ആന്‍ഡ്രൂ രാജകുമാരനെപ്പോലൊരു പ്രശ്നം നിങ്ങള്‍ എങ്ങനെ പരിഹരിക്കും? ബ്രിട്ടീഷ് രാജകുടുംബത്തിനും രാജവാഴ്ച്ചയ്ക്കും വെല്ലുവിളിയായി തുടരുന്ന തന്റെ സഹോദരനുമായി ബന്ധപ്പെട്ട് ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന ചോദ്യമായിരുന്നു ഇത്. അതിനുള്ള ഉത്തരമാണ് ചാള്‍സ് രാജാവ് ഇപ്പോൾ നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന് സമീപകാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ തലവേദനയാണ് പ്രിൻസ് ആൻഡ്രൂ.
ലൈംഗികാരോപണ വിവാദങ്ങളിലും, ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിലും കുടുങ്ങിയ അദ്ദേഹത്തിൻ്റെ പദവികൾ എല്ലാം ചാള്‍സ് രാജാവ് നേരിട്ട് തന്നെ ഇപ്പോൾ എടുത്തുമാറ്റിയിരിക്കുകയാണ്. ഏറ്റവും പുതിയ തീരുമാനപ്രകാരം, ‘ഡ്യൂക്ക് ഓഫ് യോർക്ക്’ അടക്കം എല്ലാ രാജകീയ സ്ഥാനപ്പേരുകളും ബഹുമതികളും നീക്കം ചെയ്ത ആൻഡ്രൂ, ഇനിമുതൽ ‘ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ’ മാത്രമാണ്. ചാള്‍സ് രാജാവിന്റെ നിർണായക ഉത്തരവ് പ്രകാരം, വിൻഡ്‌സറിലെ റോയൽ ലോഡ്ജ് എന്ന ഔദ്യോഗിക വസതിയിൽ നിന്നും ആൻഡ്രൂവിനെ പുറത്താക്കി കഴിഞ്ഞു.
ഒരിക്കല്‍ ബ്രിട്ടീഷ് രാജ സിംഹാസനത്തിന്റെ അവകാശിയായി കരുതപ്പെട്ടിരുന്ന ആന്‍ഡ്രൂവിന്റെ പേര് ഇപ്പോള്‍ പതിയുന്നത് രാജകീയ ചുമതലകളിലല്ല. ശിശു ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായുള്ള അദ്ദേഹത്തിന്റെ മുന്‍ സൗഹൃദവും ലൈംഗിക ദുരുപയോഗ ആരോപണങ്ങളും രാജകുമാരന്റെ പ്രതിച്ഛായയില്‍ മായാത്ത കളങ്കമാണ് സൃഷ്ടിച്ചിരുന്നത്.
രാജകീയ വീഴ്ച്ച
എപ്‌സ്റ്റൈന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂവിനെ രാജകീയ ചുമതലകളില്‍ നിന്നും, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ എലിസബത്ത് രാജ്ഞി നിര്‍ബന്ധിതയായിരുന്നു. എന്നാലും ടാബ്ലോയുടെ പ്രിയപ്പെട്ട വിഭവമായി അയാള്‍ തുടര്‍ന്നു. അനാവശ്യ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചാള്‍സ് മൂന്നാമന്‍ രാജാവ്, ജീവിതച്ചെലവ് വെട്ടിക്കുറയ്ക്കാന്‍ ആന്‍ഡ്രൂവിനോട് ആവശ്യപ്പെട്ടിരുന്നു. ആഢംബരമായ രാജ കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്‌സര്‍ കാസിലിന്റെ സുരക്ഷാ പരിധിയിലുള്ള ഒരു ചെറിയ കോട്ടേജിലേക്ക് താമസം മാറ്റണമെന്നായിരുന്നു രാജാവിന്റെ നിര്‍ദ്ദേശം. എന്നാൽ രാജാവിന്റെ ആവശ്യം രാജകുമാരന്‍ ചെവിക്കൊണ്ടിരുന്നില്ല . സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളെ ധിക്കരിച്ച, ആന്‍ഡ്രൂ 30 മുറികളുള്ള തന്റെ ആഡംബര ഭവനത്തില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്.
