June 26, 2026 |
Avatar
ജിഷ സൂര്യ
Share on

ഫിജികാര്‍ട്ട്; ആഘോഷമാക്കിയ ആഡംബരത്തിന്റെ മറുപുറം

അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി തയ്യാറാക്കുന്ന നാല് ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം

ബോബി ചെമ്മണൂരിന്റെ പിന്തുണയോടെ വളരുന്ന മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഫിജികാര്‍ട്ടിന്റെ ആകര്‍ഷണീയമായ മാര്‍ക്കറ്റിംഗ് ചിലര്‍ക്ക് സമ്പത്തുണ്ടാക്കിയെങ്കിലും, ഒട്ടേറെ യുവാക്കള്‍ക്ക് ഒരു അപകടകരമായ കടക്കെണിയായി മാറിയത് എങ്ങനെ എന്ന് അഴിമുഖവും ന്യൂസ് മിനിട്ടും നടത്തിയ അന്വേഷണ പരമ്പരയിലെ മൂന്നാമത്തെ ഭാഗം പരിശോധിക്കുന്നു. ആദ്യ രണ്ട് ഭാഗങ്ങള്‍ വായിക്കാം; പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ , ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും

തന്റെ മേലുദ്യോഗസ്ഥര്‍ ആഗ്രഹിച്ചതുപോലെ ഒരു സമ്പന്നന്റെ ഭാവത്തിലാണ് ഇന്‍സ്റ്റാഗ്രാം ഫോട്ടോകളില്‍ ജി. ഗോകുല്‍ കാണപ്പെടുന്നത്: ടു-പീസ് സ്യൂട്ട്, പിന്നില്‍ തിളങ്ങുന്ന ആഢംബര കാര്‍, ജീവിതവിജയം നേടിയ ചെറുപ്പക്കാരന്‍. ഫിജികാര്‍ട്ടില്‍ ചേര്‍ന്നാല്‍ ഈ ജീവിതം മറ്റുള്ളവര്‍ക്കും നയിക്കാന്‍ കഴിയുമെന്ന് യുവാക്കളെ വിശ്വസിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഫോട്ടോകള്‍.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ 29-കാരന്‍ ചാരിനില്‍ക്കുന്ന കാര്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് ലഭിച്ചതല്ല, മറിച്ച് അയാള്‍ ഒരു വലിയ വായ്പ എടുത്ത് വാങ്ങിയതാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രകടനം നടത്തിയാലേ തന്റെ സാമ്പത്തിക സ്ഥിതിക്ക് താഴെ ഉള്ള ആളുകളെ ഈ പരിപാടിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ആകൂ എന്ന ടീം ലീഡര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആയിരുന്നു അത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ തന്റെ പരിചയക്കാരെപ്പോലെ, 2021-ലെ കോവിഡ്-19 ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലാണ് ഗോകുല്‍ ഫിജികാര്‍ട്ട് ഇ-കോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് വരുന്നത്. വ്യവസായി ബോബി ചെമ്മണൂര്‍ പ്രൊമോട്ട് ചെയ്യുന്ന ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണിത്. ഏകദേശം മൂന്നുവര്‍ഷം ‘അഫിലിയേറ്റ്’ ആയി പ്രവര്‍ത്തിച്ച ശേഷമാണ് ഗോകുല്‍ ഫിജികാര്‍ട്ട് വിടുന്നത്.

‘നിങ്ങള്‍ ആദ്യ പടിയിയായ ‘സ്റ്റാര്‍’-ല്‍ പ്രവേശിച്ചാല്‍, ബ്രാന്‍ഡഡ് ഷര്‍ട്ടുകളും ഷൂസുകളും വാങ്ങാന്‍ ലീഡര്‍മാര്‍ നിങ്ങളെ പ്രേരിപ്പിക്കും’, ഗോകുല്‍ 2024 ഓഗസ്റ്റില്‍ ഞങ്ങളോട് പറഞ്ഞു. ‘500 രൂപയുടെ ഷര്‍ട്ടുകള്‍ വാങ്ങുന്നവര്‍ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ വാങ്ങേണ്ടിവരും. കൂടുതല്‍ ആളുകളെ സ്‌കീമിലേക്ക് കൊണ്ടുവരാന്‍ ആഡംബര ജീവിതശൈലി പ്രകടിപ്പിക്കണമെന്ന് അവര്‍ പറയും,’ അദ്ദേഹം പറഞ്ഞു.

മൂന്നാം ഘട്ടമായ ബ്രോണ്‍സ് എത്തിയപ്പോഴേക്കും ഗോകുലിനു മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. ‘ഒരു കാര്‍ ബുക്ക് ചെയ്യാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. ജോലി രാജിവെച്ച് ഫിജികാര്‍ട്ടില്‍ മുഴുവന്‍ സമയവും ചേരാനും ലീഡര്‍മാര്‍ ഞങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി.’

