ചൈനയില്‍ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് രോഗബാധ (HMPV) വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എച്ച്എംപിവി ബാധിച്ചാല്‍ ഗുരുതരമാകാതിരിക്കാന്‍ പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എച്ച്എംപിവി പുതിയ വൈറസല്ലെന്നും പലരിലും ഉണ്ടാകാനിടയുള്ള വൈറസാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും മുന്‍കരുതല്‍ അത്യാവശ്യമാണ്. നിലവില്‍ എച്ച്എംപിവി വൈറസിന് മ്യൂട്ടേഷന് സംഭവിച്ച് മറ്റ് വകഭേദങ്ങളായി മാറിയാല്‍ മാത്രമേ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുള്ളൂ.hmpv
കൊറോണയെയും എച്ച്എംപിവിയെയും ഒരേ രീതിയില്‍ കാണുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല. നമുക്ക് ചുറ്റും നിരവധി വൈറസുകളുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായ അണുബാധകളോ അസുഖങ്ങളോ ശൈത്യകാലത്ത് സ്വാഭാവികമായി ആളുകളിലുണ്ടാകാം. അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ജലദോഷം, ചുമ, പനി തുടങ്ങിയ അസുഖങ്ങള്‍ പിടിപെട്ടാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും വേണ്ട ശ്രദ്ധ നല്‍കാനും ഓരോരുത്തരും ശ്രമിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ എച്ച്ഒഡിയും പ്രൊഫസറുമായി ജയശ്രീ എ കെ അഴിമുഖത്തോട് സംസാരിക്കുന്നു.
കൊറോണയെ പോലെ എച്ച്എംപിവിയെ ഭയക്കണോ ?
എച്ച്എംപിവി വൈറസ് പുതിയ വൈറസല്ല. ഇവിടെ ഉണ്ടാകുന്ന വൈറസുകളിലൊന്ന് തന്നെയാണിത്. കൊറോണയെ പോലെ ഭയപ്പെടേണ്ട വൈറസല്ല. കൊറോണക്കാലഘട്ടത്തിലുണ്ടായ ആശങ്കകളും ഇപ്പോള്‍ ആവശ്യമില്ല. സ്വയം കരുതലിലൂടെ വൈറസുകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനാകും.
കേരളം എങ്ങനെ മുന്‍കരുതലെടുക്കണം ?
എച്ച്എംപിവി വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങളാണ് പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയെല്ലാം. നാട്ടിലുണ്ടാകുന്ന പലതരം വൈറസുകളിലൊന്നാണ് എച്ച്എംപിവി. വിദഗ്ധരുമായി ആശയവിനിമയം നടത്തിയതിലൂടെ ഇതൊരു പുതിയ വൈറസല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഏതെങ്കിലും പ്രദേശങ്ങളില്‍ ആദ്യമായി വൈറസ് സ്ഥിരീകരിക്കുമ്പോള്‍ ഇത്തരം രോഗങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാനിടയുണ്ട്. നിലവില്‍ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ല. ലക്ഷണങ്ങളുണ്ടായാല്‍, വേണ്ട മുന്‍കരുതലെടുക്കുകയാണ് വേണ്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും പിടിപെടുന്നത് സാധാരണമാണ്. കേരളത്തില്‍ പലതരം വൈറല്‍ അണുബാധകള്‍ ഉണ്ടാകുന്നുണ്ട്. അതിനൊപ്പം കണ്ടെത്തിയ വൈറസുകളിലൊന്നാണ് എച്ച്എംപിവി. എന്നാല്‍ ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എച്ച്എംപിവി വൈറസ് ഗുരുതരമായാല്‍ ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. കൂടുതലായും പ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. അണുബാധ പലതവണയായി വന്നുതന്നെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. ശ്വസനസംബന്ധമായ രോഗങ്ങളുള്ള വയോധികര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്.
ഏത് വൈറസ് എന്നുള്ളതല്ല. രോഗം വന്നാല്‍ അടിസ്ഥാനപരമായി മുന്‍കരുതലെടുക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ജലദോഷം, ചുമ, പനി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രമിക്കുക. പലരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നില്ല. അസുഖമില്ലെങ്കിലും മാസ്‌ക് ധരിച്ച് പൊതുസ്ഥലങ്ങളില്‍ പോകുന്നതും മുന്‍കരുതല്‍ തന്നെയാണ്.
അതുപോലെ രോഗം ബാധിക്കുമ്പോഴും മാസ്‌ക് ശീലമാക്കേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക അതിന് ശേഷം മാത്രം മൂക്കിലോ വായിലോ സ്പര്‍ശിക്കാവൂ. രോഗബാധ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനും ഈ ശീലം സഹായിക്കും. പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. കൊറോണകാലത്ത് ചെയ്തിരുന്ന ശീലങ്ങളെ പൊടിതട്ടിയെടുത്താല്‍ എച്ച്എംപിവിയെ ഒരു പരിധിവരെ നമുക്ക് ചെറുക്കാനാകും.