‘ആഫ്റ്റര്‍ എലിസബത്ത്: കാന്‍ ദി മോണാര്‍ക്കി സേവ് ഇറ്റ്സെല്‍ഫ്?’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ എഡ് ഓവന്‍സ് ചാള്‍സ് കൂടുതല്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊതുജന ശ്രദ്ധയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ രാജാവ് ആന്‍ഡ്രൂവിനെ പൊതു രാജകീയ പരിപാടികളില്‍ നിന്ന് തടയണമെന്നൊരു നിര്‍ദേശവും ഓവന്‍സ് മുന്നോട്ട് വെച്ചിരുന്നു. ‘ആന്‍ഡ്രൂ വിഷമാണ്, അയാള്‍ വളരെ കേടുവന്നുപോയൊരു വസ്തുവാണ്’ എന്നായിരുന്നു ഓവൻസ് വിമർശിച്ചിരുന്നത്. ‘അദ്ദേഹത്തിന് തന്റെ പെരുമാറ്റത്തിലൂടെ രാജവാഴ്ചയുടെ പ്രശസ്തിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ കഴിയൂ’ എന്നും എഡ് ഓവന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു. ആന്‍ഡ്രു രാജകുമാരന്‍ സ്വയം പിന്‍വലിയേണ്ടത് , രാജാവിന്റെയും രാജവാഴ്ച്ചയുടെയും മികച്ച ഭാവിക്ക് ആവശ്യമാണെന്നും ഓവന്‍സ് മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
ആന്‍ഡ്രൂ ഉള്‍പ്പെടുന്ന നിരന്തരമായ വിവാദങ്ങള്‍ രാജവാഴ്ച വിരുദ്ധ വികാരത്തിന് ആക്കം കൂട്ടിയിരുന്നു. രാജകീയ അഴിമതിയെക്കുറിച്ച് പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തിന് ബ്രിട്ടനിലെ മുന്‍നിര രാജവാഴ്ച വിരുദ്ധ ഗ്രൂപ്പായ റിപ്പബ്ലിക് ചാരവൃത്തിയാരോപണം കാരണമാക്കിയിരുന്നു.
സ്ഥാനം കുറയുന്നു
രാജ സിംഹാനത്തിന്റെ അവകാശത്തില്‍, ചാള്‍സിന് പിന്നില്‍ സ്ഥാനം ഉറപ്പിച്ചായിരുന്നു ആന്‍ഡ്രവിന്റെ ജനനം. സിംഹാസനത്തിന്റെ അനന്തരാവകാശിയായ സഹോദരന്‍ ചാള്‍സിന് അധികാരം ഏറ്റെടുക്കാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ പ്രതികൂലമായി സംഭവിച്ചാല്‍ പകരക്കാരനായി നിശ്ചയിച്ചിരുന്നതും ആന്‍ഡ്രൂവിനെയായിരുന്നു. എന്നാല്‍ ചാള്‍സിന് മക്കള്‍ പിറന്നതോടെ ആന്‍ഡ്രൂവിന്റെ കിരീട മോഹങ്ങള്‍ പിന്നെയും താഴേക്കു പതിച്ചു. ഇപ്പോള്‍, രാജകുടുംബത്തില്‍ എട്ടാമതാണ് ആന്‍ഡ്രൂവിന്റെ സ്ഥാനം.
ചെറുപ്പത്തില്‍, ആന്‍ഡ്രൂവിന് കൂടുതല്‍ ഉന്നത പാജപദവികള്‍ ലഭിച്ചിരുന്നു. ഫോക്ക്‌ലാന്‍ഡ് യുദ്ധകാലത്ത് ഹെലികോപ്റ്റര്‍ പൈലറ്റായി റോയല്‍ നേവിയില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. 2001-ല്‍ ആന്‍ഡ്രൂ അന്താരാഷ്ട്ര വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായി. എന്നാല്‍, എപ്‌സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള വിവാദ വ്യക്തികളുമായുള്ള ബന്ധം ഉള്‍പ്പെടെ സംശയാസ്പദമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചു.