ഫിജികാര്‍ട്ട്, മറ്റ് മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് സ്‌കീമുകളെപ്പോലെ, ഉത്പന്നങ്ങള്‍ മാത്രമല്ല വില്‍ക്കുന്നത്, സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടിയാണ്. ഫിജികാര്‍ട്ട് മൂലം സാമ്പത്തിക പുരോഗതിയുണ്ടായവര്‍ ആഡംബര കാറുകള്‍ വാങ്ങുന്ന ചടങ്ങുകള്‍ ടീം അംഗങ്ങള്‍ ചേര്‍ന്ന് വന്‍ ആഘോഷമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

ഇടത്തട്ടില്‍ കുടുങ്ങിയ ഗോകുലിനെപ്പോലുള്ളവര്‍ കടക്കെണിയിലാകുമ്പോഴും പുതിയ റിക്രൂട്ട്‌മെന്റുകള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സമ്പന്നത പരസ്യമായി പ്രകടിപ്പിക്കേണ്ടി വന്നു. ‘ആരും, പ്രത്യേകിച്ച് ഒരു കരിയര്‍ തുടങ്ങാന്‍ പോകുന്ന യുവാക്കള്‍, ഇത്തരം സ്‌കീമുകളില്‍ കുടുങ്ങരുത്,’ എന്നാണ് ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന ഗോകുല്‍ അഭ്യര്‍ത്ഥിക്കുന്നത്.

വ്യവസായി ബോബി ചെമ്മണൂരിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലും ഉണ്ടായിരുന്ന വിശ്വാസമാണ് ഗോകുലിനെ പോലെ പലരെയും ഈ പദ്ധതിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.

2023-ല്‍ കമ്പനിയുടെ വരുമാനം കുറഞ്ഞതായി സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നു. 2023 സെപ്റ്റംബര്‍ 30 ആയിരുന്നു ഫിജികാര്‍ട്ടിന്റെ അവസാനമായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഷിക പൊതുയോഗം. കമ്പനി സജീവമായി തുടരുകയും ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (ജിഎസ്ടി) റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ള റെഗുലേറ്ററി ഫയലിംഗ് ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുന്നുണ്ടെങ്കിലും, 2022-23 ന് ശേഷമുള്ള സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ ഫയല്‍ ചെയ്തിട്ടില്ല.

ഫിജികാര്‍ട്ടിന്റെ പിറവി

ഫിസിക്കല്‍-ഡിജിറ്റല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഫിജികാര്‍ട്ട് എന്ന പേര് വന്നിരിക്കുന്നത്. അവരുടെ വെബ്സൈറ്റില്‍ ഇതൊരു ഇ-കൊമേഴ്സ്, ഡയറക്ട് സെല്ലിംഗ് സ്ഥാപനമെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. വിവിധതരം ഉപഭോക്തൃ ഉത്പന്നങ്ങള്‍, ആരോഗ്യ, ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനക്കായി മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗിന്റെ ഒരു ബൈനറി മോഡല്‍ പിന്തുടരുന്നുണ്ടെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ മോഡല്‍ ഒറ്റപ്പെട്ട ഇനങ്ങളെക്കാള്‍ വിലകൂടിയ പാക്കേജ് പ്രൊഡക്ടുകളുടെ വില്‍പ്പനക്കാണ് പ്രാധാന്യം നല്‍കുന്നത്. 5,000 രൂപ മുതല്‍ 12,000 രൂപയിലധികം വരെ വിലയുള്ള ഇത്തരം പാക്കേജുകള്‍ വിതരണക്കാര്‍ക്ക് സെയില്‍സ് വോളിയം കമ്മീഷനുകള്‍ നേടുന്നതിന് നിര്‍ണായകമാണ്.

2016-ല്‍ ദുബായില്‍ സംരംഭകരായ അനീഷ് കെ ജോയിയും ജോളി ആന്റണിയും ചേര്‍ന്നാണ് ഫിജികാര്‍ട്ട് സ്ഥാപിച്ചത്. 2018 ജൂലൈയില്‍ കേരള വിപണിയിലേക്ക് കടന്നു വന്നപ്പോള്‍ പ്രമോട്ടറായി വന്നത് ബോബി ചെമ്മണൂരാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന പങ്കെടുത്ത ലോഞ്ചിംഗ് അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനാണ് ഉദ്ഘാടനം ചെയ്തത്.

കോവിഡ് കാലത്തെ ലോക്ക്ഡൗണുകളും അതുമൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും മൊത്തം വിപണിയെയും ബാധിച്ചിട്ടും, 2021-ല്‍ ഡയറക്ട് സെല്ലിംഗ് വ്യവസായം ശ്രദ്ധേയമായ വളര്‍ച്ചയാണ് നേടിയത്. ഈ കാലയളവിലാണ് ഫിജികാര്‍ട്ടിനും മുന്നേറ്റമുണ്ടായത്. മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട പലരും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി. ഡയറക്ട് സെല്ലിംഗ് ബിസിനസ് ആകര്‍ഷകമായ കുറഞ്ഞ നിക്ഷേപത്തിലുള്ള സംരംഭക അവസരമായി അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

