അധ്യാപകൻ, സുഹൃത്ത്, വായനക്കാരൻ, പ്രാസംഗികൻ- സാനുമാഷെന്ന അപൂർവ്വ മനുഷ്യൻ

ജോൺ പോളിന്റെ മരണം മാഷിനെ വല്ലാതെ ഉലച്ചിരുന്നു

2004 ലാണ് ഞാൻ സാനു മാഷിനെ ആദ്യമായി കാണുന്നത്. ഒരു അഭിമുഖത്തിന് അവസരം തേടി എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി. മുൻകൂട്ടി അനുമതി ചോദിച്ചിരുന്നില്ല. സ്വഭാവികമായും മാഷ് ക്ഷുഭിതനായി. പ്രശസ്തരായ വ്യക്തികളുടെ ജീവിതരേഖ പോലെയുള്ള ഒരു പംക്തി അന്നു ജോലി ചെയ്തിരുന്ന പത്രത്തിൽ എല്ലാ ആഴ്ചയിലും ഞാൻ എഴുതിയിരുന്നു. ഡെഡ് ലൈനിന് തൊട്ടുതലേന്നാണ് മാഷിനെ കണ്ടത്. മാഷ് കൈവിട്ടാൽ എന്റെ കാര്യം പ്രതിസന്ധിയാകുമായിരുന്നു. ഒടുവിൽ മനസില്ലാ മനസോടെ കുറച്ചു സമയം സംസാരിക്കാമെന്ന് മാഷ് സമ്മതിച്ചു.

വീടിനകത്തേക്ക് പ്രവേശനം ലഭിച്ചു. എന്നാൽ സംസാരം തുടങ്ങിയതോടെ മാഷ് മറ്റൊരാളായി മാറി. ആലപ്പുഴയിലെ ബാല്യം. എഴുത്തിലേക്കുള്ള വരവ്, എം. ഗോവിന്ദൻ,വൈക്കം മുഹമ്മദ് ബഷീർ, എം.ടി, പൊൻകുന്നം വർക്കി, സി.ജെ. തോമസ്, പെരുന്ന തുടങ്ങിയ മഹാരഥൻമാരുമായുള്ള ചങ്ങാത്തം, മഹാരാജാസിലെ അദ്ധ്യാപന കാലം, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം, കോൺഗ്രസ് കോട്ടയായ എറണാകുളം പിടിച്ചെടുക്കാനായി മാഷിന് വേണ്ടി തെരുവിലിറങ്ങിയ യുവജനങ്ങൾ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുളിശേരിയും അവിയലും സമ്മാനമായി കൊണ്ടുവരുന്ന ശിഷ്യമാർ, പഴയ കുട്ടികളുടെ സ്‌നേഹ സമ്മാനമായി കുമിഞ്ഞുകൂടുന്ന മുണ്ടുകളും ഷർട്ടുകളും… അങ്ങനെ പറഞ്ഞു പറഞ്ഞു സംസാരം മണിക്കൂറുകൾ നീണ്ടു. അഭിമുഖം പ്രസിദ്ധീകരിച്ച പത്രം പിന്നീട് നേരിട്ടെത്തിച്ചു. അതു വായിച്ച ശേഷം നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു.

എഡിറ്റോറിയൽ പേജിലേക്കുള്ള ലേഖനങ്ങൾ, അനുസ്മരണങ്ങൾ എന്നിവയ്ക്ക് വേണ്ടി പിന്നീടും നിരവധി തവണ ആ വീട്ടിൽ ചെന്നിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ശില്പികളായ ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ , കുമാരനാശാൻ എന്നിവരുടെ തത്വദർശനങ്ങളെ കുറിച്ച് അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. അതെല്ലാം സദസ്യരുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ പ്രഭാഷണ വേദികളിൽ അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.
മാഷിന്റെ ചങ്ങാതിമാരായിരുന്ന എം.വി. ദേവൻ, സി.എൻ. കരുണാകരൻ, അയ്യപ്പ പണിക്കർ എന്നിവരുടെ മരണദിവസങ്ങളിൽ അദേഹത്തിന്റെ ഓർമ്മകൾ തൊട്ടു മുന്നിലിരുന്ന് എഴുതിയെടുത്തിട്ടുണ്ട്. വർഷങ്ങൾ ദൈർഘ്യമുള്ള തങ്ങളുടെ ചങ്ങാത്തത്തെ ഒറ്റ വാചകത്തിലൊതുക്കി അവരുടെ പ്രതിഭാ ശേഷിയെയും കലാപ്രവർത്തനത്തെയും കുറിച്ച് നിർമ്മമതയോടെ അദ്ദേഹം വിശദീകരിക്കുന്നത് ആദരവോടെ കുറിച്ചെടുക്കും. ഏതെങ്കിലും ഒരു വാക്കിലോ വാചകത്തിലോ നമ്മൾക്ക് സംശയം തോന്നിയാൽ പെട്ടെന്ന് അദ്ദേഹം അതു പിടിച്ചെടുക്കും. ക്ലാസ് മുറിയിലെ അദ്ധ്യാപകനായി മാറും. വ്യക്തത വരുത്തിയ ശേഷം അടുത്ത പാരഗ്രാഫിലേക്ക് കടക്കും.

