ഞങ്ങള്‍ക്കൊപ്പം ചേരൂ, സമ്പന്നനാകൂ; ഫിജികാര്‍ട്ട് പറയാതെ പറയുന്ന വാഗ്ദാനം. 160 വര്‍ഷത്തെ പാരമ്പര്യമുള്ള, ലോകമെമ്പാടും ശാഖകളുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പിന്തുണ മറ്റൊരു ആകര്‍ഷണത്വം. എന്നാല്‍ ഈ ബിസിനസ് മോഡലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിരവധിയാണെന്ന് അഴിമുഖം-ദി ന്യൂസ് മിനിട്ട് സംയുക്ത അന്വേഷണ പരമ്പരയിലെ മൂന്നാം ഭാഗം വായിച്ചാല്‍ വ്യക്തമാകും.
വലിയ സ്വപ്‌നങ്ങളുമായി ഈ ബിസിനസ് മോഡലില്‍ പങ്കാളികളാകുന്നവര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ ഒന്നില്‍ കൂടുതലായി ഞങ്ങളുടെ അന്വേഷണ പരമ്പരയില്‍ പങ്കുവച്ചിട്ടുണ്ട്. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി ഉയരുന്നൊരു ചോദ്യമുണ്ട്; എങ്ങനെയാണ് ഇതിലേക്ക് വീണ്ടും വീണ്ടും ഇരകള്‍ എത്തുന്നത്?
ഒറ്റ ഉത്തരം; കേട്ടതൊന്നും ശരിയല്ലെന്ന് അവര്‍ നിങ്ങളെ വിശ്വസിപ്പിക്കും.
അന്വേഷണ പരമ്പരയുടെ ഭാഗമായി, ഫിജികാര്‍ട്ടിന്റെ ഭാഗമാവാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ഞങ്ങള്‍ ഒരു ഏജന്റിനെ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. അയാള്‍ ഈ സംരഭത്തെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു;
”ഒരു ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് ഫിജികാര്‍ട്ട്. ലോകത്ത് എല്ലായിടത്തും സഹസ്ഥാപനങ്ങളുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരഭമാണിത്. ഈ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ബിസിനസിനെ തട്ടിപ്പെന്ന് വിളിക്കുന്ന ആളുകളുടെ പിതാക്കന്മാരുടെ കാലം മുതല്‍ ചെമ്മണൂര്‍ ഗ്രൂപ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 160 വര്‍ഷത്തെ പാരമ്പര്യമുള്ള ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ അമരക്കാരനാണ് ബോബി ചെമ്മണൂര്‍. ഒരു ജ്വല്ലറിയില്‍ നിന്ന് ആരംഭിച്ചാണ് 64 ജ്വല്ലറികളുടെ ഉടമസ്ഥതയിലേക്കും, ഇന്ന് ഇന്ത്യയില്‍ മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ച 25,000 കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിലേക്കും ബോബിയെത്തിയത്’.
ബോബി ചെമ്മണൂരിനെ തന്നെയാണ് തങ്ങളുടെ വിശ്വാസ്യതയ്ക്കായി അവര്‍ ആദ്യം അവതരിപ്പിക്കുന്നത്( ബോബിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ അന്വേഷണ പരമ്പരിലെ ആദ്യ രണ്ട് ഭാഗങ്ങള്‍ വായിക്കുക).
ഇ-കൊമേഴ്‌സിലേക്കുള്ള ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ചുവടുവയ്പ്പ് ആയിരുന്നു ഫിജികാര്‍ട്ടിലൂടെ നടന്നത് എന്നാണ് ഏജന്റ് പറഞ്ഞത്.
ഇ- കൊമേഴ്‌സ് എന്ന സാധ്യത ചെമ്മണൂര്‍ ഗ്രൂപ്പ് ആദ്യമായി പരീക്ഷിച്ചത് ഫിജികാര്‍ട്ടിലൂടെയാണ്. അത് മനസിലാക്കാനും വിലയിരുത്താനും കൂടുതല്‍ സുതാര്യമായ വീഡിയോ ശകലങ്ങള്‍ ഫിജികാര്‍ട്ടിന്റെ ഏജന്റുമാര്‍ വാട്‌സ് ആപ്പ് മുഖേന അയച്ചു തന്നു. ഇത് തന്നെയാണ് അവര്‍ ഓരോരുത്തരുടെ കാര്യത്തിലും ചെയ്യുന്നത്.
Also Read; പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ
തുടര്‍ന്നുള്ള വിശദീകരണം ഇങ്ങനെയാണ്; ‘ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ഫിജികാര്‍ട്ട്. അഥവാ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്. ഇവയിലൂടെ നമ്മുടെ വീടിനകത്ത് തന്നെയിരുന്ന് നമുക്ക് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. അവ നമ്മുടെ വീട്ടുപടിക്കല്‍ എത്തുകയും ചെയ്യുന്നു. ആമസോണ്‍ പോലെയുള്ള ആപ്പുകള്‍ മുഖേന നമ്മുടെ നാട്ടിലെ തന്നെ ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഒരുപാട് ഉത്പന്നങ്ങളുള്ള ഒരു ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് ഫിജികാര്‍ട്ട്’.
