പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം ദുബായ് നഗരത്തില്‍ ശുചീകരണ ജീവനക്കാര്‍ നീക്കം ചെയ്തത് 87 ടണ്‍ മാലിന്യം. ആഘോഷങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ശുചിയാക്കുന്നതിന് ദുബായ് നഗരസഭയുടെ സംയോജിത പദ്ധതിയിലൂടെയാണ് കുറഞ്ഞ സമയം കൊണ്ട് റെക്കോര്‍ഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ബുര്‍ജ് ഖലീഫ മുതല്‍ ബിസിനസ് ബേ, ജുമേറ ബീച്ച്, ദുബൈ മറീന, ബുര്‍ജുല്‍ അറബ്, ശൈഖ് സായിദ് റോഡ്, ഡൗണ്‍ ടൗണ്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവിടങ്ങളില്‍ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന മേഖലകളില്‍ മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നഗരസഭ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു. ഇരുപതു ലക്ഷം ആളുകളാണ് ദുബായില്‍ പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്.
വാളണ്ടിയേഴ്‌സും ഒപ്പം നഗരസഭയുടെ 1066 ശുചീകരണ ജീവനക്കാരും, 30 ഓളം പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെ 1802 ഓളം ജോലിക്കാര്‍, ഒപ്പം ചേര്‍ന്നാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നഗരത്തില്‍ നിന്ന് 87 ടണ്‍ മാലിന്യം നീക്കം ചെയ്തത്.
കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ കൂടുതല്‍ മാലിന്യങ്ങളുണ്ടാവുമെന്ന കാരണത്താല്‍ മുന്‍കൂട്ടി വ്യത്യസ്ത വലിപ്പത്തിലുള്ള 200 ചവറുവീപ്പകളും സ്ഥാപിച്ചിരുന്നു. റോഡുകള്‍ വൃത്തിയാക്കുന്നതിന് കൂടുതല്‍ വാഹനങ്ങളും ഉപകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ 736 വളണ്ടിയര്‍മാരാണ് എത്തിയത്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ 40 ഓഫീസര്‍മാരും 500 ശുചിത്വ തൊഴിലാളികളും ഉള്‍പ്പെടുന്ന സാന്റ് ടീമും സജ്ജമായിരുന്നു.
ആഘോഷങ്ങള്‍ കഴിഞ്ഞ് ആളുകള്‍ മടങ്ങിയതോടെ ശുചീകരണം ഊര്‍ജിതപ്പെടുത്തിയ ജീവനക്കാര്‍ രാവിലെ എട്ടുമണിയോടെ നഗരം പൂര്‍ണ വൃത്തിയാക്കിയെന്ന് ശുചിത്വ മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സൈഫാഇ അറിയിച്ചു.
Downtown Dubai is shining once again, we’d like to thank our facility management for restoring the place back to it’s original state in just three hours! #EmaarNYE2019 pic.twitter.com/RRwdjeONEK
— Downtown Dubai by Emaar (@MyDowntownDubai) January 1, 2019