April 17, 2025 |
Avatar
അമർനാഥ്‌
Share on

പൗര്‍ണമി ചന്ദ്രികയെ തൊട്ടുവിളിച്ചയാള്‍…

മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ താരത്തിന്റെ കഥ

ഒരു കാലത്ത് പി.യു. ചിന്നപ്പയും എസ്. ഡി. സുബ്ബലക്ഷ്മിയും പൊന്നപ്പ ഭാഗവതരുമൊക്കെ അഭിനയിച്ച തമിഴ് നാടകങ്ങള്‍ കൊണ്ടുവന്ന് സ്വന്തം നാട്ടില്‍ കളിപ്പിച്ചിരുന്ന ഒരു പലവ്യഞ്ജനവ്യപാരിയായിരുന്നു ചിറയന്‍ കീഴിലെ ഷാഹുല്‍ ഹമീദ്. കലാവാസനയുള്ള ആ വ്യാപാരിയുടെ പുത്രന്‍ നാടകത്തില്‍ അഭിനയിച്ച് പിന്നീട് മലയാള സിനിമയെ കീഴടക്കിയത് ആകസ്മികമല്ല. ചിറയന്‍കീഴ് ശാര്‍ക്കര പറമ്പില്‍ അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീറിന്റെ ജീവിത കഥ മലയാള സിനിമയുടെ ചരിത്രം തന്നെയാണ്. ത്യാഗസീമ തൊട്ട് ധ്വനി വരെയുള്ള ചലചിത്രങ്ങളിലൂടെ പരിണമിച്ച, മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ താരത്തിന്റെ കഥ.

കഴിഞ്ഞ ആഴ്ച വിടവാങ്ങിയ ഭാവഗായകന്‍ ജയചന്ദ്രന്റെ പുറത്ത് വന്ന ആദ്യ ചലചിത്ര ഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടി അഭിനയിച്ചത് പ്രേംനസീറായിരുന്നു. അത് വളരെ ശ്രദ്ധിക്കപ്പെട്ടതാണ് ജയചന്ദ്രന്റെ പിന്നീടുള്ള യാത്ര വിജയകരമാക്കിയത്. 1972 ല്‍ മികച്ച ഗായകനുള്ള ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ് ജയചന്ദ്രന് ലഭിച്ച, പണി തീരാത്ത വീടിലെ ‘നീലഗിരിയുടെ സഖികളെ’ പാടി അഭിനയിച്ചതും പ്രേംനസീറായിരുന്നു.

1985 ല്‍ ജയചന്ദ്രന് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ നന്ദി പറയാന്‍ ജയചന്ദ്രന്‍ പ്രേംനസീറിന്റെ മദ്രാസിലെ വീട്ടില്‍ ചെന്നു. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര ജൂറി ചെയര്‍മാനായിരുന്നു പ്രേം നസീര്‍. ജയചന്ദ്രന്‍ നന്ദി പറഞ്ഞപ്പോള്‍ നസീര്‍ പറഞ്ഞു,”അസ്സേ നിങ്ങള്‍ നല്ല വണ്ണം പാടിയതു കൊണ്ടാണ് നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയത്. അതിന് നന്ദിയുടെ ആവശ്യം ഇല്ല. ഇതിന് മുന്‍പേ നിങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നു. അത് ഇപ്പോഴെങ്കിലും തരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമേയുള്ളൂ’.

Prem Nazir stamp

വെളുപ്പിന് ആറു മണിക്ക് ഊട്ടിയിലെ, കൊടുംതണുപ്പത്ത് കൈകള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി, ‘നീലഗിരിയുടെ സഖികളുടെ’ ഗാന ചിത്രീകരണത്തില്‍ താന്‍ പാടി അഭിനയിച്ചത് ജയചന്ദ്രനെ കാണുമ്പോഴൊക്കെ അദ്ദേഹം ഓര്‍ക്കുമായിരുന്നു. രാവിലെ ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ കൊടും ശൈത്യമായതിനാല്‍ ആദ്യം ചിത്രീകരിക്കാനിരുന്ന രംഗം മാറ്റി. ഗാനം തുടങ്ങി പല്ലവി കഴിഞ്ഞ ശേഷം നസീര്‍ രംഗത്ത് പ്രതൃക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ തീരുമാനിച്ചു. ‘തണുത്ത് വിറക്കുന്ന കീഴ്ത്താടി ഒരു പ്രശ്‌നമായിരുന്നു.’ എങ്കിലും ജയചന്ദ്രന്‍ അതീവ ഹൃദ്യമായി പാടിയ വരികള്‍ വികലമാക്കാതെ ഞാന്‍ പാടി അഭിനയിച്ചു. ക്യാമറാമാന്‍ മെല്ലി ഇറാനി മനോഹരമായി ഊട്ടിയുടെ ഭംഗി പകര്‍ത്തിയ ആ ഗാനരംഗം കഴിഞ്ഞപ്പോള്‍ ഒരു യുദ്ധം ജയിച്ച് വന്ന പ്രതീതിയായിരുന്നു. നസീര്‍ ആ ഗാനരംഗത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞു.

ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ പാടി അഭിനയിച്ച നസീര്‍ തന്റെ ഒരു ഗാനം പോലും സ്വന്തം ശബ്ദത്തില്‍ പാടിയില്ല എന്നതൊരത്ഭുതമാണ്. നസീറിന് സിനിമയില്‍ ഒരു പാട്ട് പാടുക നിസ്സാരമായിരുന്നു. അദേഹം നല്ലൊരു ശബ്ദത്തിനുടമയും. പക്ഷെ, ഒരു വരി പോലും ചലച്ചിത്രങ്ങളില്‍ പാടിയില്ല.

