June 26, 2026 |

എല്ലാമെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കല്ലേ…

പഴവും പച്ചക്കറിയും ചോറുമെല്ലാം അധികദിവസം സൂക്ഷിച്ചാലുള്ള അപകടങ്ങള്‍

റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രിഡ്ജ് എന്ന ഉപകരണം ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. എന്നിരുന്നാലും എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുന്നവയല്ല. തീരെ കുറഞ്ഞ താപനിലയിൽ സൂക്ഷിച്ചുവക്കുമ്പോൾ ഭക്ഷണത്തിന്റെ സ്വാദ്, പോഷകമൂല്യം എന്നിവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പഴങ്ങളും പച്ചക്കറികളുമൊക്കെ 4 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഒരാഴ്ചയിൽ കൂടുതൽ സംരക്ഷിച്ചാൽ വിറ്റാമിൻ സി ഗണ്യമായ രീതിയിൽ നഷ്ടപ്പെട്ട് പോകാൻ സാധ്യതയുണ്ട്.

എട്ട് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചീരയിൽ നിന്ന് 22 ശതമാനം ല്യൂട്ടിനും, 18ശതമാനം ബീറ്റാ കരോട്ടിനും നഷ്ടമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏഴ് ദിവസംകൊണ്ട് തന്നെ ചീരയിലെ 46 ശതമാനം പോഷകങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഇനിയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇതിൽ നിന്നും മനസിലാകുന്നു.

തക്കാളി

വിറ്റാമിൻ സി, പൊട്ടാസ്യം, ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് തക്കാളി. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ തക്കാളിയിലെ കോശസ്തരങ്ങൾ നശിക്കുകയും തക്കാളി ചുങ്ങി ചുളിഞ്ഞ് പോവുകയും ചെയ്യുന്നു. ഫ്രിഡ്ജ് പഴത്തിന്റെയോ പച്ചക്കറിയുടെയോ ഒക്കെ സ്വാഭാവികമായി പഴുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നു. ലൈക്കോപീന്റെ ഉത്പാദനം കുറയുന്നതിനുള്ള പ്രധാനകാരണം ഇതാണ്.

എങ്ങനെ സൂക്ഷിക്കാം; വായു സഞ്ചാരം നന്നായി ഉള്ള ഒരിടത്ത് റൂം ടെംപറേച്ചറിൽ തക്കാളി സൂക്ഷിക്കുക. നന്നായി പഴുത്ത തക്കാളി ഫ്രിഡജിൽ വക്കുന്നതിന് പകരം സോസുകളായോ സൂപ്പ് ഉണ്ടാക്കിയോ ഉപയോഗിക്കുക.

ഉള്ളി, വെളുത്തുള്ളി, ഇഞ്ചി

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന സാധനങ്ങളല്ല. ഫ്രിഡ്ജിലെ ഈർപ്പമയം മൂലം ഇവയിൽ പൂപ്പൽ ഉണ്ടാകാനും ചീഞ്ഞ് പോകാനും സാധ്യതയുണ്ട്. തണുപ്പിൽ സൂക്ഷിക്കുന്നതിലൂടെ വെളുത്തുള്ളിയുടെ രാസഘടനയിൽ മാറ്റം വരികയും അതിന്റെ സ്വാഭാവിക ആന്റി ബാക്ടീരിയൽ, പ്രതിരോധ ശേഷി എന്നിവ നഷ്ടപ്പെടുന്നു. ചില സാഹചര്യങ്ങളിൽ തണുപ്പുള്ളിടത്ത് സൂക്ഷിക്കുന്നതിലൂടെ വിഷലിപ്തമാകാനും സാധ്യതയുണ്ട്. പകുതി മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ, ഇത് ഉള്ളിയിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നു.

എങ്ങനെ സംരക്ഷിക്കാം; നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ഉള്ളി, വെളുത്തുള്ളി എന്നിവ സംരക്ഷിക്കുന്നതാണ് ഉചിതം. ഈർപ്പം നിറഞ്ഞ് നിൽക്കുകയും, കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുമുള്ളതിനാൽ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

ചോറ്

ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ബാക്ടിരിയകളുടെ പ്രജനനം ധാരാളമായി നടക്കും. അതുകൊണ്ട് തന്നെ ചോറ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതല്ല.

എങ്ങനെ സൂക്ഷിക്കാം; ഒരു ദിവസത്തിനുള്ളിൽ തന്നെ കഴിച്ച് തീർക്കാൻ ശ്രമിക്കുക. ആവിശ്യമുള്ള അരി മാത്രം വേവിക്കുക.

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ പഴത്തിന്റെ പഴുക്കൽ പ്രക്രിയ വളരെ പതുക്കെയാകുന്നു, എങ്കിലും അതിന്റെ തൊലി വളരെ വേഗത്തിൽ കറുത്ത് പോവുകയും ചെയ്യും. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ അതിലെ മധുരം കൂടാൻ സഹായിക്കുന്ന എൻസൈമുകളെ ഇല്ലാതാക്കുന്നു, ഇതിലൂടെ പഴത്തിന്റെ സ്വാദ് കുറയാൻ കാരണമാകുന്നു.

എങ്ങനെ സൂക്ഷിക്കാം; വാഴപ്പഴം റൂം ടെംപറേച്ചറിൽ സൂക്ഷിക്കുക. എഥലീൻ വാതകത്തിലൂടെ പഴം പാകമാകുന്നതിന് മുന്നേ പഴുക്കുന്നതിൽ നിന്ന് തടയുന്നതിനായി മറ്റ് പഴങ്ങളുടെ അടുത്ത് നിന്ന് മാറ്റി വെക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം അവ സ്മൂത്തികളായോ ബേക്കുകളിൽ ഉൾപ്പെടുത്തിയോ ഉപയോഗിക്കുക.

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ അത് കുറച്ച് അധികം കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് കരുതുന്നവരാണ് നമ്മൾ. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ റിട്രോഗ്രേഡേഷൻ വേഗത്തിലാക്കുകയും ബ്രെഡ് പഴകാൻ കാരണമാവുകയും ചെയ്യുന്നു.

എങ്ങനെ സൂക്ഷിക്കാം; ബ്രെഡ് ബോക്‌സിലോ, സീൽ ചെയ്ത ബാഗിലോ റൂം ടെംപറേച്ചറിൽ സൂക്ഷിക്കുക. കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനെക്കാൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് കൂടുതൽ ഉചിതം.

തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കുന്നതിലൂടെ ഭക്ഷ്യ വസ്തുക്കൾക്ക് അതിന്റെ സ്വാഭാവികത നശിക്കുന്നു. ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കുകയും, തീരുന്നതിനനുസരിച്ച് പുതുതായി വാങ്ങുകയും ചെയ്യുന്നതിലൂടെ അവയുടെ സ്വാഭാവികത നഷ്ടപ്പെടാതെ ഉപയോഗിക്കാൻ കഴിയുന്നു.

കടപ്പാട്; ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം

content summary; Problems with Storing Food in the Fridge

Leave a Reply

Your email address will not be published. Required fields are marked *

×