ഒരു രാത്രിയില്‍ ‘തുമ്പീ വാ തുമ്പക്കുടത്തിന്’ എന്ന പാട്ടിന്റെ അകമ്പടിയില്‍ ഒരു ശരീരം മുകളിലോട്ട് വലിക്കപ്പെടുകയും അത് ഒന്ന് പിടിഞ്ഞ് നിശബ്ദമാവുകയും ചെയ്യുന്നതിന്റെ ക്ലോസ് അപ്പില്‍ നിന്ന് പ്രാവിന്‍ കൂട് ഷാപ്പ് ആരംഭിക്കുമ്പോള്‍ അതിന് വളച്ച് കെട്ടും സംശയങ്ങളൊന്നുമില്ല. ഇത് തൂങ്ങി മരണമല്ല, കൊലപാതകമാണ്. ആര് ചെയ്തു? അതറിയണമെങ്കില്‍ നമുക്ക് പ്രാവിന്‍ കൂട് ഷാപ്പറിയണം.
പ്രാവിന്‍കൂട് ഷാപ്പിലൊരു പ്രത്യേകതയുണ്ട്. ഷാപ്പടയ്ക്കാന്‍ നേരത്താണ് മുതലാളി ബാബുവേട്ടന്‍ കുടിയ്ക്കാനിരിക്കുക. അതോടെ ഷാപ്പ് അടയ്ക്കും. സ്ഥിരം സംഘങ്ങള്‍ ഷാപ്പിലൊരു മുറിയില്‍ ചീട്ട് കളിക്കാനിരിക്കും. ഷാപ്പിന്റെ മേല്‍നോട്ടക്കാരനായ കണ്ണനും എക്സ്മിലിട്ടറി സുനിയും ഷാപ്പിലെ പാചകക്കാരിയുടെ ഭര്‍ത്താവ് കൂടിയായ സിലോണ്‍ മാമനും സ്ഥിരം ചില കുടിയന്മാരും എന്നുമുണ്ടാകും. ഈയൊരു ദിവസം, മഴ പെയ്ത് തോര്‍ന്ന നേരത്ത് അവര്‍ കുടിയ്ക്കാനിരിക്കുമ്പോള്‍ കുറച്ച് പിള്ളേരും ബാക്കിയുണ്ട്. നാട്ടിലെ സ്ഥിരം പ്രശ്നക്കാരും അലമ്പന്മാരുമായുള്ള, എന്നാല്‍ സ്വയം കുഴപ്പക്കാരൊന്നുമല്ല എന്ന് കരുതി ജീവിക്കുന്നവര്‍. എന്നും ഒരുമിച്ച് കുടിക്കാനിരിക്കുകയും കുടിച്ചാല്‍ വഴക്കിടുകയും ചെയ്യുന്ന ഷാപ്പിലെ വയോ വൃദ്ധര്‍ തുപ്രനും കൂട്ടുകാരനും അടിയുണ്ടാക്കുകയും മുറിയക്ക് പുറത്തേയ്ക്ക് പരസ്പരം പുണര്‍ന്ന് വീഴുകയും ചെയ്യുന്നു. അവര്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ കാണുന്നത്, നേരത്തേ കുടിയ്ക്കാനിരുന്ന ഷാപ്പ് മുതലാളി കൊമ്പന്‍ ബാബു ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്നു. എല്ലാവരും കൂടി വലിച്ച് താഴെ ഇടുന്നു. പോലീസിനെ വിളിക്കുന്നു.
ക്ലാസിക്കല്‍ ക്ലോസ് റൂം മര്‍ഡര്‍ മിസ്റ്ററിയാണ്. അഗതാ ക്രിസ്റ്റി കഥകളില്‍ ഹെര്‍ക്യൂള്‍ പെറോ അന്വേഷിക്കുന്ന കേസുകള്‍ പോലെയൊന്ന്. ആരും പുറത്തേയ്ക്ക് പോയിട്ടില്ല, ആരും അകത്തേയ്ക്ക് വന്നിട്ടില്ല. ആരാണ് പിന്നെ ബാബുവിനെ കൊന്നിരിക്കുക?