പാട്ടിനൊപ്പിച്ച് കൃത്യമായി ചുണ്ടനക്കിയ പ്രേംനസീര്‍ എന്ന നടനിലെ ഒരു പഴയ ഗായകനെ കുറിച്ചുള്ള ഒരു രസകരമായ സംഭവം ബാല്യകാല സുഹൃത്തും നിര്‍മ്മാതാവുമായ ചിറയിന്‍കീഴുകാരന്‍ ശോഭനാ പരമേശ്വരന്‍ നായര്‍ ഒരിക്കല്‍ ഓര്‍ത്തെടുത്തു. ‘ഒരിക്കല്‍ ബാല്യത്തില്‍ നസീറും സ്‌നേഹിതനായ കെ.എം. ഹനീഫ പനയത്തറയും റോഡിലൂടെ ഉച്ചത്തില്‍ ‘നഗുമോ’യെന്ന ത്യാഗരാജ കീര്‍ത്തനം പാടി നടന്നു പോകുമ്പോള്‍ പോലീസ് എസ്.ഐ മിന്നല്‍ പരമശിവന്‍ നായര്‍ സൈക്കിളില്‍ എതിരെ വന്നു. ഇരുവരെയും മിന്നല്‍ പിടിച്ചു നിറുത്തി. ‘ഇനി മിണ്ടരുത്’ എന്ന് വിരട്ടി വിട്ടു. അക്കാലത്തെ ഗുണ്ടകളുടെയും അഴിമതിക്കാരുടേയും പേടിസ്വപ്നമായിരുന്നു മിന്നല്‍ പരമശിവന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

താന്‍ അഭിനയിച്ച പടങ്ങളിലെല്ലാം ഹിറ്റ് ഗാനങ്ങള്‍; പാടി അഭിനയിക്കുന്നത് നസീര്‍. യേശുദാസിന്റെ ശബ്ദം നസീറെന്ന നടനുമായി അത്ഭുതകരമായ താദാത്മ്യം പ്രാപിച്ചപ്പോള്‍ സിനിമയില്‍ പാടുന്നത് നസീറാണെന്ന തോന്നല്‍ കാണുന്ന പ്രേക്ഷരിലും പതിഞ്ഞു. നസീര്‍ പാടുന്ന ഒരു നല്ല പാട്ടുണ്ട് ആ പടത്തില്‍ എന്നൊക്കെ പറയുന്നത് സാധാരണമായി. ‘ആയിരം പാദസരങ്ങളും’, ‘നീലഗിരിയുടെ സഖികളു’മൊക്കെ കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന കാമുകനായി മാറി കഴിഞ്ഞിരുന്നു അദ്ദേഹം.

ഗാനരംഗങ്ങളില്‍ നന്നായി അഭിനയിച്ചതിനാല്‍ ആ പാട്ടുകളെല്ലാം നസീര്‍ പാടിയതായി കരുതപ്പെട്ടു. ആരാധകരും നിനിമാലോകവും അംഗീകരിച്ച ആ സങ്കല്‍പ്പം ഗുണമേ ചെയ്യൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത് തകര്‍ക്കാതെ നിലനിറുത്തി. അങ്ങനെ, യേശുദാസ് ഹിറ്റുഗാനങ്ങള്‍ പ്രേംനസീര്‍ ഹിറ്റുഗാനങ്ങളായി അറിയപ്പെട്ടു.

സ്വന്തമായി ഒരു ഗാനം പാടാന്‍ അക്കാലത്ത് പ്രേം നസീറിനൊ, നിര്‍മ്മാതാവും സംവിധായകനുമായ നടന്‍ മധുവിനും കഴിയുമായിരുന്നു. പക്ഷേ, മികച്ച രണ്ട് ഗായകരുള്ളപ്പോള്‍ തങ്ങള്‍ പാടുന്നത് തികച്ചും അനൗചിത്യമാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം നസീറും മധുവും പാലിച്ചു. സത്യന്‍ അഭിനയിച്ച പടമായിട്ടും വിജയത്തിനായി കായംകുളം കൊച്ചുണ്ണിയെന്ന പടത്തില്‍ യേശുദാസിനെ അഭിനയിപ്പിച്ച പോലെ ഒരു ഗിമ്മിക്ക് – നസീര്‍ പാടുന്ന ഒരു പാട്ട് മാത്രം മതിയായിരുന്നു അക്കാലത്ത് ആളുകള്‍ തിയേറ്ററില്‍ ഇടിച്ചു കയറാന്‍. പക്ഷേ, അതിന് അദ്ദേഹം തയ്യാറായില്ല.

