വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ചടി ഉറപ്പ്‌ ; പാക് ഭീകരർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന

കശ്മീരിലെ സമാധാനം തകർക്കാനാണ് ഭീകരരുടെ ശ്രമം

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി ‍ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ചുചേർത്ത വാർത്താസമ്മേളനം അവസാനിച്ചു. പഹൽ​ഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തെയും ഒപ്പം ഇന്ത്യ നേരിട്ട പഴയ ആക്രമണങ്ങളെയും ഓർമിപ്പിച്ചുകൊണ്ടാണ് വിക്രം മിസ്രി വാർത്താസമ്മേളനം ആരംഭിച്ചത്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചിരുന്നു. പുൽവാമ ആക്രമണം, മുംബൈ ഭീകരാക്രമണം, പാർലമെന്റ് ആക്രമണം എന്നിവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.  ലഷ്കർ ഇ ത്വയ്ബയുടെ സഹോദര സംഘടനയായ ടിആർഎഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭീകരതയെ ചെറുക്കൽ ഇന്ത്യയുടെ അവകാശമാണെന്ന് ഇന്ത്യൻ സേന അറിയിച്ചു. പാകിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പഹൽ​ഗാം ആക്രമണത്തിന് ശേഷവും ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ലെന്നും ഇന്ത്യൻ സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടപടി എടുക്കുന്നതിന് പകരം ഇന്ത്യക്കെതിരെ ആക്രമണം കടുപ്പിക്കുകയാണ് പാകിസ്ഥാൻ ചെയ്തതെന്നും ഇന്ത്യൻ സേന കൂട്ടിച്ചേർത്തു.

കശ്മീരിലെ സമാധാനം തകർക്കാനാണ് ഭീകരരുടെ ലക്ഷ്യം. പഹൽ​ഗാമിൽ നടത്തിയ ക്രൂരമായ ആക്രണത്തിന് ഇന്ത്യ തക്കതായ മറുപടി നൽകുകയാണ് ചെയ്തത്. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ക്രൂരമായാണ് വിനോദസഞ്ചാരികളെ ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തിയത്. പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ മേഖലകളിലും ഭീകരവാദികളുടെ വലിയ കേന്ദ്രങ്ങളാണ് ഉള്ളത്. ഭീകരവാദികൾക്ക് പാക്കിസ്ഥാൻ ഒരുക്കി നൽകിയിരിക്കുന്ന ഈ സൗകര്യങ്ങൾ തകർക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അവരുടെ പ്രധാന സ്പോൺസർമാർക്കും സഹായികൾക്കും കൃത്യമായ ഉത്തരം നൽകുക എന്നതാണ് ഈ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സേന അറിയിച്ചു.

ഏതൊക്കെ വിമാനങ്ങളാണ് ആക്രണത്തിന് ഉപയോ​ഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എങ്ങനെയാണ് ആക്രണം നടത്തിയതെന്നും ഏതൊക്കെ ക്യാമ്പുകളിലാണ് നടത്തിയതെന്നും കരസേനയിലെ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. ഭീകരരുടെ കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയതെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും വ്യോമിക സിംങ്ങും സോഫിയ ഖുറേഷിയും പറഞ്ഞു. അതുപോലെ തന്നെ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും തങ്ങൾ ആക്രമിച്ചിട്ടില്ലായെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു.

Content Summary: press briefing on operation sindoor, indian army warns Pak terrorists

This post was last modified on May 7, 2025 1:38 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment