June 06, 2026 |

‘നീ വലിയ നേതാവ് ചമയണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം, കര്‍ണപുടം തകര്‍ത്തു’

സിസിടിവി ദൃശ്യങ്ങള്‍ തരാതിരിക്കാന്‍ പരമാവധി ശ്രമിച്ചു

പൊലീസ് ക്രൂരത സ്ഥിരം കഥയാവുകയാണ് കേരളത്തിൽ. തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കസ്റ്റഡി മർദ്ദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തിരുന്നതായി സുജിത്ത് വ്യക്തമാക്കുന്നുണ്ട്. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്തിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 2023 ഏപ്രിൽ 5നായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്.

സുജിത്ത് നേരിട്ട ക്രൂരത വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണർ, മുഖ്യമന്ത്രി എന്നിവർക്കടക്കം ഞങ്ങൾ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനും രണ്ട് വർഷത്തെ പ്രയത്നത്തിനും ശേഷമാണ് ഇപ്പോൾ ഈ ദൃശ്യങ്ങൾ ലഭിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവും സുജിത്തിന്റെ സുഹൃത്തുമായ സുധീഷ് അഴിമുഖത്തോടു പറഞ്ഞു.

വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ ലഭിക്കാനുള്ള പരാതി നൽകുന്നത്. ഇത് ഞങ്ങളുടെ കൈവശം എത്താതിരിക്കാൻ പൊലീസിന്റെ ആഭ്യന്തര വകുപ്പിന്റെയും ഭാ​ഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം നൽകിയിരുന്നത് വാസ്തവ വിരുദ്ധമായ മറുപടികളാണ്. ദൃശ്യങ്ങൾ നഷ്ടപ്പെട്ട് പോയെന്ന് വരെ എഴുതി നൽകിയിരുന്നു. ആ രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നി‍‍ർദ്ദേശ പ്രകാരം അന്നത്തെ എസിപിയായിരുന്ന കെ സി സേതു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു റിപ്പോ‍ർട്ട് നൽകിയിരുന്നു. അതിൽ ഈ ദൃശ്യങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ അപേക്ഷ നൽകുന്നതെന്ന് സുധീഷ് വ്യക്തമാക്കി.

അയൽവാസികളായ രണ്ട് യുവാക്കൾ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുജിത്ത് അന്ന് അവിടേക്ക് ചെല്ലുന്നത്. രാത്രി ഏറെ വൈകി വഴിയരികിൽ ഇരുന്ന് സംസാരിച്ച ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനാണ് സുധീഷിനെ മർദ്ദിച്ചത്. സംഭവ സ്ഥലത്തേക്കത്തിയ സുധീഷ് കാര്യം തിരക്കുക മാത്രമാണ് ചെയ്തത്. എന്നാൽ എസ്ഐ പ്രകോപിതനായി. വലിയ നേതാവ് ചമയാൻ നിൽക്കണ്ട, നീ ആരാടാ ഇതൊക്കെ ചോദിക്കാനെന്ന് പറഞ്ഞു കൊണ്ട് എസ്ഐ സുധീഷിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. അ‍‍ർദ്ധന​ഗ്നനാക്കിയാണ് സുധീഷിനെ അവർ ജീപ്പിൽ കയറ്റിക്കൊണ്ട് പോകുന്നത്. അത് ആ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് സുധീഷിന്റെ വാക്കുകൾ.

ഞങ്ങളുടെ പ്രാദേശിക നേതാവായ വ‍ർ​ഗീസ് ചൊവ്വന്നൂരിന്റെ പിന്തുണയോടെയാണ് രണ്ട് വർഷക്കാലം കേസ് നടത്തിയത്. കേസുമായി മുന്നോട്ട് പോകാനായത് ഇത്തരം ചിലരുടെ പിന്തുണയുള്ളത് കൊണ്ടാണ്. രണ്ട് വ‌ർഷത്തോളം കേസ് നടത്തിയത് താനാണെന്ന് സുധീഷ് വ്യക്തമാക്കി.

അന്നത്തെ മർദനത്തിൽ സുധീഷിന്റെ കർണ്ണപടം പൊട്ടിയിരുന്നു. 0.5 ശതമാനം കേൾവിക്കുറവ് സംഭവിച്ചു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. എന്നാൽ അന്ന് തന്നെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. മജിസ്ട്രേറ്റിന്റെ നിർദേശത്തെ തുടർന്ന് ജാമ്യം ലഭിച്ചയുടനെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കേൾവിയ്ക്ക് തകരാ‍ർ സംഭവിച്ച കാര്യം മനസിലായതെന്ന് സുധീഷ് പറയുന്നു.

content summary: Police beat Sujith, rupturing his eardrum and withholding CCTV footage Congress leader alleges brutality

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×