നിലവില്‍ പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ശ്വസനസംബന്ധമായ രോഗങ്ങളെ മുഴുവനായി ഇല്ലാതാക്കാന്‍ സാധിക്കില്ല. അതുമായി ജീവിക്കുകയെ പറ്റുകയുള്ളൂ. ഗുരുതര രോഗങ്ങളുള്ളവര്‍ മുന്‍കരുതലെടുക്കുക എന്നതാണ് പ്രധാന കാര്യം. അവരുമായി അടുത്തിടപെടുന്നവര്‍ മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണം. ചെറിയ കുട്ടികളില്‍ രോഗസാധ്യതയുണ്ടെങ്കില്‍ സ്‌കൂളില്‍ വിടാതിരിക്കുക.വേണ്ട പരിചരണവും കരുതലും നല്‍കുകയും വേണം. നിലവില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ എച്ച്എംപിവി സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
എച്ച്എംപിവി 2001 ല്‍ സ്ഥിരീകരിച്ചിരുന്നു, അക്കാലയളവില്‍ പരിശോധനകള്‍ നടന്നിരുന്നില്ലേ ?
1940 കളില്‍ ശരാശരി ആയുസ് 40 വയസ് ആയിരുന്നു. ഇപ്പോള്‍ അതിനിരട്ടി ആയുര്‍ദൈര്‍ഘ്യമെത്തിയിരിക്കുന്നു. എത്ര അസുഖങ്ങള്‍ വര്‍ധിച്ചാലും ആയുര്‍ദൈര്‍ഘ്യത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ശാസ്ത്രത്തിലും ആരോഗ്യത്തിലും പുരോഗതിയുണ്ടാകുന്നുണ്ട്. ശ്വസനസംബന്ധമായ നിരവധി അസുഖങ്ങള്‍ പലതരത്തിലുള്ള വൈറസുകളിലൂടെ ഉണ്ടാകുന്നുണ്ട്. സാധാരണ ജലദോഷം എന്നാണ് നമ്മള്‍ പറയാറുള്ളത്. മനുഷ്യര്‍ ജീവിക്കുന്നത് പലതരം വൈറസുകള്‍ക്കൊപ്പമാണ്. കൊറോണ വന്നതിനുശേഷം പുതിയ ലാബോറട്ടികളും പരിശോധനാസംവിധാനങ്ങളും സജീവമായി. ഇതിലൂടെ മനുഷ്യരെല്ലാവരും രോഗങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്തു. നേരത്തെ ശ്രദ്ധ നല്‍കാതിരുന്നതുകൊണ്ട് പല വൈറസുകളെ കുറിച്ചും അവബോധമുള്ളവരാകാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. കൊറോണയ്ക്ക് ശേഷമാണ് ജാഗ്രതയുണ്ടായതെങ്കിലും അത്രയ്ക്ക് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.
കുട്ടികളിലാണ് കൂടുതല്‍ അണുബാധയുണ്ടാകുന്നത്
കുട്ടികളിലാണ് കൂടുതല്‍ അണുബാധയുണ്ടാകുന്നത്. പ്രതിരോധശേഷി ഉണ്ടായി വരുന്ന പ്രായമായതിനാല്‍ അക്കാലയളവില്‍ രോഗസാധ്യത കൂടുതലാണ്. പല രോഗങ്ങളും വന്നതിന് ശേഷമാണ് പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതും. ഒരിക്കല്‍ പിടിപെട്ട വൈറസ് പിന്നീട് വന്നാല്‍ അത്ര കണ്ട് ഗുരുതരമാകാത്തത് അതുകൊണ്ടാണ്. ചില വൈറസുകള്‍ക്ക് വാക്‌സിനും ലഭ്യമല്ല. വാക്‌സിനില്ലാത്ത അസുഖങ്ങള്‍ വന്നതിന് ശേഷമാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. എന്നാല്‍ ചില വൈറസുകള്‍ പ്രത്യേക വാക്‌സിന്‍ ആവശ്യമാണ്. വാക്‌സിനേഷനിലൂടെയാണ് പോളിയോ ഇല്ലാതാക്കാനായത്. അംഗവൈകല്യം സംഭവിക്കാന്‍ വരെ സാധ്യതയുള്ള ഗുരുതരരോഗങ്ങളെ വാക്‌സിനേഷനിലൂടെ ചെറുക്കേണ്ടതായി വരും.