ഫിജികാര്‍ട്ടിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഏജന്റുമാര്‍ ഉപയോഗിക്കുന്ന പ്രധാന തന്ത്രം, ഇതില്‍ പങ്കാളിയാകാനുള്ള നിബന്ധനകളില്ലായ്മയാണ്. 18 വയസ് തികയണം എന്ന ഒരൊറ്റ മാനദണ്ഡം മാത്രം. ജാതി, മതം, മുന്‍പരിചയം, വിദ്യാഭ്യാസം, സാക്ഷരത എന്നിവയൊന്നും ഈ ബിസിനസില്‍ പ്രസക്തമല്ല. തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ഒരു ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓണറാകാം അല്ലെങ്കില്‍ ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഷെയര്‍ നേടാം എന്നതാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനം.
തുടക്കത്തില്‍ ഏഴ് ഉത്പന്നങ്ങളുമായി ആരംഭിച്ച ഫിജികാര്‍ട്ടില്‍ ഇപ്പോള്‍ 5000ത്തിലധികം ഉത്പന്നങ്ങള്‍ ഉണ്ടെന്നും, ഇടനിലക്കാരോ പരസ്യക്കാരോ ഇല്ലാതെയാണ് ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഏജന്റുമാര്‍ ഊന്നിപ്പറയുന്നു. എന്നാല്‍, പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഓണറാകാം എന്ന് പറയുമ്പോഴും, ജിഎസ്ടി, ലൈസന്‍സ്, പ്രൊഡക്റ്റ് പര്‍ച്ചേസ് തുടങ്ങിയ കാര്യങ്ങള്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നേരിട്ട് നടത്തും എന്നാണവര്‍ പറയുന്നത്, ‘ഓണര്‍’ എന്ന പദവിയുടെ യഥാര്‍ത്ഥ അധികാരം എത്രത്തോളമുണ്ടെന്ന ചോദ്യമുണ്ട് ഇവിടെ.
ഫിജികാര്‍ട്ട് ശൃംഖലയിലെ പുതിയ അംഗത്തോട് മറ്റൊരാളെക്കൂടി ഇതിലേക്ക് ചേര്‍ക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. തൊഴിലവസരം ഒരുക്കി കൊടുക്കുകയാണ് എന്ന ധാരണ അംഗങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.
ഫിജികാര്‍ട്ട് ഒരു ഡയറക്ട് സെല്ലിംഗ് കമ്പനി മാത്രമല്ല, ഇതൊരു റഫറല്‍ ഷോപ്പിംഗ് അവസരം കൂടിയാണ്. ഏറ്റവും പ്രധാനമായി, ഇവിടെ മുതല്‍മുടക്കുണ്ട്. ഒരു ഐഡി എടുത്ത് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഒരു ചെറിയ തുക മുടക്കി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് ഏജന്റ് ആവശ്യപ്പെടുന്നത്. 5000 മുതല്‍മുടക്കില്‍ തുടങ്ങുന്ന ഈ സംരംഭം, കൂടുതല്‍ വരുമാനം നേടാനായി ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനോ, അല്ലെങ്കില്‍ മറ്റൊരാളെക്കൂടി ശൃംഖലയിലേക്ക് ചേര്‍ക്കാനോ (റഫറല്‍) ആവശ്യപ്പെടുന്നു.
ഇത്തരത്തില്‍ ‘തൊഴിലവസരം ഒരുക്കി കൊടുക്കുകയാണ്’ എന്ന ധാരണ ഉണ്ടാക്കിയെടുക്കുന്നതിലൂടെ, ശൃംഖല വിപുലീകരിക്കാന്‍ നിലവിലുള്ള അംഗങ്ങളെ ഉപയോഗിക്കുന്ന ഒരു മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് ഘടനയാണ് ഫിജികാര്‍ട്ട് പിന്തുടരുന്നതെന്ന് സംശയിക്കാം. റഫര്‍ ചെയ്യുന്നതിലൂടെ ലോകത്തെവിടെയും ബ്രാഞ്ചുകളുടെ ഓണറാകാം എന്ന വാഗ്ദാനം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്.
Also Read; ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും
ബിസിനസുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആരാഞ്ഞാല്‍, ”അങ്ങനെ സംഭവിക്കാന്‍ ഒരു ശതമാനം സാധ്യത പോലുമില്ല” എന്ന മറുപടിയാണ് ഏജന്റുമാര്‍ നല്‍കുന്നത്. ടാര്‍ഗറ്റോ, പ്രഷറോ, ടെന്‍ഷനോ ഇല്ലാതെ വലിയ തുക വരുമാനം നേടാന്‍ സാധിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കുന്നു.