2022-ല്‍, ഫിജികാര്‍ട്ടിന് നാല് ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നും ദക്ഷിണേന്ത്യയിലെ മുന്‍നിര ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണിതെന്നും ബോബി അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് അസോസിയേഷന്‍ (ഐഡിഎസ്എ) കണക്കനുസരിച്ച് രാജ്യത്തെ സജീവ ഡയറക്ട് സെല്ലര്‍മാരുടെ എണ്ണം 2022-23-ല്‍ 86 ലക്ഷമായിരുന്നു. ഈ കാലയളവിലെ ഡയറക്ട് സെല്ലിംഗ് മൊത്തം വിറ്റുവരവ് 21,282 കോടി രൂപയും.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ഐഡിഎസ്എ ഡാറ്റ പ്രകാരം മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക, ഒഡീഷ, ഹരിയാന, ന്യൂഡല്‍ഹി, അസം, ഗുജറാത്ത് എന്നീ പത്ത് സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന്റെ മൊത്തം വില്‍പ്പന വിറ്റുവരവിന്റെ 69.2% നേടിയത്. ദക്ഷിണേന്ത്യയില്‍, കര്‍ണാടക പ്രാദേശിക വരുമാനത്തിന്റെ 37.2% വും തമിഴ്‌നാട് (20.9%), തെലങ്കാന (16.3%) എന്നിവയും നേടി, കേരളം 14.8% വുമായി നാലാം സ്ഥാനത്താണ്.

എന്നാല്‍, ഫിജികാര്‍ട്ട് ഐഡിഎസ്എയുടെ ഭാഗമല്ല.

കമ്പനിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, 2021-22-ല്‍ 217.5 കോടി രൂപ വരുമാനമുണ്ടായിരുന്നത് 2022-23-ല്‍ 99.3 കോടി രൂപയായി കുറഞ്ഞു. അഫിലിയേറ്റുകളുടെ എണ്ണത്തിലുള്ള കുറവാകാം ഒരു കാരണം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ എബിഐടിഡിഎ മാര്‍ജിന്‍ 14% ആയി ഉയര്‍ന്നപ്പോള്‍ കമ്പനി ഏറ്റവും ഉയര്‍ന്ന ലാഭക്ഷമത കൈവരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഈ മാര്‍ജിനുകള്‍ കുത്തനെ ഇടിഞ്ഞ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3% ആവുകയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ വര്‍ദ്ധനവോടെ 4% ആവുകയും ചെയ്തു.

ഒരു കമ്പനിയുടെ പ്രവര്‍ത്തനപരമായ കരുത്ത് വിലയിരുത്താന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ലാഭക്ഷമതാ അനുപാതമാണ് എബിഐടിഡിഎ മാര്‍ജിന്‍. ധനകാര്യച്ചെലവുകള്‍ (പലിശ), സര്‍ക്കാര്‍ ലെവികള്‍ (നികുതികള്‍), നോണ്‍-ക്യാഷ് ചെലവുകള്‍ (മൂല്യശോഷണം, അമോര്‍ട്ടൈസേഷന്‍) എന്നിവ കണക്കാക്കുന്നതിന് മുമ്പ് ഒരു കമ്പനി എത്ര ശതമാനം വരുമാനം നിലനിര്‍ത്തുന്നു എന്ന് ഇത് കാണിക്കുന്നു.

2022-23 വര്‍ഷത്തെ ധനകാര്യ പ്രസ്താവനകളില്‍ കമ്പനി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കമ്മീഷന്‍ തുകയും നിലവിലെ ബാധ്യതകള്‍ക്ക് കീഴിലുള്ള റിവാര്‍ഡ് വാലറ്റിന്റെ തുകയും സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ഓഡിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് സോഫ്റ്റ്വെയര്‍ പ്രശ്നങ്ങളാണെന്നായിരുന്നു കമ്പനിയുടെ വാദം. അവ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു.

ബാലുശ്ശേരിയിലെ ആഡംബര കാറുകളും ഇഎംഐ കടക്കെണികളും

ഗോകുലിന്റെ ജന്മനാടായ ബാലുശ്ശേരി, ഫിജികാര്‍ട്ടിന്റെ വളര്‍ച്ചയും പിന്നീട് അതുണ്ടാക്കിയ നിരാശയും വെളിപ്പെടുത്തുന്ന കഥയിലെ ഒരു പ്രധാന കേന്ദ്രമാണ്. ഈ ചെറിയ പട്ടണത്തില്‍ പദ്ധതി വ്യാപകമായ സ്വാധീനം ഉണ്ടാക്കിയിരുന്നു.

ബാലുശ്ശേരി സ്വദേശികളായ റിജില്‍ ഭരതന്‍, രഞ്ജുലാല്‍ എന്നിവര്‍ ബിസിനസ്സ് ജനപ്രിയമാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇവര്‍ പ്രദേശത്ത് ഫിജികാര്‍ട്ടിലൂടെ ഏറ്റവും ഉയര്‍ന്ന വരുമാനം ഉണ്ടാക്കിയവരായാണ് അറിയപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ച ഇവരുടെ വിജയഗാഥകള്‍ കോവിഡ് മൂലം തൊഴില്‍ പ്രശ്നം നേരിട്ട നിരവധി യുവാക്കളെ ഫിജികാര്‍ട്ടിലേക്ക് ആകര്‍ഷിച്ചു. ‘ഞങ്ങളുടെ മീറ്റിംഗുകളില്‍, ഇതുവരെ കാര്‍ വാങ്ങാത്തവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ടീം ലീഡര്‍മാര്‍ ആവശ്യപ്പെടും. അത് അപമാനകരവും സമ്മര്‍ദ്ദകരവുമായിരുന്നു. ഞങ്ങളുടെ ജോലി വേണ്ടവിധം ചെയ്യുന്നില്ലെന്ന് അവര്‍ ഞങ്ങളെക്കൊണ്ട് തോന്നിപ്പിക്കും,’ ഗോകുല്‍ പറയുന്നു.