മാസ്‌കിനെ ഭയത്തോടെ കാണേണ്ട
അസുഖമുള്ളവര്‍ മാസ്‌ക് ധരിക്കാനും കൃത്യമായ മുന്‍കരുതലെടുക്കാനും ശ്രദ്ധിക്കുക. മറ്റൊരാള്‍ക്ക് അസുഖം വരാതിരിക്കാന്‍ എല്ലാവരും കരുതലോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. അശാസ്ത്രീയമായി, ഭയത്തോടെ ഇനി മാസ്‌ക് ധരിക്കണമെന്ന് ചിന്തിക്കാതിരിക്കുക. ഭയമല്ല, കരുതലോടെ ചിന്തിക്കാനുള്ള മനോഭാവം ഓരോരുത്തരും വളര്‍ത്തിയെടുക്കണം. മാസ്‌ക് ധരിക്കുന്നത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇത്തരം ശീലങ്ങളോടെ ഒരു സംസ്‌കാരമുണ്ടാക്കിയെടുക്കാന്‍ കേരളത്തിന് കഴിയണം.
കൊറോണകാലത്ത് ബോധവല്‍ക്കരണവും അറിയിപ്പുകളും നല്‍കിയപ്പോള്‍ എല്ലാവരും ജാഗ്രതയോടെ മുന്‍കരുതലെടുത്തിരുന്നു. രോഗത്തെ ചെറുക്കാന്‍ ഇത്തരം മുന്‍കരുതലകളെ ശീലമാക്കി മാറ്റുകയാണ് വേണ്ടത്. വിദേശരാജ്യങ്ങളിലുള്ള പൗരന്മാര്‍ സ്വയം ഉത്തരവാദിത്തത്തോടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറുന്നുണ്ട്. എന്നാല്‍, ഇവിടെ കേരളത്തില്‍ ഇത്തരം പൊതുവായ ശീലങ്ങളൊന്നും കാണാറില്ല.
പഴയശീലങ്ങളെ തിരികെ കൊണ്ടുവരാം
പ്രായമായവരെ കരുതലോടെ നോക്കുന്നതിനായി, റിവേഴ്‌സ് ക്വാറന്റൈന്‍ സഹായകമാകും. പുറത്ത് യാത്ര കഴിഞ്ഞെത്തുന്നവര്‍ പ്രായമായവരോട് അടുത്ത് ഇടപഴകാതെ നോക്കുകയും അകലം പാലിക്കുകയും ചെയ്യാം. കൈകള്‍ വൃത്തിയോടെ കഴുകിയ ശേഷം മാസ്‌ക് ധരിച്ച് അവരെ സമീപിക്കുക. ഇവയെല്ലാം പ്രായമായവരെ മുന്‍കരുതലോടെ ശ്രദ്ധിക്കാന്‍ സഹായിക്കും. യുവാക്കളിലും രോഗബാധ ഉണ്ടാകാനിടയില്ലെന്ന് പറയാനാകില്ല. പ്രതിരോധശേഷി കുറയാന്‍ പല കാരണങ്ങളുണ്ട്. അതിലൂടെ രോഗബാധയുണ്ടായേക്കാം. എച്ച്എംപിവി വൈറസ് ബാധ മരണനിരക്കേറിയതല്ല. എന്നാല്‍ ന്യുമോണിയ വന്നാല്‍ മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ ബാധിച്ച് മരിക്കുന്ന കുട്ടികളില്‍ ഒരു ശതമാനത്തിന് ഈ വൈറ് അണുബാധ കണ്ടിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. സമ്പര്‍ക്കം കുറഞ്ഞാല്‍ തന്നെ രോഗബാധയെ ചെറുക്കാന്‍ കഴിയും.
കൊറോണയെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചു
കൊറോണ പുതിയ വൈറസ് ആയിരുന്നു. പുതിയ പഠനങ്ങള്‍ നടത്തി അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കി ജാഗ്രതയോടെയാണ് കേരളം മുന്നോട്ടുപോയത്.
ആശുപത്രികളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ദ്രുതഗതിയിലുളള നീക്കങ്ങള്‍ കേരളത്തിലുണ്ടായി. ദിവസേന കിടക്കകളുടെ എണ്ണവും ഓക്‌സിജന്‍ സിലിണ്ടറിന്റെ കണക്കും വിലയിരുത്തിയിരുന്നു. അത്തരം നിര്‍ണായകമായ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടുതല്‍ കൊറോണ കേസുകളുണ്ടായാല്‍, മറ്റ് രോഗബാധിതരെ ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യം വരും. ഇത്തരം പ്രതിസന്ധികള്‍ കേരളത്തെ കൂടുതലായി ബാധിക്കാത്തത് ഗവണ്‍മെന്റിന്റെ കൃത്യമായ ഇടപെടല്‍ തന്നെയാണ്. ഒരുപാട് പേരിലേക്ക് അസുഖം പകരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഈ സാഹചര്യത്തില്‍ ആവശ്യമാണ്.