കേസ് ചെറുപ്പക്കാരനായ എസ്.ഐ സന്തോഷ് ഏറ്റെടുക്കുന്നു. സന്തോഷ് മിടുക്കനാണ്. തല്ലിയും ചവിട്ടിയും ഇടിച്ചും തെറിവിളിച്ചും കേസ് തെളിയിക്കുന്ന പഴയ കുട്ടന്‍ പിള്ള പോലീസിന്റെ രീതിയല്ല സന്തോഷിന്. ചെറിയകാലം കൊണ്ട് ഏറ്റെടുത്ത 17 കേസുകളും തെളിയിച്ച ആളാണ്. ശാസ്ത്രീയത, നിരീക്ഷണ പാടവം, ഓര്‍മ്മ എന്നിവയൊക്കെയാണ് സന്തോഷിന്റെ ആയുധങ്ങള്‍. പക്ഷേ കള്ളുകുടിയനായ അപ്പന്‍ ചെറുപ്പക്കാലത്ത് നല്‍കിയിട്ടുള്ള ട്രോമകളും അതേ തുടര്‍ന്നുള്ള അമ്മയുടെ ആത്മഹത്യയും കാരണം കള്ളുഷാപ്പ് കേസില്‍ സന്തോഷിന് താത്പര്യമില്ല. കള്ളിന്റെ മണമടിച്ചാല്‍ നവദ്വാരങ്ങളും ഇളകും. പക്ഷേ മുകളില്‍ നിന്നുള്ള ഉത്തരവാണ്. ഏറ്റെടുക്കാതെ വയ്യ. കാലിന് ചെറിയ മുടന്തും കഷണ്ടി കയറിയ നരച്ച തലയും താടിയുമുള്ള കണ്ണന്റെ ഭാര്യ സുന്ദരിയായ മെറിന്‍ഡ ആണ്. ബാബുവാണെങ്കില്‍ അറിയപ്പെടുന്ന സ്ത്രീലമ്പടനും. എ സമം ബി, ബി സമം സി എങ്കില്‍ എ സമം സി എന്ന ലോജിക് വച്ച് കണ്ണനെ തന്നെ സന്തോഷും സഹ പോലീസുകാരും സംശയിക്കുന്നു.
സിനിമയുടെ ഏതാണ്ട് എട്ടോ പത്തോ മിനുട്ടിനുള്ളിലുള്ള സംഭവ വികാസങ്ങളാണിത്. ഇതില്‍ സ്പോയ്ലറുകളൊന്നുമില്ല. സിനിമ ഇവിടെ ആരംഭിക്കുന്നതേ ഉള്ളൂ
സാധാരണ ഒരു ക്ലോസ് റൂം മര്‍ഡര്‍ മിസ്റ്ററിയുടെ പിരിമുറുക്കല്ല സംവിധായകനും എഴുത്തുകാരനുമായ ശ്രീരാജ് ശ്രീനിവാസന്‍ പിടിച്ചിരിക്കുന്നത്. മറിച്ച് ഡാര്‍ക് ഹ്യൂമര്‍ നിറഞ്ഞ എക്സെന്ററിസിറ്റിയാണ്. ഒരോ കഥാപാത്രത്തിനും ചിരിയുണര്‍ത്തുന്ന മാനറിസങ്ങളും രീതികളുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഒരു ഡാര്‍ക് വശമുണ്ട്. ബാബുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഷാപ്പില്‍ കുടുങ്ങിയ ചെറുപ്പക്കാര്‍ പരസ്പരം പറയുന്ന ഡയലോഗുകള്‍ ഈ ഡാര്‍ക്ക് ഹ്യൂമറിന്റെ സ്വഭാവികമായ അവതരണമാണ്. പോക്‌സോ കേസില്‍ അകത്തായിരുന്നത് കൊണ്ട് കഴിഞ്ഞ വര്‍ഷം ശബരിമലയ്ക്ക് പോകാന്‍ പറ്റാത്തവന്‍ മുന്‍ വര്‍ഷങ്ങളിലെ തന്റെ പുണ്യസന്ദര്‍ശനം കൊണ്ട് അയ്യപ്പന്‍ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അമ്മൂമ്മയെ ചവിട്ടി കൂട്ടി കിടപ്പാക്കിയവന്‍ രാത്രി പോലീസ് പിടിയിലാകുമ്പോള്‍ അമ്മൂമ്മ തനിച്ചാണ് വീട്ടിലെന്ന് ഖേദിക്കുന്നുണ്ട്.
