ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യം ചെയ്യുന്നതിനായി ബില്‍ബോര്‍ഡുകളും വഹിച്ചുകൊണ്ട് ബെംഗളൂരുവിലെ തെരുവിലൂടെ നടക്കുന്ന ആളുകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കി.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയ റോഷന്‍ എന്ന സംരഭകന്‍ എക്‌സില്‍ പങ്കുവച്ച ചിത്രം ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
കോവിഡിന് ശേഷം ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്റെ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയയിലും ഇതിന്റെ പ്രതിഫലനം കാണാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് റോഷന്‍ എക്‌സില്‍ പങ്കുവച്ച ദൃശ്യം വലിയ ചര്‍ച്ചയാകുന്നത്.
ഇന്ത്യയുടെ ഐടി നഗരം എന്നറിയപ്പെടുന്ന ബാംഗളൂരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോഡ് സൈഡിലും കെട്ടിടങ്ങള്‍ക്ക് മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകള്‍ പുറത്ത് തൂക്കി നടക്കുകയാണ് മനുഷ്യര്‍. തങ്ങളുടെ പുറത്ത് എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച പരസ്യ ബോര്‍ഡുകളുമായി തിരക്കേറിയ നഗരത്തിലൂടെ മനുഷ്യര്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പണത്തിന് വേണ്ടി സ്വയം പരസ്യ വേഷമണിയുകയാണ് ഐടി നഗരമായ ബാംഗളൂരില്‍. ഈ ചിത്രം മനസിന് വളരെ അസ്വസ്ഥമാക്കിയെന്ന കമന്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലായിടത്തും.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച് ഇത്തരമൊരു പരസ്യം ചെയ്തത്. പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നാണ് സ്വിഷിന്റെ അവകാശവാദം. മനുഷ്യര്‍ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കമന്റ് വന്നിരുന്നു, ഇത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്.
content summary; Pic of men walking with billboard of food delivery app in Bengaluru angers Internet