June 04, 2026 |
Share on

അഭ്യൂഹങ്ങള്‍ ശരിയല്ല; ആടുജീവിതം നവംബറില്‍ തുടങ്ങുമെന്ന് പൃഥ്വിരാജ്

വളരെ സങ്കീര്‍ണമായ ഈ വേഷം ചെയ്യാന്‍ തനിക്ക് പലഘട്ടങ്ങളിലുള്ള ശാരീരിക പരിവര്‍ത്തനം ആവശ്യമാണ്

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലസി ഒരുക്കുന്ന ആടുജീവിതം എന്ന സിനിമ താന്‍ ഡേറ്റ് നല്‍കാത്തതുമൂലം നീണ്ടു പോകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ സ്വപ്‌ന ചിത്രമാണ് ഇതെന്നും പൃഥ്വി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഈ സ്വപ്‌ന വേഷം ചെയ്യാനായി 2017 നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ ഘട്ടംഘട്ടമായി താന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. വളരെ സങ്കീര്‍ണമായ ഈ വേഷം ചെയ്യാന്‍ തനിക്ക് പലഘട്ടങ്ങളിലുള്ള ശാരീരിക പരിവര്‍ത്തനം ആവശ്യമാണെന്നും അതിനാലാണ് ഘട്ടങ്ങളായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് പൃഥ്വിരാജിന്റെ വിശദീകരണം.

മികച്ച രീതിയില്‍ തയ്യാറാക്കപ്പെട്ട തിരക്കഥയ്ക്കായി ലോകത്തര സാങ്കേതിക വിദഗ്ധരുടെ സംഘത്തെയാണ് തങ്ങള്‍ അണിനിരത്താനിരിക്കുന്നതെന്നും പോസ്റ്റ് പറയുന്നു. പത്ത് ദിവസം മുമ്പും ബ്ലസിയും താനും ഷൂട്ടിംഗ് പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് പ്രചരിക്കുന്നത് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഈസ്റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നാണ് പൃഥ്വി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പൃഥ്വി ഇപ്പോള്‍ സ്‌കോട്‌ലാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

×