കേരളത്തിന്റെ നെല്‍പ്പാടങ്ങളില്‍ പുതിയ രുചിയും കര്‍ഷകര്‍ക്ക് നേട്ടവും വിളയിക്കാന്‍ പൗര്‍ണമി നെല്‍വിത്ത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ പൗര്‍ണമിയെ കര്‍ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. കുട്ടനാടന്‍ പാടശേഖരങ്ങളും ഇപ്പോള്‍ പൗര്‍ണമിയെ പൂര്‍ണമായി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഏറ്റവും പുതിയതായി വികസിപ്പിച്ചെടുത്ത നെല്‍വിത്താണ്, എം ഒ 23 എന്ന് നാമകരണം ചെയ്തിരിക്കുന്ന പൗര്‍ണമി. 2019 ല്‍ ഇത് പുറത്തിറക്കിയെങ്കിലും കര്‍ഷകരിലേക്ക് എത്തുന്നത് 2022 ലാണ്. 2023 മുതല്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഈ വിത്തിനം കൂടുതലായി കൃഷി ചെയ്യാന്‍ തുടങ്ങി. പുതിയ വിത്തിന് ഇപ്പോള്‍ വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കര്‍ഷകര്‍ കൂടുതലായി ഈ നെല്‍വിത്തിലേക്ക് തിരിയുന്നുണ്ടെന്നാണ് മങ്കൊമ്പിലെ എം എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ. നിമ്മി ജോസ് അഴിമുഖത്തോട് പറഞ്ഞത്.
കുട്ടനാട്ടിലെ കര്‍ഷകര്‍ ഏകദേശം മൂന്നു പതിറ്റാണ്ടോളമായി ഉമ(ഡി-വണ്‍) വിത്തിനമാണ് ഉപയോഗിച്ചു വരുന്നത്. ഉമയുടെ സ്ഥാനത്തേക്കാണ് ഇപ്പോള്‍ പൗര്‍ണമി കടന്നെത്തുന്നത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് തന്നെയാണ് ഉമയും വികസിപ്പിക്കുന്നത്. കുട്ടനാട്ടുകാരുടെ പ്രധാന ചോയ്‌സ് ഉമയാണെങ്കിലും, കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഈ വിത്തിന് വിളവും പ്രതിരോധശേഷിയും കുറഞ്ഞു വരുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. അതിന് കൂടിയുളള പരിഹാരമാണ് പൗര്‍ണമി.
കൂടുതല്‍ പ്രതിരോധശേഷി എന്നതാണ് പൗര്‍ണമിയെ വേറിട്ട് നിര്‍ത്തുന്നത്. രോഗപ്രതിരോധശേഷി കൂടിയ നെല്‍വിത്തനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. ഉമ അടക്കമുള്ള മറ്റ് വിത്തനങ്ങളേക്കാള്‍ രോഗപ്രതിരോധ ശേഷി പൗര്‍ണമിക്കുണ്ടെന്നാണ് ഡോ. നിമ്മി ജോസ് ചൂണ്ടിക്കാണിക്കുന്നത്. ഓലകരിച്ചില്‍, അവിച്ചില്‍, കതിര്‍കേട് തുടങ്ങിയ രോഗങ്ങള്‍ ഉമ ഉള്‍പ്പെടയുള്ളവയെ വ്യാപകമായി ബാധിച്ചിരുന്നു. എന്നാല്‍ ഇത്തരം രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന വിത്തിനമായാണ് പൗര്‍ണമിയെ അവതരിപ്പിക്കുന്നത്.
ഉമയെ അപേക്ഷിച്ച് മണിത്തൂക്കം കൂടുതലാണെന്നതും പൗര്‍ണമിയുടെ വ്യത്യസ്തതയാണ്. ഉമയുടെ ആയിരം മണിക്ക് 25-26 ഗ്രാം വരെ തൂക്കമുളപ്പോള്‍ പൗര്‍ണമിക്കത് 28 ഗ്രാം വരെയാണ്.
