എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ. നവീൻബാബുവിൻ്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട പി പി ദിവ്യയുടെ ജാമ്യ ഹർജിയാണ് തള്ളിയത്. ആഗ്രഹിച്ച വിധിയാണ് വന്നതെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു വ്യക്തമാക്കി. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് മുന്നിലുള്ള ഒരു വഴി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുക എന്നതാണ്. വിധി വരുന്നതുവരെ അറസ്‌റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാൻ കഴിയും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഇപ്പോൾ വേണമെങ്കിലും പോലീസിന് അറസ്റ്റ് ചെയ്യാം. അറസ്‌റ്റ് ചെയ്‌താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം. adm naveen babu case divya bail verdict
കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ പാർട്ടി നടപടിയെടുക്കുകയായിരുന്നു. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ വച്ച്, എഡിഎം അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകൾ ദിവ്യ നടത്തിയതിന് പിന്നാലെയാണ് ജീവനക്കാരൻ ജീവനൊടുക്കിയത്. ഈ സംഭവത്തിൽ ദിവ്യക്കെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്. പാർട്ടിയാണെങ്കിൽ നവീൻ ബാബുവിനൊപ്പം നിൽക്കുകയാണ് ചെയ്തത്. എഡിഎമ്മിന്റെ സേവനങ്ങളെ പുകഴ്ത്തുകയായിരുന്നു നേതാക്കൾ. മാത്രമല്ല, പത്തനംതിട്ടയിലെ അടിയുറച്ച് പാർട്ടി കുടുംബവുമാണ് നവീൻ ബാബുവിന്റെത്. കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ, പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോർജ്, റവന്യു മന്ത്രി കെ. രാജൻ, കോന്നി എംഎൽഎ കെ യു ജിനേഷ് കുമാർ, മുൻ മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ജി സുധാകരൻ തുടങ്ങി സിപിഎമ്മിലെയും എൽഡിഎഫിലെയും നേതാക്കൾ നവീൻ ബാബുവിനു വേണ്ടി സംസാരിച്ചപ്പോൾ, പി പി ദിവ്യ പൂർണമായും ഒറ്റപ്പെട്ടു പോവുകയായിരുന്നു. adm naveen babu case divya bail verdict
Content summary; pp divya surrenders before investigation office