ഇതിലാര്‍ക്കാണ് ബാബുവിനോട് വിരോധമില്ലാത്തത്? ബാബുവിന്റെ തല്ലു കൊള്ളാത്തവര്‍ ചുരുക്കം. ബാബു തങ്ങളുടെ പെണ്ണുങ്ങളെ കൈവശമാക്കുന്നോ എന്ന സംശയമില്ലാത്തവരും ചുരുക്കം. ബാബുവിന്റെ കയ്യിലിരിപ്പ് അലമ്പാണെങ്കിലും ആള് ഡീസന്റാണ് എന്നതാണ് പൊതുവേ അഭിപ്രായം. കാരണം എല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രശ്നക്കാരാണ്. സ്ത്രീകളെ കുറിച്ച് എന്തും പറയും. വഷളത്തരങ്ങളിലും ക്രൂരമായ പരദൂഷണത്തിനുമാണ് അവര്‍ ജീവിക്കുന്നത്. കൊലപാതകങ്ങളും ആക്രമണങ്ങളും അവര്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ആദ്യം നാം കണ്ട ലേശം കള്ള് ഒക്കെ കുടിച്ച് പാട്ട് പാടി എല്ലാവരും സലാം ചൊല്ലി പിരിയുന്ന നന്മ നിറഞ്ഞ ഒരു നാട്ടിന്‍ പുറമല്ല ഇത്. പ്രാവിന്‍ കൂട് ഷാപ്പും ചുറ്റുപാടും ഒരുപാട് നുണകളും ചതികളും നിറഞ്ഞതാണ്.
ഈ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രാവിന്‍ കൂട് ഷാപ്പിനെ എന്‍ഗേജിങ് ആക്കുന്നത്. യാതൊരു തരത്തിലുള്ള ഗ്ലോറിഫിക്കേഷനും ഇല്ലാത്ത ഒരു കൂട്ടം പക്കാ പോലീസുകാര്‍. അതീവ രസകരമായ സംസാരങ്ങളും രീതികളും. എസ്.ഐ.സന്തോഷ് ആയുള്ള ബേസിലിന്റെ അതീവ രസകരമായ പ്രകടനമാണ് ഫസ്റ്റ് ഹാഫിന്റെ ഹൈ. 1.5-ല്‍ സ്പീഡ് ക്രമീകരിച്ച മട്ടിലാണ് എസ്.ഐ.സന്തോഷിന്റെ സംസാരം. തന്റെ പ്രകടന പരതയിലും താന്‍ ബുദ്ധിമാനാണ് എന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിക്കലിലുമാണ് അയാളുടെ ക്യാരക്ടര്‍ നിലകൊള്ളുന്നത്. പത്തു ദിവസം കൊണ്ട് തെളിയിക്കുമെന്ന് പറഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ കണക്കൂ കൂട്ടലുകള്‍ പിഴയ്ക്കുന്നിടത്ത് സന്തോഷിന്റെ സ്വഭാവവും പിഴയ്ക്കും. ബുദ്ധിമാനായ അന്വേഷകന്‍ ഇഗോയിസ്റ്റായ മണ്ടനാകും.