ഉമയെ അപേക്ഷിച്ച് കൂടുതല്‍ രുചികരമായ ചോറാണ് പൗര്‍ണമിയുടേതെന്നും ഡോ. നിമ്മി സാക്ഷ്യം പറയുന്നുണ്ട്. നല്ല ചുവന്ന നിറത്തിലുള്ള അരിയാണിത്. ഉമയെക്കാള്‍ വലിപ്പവും കൂടും. ഉമ പൊടിക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്.
മറ്റൊരു സവിശേഷത, ഉമയെ അപേക്ഷിച്ച് വളം കുറവ് മതി പൗര്‍ണമിക്ക് എന്നതാണ്. വളം കുറയുന്നതിന് അനുസരിച്ച് എമിഷന്‍സ് കുറയും. ഇത് മൂലം ആഗോളതാപനത്തിനെതിരേ നില്‍ക്കുന്നൊരു നെല്ലിനം എന്ന പ്രത്യേകതയും പൗര്‍ണമിക്ക് നല്‍കാം. അതുപോലെ ചൂടും വരള്‍ച്ചയും പ്രതിരോധിക്കാനും പൗര്‍ണമിക്ക് കഴിവുണ്ടെന്നാണ് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്.
120 ദിവസം കൊണ്ട് പൗര്‍ണമി മൂപ്പിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതേ ദിവസം തന്നെ വിളവെടുക്കാനും സാധിക്കും. ഉമയാകട്ടെ 140 ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഒരേക്കറില്‍ മുന്ന് മുതല്‍ മുന്നേകാല്‍ ടണ്‍വരെ വിളവ് ലഭിക്കും.
കുട്ടനാടില്‍ ഈ സീസണില്‍ ഉമയടക്കമുള്ള മറ്റ് വിത്തുകള്‍ കൃഷിയിറക്കിയവര്‍ക്ക് വിളവ് കുറവായിരുന്നുവെന്നാണ് പറയുന്നത്. മൂന്നു കീടനാശിനി പ്രയോഗം നടത്തേണ്ടിയും വന്നു. വ്യാപകമായി മുഞ്ഞ ബാധിച്ചിരുന്നു. കൂമ്പൊടിയല്‍, ഓല കരിച്ചില്‍, ഓല ചുരട്ടല്‍, പുത്തന്‍കുത്ത്, തണ്ടുതൊരപ്പന്‍ ഇവയൊക്കെ ബാധിച്ചു. എന്നാല്‍ ഇവയൊന്നും പൗര്‍ണമിയെ ബാധിച്ചിരുന്നില്ലെന്നാണ് ഡോ. നിമ്മി ജോസ് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, പൗര്‍ണമിയില്‍ ആശങ്കപ്പെടുന്ന കര്‍ഷകരും കുട്ടനാട്ടിലുണ്ട്. വിത്തിനെ കുറിച്ച് അവര്‍ക്ക് നല്ല അഭിപ്രായമാണെങ്കിലും നെല്ല് വീണുപോകുമോയെന്ന പേടിയാണ് കര്‍ഷകര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഇത് വ്യാപകമായി കൃഷി ചെയ്യാന്‍ അവര്‍ ആശങ്കപ്പെടുന്നുണ്ട്. കുട്ടനാട്ടിലെ കര്‍ഷകനായ സിബിച്ചന്‍ തറയില്‍, ഇങ്ങനെയൊരു ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ‘രണ്ടു മൂന്നു കൊല്ലമായി പൗര്‍ണമി കുറേശ്ശയായി വിതച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അതിനു മുന്നിലത്തെ വര്‍ഷവുമൊക്കെ ന്യായമായ വിളവ് കിട്ടി. എങ്കിലും വ്യാപകമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും ഉമ തന്നെയാണ് കര്‍ഷകര്‍ കൂടുതലായി ഇഷ്ടപ്പെടുന്നതും വിതയ്ക്കുന്നതും. പൗര്‍ണമി നല്ല നെല്ലാണ്, തൂക്കമുണ്ട്, നല്ല വിളവുമുണ്ട്. പക്ഷേ വീഴ്ച്ചയുണ്ടാകുന്നു. നെല്‍ ചെടി വീണു പോകുന്നു. കതിര് വന്നു നില്‍ക്കുന്ന സമയത്ത് നല്ലൊരു മഴയോ കാറ്റോ വന്നാല്‍ ചെടി വീണു പോകും. അങ്ങനെയൊരു പ്രശ്‌നമുണ്ട്.
നെല്ല് വീണു പോയാല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്, അതുകൊണ്ട് വ്യാപകമായി ആരും ഇത് വിതയ്ക്കാന്‍ തയ്യാറാകുന്നില്ല. ഉമയ്ക്ക് ആ കുഴപ്പമില്ല. കരുത്തുണ്ട്. പിന്നെ പത്തിരുപ്പത്തിയഞ്ച് വര്‍ഷമായി ഉമ വിതയ്ക്കാന്‍ തുടങ്ങിയിട്ട്. അതിങ്ങനെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ആദ്യത്തെ ക്വാളിറ്റി ഇപ്പോള്‍ ഉണ്ടാകത്തില്ല. പൗര്‍ണമി പുതിയ വിത്തിനമായതുകൊണ്ട് അതിന്റെതായ ഗുണം ഇപ്പോള്‍ ഉണ്ടാകും’.
ചെടി വീണു പോകുന്നു എന്ന കര്‍ഷകരുടെ ആശങ്കയ്ക്ക് പ്രതിവിധിയുണ്ടെന്നാണ് ഡോ. നിമ്മി ജോസ് പറയുന്നത്. പൗര്‍ണമിയുടെ കതിരിനും മണിക്കും തൂക്കം കൂടുതലാണ്. ഉമയെ അപേക്ഷിച്ച് 28 ഗ്രാം വരെ തൂക്കമുള്ളതുകൊണ്ട് ചെടി വീഴാന്‍ സാധ്യതയുണ്ട്. ഉമ ചെയ്ത് ശീലിച്ചവരാണ് കുട്ടുനാട്ടുകാര്‍. ഉമയ്ക്ക് എത്ര വളമിട്ടാലും കുഴപ്പമില്ല. എന്നാല്‍ അതേ അളവില്‍ പൗര്‍ണമിക്ക് വളം ഇടേണ്ട കാര്യമില്ല. 20 കിലോ യൂറിയ കുറവ് മതി പൗര്‍ണമിക്ക് ഉമയെ അപേക്ഷിച്ച്. കുട്ടനാട്ടിലെ കര്‍ഷകര്‍ ധാരാളം വളം ഇടുന്നവരാണ്. ഉമയുടെ അത്രയും തണ്ടിന് കട്ടിയില്ല പൗര്‍ണമിക്ക്. അതുകൊണ്ട് വളം കുറയ്ക്കുകയാണ് നല്ല മാര്‍ഗം. ഇപ്പോള്‍ നെല്ല് വീഴ്ച്ച പൗര്‍ണമിയെ സംബന്ധിച്ച് കുറഞ്ഞു വരുന്നുണ്ടെന്നും ഡോ. നിമ്മി പറയുന്നു.
അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ വിത്ത് പുറത്തിറങ്ങുന്നതോടെ പൗര്‍ണമിയുടെ ഉത്പാദനം കൂടുമെന്ന പ്രതീക്ഷയും ഗവേഷണ കേന്ദ്രത്തിലുള്ളവര്‍ക്കുണ്ട്. ഇപ്പോള്‍ വിത്ത് ലഭ്യത കുറവാണ്. ഈ പരാതി കര്‍ഷകര്‍ക്കുമുണ്ട്. കര്‍ണാടകത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും പൗര്‍ണമിയുടെ വിത്ത് കൂടുതലായി എത്താന്‍ തുടങ്ങുന്നതോടെ വരും സീസണില്‍ ഈ നെല്‍ വിത്ത് കുട്ടനാട്ടില്‍ മാത്രമല്ല, പുറത്തെ പാടശേഖരങ്ങളിലും കൂടുതലായി വിളയുമെന്നാണ് കരുതുന്നത്. pournami high yielding medium duration red rice variety
Content Summary; pournami high yielding medium duration red rice variety