Prem Nazir cid

70 കളുടെ ആദ്യം ഇറങ്ങിയ വേണു സംവിധാനം ചെയ്ത സി.ഐ.ഡി. നസീര്‍’ മലയാളത്തിലെ ആദ്യത്തെ സി.ഐ. ഡി പരമ്പര പടങ്ങള്‍ക്ക് തുടക്കമിട്ടു. ഉദ്യോഗസ്ഥയെന്ന കുടംബ ചിത്രം സംവിധാനം ചെയ്ത വേണുവാണ് ഈ ട്രെന്‍ഡ് സെറ്ററുകള്‍ക്ക് തുടക്കമിട്ടത്. സി. ഐ ഡി.യും ഒരു അസിസ്റ്റന്റും അവരുടെ വിക്രിയകളും പടത്തില്‍ കാണിക്കുക. വലിയ യുക്തിയോ കഥയോ വേണ്ടാത്ത സിനിമ. സി. ഐ. ഡി. നസീര്‍, ടാക്‌സിക്കാര്‍, പ്രേതങ്ങളുടെ താഴ്വര എന്നീ വേണു സംവിധാനം ചെയ്ത മൂന്ന് ഡി ഐ.ഡി പടങ്ങളും ഹിറ്റായതോടെ മലയാള സിനിമകളില്‍ അടിയിടി പടങ്ങളുടെ കാലം തുടങ്ങി. കൊള്ള സംഘവും കാറോട്ടവും പാട്ടും നൃത്തവും, തമാശയും ചേരുവയാക്കിയ ഈ ഭൂരിഭാഗം പടങ്ങളിലും അഭിനയിച്ചത് നസീറും അടൂര്‍ ഭാസിയായിരുന്നു. ഈ പടങ്ങളൊക്കെ മിക്കതും നല്ല വിജയം നേടി. പക്ഷേ, ഈ പടങ്ങളൊക്കെ ഇന്ന് ആള്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് അതിലെ നസീര്‍ അഭിനയിച്ച് പാടിയ മനോഹരമായ ഗാനങ്ങളിലൂടെയാണെന്ന് മാത്രം. ‘നിന്‍മണിയറയിലെ,(സി. ഐ.ഡി നസീര്‍) നക്ഷത്ര രാജ്യത്തെ (ലങ്കാ ദഹനം) തുടങ്ങിയ സര്‍വകാല ഹിറ്റായ ഗാനങ്ങളാണ് ആ സിനിമകളെ ഇന്നും ഓര്‍മ്മയില്‍ കൊണ്ടു വരുന്നത്.

തന്റെ അഭിനയത്തെ കുറിച്ച് വ്യക്തമായി മനസിലാക്കിയിരുന്ന ഒരാളായിരുന്നു നസീര്‍. തന്റെ കഴിവും പരിമിതികളും നന്നായി അറിയുന്ന നടന്‍. അതു കൊണ്ടാണ് സംസ്ഥാന അവാര്‍ഡ് പോലും തനിക്ക് ലഭിച്ചില്ലെന്ന് ഒരിക്കലും വിലപിക്കാഞ്ഞത്. അംഗീകാരങ്ങള്‍ എന്നെങ്കിലും തന്നെ തേടി വരുമെന്ന് അഭിമുഖങ്ങളില്‍ വീമ്പും പറയാഞ്ഞത്. വന്‍ മാറ്റങ്ങള്‍ മലയാള സിനിമയില്‍ വന്നു തുടങ്ങിയ കാലത്ത്, അദ്ദേഹമഭിനയിച്ച എം.ടിയുടെ മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് ഈ മൂന്ന് ചിത്രങ്ങളിലെ, കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. ‘പ്രേംനസീറിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളാണിവ. ഇരുട്ടിന്റെ ആത്മാവിലെ ‘ഭ്രാന്തന്‍ വേലായുധന്റെ’ വേഷം താന്‍ അഭിനയിച്ചാല്‍ ശരിയാവുമോ എന്ന സംശയം ഒരു ഘട്ടത്തില്‍ നസീറിനുണ്ടായിരുന്നതായി പടത്തിന്റെ സംവിധായകന്‍ പി.ഭാസ്‌കരന്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

Prem Nazir movie

എം.ടി യുടെ
നസീർ അഭിനയിച്ച രണ്ട് കഥാപാത്രങ്ങൾ.
ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധനും
അസുര വിത്തിലെ ഗോവിന്ദൻ കുട്ടിയും

ഭാസ്‌കരന്‍ മാഷിന് സംശയം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് നസീര്‍ ഒടുവില്‍, ആ വേഷം ചെയ്തത്. സുന്ദരനായ മലയാളി കാമുകനില്‍ നിന്നുള്ള കുറ്റിത്താടി വളര്‍ന്ന പരുക്കനായ ഭ്രാന്തന്‍ വേലായുധനിലേക്കുള്ള വേഷപകര്‍ച്ച നന്നായെങ്കിലും, നസീര്‍ ആരാധകര്‍ തള്ളിക്കളഞ്ഞു. അതിന് ഒരു കാരണം 3 വര്‍ഷം മുമ്പ് ഇറങ്ങിയ ‘ഭാര്‍ഗവി നിലയം’ എന്ന വിഖ്യാത ചിത്രത്തിലെ ശശികുമാര്‍ എന്ന കാമുകവേഷമായിരുന്നു. സിത്താര്‍ മീട്ടി, ‘താമസമെന്തെ വരുവാന്‍’ എന്ന ഗാനമാലപിച്ച ആ സുന്ദരനായ കാമുക വേഷം മലയാള സിനിമ പ്രേമികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. അതോടെ പ്രേം നസീര്‍ നിത്യകാമുകനായി. പിന്നിട് 80 കളുടെ, നേരത്തെ സൂചിപ്പിച്ച ആ കാലം വരെ, ഈ വേഷം നിലനിന്നു. ഈ കാലയളവില്‍ അതില്‍ നിന്ന് മാറി നടക്കാനോ, ചിന്തിക്കാനോ പ്രേംനസീറും ശ്രമിച്ചില്ല.