തന്റെ സ്വര്‍ണ്ണമാല വിറ്റും, അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചും, ലോണുകള്‍ എടുത്തും ഗോകുല്‍ 2021 ഡിസംബറില്‍ ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന സ്‌കോഡ റാപ്പിഡ് വാങ്ങി. ‘കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഫിജികാര്‍ട്ട് അംഗങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പങ്കുവെച്ചു,’ അദ്ദേഹം പറഞ്ഞു.

ആ സമയത്തും ഗോകുല്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ക്കായി കഷ്ടപ്പെടുകയായിരുന്നു, ഏകദേശം 21,000 രൂപയായിരുന്നു കാറിന്റെ ഇഎംഐ. അതയാളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കി. ‘മുതിര്‍ന്ന ലീഡര്‍മാര്‍ എന്നെ ഫിജികാര്‍ട്ടില്‍ മുഴുവന്‍ സമയവും ചേരാന്‍ നിര്‍ബന്ധിച്ചതോടെ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലി ഞാന്‍ രാജിവെച്ചു. ബ്രോണ്‍സ് ഘട്ടത്തില്‍ എത്തിയാല്‍ പ്രതിമാസം 40,000 രൂപയോളം പെര്‍ഫോമന്‍സ് ബോണസ് ലഭിക്കുമെന്നായിരുന്നു അവര്‍ എനിക്ക് നല്‍കിയ ഉറപ്പ്. ക്രൗണ്‍ അംബാസഡര്‍ എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന തലത്തില്‍ എത്തുന്നവര്‍ക്ക് ഒമ്പത് ലക്ഷം രൂപയുടെ പേയ്‌മെന്റ് ആയിരുന്നു ഉറപ്പ്,’ അദ്ദേഹം പറഞ്ഞു.

സോണല്‍ സെയില്‍സ് മാനേജര്‍മാര്‍ക്ക് ഫിജികാര്‍ട്ട് അഞ്ചു ലക്ഷം രൂപയുടെ ‘കാര്‍ ഫണ്ടുകള്‍’ വാഗ്ദാനം ചെയ്തിരുന്നു എന്നും ഗോകുല്‍ പറഞ്ഞു. ‘കാര്‍ ഫണ്ടിന് അര്‍ഹത നേടുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. ഏഴാമത്തെ ലെവലില്‍ എത്തിയവര്‍ക്ക് മാത്രമേ യോഗ്യത ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, മൂന്നാം ലെവലില്‍ എത്തിയവരെക്കൊണ്ട് പോലും അവര്‍ കാറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു,’ ഗോകുല്‍ പറഞ്ഞു.

2022-ല്‍ ഒരു പൊതു പ്രസംഗത്തില്‍ ബോബി പറഞ്ഞത്, ബിസിനസ് ചെയ്യുന്നില്ലെങ്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുമെന്ന് തനിക്ക് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു. ‘ഞാന്‍ പണം നഷ്ടപ്പെടുത്തി, ഞാന്‍ പണം നഷ്ടപ്പെടുത്തി എന്ന് ചിലര്‍ പരാതിപ്പെടുന്നു. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് പണം ലഭിക്കൂ,’ ബോബിയുടെ വാക്കുകളാണ്.

‘ആദ്യ മാസത്തില്‍ നിങ്ങള്‍ക്ക് 5000 രൂപ മാത്രമേ ലഭിക്കൂ. അടുത്ത മാസം അത് 10,000 രൂപയാകും. പിന്നെ 25,000 രൂപ, 50,000 രൂപ, ഒരു ലക്ഷം രൂപ, അഞ്ചു ലക്ഷം രൂപ, നാല് വര്‍ഷത്തിനിടയില്‍ 50 ലക്ഷം രൂപ. ഇതൊരു ലോട്ടറിയല്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും,’ ബോബി പറഞ്ഞു.

ഏകദേശം മൂന്ന് വര്‍ഷം കൊണ്ട് ഫിജികാര്‍ട്ടില്‍ നിന്ന് തനിക്ക് ലഭിച്ച വരുമാനം 3.5 ലക്ഷം രൂപ മാത്രമാണെന്നാണ് ഗോകുല്‍ പറഞ്ഞത്. ബാലുശ്ശേരിയിലും പരിസരത്തും ആളുകളെ കണ്ടെത്തുന്നതിനായി മാത്രം ഏകദേശം രണ്ടു ലക്ഷം രൂപ ഇന്ധനത്തിനായി ചെലവഴിച്ചുവെന്നാണ് ഗോകുല്‍ പറയുന്നത്. ‘ഒരു മാസത്തില്‍ ഏറ്റവും കൂടുതലായി സമ്പാദിച്ചുവെന്ന് പറയാവുന്ന തുക 42,000 രൂപയാണ്, അതും ഒറ്റത്തവണ മാത്രം. ചിലപ്പോള്‍ കിട്ടുന്നത് 2000 രൂപ മാത്രമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