എല്ലാ രോഗങ്ങള്‍ക്കും പരിഗണന വേണം
ഒരു ആശുപത്രിയില്‍ നിരവധി കാരണങ്ങളാല്‍ മരണം സംഭവിക്കുന്നവരുണ്ട്. ആരോഗ്യവകുപ്പിന് എല്ലാ രോഗങ്ങളെയും പരിഗണിച്ച് പ്രവര്‍ത്തിക്കാനെ സാധിക്കുകയുള്ളൂ. ഹെപ്പറ്റൈറ്റീസ് എ ബാധിച്ച് നിരവധി പേര്‍ മരിക്കുന്നുണ്ട്. അങ്ങനെ നിരവധി അസുഖങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. പെട്ടെന്ന് പുതിയ രോഗബാധ വാര്‍ത്തയായതോടെ അതിലേക്ക് ശ്രദ്ധ മാറി. ഏത് സാഹചര്യത്തിലും അസുഖങ്ങളും മരണവും ഒഴിവാക്കുകയാണ് പ്രധാനം. ഇതുവരെ ഗുരുതരമായിട്ടില്ലാത്ത എച്ച്എംപിവിയെ കുറിച്ച് അമിത ആശങ്കകളാവശ്യമില്ല.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ഡയറക്ടര്‍ അനൂപ് കുമാര്‍ കെഎസ് പറയുന്നതിങ്ങനെയാണ് ‘എച്ച്എംപിവി നമ്മുടെ നാട്ടില്‍ കുറെ കാലമായുള്ളതാണ്. കഴിഞ്ഞ മാസം ഡിസംബര്‍ 7ന് എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് രോഗം ഭേദമാവുകയും ചെയ്തു. ഇതൊരു പുതിയ സംഭവമായി തോന്നുന്നില്ല. നിലവിലെ വൈറസിന് മ്യൂട്ടേഷന് സംഭവിച്ച് രോഗബാധയ്ക്ക് മാറ്റം വരുന്നുണ്ടെങ്കില്‍ മാത്രമേ, ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമുള്ളൂ. ഇന്‍ഫ്‌ളുവന്‍സ, ശ്വസനസംബന്ധമായ അസുഖങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന രീതി തുടരുക. ജനിതകവകഭേദം ഗുരുതരമായ നിലയിലേക്ക് മാറിയാല്‍ നിരീക്ഷണം ആവശ്യമാണ്. കൊറോണയ്ക്ക് സ്വീകരിച്ച മുന്‍കരുതലുകള്‍ തന്നെയാണ് ശ്വസനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നിര്‍ദേശിക്കുന്നത്. മുന്‍കരുതലിലേക്ക് കടക്കാനുള്ള സാഹചര്യം നിലവിലില്ല. പ്രതിരോധശേഷി കുറഞ്ഞവരിലും 65 വയസിന് മുകളിലുള്ളവരിലും കുട്ടികളിലും എച്ച്എംപിവി ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ചൈന തന്നെ നേരിട്ട് ജെനറ്റിക് സീക്വന്‍സുകളെ പറ്റി വിവരങ്ങള്‍ കൈമാറിയിരുന്നു. അതിലൂടെയാണ് ഈ രോഗത്തെ പറ്റി എല്ലാവരും മനസിലാക്കിയത്. എച്ച്എംപിവിയുടെ കാര്യത്തില്‍ ഔദ്യോഗികമായി ഒരു വിവരവും ചൈന നല്‍കിയിട്ടില്ല. ശ്വസനസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചു എന്ന വിവരം മാത്രമാണ് ചൈന കൈമാറിയത്. നമുക്ക് മാത്രമല്ല, എല്ലാ പ്രദേശത്തും ഈ കാലാവസ്ഥയില്‍ ഉണ്ടായേക്കാവുന്ന അസുഖമായി ഇതിനെ കാണേണ്ടതുള്ളൂ.’
കൊറോണകാലത്ത് വ്യാജവാര്‍ത്തകളില്‍ ഭയപ്പെട്ടവര്‍ ഏറെയാണ്. നിലവില്‍ എച്ച്എംപിവിയെ ഭയപ്പെടേണ്ടതില്ലെന്ന് മനസിലാക്കാം. വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണന നല്‍കിക്കൊണ്ട് രോഗങ്ങളെ ചെറുക്കാന്‍ ശ്രമിക്കാം.hmpv
content summary; Preventing HMPV Transmission and Managing the Disease: Guidelines and Recommendations