നടന്‍ എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ പ്രേം നസീര്‍ തയ്യാറായി. ഒരിക്കല്‍ മദ്രാസില്‍ ചലചിത്ര പ്രവര്‍ത്തകര്‍ നൂറ് സിനിമ തികച്ച നസീറിന് ഒരു വന്‍ സ്വീകരണം ഒരുക്കി. വുഡ്ലാന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെന്നിന്ത്യയിലെ എല്ലാ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും പ്രസംഗത്തില്‍ നസീറിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. മലയാളത്തിലെ അന്നത്തെ ഏറ്റവും വലിയ നടന്‍ സത്യനെ സ്വീകരണ കമ്മറ്റിക്കാര്‍ ആശംസ പ്രസംഗങ്ങളിലോ മറ്റ് പരിപാടികളിലൊ ഉള്‍പ്പെടുത്തിയിരുന്നില്ല. പക്ഷേ, സത്യന്‍ സാധാരണക്കാരനായി സദസ്സില്‍ ഇരുന്നു പരിപാടികള്‍ കണ്ടു. മലയാളത്തിന്റെ ഏറ്റവും മികച്ച നടനായ സത്യന്‍ രണ്ട് വാക്ക് സംസാരിക്കാതെ പരിപാടി പൂര്‍ണ്ണമാവില്ലെന്ന് സംഘാടകര്‍ക്ക് തോന്നി. സത്യന്റെ സ്വഭാവം അറിയാവുന്ന അവര്‍ ആശങ്കയോടെ സത്യന്‍ മാസ്റ്റര്‍ രണ്ട് വാക്ക് പറയണമെന്ന് മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

ഉടനെ തന്നെ സത്യന്‍ എഴുനേറ്റ് വേദിയിലേക്ക് വന്നു. മലയാളത്തിലെ അഭിനയ ചക്രവര്‍ത്തി സത്യന്‍ വേദിയിലേക്ക് വരുമ്പോള്‍ സദസ്സില്‍ നിന്ന് നീണ്ട കരഘോഷം ഉയര്‍ന്നു. ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു.’ ഇങ്ങനെ ഒരു സുവര്‍ണാവസരം തന്ന സംഘാടകരോട് ഞാന്‍ നന്ദി പറയുന്നു. എനിക്ക് അധികമൊന്നും പറയാനില്ല. എന്റെ സുഹൃത്ത് മി. നസീര്‍ നൂറു പടങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും ഇതുപോലെ നൂറു നൂറു പടങ്ങള്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. കൂട്ടത്തില്‍ ഒരു അപേക്ഷ കൂടി. പത്ത് പടം അഭിനയിക്കുമ്പോള്‍ ഒരു നല്ല പടത്തില്‍ കൂടി അഭിനയിക്കാന്‍ മിസ്റ്റര്‍ നസീര്‍ ശ്രമിക്കുക. നസീറിന് നന്മകള്‍ നേരുന്നു.’

പിറ്റെന്നാള്‍ ‘ഉദ്യോഗസ്ഥ’ എന്ന പടത്തിന്റെ നസീറും സത്യനും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കാന്‍ നസീര്‍ സ്റ്റുഡിയോവിലെത്തി. സിനിമാ വേദിയില്‍ ഇതിനകം സംസാര വിഷയമായിക്കഴിഞ്ഞ സത്യന്റെ അഭിപ്രായം നസീറിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സാധാരണ ഗതിയില്‍ തന്നെ കുറിച്ച് മറ്റൊരു നടന്‍ വേദിയില്‍ പരസ്യമായി പറഞ്ഞ അഭിപ്രായത്തില്‍ നസീര്‍ നീരസം പ്രകടിപ്പിക്കേണ്ടതാണ്. എന്നാല്‍ അദ്ദേഹം പടത്തിന്റെ സംവിധായകനായ വേണുവിനോട് സ്റ്റുഡിയോവില്‍ വെച്ച് പറഞ്ഞു, ‘സത്യന്‍ മാഷ് പറഞ്ഞത് ശരിയല്ലെ? പത്ത് പടം അഭിനയിക്കുമ്പോള്‍ ഒരു നല്ല പടമെങ്കിലും അഭിനയിക്കണം. നൂറു ശതമാനം സത്യന്‍ മാഷുടെ അഭിപ്രായം ശരിയാണ്’.

അപ്പോള്‍ അവിടെ വന്ന നടന്‍ സത്യന്‍ മാസ്റ്റര്‍ പറഞ്ഞു, ‘ഞാന്‍ ഇന്നലെ പറഞ്ഞതില്‍ നിന്ന് പലര്‍ക്കും എതിരഭിപ്രായമുണ്ടന്ന് കേട്ടു. ജയ് വിളിക്കാനും കയ്യടിക്കാനും നല്ല കാലത്ത് ആള്‍ക്കാരുണ്ടായിരിക്കും. അതുകൊണ്ട് കാര്യമായില്ല. നിലനില്‍ക്കണം. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. ആരെന്ത് വ്യാഖ്യാനിച്ചാലും എനിക്കു ഒരു പ്രശ്‌നവും ഇല്ല’.

Prem Nazir-Sathyan

1982 ല്‍ ഇന്ത്യന്‍ ചലചിത്ര രംഗത്ത് നാഴികക്കല്ലായി മാറിയ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ,, ഇന്ത്യയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച 70 എം.എം ചിത്രമായ നവോദയ നിര്‍മ്മിച്ച ‘പടയോട്ട’ത്തിലെ നായകനായി നസീര്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

അലക്‌സാണ്ടര്‍ ഡ്യൂ മാസിന്റെ വിഖ്യാതമായ ക്ലാസിക്ക് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ കഥയെ അടിസ്ഥാനമാക്കി എന്‍. ഗോവിന്ദന്‍ കുട്ടി തിരക്കഥയെഴുതി പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതിലെ അറേക്കാട്ട് അമ്പാടി തമ്പാന്‍. സംസ്ഥാന അവാര്‍ഡ് ലഭിക്കേണ്ട പെര്‍ഫോമന്‍സായിട്ടും അവാര്‍ഡ് കമ്മറ്റി പരിഗണിച്ചില്ല. മമ്മുട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമാണ് പടയോട്ടം.