വാങ്ങി ഏകദേശം പത്ത് മാസത്തിന് ശേഷം, ഗോകുല്‍ തന്റെ കാര്‍ പകുതി വിലയ്ക്ക് വിറ്റു. 16 ലക്ഷം രൂപയുടെ കടം, മോശം സിബില്‍ സ്‌കോര്‍, ചില സുഹൃത്തുക്കളുമായുള്ള ബന്ധത്തിലെ വിള്ളല്‍, തകര്‍ന്ന കരിയര്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ ഫിജികാര്‍ട്ട് ജീവിതത്തിന്റെ കണക്കുപുസ്തകം.

26 വയസ്സുള്ള അര്‍ജുന്‍ കെ.എം, ഗോകുല്‍ വഴിയാണ് ഫിജികാര്‍ട്ടില്‍ ചേര്‍ന്നതെങ്കിലും അദ്ദേഹം ഇപ്പോഴും സുഹൃത്തിനെ കുറ്റപ്പെടുത്തുന്നില്ല. ‘എന്റെ പഠനകാലത്ത് ഗോകുല്‍ എനിക്ക് പണം കടം തന്ന് സഹായിച്ചിട്ടുണ്ട് . തങ്ങളോട് ‘പറ്റില്ല’ എന്ന് പറയാന്‍ കഴിയാത്ത, വളരെ അടുത്ത ആളുകളെ ലക്ഷ്യമിടാനാണ് ഫിജികാര്‍ട്ട് ടീം എല്ലാവരോടും ആവശ്യപ്പെട്ടിരുന്നത്,’ അര്‍ജുന്‍ പറഞ്ഞു.

അര്‍ജുനെക്കൊണ്ടും ഫോക്‌സ്വാഗണ്‍ പോളോ വാങ്ങിച്ചു. അത് കുറച്ച് മാസങ്ങള്‍ക്ക് ശേഷം വില്‍ക്കേണ്ടിയും വന്നു. കുടുംബാംഗങ്ങളുടെ സ്വര്‍ണ മോതിരങ്ങള്‍ വിറ്റും സഹോദരിയുടെ ആഭരണങ്ങള്‍ പണയം വെച്ചും കടം വീട്ടേണ്ടതായി വന്നു. 26 വയസായപ്പോഴേക്കും തനിക്ക് നേരിട്ട വലിയ കടം ടീച്ചര്‍ ട്രെയിനിംഗ് എജ്യുക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അര്‍ജുന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി. ‘എനിക്ക് അധ്യാപനം ഇഷ്ടമായിരുന്നു, ഇപ്പോള്‍ ഞാനിവിടെ എത്തി,’ വില്‍പ്പനക്കാരനായി ജോലി ചെയ്യുന്ന മൊബൈല്‍ ഫോണ്‍ കടയിലേക്ക് ചൂണ്ടി അര്‍ജുന്‍ പറഞ്ഞു.

ഞങ്ങള്‍ അവസാനമായി സന്ദര്‍ശിച്ചപ്പോള്‍ ബാലുശ്ശേരിയില്‍ ഒരു കാലത്ത് ഫിജികാര്‍ട്ട് സ്റ്റോര്‍ ആയിരുന്ന മുറി ഒരു ഹെയര്‍ സലൂണായി മാറ്റിയിരുന്നു. ഫിജികാര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ പ്രധാന സ്റ്റോറായി നിശ്ചയിച്ചിരുന്ന മറ്റൊരു ബഹുനില കെട്ടിടത്തിന് മുന്നില്‍ ‘വാടകയ്ക്ക്’ എന്നെഴുതിയ ബാനര്‍ കാണാമായിരുന്നു.

‘ഫിജികാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഏറ്റവും വലിയ സ്റ്റോര്‍ ആയി ഇത് പരസ്യം ചെയ്യപ്പെട്ടിരുന്നു. അത് ഒരിക്കലും തുറന്നില്ല,’ ഗോകുല്‍ പറഞ്ഞു.

പൊള്ളുന്ന യാഥാര്‍ഥ്യം

2023-ല്‍, ഗോകുല്‍ ഉള്‍പ്പെടെയുള്ള ആറ് ഫിജികാര്‍ട്ട് ‘അഫിലിയേറ്റുകളുടെ’ ഒരു ചെറിയ കൂട്ടം, തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്യാന്‍ ‘റിയാലിറ്റി’ എന്ന പേരില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. താമസിയാതെ ഗ്രൂപ്പ് വളര്‍ന്നു. കമ്പനി ‘ലീഡര്‍മാരുടെ’ ഇടപെടലില്ലാതെ ഓരോരുത്തരും അവരവരുടെ അനുഭവങ്ങള്‍ അവിടെ പങ്കുവച്ചു.

‘ഗ്രൂപ്പ് ആരംഭിച്ച് വൈകാതെ തന്നെ 200-ല്‍ അധികം അംഗങ്ങളുണ്ടായി. വാട്സ് ഗ്രൂപ്പ് സജീവമായതോടെ, ഫിജികാര്‍ട്ട് ഒത്തുതീര്‍പ്പിനായി ഞങ്ങളെ വിളിച്ചു. ഞങ്ങളത് അവഗണിച്ചതോടെ, അവര്‍, അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 10 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റ് ആറോ ഏഴോ പേര്‍ക്കും നോട്ടീസ് ലഭിച്ചു. ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ ഭയം സൃഷ്ടിക്കാനായിരുന്നു ഇത്,’ ഗോകുല്‍ പറഞ്ഞു.

പിന്നീട് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഗോകുലിന് ഒരു ഫോണ്‍ കോള്‍ വന്നു.

‘വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അഞ്ച് പേരോടൊപ്പം സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് എന്നോട് പറഞ്ഞു,’ ഗോകുല്‍ പറഞ്ഞു. സ്റ്റേഷനില്‍ വെച്ച്, പോലീസ് ആദ്യം തങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായി ഗോകുല്‍ ആരോപിച്ചു.

‘ഫിജികാര്‍ട്ടിന്റെ ഉന്നത മാനേജ്‌മെന്റിലെ അനീഷ് കെ ജോയി ഉള്‍പ്പെടെയുള്ള ചിലര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഫിജികാര്‍ട്ട് ടീം മനസ്സിലാക്കി. അതോടെ അവര്‍ കേസ് പിന്‍വലിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കരാട്ടെ അധ്യാപകനായി ജോലി ചെയ്യുന്ന അരുണ്‍ കുമാര്‍ പറഞ്ഞത്, ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമവിരുദ്ധത തെളിയിക്കാന്‍ പ്രയാസമായതിനാല്‍ അവര്‍ക്കെതിരേ പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്. ‘മെമ്പര്‍ഷിപ്പ് ഫീസില്ല. നിങ്ങള്‍ക്ക് സൗജന്യമായി ചേരാം. നിങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ളതാണ് പണം. നിലവിലുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്ഥാപനം പിന്തുടരുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ കുടിലില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് വിലകൂടിയ ടോയ്‌ലറ്റ് ക്ലീനര്‍ വില്‍ക്കേണ്ടി വന്നപ്പോഴുണ്ടായ മനസ്താപത്തെ പറ്റിയും അരുണ്‍ കുമാര്‍ പറഞ്ഞു. ‘അവരെ വഞ്ചിക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഈ സ്‌കീമില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന് അന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു,’ അദ്ദേഹം പറഞ്ഞു.

കുറച്ചുകാലം താന്‍ ഫിജികാര്‍ട്ടില്‍ നിന്ന് മാന്യമായ പ്രതിഫലം നേടിയിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ‘ഇതൊരു ഏണിയും പാമ്പും കളി പോലെയാണ്. നിങ്ങള്‍ നല്ലൊരു തുക സമ്പാദിക്കുകയും ഗോവണിയുടെ മുകളില്‍ എത്തുകയും ചെയ്യുമ്പോള്‍ പാമ്പ് നിങ്ങളെ പിടികൂടുന്നു. അതിനുശേഷം അത് എളുപ്പമല്ല. നിങ്ങള്‍ക്ക് കുറച്ച് പോയിന്റുകള്‍ ലഭിക്കും, പക്ഷേ അത് നിങ്ങളെ ഒരിക്കലും മുകളിലെത്തിക്കില്ല,’ അദ്ദേഹം പറഞ്ഞു.

വര്‍ക്കല സ്വദേശിയായ പ്രവീണ്‍ (ശരിയായ പേര് അല്ല), 2019 ല്‍ ഫിജികാര്‍ട്ടില്‍ ചേരുമ്പോള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയായിരുന്നു. ഇത്തരം സ്‌കീമുകളുടെ അപകടസാധ്യതകളെക്കുറിച്ച് കുടുംബത്തില്‍ നിന്നും മുന്നറിയിപ്പുണ്ടായിട്ടും അയാളത് അവഗണിക്കുകയായിരുന്നു. സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ വാങ്ങുക, മാധ്യമപ്രവര്‍ത്തകനാകുക എന്നതൊക്കെയായിരുന്നു ഫിജികാര്‍ട്ടില്‍ അഫിലിയേറ്റ് ആയി ചേരുമ്പോള്‍ പ്രവീണിന്റെ സ്വപ്നങ്ങള്‍. എന്നാല്‍ അയാളിപ്പോള്‍ ടാക്സിയോടിക്കുകയാണ്. തന്റെ കടങ്ങളെക്കുറിച്ച് കുടുംബത്തിന് ഇപ്പോഴും അറിയില്ലെന്ന് പ്രവീണ്‍ പറയുന്നു.

നിരവധി യുവാക്കള്‍ ഫിജികാര്‍ട്ടിനെ തങ്ങളുടെ കരിയറിലെ ഒരു തെറ്റായ വഴിത്തിരിവായി കണക്കാക്കുന്നു.

കോഴിക്കോട് സ്വദേശിയായ സിനോജ് (ആവശ്യപ്രകാരം പേര് മാറ്റി) ഫിജികാര്‍ട്ടില്‍ ചേര്‍ന്നതിന് പിന്നാലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സ് ഉപേക്ഷിച്ചു. ‘ലീഡര്‍മാരുടെ’ സമ്മര്‍ദ്ദത്താല്‍ സിനോജ് ഒരു ഹ്യുണ്ടായ് വേര്‍ണ കാര്‍ വാങ്ങി, 25,000 രൂപയായിരുന്നു ഇഎംഐ. ഇപ്പോള്‍ അദ്ദേഹം റബ്ബര്‍ ടാപ്പറായും മൊബൈല്‍ കടയിലെ വില്‍പ്പനക്കാരനായും ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്.

അനു(ശരിയായ പേരല്ല), ഫിജികാര്‍ട്ടില്‍ ചേര്‍ന്ന് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തി. ഇപ്പോള്‍ ചെന്നൈയിലെ ഒരു ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുന്നു.

‘എനിക്കിപ്പോള്‍ അവധിയെടുക്കാനോ വീട്ടില്‍ പോകാനോ പോലും കഴിയില്ല. ദിനചര്യയിലെ ഒരു ചെറിയ മാറ്റം എന്റെ സാമ്പത്തിക ആസൂത്രണത്തെ താളം തെറ്റിക്കും,’ അവര്‍ ചെന്നൈയില്‍ നിന്ന് ഫോണിലൂടെ പറഞ്ഞു. തന്റെ അയല്‍പക്കത്തെ നിരവധി പ്രായമായ സ്ത്രീകളെ ഈ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അവരെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് വലിച്ചിഴച്ചതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും അനു പറഞ്ഞു. ഇതുമൂലം തനിക്കുണ്ടാക്കിയ സാമ്പത്തികവും വൈകാരികവുമായ ആഘാതം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ ഫിജികാര്‍ട്ടിന്റെ നിരവധി മുന്‍ അസോസിയേറ്റുകളോട് സംസാരിച്ചിരുന്നു. അവര്‍ക്ക് അവരുടെ പണം നഷ്ടപ്പെടുക മാത്രമല്ല, ലീഡര്‍മാരില്‍ നിന്ന് ഉപദ്രവം നേരിടേണ്ടി വരികയും ചെയ്തിരുന്നു. എങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ തയ്യാറായില്ല.

തന്റെ ബിസിനസ്സിനെതിരെ സംസാരിക്കുന്നവരോടുള്ള ബോബിയുടെ മറുപടി ‘മുട്ടയുടെ മുകളില്‍ ഇരുന്നാല്‍ മുട്ട വിരിയില്ല’ എന്നായിരുന്നു. ഈ പദ്ധതിയെക്കുറിച്ച് പരാതിപ്പെടുന്നവര്‍ക്ക് വില്‍പ്പനയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ഫിജികാര്‍ട്ട് അഫിലിയേറ്റുകളുടെ നിരവധി വിജയഗാഥകള്‍ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിയും. ഫിജികാര്‍ട്ടിന്റെ നാഷണല്‍ സെയില്‍സ് ടീം മാനേജരായ സബിതയ്ക്ക് ബോബി ചെമ്മണൂര്‍ അടുത്തിടെ രണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു. തന്റെ പഴയ വീഡിയോകളിലൊന്നില്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 30,000 രൂപ സമ്പാദിക്കുന്ന സ്ഥാനത്ത് താന്‍ എത്തിയെന്ന് സബിത പറയുന്നുണ്ട്. പാലാരിവട്ടത്ത് രണ്ടു കോടി രൂപ വിലമതിക്കുന്ന ഒരു ഫ്ളാറ്റ് താന്‍ വാങ്ങിയെന്നും അവര്‍ അവകാശപ്പെടുന്നു.

ഫിജികാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ പ്രതികരണം തേടിയ ഞങ്ങളെ കമ്പനി, അവരുടെ വിജയികളായ അംഗങ്ങളില്‍ ഒരാളെ പരിചയപ്പെടുത്തി. ദേശീയ വില്‍പ്പന ടീം മാനേജരായ തൃശൂരില്‍ നിന്നുള്ള പ്രവീണ്‍ ചിറയത്ത്. തുടക്കം മുതല്‍ ഫിജികാര്‍ട്ടിന്റെ ഭാഗമായിട്ടുള്ള താന്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ആണെന്നും, കഴിഞ്ഞ നാല് വര്‍ഷമായി പ്രതിദിനം ശരാശരി 25,000 രൂപ സമ്പാദിക്കുന്നുണ്ടെന്നുമാണ് പ്രവീണ്‍ പറഞ്ഞത്. ‘കഴിഞ്ഞ മാസം മാത്രം ഞാന്‍ 89,000 രൂപ ജിഎസ്ടി അടച്ചു,’ എന്നു പ്രവീണ്‍ പറയുന്നു.

2018 മുതല്‍ തന്റെ ശൃംഖലയില്‍ ഏകദേശം ആറ് ലക്ഷത്തോളം അഫിലിയേറ്റുകള്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പ്രവീണ്‍ പറഞ്ഞത്. 2022 ല്‍, തങ്ങള്‍ക്ക് നാല് ലക്ഷം അഫിലിയേറ്റുകള്‍ ഉണ്ടെന്ന് ബോബി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി ഇപ്പോള്‍ പറയുന്നത് അവര്‍ക്ക് ഒരു ലക്ഷം അഫിലിയേറ്റുകളെ ഉള്ളൂവെന്നാണ്. അവര്‍ വിതരണക്കാരുടെ ശരാശരി വരുമാനത്തെക്കുറിച്ച് വ്യക്തത നല്‍കിയിട്ടുമില്ല.

