ബീഫും പൊറോട്ടയും നല്‍കിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചതെന്ന യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ബിന്ദു അമ്മിണി. നിലനില്‍പ്പിന്റെയും വോട്ട് രാഷ്ട്രീയത്തിന്റെയും ഭാഗമായി കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കുന്ന സ്‌റ്റോറിയാണ് പ്രേമചന്ദ്രന്റെ പരാമര്‍ശമെന്ന് ബിന്ദു അമ്മിണി അഴിമുഖത്തോട് പ്രതികരിച്ചു.
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഒരുമിച്ചല്ല ശബരിമലയിലേക്ക് പോയതെന്ന് അവര്‍ക്ക് കൃത്യമായി അറിവുള്ളതാണ്. റഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പാലായിലെ ഗസ്റ്റ് ഹൗസില്‍ എത്തിയെന്നത് തന്നെ വസ്തുതാ വിരുദ്ധമായ കാര്യമാണ്. പാലായിലെ ഗസ്റ്റ് ഹൗസ് ഞാന്‍ കണ്ടിട്ടുപോലുമില്ല.
ബിന്ദു അമ്മിണിയെയും രഹ്ന ഫാത്തിമയെയും ശബരിമല വിഷയത്തില്‍ ഒന്നിച്ച് നിര്‍ത്തുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. വര്‍ഗീയ ധ്രുവീകരണം കൊണ്ടുവരാനുള്ള ഒരു തന്ത്രം കൂടിയാണ് ഇതിന് പിന്നില്‍. അതുകൊണ്ടാണ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രഹ്ന ഫാത്തിമ എന്ന പേര് ബിന്ദു അമ്മിണിയുടെ കൂടെ ചേര്‍ത്തുവയ്ക്കുന്നത്.
Also Read : ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍
രഹ്ന ഫാത്തിമ എന്റെ വളരെ അടുത്ത സുഹൃത്താണ്. പക്ഷേ, ശബരിമല വിഷയത്തില്‍ എന്റെ പേരിനോട് കൂട്ടിക്കെട്ടുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. മതസ്പര്‍ധയുണ്ടാക്കാന്‍ വേണ്ടി മാത്രയുള്ള തന്ത്രമാണിത്. അതിന്റെ ഭാഗമായി തന്നെയാണ് കൃത്യമായി ബീഫ് എന്നും പറയുന്നത്. മുമ്പും രാജ്യത്ത് ബീഫിന്റെ പേരില്‍ വളരെയധികം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. അത് മുന്നില്‍ കണ്ട് കൊണ്ടാണ് ബീഫ് എന്നും പറഞ്ഞ് പ്രേമചന്ദ്രന്‍ ആഹ്വാനം ചെയ്യുന്നത്.
എംപി എന്നൊരു സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് പ്രേമചന്ദ്രന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ്. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രേമചന്ദ്രന്‍, ഭരണഘടനാ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് നല്‍കുന്ന പ്രിവിലേജ് എന്തും എവിടെയും വിളിച്ചുപറയാനുള്ളതല്ല. അവര്‍ക്കവരുടെ പാര്‍ലമെന്റിനകത്ത് അഭിപ്രായങ്ങള്‍ തുറന്നുപറയാനാണ് ആ പദവി ചുമതല നല്‍കുന്നത്. അല്ലാതെ പൊതുസമൂഹത്തില്‍ എന്തും വിളിച്ചുപറയാനല്ല. അത്തരത്തില്‍ യാതൊരു പരിരക്ഷയും പൊതുസമൂഹത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുകയുമില്ല. സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം മതസ്പര്‍ദ നടത്തിയ പ്രേമചന്ദ്രനെതിരെ കേസെടുക്കുകയാണ് വേണ്ടത്.
യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്. 2018ല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചപ്പോള്‍, വിധി പകര്‍പ്പ് കൈയില്‍ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
Also Read : ആചാരലംഘനം; നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ്
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിന് ശേഷം പോലീസ് വാനില്‍ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ഗവണ്‍മെന്റുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയതെന്ന പ്രേമചന്ദ്രന്‍ എംപിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
Content Summary: Premachandran’s is a tactic to create communal violence; Bindu Ammini
This post was last modified on October 20, 2025 2:59 pm
Leave a Comment