Prem Nazir movie

കന്നട ചലചിത്ര സൂപ്പര്‍ താരം രാജ് കുമാറിനെ കാട്ടുരാജാവ് വീരപ്പന്‍ തട്ടിക്കൊണ്ടു പോകുന്നതിന് 18 കൊല്ലം മുന്‍പാണ് ലെനിന്‍ രാജേന്ദ്രന്‍ ‘പ്രേംനസീറിനെ കാണാനില്ല’ എന്ന സിനിമയെടുത്തത്. കുറഞ്ഞ ചിലവിലെടുത്ത മനോഹരമായ, സിനിമയായിരുന്നു, അത്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ഏതാനും ചെറുപ്പക്കാര്‍ സൂപ്പര്‍താരമായ സാക്ഷാല്‍ പ്രേംനസീറിനെ കടത്തി മോചനദ്ര്യവ്യം ആവശ്യപ്പെടുന്നതാണ് കഥ. പ്രേം നസീറിനെ നായകനാക്കി ലെനിന്‍ രാജേന്ദന്റെ ഒരു അസാധാരണ സിനിമ. ഒരു സൂപ്പര്‍താരത്തിന്റെ പ്രസക്തി, മൂല്യം എന്നിവ ചലചിത്രലോകവും സമൂഹവും നോക്കിക്കാണുന്നതാണ് എന്നതാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ കഥയും തിരക്കഥയും രചിച്ച ലെനിന്‍ രാജേന്ദ്രന്റ ചിത്രത്തിന്റെ പ്രമേയം. പ്രേംനസീര്‍ എന്ന താരവും ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകനും ഒരു ചിത്രത്തില്‍ സഹകരിക്കുക എന്നത് അക്കാലത്ത് അത്ഭുതം തന്നെയാണ്. പ്രേംനസീന് ചുറ്റും മലയാള സിനിമ കറങ്ങിക്കൊണ്ടിരുന്ന കാലം ഏതാണ്ട്, അവസാനിച്ചിരുന്നു എന്നതായി അതിന് കാരണം. ഭരതന്‍, മോഹന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍ തുടങ്ങിയ പ്രതിഭകള്‍ മലയാള ചലചിത്ര രംഗം പിടിച്ചടക്കി. അവര്‍ക്ക് തൊട്ട് പിന്നാലെ വന്ന സംവിധായകന്മാരിലൊരാളായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. ഇവരൊന്നും നസീര്‍ എന്ന താരത്തെ കേന്ദ്രീകരിക്കാതെ മുന്നോട്ട് പോയിരുന്നവരാണ്. അവരതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ, ഒരു പ്രധാന നടന്‍ എന്ന നിലയില്‍ നസീറിനെ, അവര്‍ അവഗണിക്കാനാവുമായിരുന്നില്ല എന്നതിനു തെളിവാണ് ഭരതന്റെ ‘ഒഴിവുകാലം’, മോഹന്റെ ‘വിട പറയും മുന്‍പേ’ എന്നി ചിത്രങ്ങളിലൊക്കെ നസീര്‍ അഭിനയിച്ചത്. കെ.ജി.ജോര്‍ജാകട്ടെ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ എന്ന ചിത്രത്തില്‍, പ്രേംനസീറിന്റെ പ്രതിരൂപമായി പ്രേം സാഗര്‍ എന്നൊരു കഥാപാത്രത്തെ, അവതരിപ്പിച്ചു. സിനിമാരംഗത്ത് അന്ന് നിലനിന്നിരുന്ന താരപ്രഭയുടെ മോശം വശങ്ങള്‍ പ്രകടിപ്പിച്ച സൂപ്പര്‍ താരമാണ് ഈ പടത്തിലെ പ്രേം സാഗര്‍ (അഭിനയിച്ചത് മമ്മൂട്ടി ). എല്ലാവരും ബഹുമാനിക്കുന്ന പ്രേംനസീറിനെ പരിഹസിക്കുന്ന കഥാപാത്രമുള്ള ചിത്രത്തിനെതിരെ രംഗത്ത് വരാന്‍ ഇന്നത്തെ പോലെ അംഗീകൃത ഫാന്‍ ക്ലബ് നസീറിനില്ലായിരുന്നു. അതിനാല്‍ പടത്തിന്റെ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പിള്ളി കോടതി കേറാതെ രക്ഷപ്പെട്ടു.!