എപ്സ്റ്റൈന്‍ വിവാദം
2011 ല്‍ എപ്സ്റ്റീനുമായുള്ള ബന്ധം പരസ്യമായതോടെയാണ് ആന്‍ഡ്രൂവിനെ ചുറ്റിയുള്ള ഏറ്റവും ഗുരുതരമായ വിവാദങ്ങള്‍ ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ഫിനാന്‍ഷ്യറും ലൈംഗിക കുറ്റവാളിയുമായ എപ്സ്റ്റീനെ 18 മാസത്തെ തടവിന് ശിക്ഷിച്ചു. ഇതിനു പിന്നാലെയും എപ്സ്റ്റീനുമായുള്ള ബന്ധം തുടരുകയാണ് ആന്‍ഡ്രൂ ചെയ്തത്. ഇതോടെ ജനരോഷം അദ്ദേഹത്തിനെതിരായി. വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദേശിച്ച് 2019 ല്‍ നടത്തിയ ബിബിസി അഭിമുഖം, പ്രതിച്ഛായ കൂടുതല്‍ വഷളാക്കിയതേയുള്ളൂ. എപ്‌സ്റ്റൈന്റെ കേസിലെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള ശ്രമവും, എപ്‌സ്റ്റൈനുമായുള്ള സൗഹൃദം വിശദീകരിക്കുന്നതിലും പരാജയപ്പെട്ടതോടെ അഭിമുഖം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ജെഫ്രി എപ്‌സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും
വിവാദങ്ങള്‍ ശക്തി പ്രാപിച്ചതിനു പിന്നാലെ സമ്മര്‍ദം വര്‍ധിച്ചതോടെ, എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്രൂ രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറി എങ്കിലും വിവാദം ശമിച്ചില്ല. 2021 ഓഗസ്റ്റില്‍, എപ്‌സ്റ്റൈന്റെ ഇരകളില്‍ ഒരാളായ വിര്‍ജീനിയ ജിയുഫ്രെ, പ്രായപൂര്‍ത്തിയാകാത്ത തന്നോട് രാജകുമാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ട് ആന്‍ഡ്രൂവിനെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ആരോപണങ്ങള്‍ ആന്‍ഡ്രൂ നിഷേധിച്ചെങ്കിലും, കേസ് വന്നതോടെ സൈനിക സ്ഥാനങ്ങളിലും നിന്നും രാജകീയ ചാരിറ്റി പ്രവര്‍ത്തികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു.
2022 ഫെബ്രുവരിയില്‍, കോടതിക്ക് പുറത്ത് ലൈംഗികാതിക്രമ കേസ് തീര്‍പ്പാക്കി. നഷ്ടപരിഹാരമായി വിര്‍ജീനിയയ്ക്ക് 6 മില്യണും 16 മില്യണും ഇടയില്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആന്‍ഡ്രൂ ഇരകളുടെ ‘അവകാശ ചാരിറ്റി’യിലേക്കും വലിയ തുക സംഭാവന നല്‍കിയിരുന്നതായും പറയുന്നു.
ലോകത്തിന് മുന്നിലെ കളങ്കം
ഒത്തുതീര്‍പ്പും ആന്‍ഡ്രൂവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ ശമിപ്പിച്ചില്ല. അടുത്തകാലത്തായി പുറത്തു വന്ന ‘സ്‌കൂപ്പ്’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ 2019 ലെ ബിബിസി അഭിമുഖം ഉള്‍പ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ലോകത്തെ വീണ്ടും ഓര്‍മിപ്പിച്ചു സ്‌കൂപ്പ്. ആന്‍ഡ്രൂവിന്റെ പ്രവര്‍ത്തികള്‍ ആധുനിക കാലത്തെ രാജവാഴ്ച്ചയ്ക്ക് ഒരു മുന്നറിയിപ്പ് കഥയായി മാറിയിരിക്കുകയാണ്.
Content Summary; Prince Andrew’s Headache: From Chinese Spy Allegations to Sex Scandals
This post was last modified on October 31, 2025 12:14 pm
Leave a Comment