ബോബി ചെമ്മണൂരിന് എതിരെയുള്ളതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും, നിയമപരമായി പ്രവര്‍ത്തിക്കുന്ന ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ വരുന്ന ആരോപണങ്ങളെ തടുക്കാന്‍ അദ്ദേഹത്തിന് ശേഷിയുണ്ടെന്നും ഏജന്റ് പറയുന്നു. സെലിബ്രിറ്റി സ്റ്റാറ്റസുള്ള അദ്ദേഹത്തെ തകര്‍ക്കാന്‍ ചുറ്റും ആളുകളുണ്ടെന്നും, ഇതിനെതിരെ രേഖകള്‍ വെച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നുമുള്ള പ്രതിരോധം, കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന ഏത് ചോദ്യങ്ങളെയും നേരിടാന്‍ വേണ്ടി അവര്‍ തയ്യാറാണെന്നാണ് വ്യക്തമാക്കുന്നത്.
ബിസിനസ് മോഡലിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. റഫറല്‍ ഷോപ്പിംഗ്, ഇ-കൊമേഴ്സ്, ഡയറക്ട് സെല്ലിംഗ് എന്നിവ ഒരുമിച്ച് ലഭിക്കുന്ന ഏഴ് തരത്തിലുള്ള ലാഭം എടുത്തു കാണിക്കുക. നിലവില്‍ അംഗങ്ങളായവരില്‍ പകുതിയിലധികവും സ്ത്രീകളാണ് എന്ന് ചൂണ്ടിക്കാട്ടി, കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമായ വരുമാന മാര്‍ഗ്ഗമായി ഇതിനെ സ്ഥാപിച്ചെടുക്കുക. വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേര്‍ത്ത് രാവിലെയും വൈകിട്ടുമുള്ള ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെ സ്ഥിരമായി ആശയവിനിമയം നടത്തുക എന്നിവയാണ് ഏജന്റ് മുന്നോട്ട് വയ്ക്കുന്ന തന്ത്രങ്ങള്‍.
Also Read; ആർബിഐയിൽ നിന്ന് ബോബിയുടെ ഉദ്യോഗസ്ഥനായി മാറിയ വി. പഹല
ഡയറക്ട് സെല്ലിംഗ്, ഇ-കൊമേഴ്സ്, റഫറല്‍ ഷോപ്പിംഗ് എന്നിവയുടെ സാധ്യതകള്‍ ഒരുമിച്ച് നല്‍കുന്നു എന്ന് പറയുന്ന ഫിജികാര്‍ട്ട്, കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും അധികവരുമാനം ആഗ്രഹിക്കുന്നവരെയും ലക്ഷ്യം വെക്കുന്നു എന്നത് വ്യക്തമാണ്. ബോബി ചെമ്മണൂരിന്റെ പാരമ്പര്യവും, കുറഞ്ഞ നിക്ഷേപത്തിലൂടെ ഓണ്‍ലൈന്‍ ഓണറാകാനുള്ള അവസരവും, സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന ഉറപ്പും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
എന്നാല്‍, ഒരു മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ എല്ലാ ലക്ഷണങ്ങളും ഇതില്‍ കാണുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില്‍പനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആളുകളെ ശൃംഖലയിലേക്ക് ചേര്‍ക്കുന്നതിനാണ്. അതുകൊണ്ട് തന്നെ, ഫിജികാര്‍ട്ടിന്റെ ഏജന്റുമാര്‍ അവതരിപ്പിക്കുന്ന ഈ അവസരത്തില്‍ പങ്കാളിയാകാന്‍ ശ്രമിക്കുന്നവര്‍, ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ക്കപ്പുറം ബിസിനസ്സിന്റെ യഥാര്‍ത്ഥ ഘടനയും, റഫറല്‍ ശൃംഖല തകര്‍ന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.
നിയമപരമായി പ്രവര്‍ത്തിക്കുന്നു എന്ന അവകാശവാദം നിലനില്‍ക്കുമ്പോഴും, ഡയറക്ട് സെല്ലിംഗ് മേഖലയിലെ ചരിത്രം സൂചിപ്പിക്കുന്നത്, എല്ലാവര്‍ക്കും കോടീശ്വരനാകാന്‍ കഴിയില്ലെന്നും, ശൃംഖലയുടെ മുകളിലുള്ളവര്‍ മാത്രം ലാഭം കൊയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ്.
Also Read; ‘ആ സിഡി കണ്ട് വി എസ് ഞെട്ടി, ഇവനെ വെറുതെ വിടരുതെന്ന് പറഞ്ഞു’
content summary: What promises does Phygicart make to attract people to the project, and what is the reality behind those claims?
This post was last modified on November 29, 2025 6:04 am
Leave a Comment