ഒരാളും സിനിമ പോലെ ഒരു വ്യവസായത്തിന് അനിവാര്യനല്ല എന്ന സന്ദേശമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ ഈ സിനിമയിലൂടെ നല്‍കിയത്. താരമൂല്യം ഉപയോഗപ്പെടുത്തുന്ന വ്യവസായമാണ് സിനിമ. ലാഭം – അതിനപ്പുറത്തേക്ക് ഒന്നിനും സ്ഥാനമില്ലാത്ത വ്യവസായം. സിനിമാരംഗത്തെ നല്ല കുറെ നിരീക്ഷണങ്ങളുണ്ടായിരുന്ന ഈ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

തെന്നിന്ത്യയിലെ, തന്റെ സമകാലീനരായ എന്‍.ടി.രാമറാവു, എം.ജി.രാമചന്ദ്രന്‍ എന്നിവരെപ്പോലെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രേംനസീര്‍ തയാറായി. തന്റെ ചലചിത്ര ജീവിതം ഏതാണ്ട് അവസാനിച്ചു എന്ന ഘട്ടം. ലീഡര്‍ കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ സംഗതി എളുപ്പമാകുമെന്ന്, ആരാധകരും കരുതി. സൂപ്പര്‍ താരത്തിന്റെ വരവ് തങ്ങളുടെ വയറ്റത്തടിക്കും എന്ന് മനസിലാക്കിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര വെച്ച് അത് ഇല്ലാതായാക്കി. ലീഡറെ, കാണാന്‍ ഗസ്റ്റ് ഹൗസില്‍ കാത്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ അക്കാലത്ത് പത്രങ്ങളില്‍ വന്നിരുന്നു, പരിവാരങ്ങളും, ബഹളവും, ക്യാമറയും ആക്ഷനും കട്ടും ഇല്ലാതെയുള്ള, താരമല്ലാത്ത പ്രേംനസീറിന്റെ ഒരു പടം. കോണ്‍ഗ്രസില്‍ സ്ഥാനമില്ലെങ്കില്‍ അടുത്ത പാര്‍ട്ടി എന്ന ലക്ഷ്യം അദ്ദേഹത്തിനില്ലായിരുന്നു. അതാണ് ലക്ഷ്യമെങ്കില്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നാല്‍ എം.പി. വരെ ആകാമായിരുന്നു. പക്ഷേ, നസീറെന്ന നടന്‍ ഒരിക്കലും ജാതി മതപരിഗണയില്‍ വിശ്വസിച്ചിരുന്നില്ല. ഒരു മതത്തെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തന്റെ താരമൂല്യം ഉപയോഗിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് വിരാമമായി.

Prem Nazir Family

നടന്‍ എന്ന നിലയില്‍ നഷ്ടബോധം അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കില്‍,അത് മലയാള ചലചിത്ര രംഗത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ‘ചെമ്മീന്‍’-ല്‍ അഭിനയിക്കാന്‍ സാധിക്കാത്തത് മാത്രമായിരിക്കും. മലയാള ചലച്ചിത്ര ചരിത്രം നിലനില്‍ക്കുന്ന ഒരു വരമ്പാണ് ചെമ്മീന് മുന്‍പും ശേഷവും എന്ന മാനദണ്ഡം. മലയാള ചലചിത്രത്തെ ദേശീയ തലത്തില്‍ ഉയരത്തിലെത്തിച്ച ചെമ്മീനില്‍ മലയാളത്തിലെ അന്നത്തെ പ്രധാന നടനില്ല എന്നത് അദ്ദേഹത്തിന്റെ നഷ്ടങ്ങളിലൊന്നായ് പോയ്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ കടുംപിടുത്തമില്ലാതെ, എല്ലാ നിര്‍മ്മാതാക്കളേയും അദ്ദേഹം സഹായിച്ചു. ഒരു പടം പൊട്ടിയാല്‍ ആ നിര്‍മ്മാതാവിനെ കണ്ടാല്‍ തിരിഞ്ഞ് നടക്കുന്ന ഇപ്പോഴത്തെ രീതി അദ്ദേഹത്തിനില്ലായിരുന്നു. നഷ്ടം വന്ന നിര്‍മ്മാതാവിന് കാള്‍ ഷിറ്റ് നല്‍കി അടുത്ത പടത്തില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നു. സിനിമാ ലോകത്ത് കാണാന്‍ കഴിയാത്ത ഒരു നന്മയായിരുന്നു അത്.

പ്രേംനസീര്‍ മലയാള സിനിമക്ക് അനിവാര്യനല്ലാതായി എന്ന വസ്തുത പതുക്കെ അംഗീകരിക്കപ്പെടുകയായിരുന്നു. നൂറ് നായികമാര്‍ക്കൊപ്പം നായകനായി അഭിനയിച്ച് 32 വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി നിന്ന പ്രതിഭ! ഈ അംഗീകാരങ്ങളൊക്കെ അപ്പോഴും അദ്ദേഹത്തിനു മാത്രമായിരുന്നു. പത്മഭൂഷണ്‍ ലഭിക്കുന്ന ആദ്യ മലയാള നടനുമായി നസീര്‍. ഒരു പക്ഷേ, ഇനി ഒരാള്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒരു ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ് നസീര്‍. മൂന്ന് ഭാഷയിലായി 497 മലയാള ചിത്രങ്ങളടക്കം 553 ചിത്രങ്ങളില്‍ അഭിനയിച്ചു നേടിയ റെക്കോര്‍ഡ്.

