പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് ഇസ്രയേല്‍ നടത്തിയ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു വന്നിരിക്കുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 60-ഓളം പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദ്ദനത്തിനും കൊടിയ പട്ടിണിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായെന്നാണ് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 59 മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വിശദമായ അഭിമുഖങ്ങള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് സിപിജെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ 58 പേരും തങ്ങള്‍ കസ്റ്റഡിയില്‍ വെച്ച് കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായതായി സാക്ഷ്യപ്പെടുത്തി.
വ്യത്യസ്ത തടവറകളിലാണെങ്കിലും ഇസ്രയേല്‍ സൈനികരും ജയില്‍ ഗാര്‍ഡുകളും ഒരേ രീതിയിലുള്ള പീഡനമുറകളാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശാരീരിക ആക്രമണങ്ങള്‍, നിര്‍ബന്ധിതമായി വേദനിപ്പിക്കുന്ന രീതിയില്‍ ഇരുത്തുക, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുക, ലൈംഗിക അതിക്രമങ്ങള്‍, ചികിത്സ നല്‍കാതിരിക്കുക എന്നിങ്ങനെ പോകുന്നു ക്രൂരതകള്‍. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ ജയില്‍ സര്‍വീസും സൈന്യവും ശക്തമായി നിഷേധിക്കുകയാണ്.
അല്‍ ജസീറ മുബാഷറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമി അല്‍-സായ് എന്ന മാധ്യമപ്രവര്‍ത്തകന്‍ നേരിട്ട ക്രൂരതകള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. മെഗിദ്ദോ ജയിലിലെ ഒരു ചെറിയ സെല്ലില്‍ വെച്ച് സൈനികര്‍ തന്നെ വിവസ്ത്രനാക്കി ലാത്തിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അതുപോലെ, 2025 ഡിസംബറില്‍ ഗാസയിലേക്കുള്ള കപ്പലില്‍ വെച്ച് തടവിലാക്കപ്പെട്ട ജര്‍മ്മന്‍ പത്രപ്രവര്‍ത്തക ആന്‍ ലീഡ്കെയും ഇസ്രയേല്‍ സൈനികര്‍ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ചിരുന്നു. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ വിന്‍സെന്‍സോ ഫുലോണും ഓസ്ട്രേലിയന്‍ ആക്ടിവിസ്റ്റ് സൂര്യ മക്ഇവാനും സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
പലസ്തീന്‍ ടുഡേയിലെ ഷാദി അബു സിദോ എന്ന മാധ്യമപ്രവര്‍ത്തകന്‍ നേരിട്ട അനുഭവം ഞെട്ടിക്കുന്നതാണ്. അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് പിടികൂടിയ അദ്ദേഹത്തെ കണ്ണുകെട്ടി ചങ്ങലയ്ക്കിട്ട ശേഷം സൈനികര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ വാരിയെല്ല് ഒടിഞ്ഞു. ഓഫര്‍ ജയിലില്‍ കഴിഞ്ഞ മുഹമ്മദ് അല്‍-അട്രാഷ് എന്ന റേഡിയോ ജേണലിസ്റ്റ് പറഞ്ഞത്, തടവുകാരെ കൂട്ടമായി ആക്രമിക്കുന്ന ‘ഷിന്‍ ബെറ്റ് പാര്‍ട്ടി’ അല്ലെങ്കില്‍ ‘ബെന്‍-ഗ്വിര്‍ പാര്‍ട്ടി’ എന്നറിയപ്പെടുന്ന ക്രൂരമായ ആഘോഷങ്ങളെക്കുറിച്ചാണ്. ഇതില്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് തടവുകാരെ ആക്രമിക്കുകയും ലോഹായുധങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. അല്‍-അഖ്സ ടിവിയിലെ ഒസാമ അല്‍-സയ്യിദ് എന്ന റിപ്പോര്‍ട്ടര്‍ പറയുന്നത് തടവുകാര്‍ക്ക് നേരെ ഇലക്ട്രിക്കല്‍ ഷോക്കും പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചിരുന്നു എന്നാണ്.
കൈകള്‍ പുറകിലേക്ക് കെട്ടി തൂക്കിയിടുന്ന ‘സ്ട്രാപ്പാഡോ’ എന്ന പീഡനമുറയും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനുപുറമെ, കൊടും പട്ടിണിയിലേക്കും മാധ്യമപ്രവര്‍ത്തകരെ തള്ളിയിട്ടു. സിപിജെ പരിശോധിച്ച രേഖകള്‍ പ്രകാരം ജയിലില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശരാശരി 23.5 കിലോ ഭാരം കുറഞ്ഞു. പലസ്തീന്‍ ടുഡേ ടിവിയിലെ അഹമ്മദ് ഷാഖൗറ എന്ന റിപ്പോര്‍ട്ടര്‍ക്ക് മാത്രം 14 മാസത്തിനിടെ 54 കിലോ ഭാരമാണ് നഷ്ടപ്പെട്ടത്. തടവിലാക്കപ്പെട്ടതിന് മുമ്പും ശേഷവുമുള്ള ഇവരുടെ ചിത്രങ്ങള്‍ ഈ ശാരീരിക തകര്‍ച്ച വ്യക്തമാക്കുന്നു.
തടവിലാക്കപ്പെട്ട 48 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും യാതൊരു കുറ്റവും ചുമത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ ആറ് മാസം വരെ തടവില്‍ വെക്കാവുന്നതും കാലാവധി അനിശ്ചിതമായി നീട്ടാവുന്നതുമായ ‘അഡ്മിനിസ്ട്രേറ്റീവ് ഡിറ്റന്‍ഷന്‍’ വഴിയാണ് ഇവരെ ജയിലിലിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്തതിന്റെ പേരില്‍ മാത്രമാണ് ഇത്തരത്തില്‍ ലക്ഷ്യം വെക്കപ്പെടുന്നതെന്ന് സിപിജെ റീജിയണല്‍ ഡയറക്ടര്‍ സാറ ഖുദാ പറഞ്ഞു.
അതിനിടെ, ഇസ്രയേലിലെ തടങ്കല്‍ പാളയങ്ങളില്‍ തടവുകാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ 2025-ന്റെ തുടക്കത്തില്‍ പുറത്തുവന്നിരുന്നു. ഇസ്രയേലി പത്രപ്രവര്‍ത്തകനായ ഗൈ പെലെഗ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 2023 ഒക്ടോബര്‍ 7-ന് ശേഷം ഇസ്രയേല്‍ കസ്റ്റഡിയില്‍ 94 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് – ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 252 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിപിജെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Summary: Palestinian journalists detained in Israeli prisons have been beaten, starved and sexual violence CPJ report allege
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.