എല്ലാ പ്രമുഖ പത്രങ്ങളിലും പിറ്റേന്ന് അദ്ദേഹത്തിന്റെ അനുസ്മരണ കുറിപ്പ് വന്നിട്ടുണ്ടാകും. ഓരോ ലേഖനത്തിലെയും ആശയം വത്യസ്തമാകും. ഒരു വരി പോലും മറ്റൊരിടത്ത് ആവർത്തിച്ചിട്ടുണ്ടാകില്ല. എഴുത്തിലും പ്രഭാഷണത്തിലുമുള്ളനിരന്തരമായ ഈ പുതുക്കലുകൾ കൊണ്ടാവും മനസിൽ എന്നും യൗവനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്.

 സാനുമാഷെന്ന കുടുംബനാഥൻ

പ്രഭാഷണങ്ങളും പൊതു പ്രവർത്തനവുമായി മാഷ് എന്നും തിരക്കിലായിരുന്നു. സഹധർമ്മിണി രത്‌നമ്മയായിരുന്നു വീട്ടിലെ റാണി. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള മാഷിന്റെ ഓട്ടപ്പാച്ചിൽ അവരെ എന്നും വേവലാതിപ്പെടുത്തി.നാട്ടുകാരുടെ മാഷ് അല്ലേ, ഞാൻ എന്തു പറയാൻ എന്ന് അവർ സ്വയം ആശ്വാസം കണ്ടെത്തി.

ഒരു കാലത്ത് അതിഥികൾ ഒഴിയാത്ത ഒരു വീടായിരുന്നു അത്. കേരളത്തിലെ ഓരോ എഴുത്തുകാരുടെയും ഇഷ്ടവിഭവങ്ങൾ അവർ വച്ചു വിളമ്പി. ഒരിക്കൽ ആ കഥകളൊക്കെ പറയുന്നതിനിടയിൽ മാഷിന് ഗ്യാസ് സ്റ്റൗവ് കത്തിക്കാൻ അറിയാമോന്ന് ഞാൻ ആ അമ്മയോട് ചോദിച്ചു. സ്റ്റൗവ് കത്തിക്കാനോ, ഈ വീട്ടിൽ ഒരു ഗ്‌ളാസ് എവിടെയാണ് ഉള്ളതെന്ന് പോലും മാഷിന് അറിയില്ലെന്ന് ചിരിച്ചുകൊണ്ടവർ പറഞ്ഞു. എന്റെ കാലം കഴിഞ്ഞാൽ മാഷ് എന്തു ചെയ്യുമെന്ന് പറഞ്ഞ് പെട്ടെന്ന് അവർ വിതുമ്പി. ആ സ്‌നേഹത്തിന്റെ ആഴം കണ്ട് ഞാനും പതറി. എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി.

പിന്നീട് ഒരിക്കൽ കൊവിഡ് ലോക്ഡൗൺ കാലത്ത് ഞാൻ മാഷിന്റെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു. വായനാദിനത്തോട് അനുബന്ധിച്ച് മാഷിന് ഇഷ്ടപ്പെട്ട രണ്ടു പുസ്തകങ്ങളെ കുറിച്ച് അറിയുകയായിരുന്നു ഉദ്ദേശം. മാഷാണ് ഫോൺ എടുത്തത്. ഭാര്യയ്ക്ക് ഓർമ്മകുറവുണ്ടെന്നും രാത്രിയിൽ ഉറക്കം കുറവാണെന്നും പറഞ്ഞു. ഇടയ്ക്ക് എഴുന്നേറ്റു നടക്കും. മാഷും പിന്നാലെ ഓടും. ഭക്ഷണമൊക്കെ മുകളിലത്തെ നിലയിൽ താമസിക്കുന്ന മകന്റെ വീട്ടിൽ നിന്നെത്തിക്കും. ഇതൊക്കെ കേട്ടപ്പോൾ അടുക്കളയെ കുറിച്ച് മാഷിന് ഒന്നും അറിയില്ലെന്ന് അവർ മുമ്പ് പറഞ്ഞ വിശേഷം ഞാൻ അദ്ദേഹത്തോട് പങ്കുവച്ചു. അതു കേട്ടപ്പോൾ മാഷ് പെട്ടെന്ന് വീകാരാധീനനായി. ഞാൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന് ആവർത്തിച്ചു പറഞ്ഞു. ശബ്ദത്തിൽ അല്പം ഇടർച്ചയുണ്ടായിരുന്നു. കൊവിഡും സാമൂഹികമായ ഒറ്റപ്പെടലും പ്രിയതമയുടെ രോഗവും അദ്ദേഹത്തെ വല്ലാതെ നിസഹായനാക്കി.

