പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം നടപടികള്‍ എടുക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ തൊഴില്‍ മന്ത്രാലയം നിഷേധിച്ചു
ഗ്രീന്‍, പ്ലാറ്റിനം വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ആറ് മാസം (180 ദിവസം) മുമ്പ് തന്നെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കവെ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചതാണീ വിവരം.
വേതന സുരക്ഷ നിയമത്തന്റെ 11-ാം ഘട്ടം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലായിരുന്നു മന്ത്രാലയം അനുവദിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഖാലിദ് വ്യക്തമാക്കിയത്. പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം നടപടികള്‍ എടുക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ തൊഴില്‍ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. ഓഫീസ് ചാര്‍ജ് എന്ന നിരക്കില്‍ 150 റിയാല്‍ വര്‍ധിപ്പിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഫീസ് വര്‍ധനവിനെകുറിച്ച് മന്ത്രാലയം ആലോചിച്ചിട്ടില്ല. അത്തരം തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കും. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് 2000 റിയാലില്‍ നിന്ന് 2150 റിയാലാക്കി വര്‍ധിപ്പിച്ച വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഖാലിദ് അറിയിച്ചു.