തമിഴിനെയും തെലുങ്കിനേയും താരതമ്യം ചെയ്താല്‍ അന്ന് മലയാളത്തില്‍ നടന്‍മാര്‍ക്ക് പ്രതിഫല തുക വളരെ കുറവായിരുന്നു. 1970 കളില്‍ പ്രേംനസിര്‍ ഒരു പടത്തിന് മുപ്പതിനായിരം രൂപ വാങ്ങുമ്പോള്‍, തെലുങ്കില്‍ എന്‍.ടി.രാമറാവു ഒരു ദിവസത്തെ കാള്‍ ഷീറ്റിന് അന്ന് വാങ്ങിയത് ഒരു ലക്ഷം രൂപയായിരുന്നു( ഇന്ത്യയില്‍ ആദ്യമായി ഒരു ദിനത്തിന് ഒരു ലക്ഷം വാങ്ങിയത് എന്‍.ടി.ആര്‍ തന്നെ). ആ വൃത്യാസം ചെറുതല്ല. 1951 ല്‍ ആദ്യ പടമായി പുറത്ത് വന്ന ചിത്രത്തിന് നസീറിന് നല്‍കിയത് 7000 രൂപ നസീറിന്റെ അവസാന ബിഗ് ബഡ്ജറ്റ് ചിത്രമായി പുറത്ത് വന്ന ‘പടയോട്ടത്തി’ല്‍ പ്രതിഫലം ഒന്നേകാല്‍ ലക്ഷം രൂപ. 1982ല്‍ 30 വര്‍ഷത്തോളം നടനായി, ഹിറോയായി അഭിനയിച്ച നടന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം അതായിരുന്നു.

Prem Nazir Drama

രാജ്യരക്ഷാ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമായി തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകം – കുറ്റവും ശിക്ഷയിൽ നിന്ന് ‘

1988ല്‍ എം.ടി അബു സംവിധാനം ചെയ്ത ‘ധ്വനി’ എന്ന ചിത്രത്തിന് രണ്ട് സവിശേഷതകള്‍ ഉണ്ട്. ഒന്ന്:ഇന്ത്യന്‍ ചലചിത്ര സംഗീതത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ സംഗീത സംവിധായകന്‍ നൗഷാദ് അലി ഈണം നല്‍കിയ എക മലയാള ചിത്രം. രണ്ട് : പ്രേംനസീര്‍ അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം.

അവസാന നിമിഷത്തിലാണ് സംവിധായകന്‍ എ.ടി. അബു നസീറിനെ നിശ്ചയിക്കുന്നത്. ലൊക്കേഷനില്‍ വന്നപ്പാള്‍ നസീറിന് മേയ്ക്കപ്പ് ചെയ്യാന്‍ സ്വകാര്യതയില്ലായിരുന്നു. ഒരു വീട്ടില്‍ വെച്ച് മേയ്ക്കപ്പ് ഇടുന്നത് കാണാന്‍ ആളുകള്‍ കൂടി നിന്നിരുന്നു. സാധാരണ നടന്മാര്‍ ഇത് സമ്മതിക്കില്ല. സമീപത്തുണ്ടായിരുന്ന സിനിമയുടെ കഥാകൃത്ത് പി. ആര്‍. നാഥനോട് നസീര്‍ പറഞ്ഞു. ‘ നമ്മുടെ കള്ളങ്ങളൊക്കെ ആളുകള്‍ കണ്ടു പിടിക്കുകയാണ്.’

തന്റെ അഭിനയ ജീവിതത്തിന്റെ സായാഹ്നത്തില്‍, തിരക്കുകള്‍ ഇല്ലാത്ത കാലത്തോട് എങ്ങനെ പൊരുത്തപ്പെടുന്നതെന്ന് ചോദിച്ച നടന്‍ കമലഹാസനോട് അദേഹം പറഞ്ഞു, ‘നോക്കൂ നിങ്ങള്‍ മുപ്പത്തിരണ്ട് നിലയുള്ള ഒരു കെട്ടിടത്തിലെ ഓരോ നിലയായ് കയറുന്നു. അവസാന നിലയിലെത്തുന്നു. പിന്നെ എന്തു ചെയ്യും? താഴെ ഇറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല, കമല്‍ ഞാന്‍ ഓരോ നിലയായ് ഇറങ്ങിക്കൊണ്ടിരിക്കുകയാണ് !”

സമചിത്തതയോടെയുള്ള ഉത്തരം. ആരെയും കുറ്റപ്പെടുത്തിയില്ല, നന്ദികേടിന്റെ കഥകളും പറഞ്ഞില്ല.

തിരക്കുകള്‍ കുറഞ്ഞ കാലത്ത്, ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ഏതോ സംഘാടകര്‍ വന്നപ്പോള്‍, നസീര്‍ പറഞ്ഞു, ”പഴയ മാതിരിയല്ലെങ്കിലും തിരക്കു വരുമ്പോള്‍ പിച്ചലും മാന്തലുമൊക്കെയുണ്ടാകും. പോലീസിനെ ഏര്‍പ്പാടാക്കണം.” ഇത് പറയുമ്പോള്‍ തന്റെ പ്രതാപകാലത്തെ, ആരാധക വൃന്ദത്തെ ഒരു നിമിഷം അദ്ദേഹം ഓര്‍ത്തു കാണും. താരപ്രഭാവം തീരുന്ന കാലം ഒരു നടനെ സംബന്ധിച്ച്, വേദനാജനകമാണ്. അത് അംഗീകരിക്കാനും വിഷമമാണ്. പക്ഷേ, ശാന്തമായി അദ്ദേഹം അതിനെ അംഗീകരിച്ചു.