എന്നാൽ ഇഷ്ടപ്പെട്ട രചനകളെ കുറിച്ച് പറഞ്ഞതോടെ മാഷ് പഴയ ഫോമിലേക്കെത്തി.
ബ്രിട്ടീഷ് തത്വചിന്തകനായ ബട്ടൻറ് റസലിന്റെ ആത്മകഥ ഒരു പാട് സ്വാധീനിച്ച കൃതിയാണ് എന്നു പറഞ്ഞു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന മൂന്ന് ഘടകങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള വെമ്പൽ, വിജ്ഞാനത്തിനു വേണ്ടിയുള്ള ദാഹം, മനുഷ്യരാശി അനുഭവിക്കുന്ന സീമാതീതമായ വേദനയുടെ നേർക്കുള്ള അനുതാപം എന്നിവയാണ് ഒരാൾക്ക് ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള ആത്മബലം നൽകുന്നതെന്ന ബട്രന്റ് റസലിന്റെ വചനങ്ങൾ ജീവിതത്തിൽ മാർഗദർശിയായി.

തന്റെ ശിഷ്യൻ കൂടിയായ പ്രൊഫ. ടി.ജെ.ജോസഫിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന കൃതിയാണ് മാഷ് രണ്ടാമത് തിരഞ്ഞെടുത്തത്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട അദ്ദേഹം തന്റെ അനുഭവങ്ങൾ അതിമനോഹരമായി സംയമനത്തോടെ വികാര ഭദ്രമായി അവതരിപ്പിക്കുന്നു. തീവ്രവാദത്തിന്റെ ഭീകരത മാത്രമല്ല സംഘടിത മതങ്ങളുടെ മനുഷ്യത്വമില്ലായ്മയും വോട്ടുബാങ്കുകൾ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയ കക്ഷികളുടെ ദയാ ശൂന്യതയും ഹൃദയാവർജകമായി ആവിഷ്‌കരിക്കാൻ ടി.ജെ.ജോസഫിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

അറിവിന്റെ വഴികൾ

പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പത്തുവർഷം മുമ്പ് എറണാകുളം ടൗൺ ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകൻ സാനു മാഷായിരുന്നു. ചടങ്ങിനു ശേഷം അദ്ദേഹത്തെ വീട്ടിൽ തിരിച്ചെത്തിക്കുന്ന ചുമതല എനിക്കായിരുന്നു. വാഹനത്തിൽ കയറിയ പാടേ പിൻ സീറ്റിലുണ്ടായിരുന്ന പത്രം എടുത്തു തുറന്നു നോക്കി അതിൽ നിന്ന് ഒരു പേപ്പറെടുത്തു മാഷ് നെഞ്ചിൽ ചേർത്തുപിടിച്ചു. അതിലെന്താണെന്ന് ഞാൻ കൗതുകത്തോടെ ചോദിച്ചു.

മലബാറിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉച്ചപത്രമാണ്. അതിൽ ശാരദക്കുട്ടിയുടെ ലേഖനമുണ്ട്. അവർ നന്നായി എഴുതുന്ന ആളാണ്. വീട്ടിൽ ചെന്നു വായിക്കണം. ഇഷ്ട്ടപ്പെട്ട ഈ എഴുത്തുകാരിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും തെല്ലു വ്യസനത്തോടെ പറഞ്ഞു.
എന്തോ വിഷയത്തിൽ പ്രതികരണമെടുക്കാൻ പിന്നീട് ഒരിക്കൽ ടീച്ചറിനെ ഫോൺ വിളിച്ചപ്പോൾ മാഷ് പേപ്പർ തട്ടിയെടുത്ത കഥയാണ് ആദ്യം പറഞ്ഞത്. ഇതിൽപരം സന്തോഷമെന്തുണ്ട് എന്നു പറഞ്ഞ് ടീച്ചർ ഹൃദയം നിറഞ്ഞു ചിരിച്ചു.

വായന കൈവിടാതെ

കാഴ്ചശക്തി കുറഞ്ഞ ശേഷം ലെൻസു വച്ചായിരുന്നു വായന. ജീവനു തുല്യം സ്‌നേഹിച്ചിരുന്ന പ്രിയശിഷ്യനും തിരക്കഥാകൃത്തുമായ ജോൺ പോളിന്റെ മരണം മാഷിനെ വല്ലാതെ ഉലച്ചിരുന്നു. അടുത്ത കാലത്ത് സംവിധായകൻ ഷാജി. എൻ. കരുണിന്റെ ആകസ്മിക വേർപാടും അദ്ദേഹത്തിന് വേദനയായി. അനുസ്മരണ ചടങ്ങിൽ മാഷ് പങ്കെടുത്തു.

വി.എസിന്റെ മരണത്തോടെ സമര കേരളത്തിന്റെ ഒരു നൂറ്റാണ്ടിന് അവസാനമായെങ്കിൽ സാനുമാഷിന്റെ വിയോഗത്തോടെ സാംസ്‌കാരിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ വിലപ്പെട്ട ഒരേടിന് പരിസമാപ്തിയാകുകയാണ്. Prof mk sanu; he is a writer and the rare man 

Content Summary: Prof mk sanu; he is a writer and the rare man

പ്രസന്ന

സീനിയർ ജേർണലിസ്റ്റ്

More Posts

പ്രസന്ന: സീനിയർ ജേർണലിസ്റ്റ്
Related Post
Leave a Comment