June 13, 2026 |

‘കാബിനറ്റ് അംഗീകാരമില്ല, ഗവർണറുടെ പേരിലുമല്ല; പി എംശ്രീ കരാറിന് ഭരണഘടനാപരമായി നിയമസാധുതയില്ല’

‘മന്ത്രിസഭയുടെ അം​ഗീകാരമില്ലാതെ
വകുപ്പു സെക്രട്ടറി ഒരു കരാറിൽ ഒപ്പുവെച്ചെന്ന് കരുതി അത് നടപ്പാക്കാൻ കഴിയില്ല’

സിപിഎം – സിപിഐ തർക്കത്തിനിടയാക്കിയ പി എംശ്രീ പദ്ധതി മരവിപ്പിക്കാനും ഇക്കാര്യം കാണിച്ച് കേന്ദ്രത്തിന് കത്തയക്കാനും മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുകയാണ്. പദ്ധതി മരവിപ്പിക്കുന്നതിന് മുന്നോടിയായി തുടർ നടപടികൾ നിർത്തിവെക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പി എംശ്രീ കരാർ ഒപ്പിടാൻ സർക്കാർ ജനറൽ എജ്യുക്കേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നോ എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്. പി എം ശ്രീ കരാർ ഒപ്പിടാൻ ഡോ.വാസുകി ഐഎഎസിനെ ചുമതലപ്പെടുത്തി കേരള സർക്കാർ 16.10.2025 നു മുൻപായി ഉത്തരവിറക്കിയിട്ടുണ്ടോ എന്നും കാബിനറ്റ് അം​ഗീകാരമില്ലാതെയുള്ള ഈ കരാറിന് നിയമസാധുതയില്ലെന്നും ഹൈക്കോടതി അഭിഭാഷകനായ ഡോ. ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘കേരളം ഒപ്പുവെച്ച പി എം ശ്രീ (പി.എം സ്‌കൂൾസ് ഫോർ റെയ്‌സിംഗ് ഇന്ത്യ) പദ്ധതിയെ കരാർ എന്ന് പോലും പറയാനാകില്ല. അത് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻ്റിംങ് ആണ്. മുഖ്യമന്ത്രി ഒപ്പിടേണ്ട ഒരു ഫയലിൽ ഒരു ക്ലർക്ക് ഒപ്പുവെച്ചത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? അതിനുള്ള വില മാത്രമേ ഈ കരാറിനുള്ളൂ. അല്ലാതെ മറ്റൊരു നിയമസാധുതയും ഇതിനില്ല.

സംസ്ഥാന സർക്കാർ ഇതിൽ നിന്നും പിന്മാറുമോയെന്നത് ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല. കേന്ദ്ര സർക്കാരിന് ഇത് നടപ്പാക്കാനും കഴിയില്ല. കാരണം കേന്ദ്ര സർക്കാരിൻ്റെ ഉത്തരവോ, വിജ്ഞാപനമോ, ആക്ടോ ഒക്കെയാണെങ്കിൽ അത് നടപ്പാക്കാൻ കഴിയുന്നതാണ്. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന നിയമപരമായ ഒരു കാര്യത്തെ സംസ്ഥാനം അം​ഗീകരിച്ചില്ലെങ്കിൽ, അതിനെ അവ​ഗണിക്കുകയാണെങ്കിൽ നിയമലംഘനമായി മാറും. ഇതിൽ അങ്ങനെ പറയാൻ യാതൊന്നുമില്ല. ഉടമ്പടിയിൽ ഒപ്പിടുന്ന രണ്ട് കൂട്ടർ തമ്മിലുള്ള കരാറാണിത്. അവർ സ്റ്റേറ്റും സെൻ്ററുമാണെന്നതിനാൽ ഇതിന് പ്രത്യേകതയൊന്നുമില്ല. ഇത് നിയമത്തിന്റെ കീഴിലുള്ള ഒരു കരാറല്ല, പൊതുകരാറാണ്.

ഒരു കമ്പനി നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായില്ലെങ്കിൽ ഫണ്ട് നൽകില്ല അത്രമാത്രമാണ് ഇതിൻ്റെ വില. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ ഈ കരാറിൽ നിന്നും പിന്മാറിയാലോ ലംഘിച്ചാലോ കേന്ദ്ര സർക്കാരിനൊന്നും ചെയ്യാൻ കഴിയില്ല. ഇതിന് നിയമസാധുതയുണ്ടെന്ന് സർക്കാർ പറയുകയാണെങ്കിൽ

ഭരണഘടനാപരമായി നോക്കുകയാണെങ്കിൽ കേരളം ഒപ്പുവെച്ച ഈ കരാറിന് യാതൊരു നിയമസാധുതയുമില്ല. കാരണം സംസ്ഥാനത്തിനുവേണ്ടിയുള്ള ഏതൊരു രേഖയും ഗവർണറുടെ പേരിലായിരിക്കണം എന്ന് ഭരണഘടനയിൽ കൃത്യമായി പറയുന്നുണ്ട്. ഏത് സംസ്ഥാനത്തെയും ഏതൊരു കരാറും പരിശോധിച്ച് നോക്കിയാൽ മനസിലാകും ​ഗവർണറുടെ പേരിലാണത്. അതേസമയം, ഈ കരാർ ഇഷ്യൂ ചെയ്തിരിക്കുന്നത് സ്റ്റേറ്റിൻ്റെ പേരിലാണ്. നിയമമനുസരിച്ച് കാബിനറ്റിന് മാത്രമേ ചെയ്യാനാവുകയുള്ളൂ. മന്ത്രിസഭയുടെ അം​ഗീകാരമില്ലാതെ വകുപ്പു സെക്രട്ടറി ഒരു കരാറിൽ ഒപ്പുവെച്ചെന്ന് കരുതി അത് നടപ്പാക്കാൻ അവർക്ക് കഴിയില്ല. അഥവാ ഇങ്ങനെ സംഭവിച്ചാൽ കേസുമായി കോടതിയെ സമീപിക്കേണ്ടി വരും. ​ഗവർണർ ഒപ്പുവെയ്ക്കാത്ത ഒരു കരാറിന് എന്താണ് നിയമസാധുതയെന്ന് കോടതി തിരിച്ച് ചോദിക്കുകയും ചെയ്യും.

കരാർ ലംഘിച്ചുവെന്ന പേരിൽ കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. ഇപ്പോൾ ചെയ്യുന്നത് പോലെ ഫണ്ട് നിർത്തലാക്കുക മാത്രമാണ് അവർക്ക് ചെയ്യാനാവുക,’ ഡോ. ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പ്രതികരിച്ചു.

Content Summary: PM Shri agreement has no constitutional validity, Advocate hareesh vasudevan responds

Leave a Reply

Your email address will not be published. Required fields are marked *

×