ആരാധകരുടെ എല്ലാ വശങ്ങളും അറിയുന്ന ഒരു താരമായിരുന്നു നസീര്‍. ഒരു നടന്റെ നിലനില്‍പ്പില്‍ ആരാധകരുടെ പങ്ക് ചെറുതല്ല. ഒരു നടന്റെ പ്രഭാവം മങ്ങിത്തുടങ്ങുമ്പോള്‍ ബാക്കിയാവുന്നത് അയാള്‍ക്ക് ആരാധകര്‍ മാത്രമായിരിക്കും അതൊക്കെ നന്നായി മനസിലാക്കി അവരെ സന്തോഷിപ്പിക്കാന്‍ തിരക്കിലും നസീര്‍ ശ്രമിച്ചിരുന്നു. ഇതേ മനോഭാവമായിരുന്നു നിര്‍മ്മാതാക്കളോടും സംവിധായകന്മാരോടും. തിരക്കഥയിലോ, ഷൂട്ടിംഗ് കാര്യങ്ങളിലോ കൈകടത്തലില്ല. നമ്മള്‍ കേള്‍ക്കാറുള്ള സൂപ്പര്‍ താരങ്ങളുടെ പഞ്ചനക്ഷത്ര ശീലങ്ങളൊന്നും ഒരു കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഒരു സംവിധായകനോ, ഒരു നിര്‍മ്മാതാവോ ഒരു കാലത്തും അദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞില്ല. 80 ചിത്രങ്ങള്‍ നസീറിനെ നായനാക്കി സംവിധാനം ചെയ്ത ‘ഹിറ്റ് മേക്കറായ സംവിധായകന്‍ ശശികുമാര്‍ ഒരിക്കല്‍ പറഞ്ഞു, ”നസീര്‍ ഒരു താരമെന്നതിനേക്കാള്‍ ഒരു മനുഷ്യനായിരുന്നു.” ഏത് ദിര്‍ദേശവും അവഗണിക്കാനാവാത്ത പൂര്‍ണ്ണ സഹകരണത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു നസീര്‍’.

80 ക്ക് ശേഷം മികച്ച തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനെക്കൊണ്ട് ഒരു തിരക്കഥയെഴുതിച്ച് ഒരു പടം സംവിധാനം ചെയ്യാന്‍ പ്രേം നസീര്‍ തീരുമാനിച്ചിരുന്നു. നേരിട്ട് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. ഡെന്നീസ് പ്രതിഫലം വാങ്ങാന്‍ തയ്യാറായില്ല. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും താന്‍ എഴുതി തരാം എന്ന് സന്തോഷപൂര്‍വം നസീറിനോട് പറയുകയും ചെയ്തു. പ്രേം നസീറിനെ അത് വളരെ സന്തോഷിപ്പിച്ചു. ആഹ്ലാദത്തോടെ അദേഹം പറഞ്ഞു. ‘ ശ്രീനിവാസനും ഇത് തന്നെയാണ് പറഞ്ഞത്. നിങ്ങള്‍ പുതിയ തലമുറയൊക്കെ എന്നോട് നല്ല രീതിയില്‍ പെരുമാറുമോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. വളരെ സന്തോഷമായി’.

മമ്മൂട്ടിയെ വെച്ച് ചെയ്യുന്ന പടം ഡെന്നീസും മോഹന്‍ ലാലിനെ വെച്ച് ചെയ്യുന്ന പടം ശ്രീനിവാസനും എഴുതുന്നു. അത് രണ്ടും സംവിധാനം ചെയ്യുന്നത് പ്രേം നസീര്‍. അതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പക്ഷേ, അത് സ്ഥലമാക്കാനുള്ള കാള്‍ ഷീറ്റ് ദൈവം അദ്ദേഹത്തിന് അനുവദിച്ചില്ല.

prem nazir death news

1988 ഡിസംബര്‍ 26 ന് മദ്രാസിലെ വിജയ ഹെല്‍ത്ത് സെന്ററില്‍ പനി ബാധിച്ച്, നസീറിനെ പ്രവേശിച്ചിച്ചു. പിന്നിട് അത് ന്യൂമോണിയയായി. ആന്തരിക രക്തസ്രാവം മരണകാരണമായി. ആദ്യം മരിച്ചു എന്ന തെറ്റായി വാര്‍ത്ത വന്നു. പത്രങ്ങള്‍ അച്ചടിക്കും മുന്‍പേ, മരിച്ചിട്ടില്ല എന്ന് സ്ഥിരീകരണം വന്നു. അതിനാല്‍ ഒരു പത്രവും അശുഭകരമായ ആ വാര്‍ത്ത അച്ചടിച്ചില്ല’. മൊബെലോ, സാമൂഹ്യ മാധ്യമങ്ങളോ ഇല്ലാത്ത കാലം. ഒടുവില്‍ മരണവുമായുള്ള സ്റ്റണ്ട് മതിയാക്കി 1989 ജനുവരി 16ന് വെളുപ്പിന് 3.00 മണിക്ക് നിത്യഹരിത നായകന്‍ അന്തരിച്ചു. പ്രസ്സ് നിറുത്താതെ കാത്തിരുന്നതിനാല്‍ കേരളകൗമുദി പത്രത്തിലും, കോഴിക്കോട് ചന്ദ്രിക എഡിഷനിലും മാത്രം ചരമവാര്‍ത്ത അന്ന് അച്ചടിച്ചു വന്നു.

ഒരു പനിയുമായി മദ്രാസിലെ വിജയ ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റായ നിത്യഹരിത നായകന്റെ അവസാന ചിത്രമായ ധ്വനിയിലെ അവസാന ഡയലോഗ് പറഞ്ഞു വെച്ച പോലെയായിരുന്നു.

‘മരുന്നും വേണ്ട! മന്ത്രവും വേണ്ട, ഒന്ന് മരിച്ച് കിട്ടിയാല്‍ മതിയായിരുന്നു’.  Prem Nazir death anniversary

Content Summary; Prem Nazir death anniversary

Leave a Reply

Your email address will not be published. Required fields are marked *

×