കണ്ണന്‍ ആദ്യം അദൃശ്യനാണ്. നാം കണ്ണനെ പതുക്കെയേ കാണുന്നുള്ളൂ. ജീവിതത്തില്‍ പൊതുവേ അദൃശ്യനായ ഒരു സാധാരണക്കാരനാണയാള്‍. അയാളെ നിങ്ങള്‍ക്കാവശ്യമായി വരുമ്പോള്‍ മാത്രമേ അയാളുടെ സാന്നിധ്യം ആലോചിക്കൂ. പലവിദ്യകള്‍ ചെയ്ത് അവസാനമെത്തിയ താവളമാണ് ഈ കള്ള് ഷാപ്പ്. കണ്ണനെ നിങ്ങള്‍ക്ക് പെട്ടന്ന് പിടി കിട്ടില്ല. പല ചെപ്പടി വിദ്യകളും അയാള്‍ക്കറിയാം. സൗബിന്റെ കയ്യില്‍ കണ്ണന്‍ ഭദ്രമാണ്. കൊച്ചി സ്ലാങ് എല്ലാം വിട്ട് തൃശൂരിന്റെ ഭാഷയും നാട്ടിന്‍ പുറത്തിന്റെ സ്വാഭാവികതയും പോളിയോ കാലുകള്‍ വലിച്ചുകൊണ്ടുള്ള നടത്തവും ചേര്‍ന്ന് സൗബിന്റെ കണ്ണന്‍ വൈകാതെ കഥയുടെ നിയന്ത്രണം ഏറ്റെടുക്കും. ചെമ്പന്‍ വിനോദിന്റെ എക്സ് മിലിട്ടിറി സുനി, നിയാസ് ബക്കറിന്റെ സിലോണ്‍ മാമന്‍ എന്നിവരും ഈ കഥ പറച്ചിലില്‍ പ്രധാനമാണ്.
മൂന്ന് സ്ത്രീകളാണ് ഇതില്‍ പ്രധാനമായി ഉള്ളത്. കണ്ണന്റെ ഭാര്യ മെറാന്‍ഡയും സിലോണ്‍ മാമന്റെ ഭാര്യയും ഷാപ്പിലെ പാചകക്കാരിയായ യുവതിയും പോലിസ് വനിതാ കോണ്‍സ്റ്റബ്ളും. ഇതില്‍ മെറാന്‍ഡയ്ക്ക് (ചാന്ദ്നി ശ്രീധരന്‍) ഒഴികെയുള്ള മറ്റ് രണ്ട് പേര്‍ക്കും സ്‌ക്രീന്‍ സ്പെയ്സ് കുറവാണെങ്കിലും തെളിച്ചമുള്ള കഥാപാത്രങ്ങളായി അവര്‍ സിനിമയിലുണ്ട്. ശരീരത്തില്‍ നിന്നും സ്ത്രീത്വത്തില്‍ നിന്നും സമൂഹത്തിന്റെ ധാരണകളില്‍ നിന്നും അവര്‍ കുതറി മാറുന്നവരും കാണികളെ അമ്പരിപ്പിക്കുന്നവരുമാണ്. സിലോണ്‍ മാമനുമായി വിവാഹം നടക്കാനുണ്ടായ കാരണത്തെ കുറിച്ചുള്ള ആ ചെറുപ്പക്കാരിയുടെ മറുപടിയിലുണ്ട്, ആ കൂസലില്ലായ്മയുടെ ആഴം.
ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളിലും അത്യുഗ്രന്‍ കാസ്റ്റിങ്ങിലും പ്രാവിന്‍ കൂട് ഷാപ്പിന്റെ പോസിറ്റീവ് വശമാരംഭിക്കും. ഡയലോഗുകളും അതിവേഗതയിലുള്ള ഇന്റര്‍കട്ട് എഡിറ്റുകളും സിനിമയെ താങ്ങി നിര്‍ത്തുന്ന ബി.ജി.എമ്മും സൗണ്ട് എഫക്ടുകളും കഥ പറച്ചിലില്‍ നിറയെ രാത്രിയും ഇരുട്ടും ഉള്ള സിനിമയുടെ മൂഡ് കാക്കുന്ന സിനിമാറ്റോഗ്രാഫിയും പ്രാവിന്‍ കൂട് ഷാപ്പിന് സ്ഥിരം പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
നിരന്തരം പോലീസ് അന്വേഷണങ്ങളും മര്‍ഡര്‍ മിസ്റ്ററികളും കഥാപരിസരമാകുന്ന മലയാള സിനിമയില്‍ അതേ ഴോണറിന് അകത്തുള്ള ഒരു ഡാര്‍ക് ഹ്യൂമര്‍ പരീക്ഷണമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. Pravinkoodu shappu, malayalam movie review
Content Summary; Pravinkoodu shappu, malayalam movie review