ചു. ഇത് വ്യക്തിപരമായ ഒരു പ്രശ്നമല്ലെന്നും, ഭയമില്ലാതെ ജീവിക്കാനും ആദരിക്കപ്പെടാനുമുള്ള സ്ത്രീകളുടെ അവകാശത്തിന്റെ വിഷയമാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ വെബ്സൈറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പെറ്റീഷന് 150,000-ലധികം ഒപ്പുകൾ ഇതിനോടകം ലഭിച്ചു.
അലസാന്ദ്ര മുസ്സോളിനി, ടൂറിസം മന്ത്രി ഡാനിയേല സാന്റാഞ്ചെ തുടങ്ങിയ വലതുപക്ഷ രാഷ്ട്രീയക്കാരും ആക്രമണത്തിന് ഇരയായി. ഈ സംഭവത്തിൽ സെനറ്റ് പ്രസിഡന്റ് ഇഗ്നാസിയോ ലാ റുസ്സ ആശങ്ക രേഖപ്പെടുത്തി.
content summary: photos of women including Giorgia Meloni were posted on porn site
This post was last modified on August 29, 2025 7:49 am
Leave a Comment