‘പ്രധാനമായും ആറ് തരം വരുമാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ടീം ബില്‍ഡിംഗ് ബോണസാണ്. ഒരാള്‍ക്ക് പരമാവധി 30,000 രൂപ വരെ പ്രതിദിനം സമ്പാദിക്കാം,’ അദ്ദേഹം വിശദീകരിച്ചു. സ്‌കീമില്‍ ചേരാന്‍ ഏറ്റവും കുറഞ്ഞത് 4,999 രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രവീണ്‍ പറഞ്ഞു. ഡയറക്ട് സെല്ലിംഗ് നിയമങ്ങള്‍ 2021-ല്‍ ഇന്‍വെന്ററി ലോഡിംഗ്, വിതരണക്കാര്‍ക്ക് നിര്‍ബന്ധിതമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ സ്റ്റോക്ക് ചെയ്യുകയോ ചെയ്യുന്നത് എന്നിവയ്ക്ക് എതിരായ വ്യവസ്ഥകള്‍ പറയുന്നുണ്ടെങ്കിലും, ‘ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയോ പുനര്‍വില്‍ക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള അളവും മൂല്യവും’ എപ്പോഴാണ് കവിയുന്നതെന്ന് നിയമത്തില്‍ കൃത്യമായി പറയുന്നില്ല.

വാഹനങ്ങള്‍ വാങ്ങാന്‍ ലീഡര്‍മാര്‍ താഴെത്തട്ടിലുള്ള അഫിലിയേറ്റുകളെ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതൊക്കെ പല ടീമുകള്‍ സ്വീകരിച്ച തന്ത്രങ്ങളാകാമെന്ന് പ്രവീണ്‍ പറഞ്ഞു. ‘ഞാന്‍ ഒരിക്കലും ആരോടും വാഹനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെടാറില്ല
. ഒരാള്‍ക്ക് 20,000 എസ് വി ഇടത്തും വലത്തും എത്തുമ്പോള്‍, അതായത് ഏകദേശം നാലു ലക്ഷം രൂപ വരുമാനം ഉണ്ടാകുമ്പോള്‍ ഒരു ബൈക്ക് വാങ്ങാന്‍ കമ്പനി 50,000 രൂപ ഫണ്ട് അനുവദിക്കും. അതുപോലെ, ഒരു ലക്ഷം എസ് വി ഇടത്തും വലത്തും ചേരുമ്പോള്‍(ഏകദേശം 20 ലക്ഷം രൂപ വരുമാനം) അഞ്ചു ലക്ഷം രൂപയുടെ കാര്‍ ഫണ്ട് വാഗ്ദാനം നല്‍കുന്നുണ്ട്. ഒരാള്‍ യോഗ്യത നേടുന്നത് മാനദണ്ഡങ്ങള്‍ അവുസരിച്ചാണ്. എന്നിരുന്നാലും, വാങ്ങണോ വേണ്ടയോ എന്നത് അഫിലിയേറ്റിന്റെ തീരുമാനമാണ്. ആളുകളെ ശൃംഖലയില്‍ ചേര്‍ക്കാന്‍ വേണ്ടി ആരെങ്കിലും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴാണ് പ്രശ്നങ്ങള്‍ സംഭവിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ പങ്കാളികളല്ലാത്തവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്‍വോയ്‌സുകള്‍ അഫിലിയേറ്റുകളുടെ പേരിലായതിനാല്‍ കമ്പനി സാധാരണയായി അത്തരം വില്‍പ്പന പ്രോത്സാഹിപ്പിക്കാറില്ലെന്നായിരുന്നു പ്രവീണിന്റെ മറുപടി.

ഫിജികാര്‍ട്ട് മോഡല്‍

എംഎല്‍എം കമ്പനികള്‍ പ്രധാനമായും മൂന്ന് നെറ്റ്വര്‍ക്ക് ഘടനകളാണ് ഉപയോഗിക്കുന്നത്: യൂണിലിവല്‍, ബൈനറി, മാട്രിക്സ്. യൂണിലിവലിന് പരിധിയില്ലാത്ത വീതിയും രേഖീയവും പരിമിതവുമായ ആഴവും ഉള്ളപ്പോള്‍, ബൈനറിക്ക് കര്‍ശനമായി പരിമിതമായ വീതിയുണ്ട്. ഓരോ വിതരണക്കാരനും രണ്ട് മുന്‍നിര വിതരണക്കാര്‍ മാത്രമേ ഉണ്ടാകൂ. ഇത് ഒരു ബൈനറി ട്രീ രൂപീകരിക്കുന്നു. ബൈനറി പ്ലാനിലെ കമ്മീഷനുകള്‍ ഈ രണ്ട് കാലുകള്‍ ഉണ്ടാക്കുന്ന വോളിയം തുലനം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിതരണക്കാര്‍ കമ്മീഷന്‍ നേടുന്നത് അവരുടെ ദുര്‍ബലമായ കാലിലെയും ശക്തമായ കാലിലെയും പൊരുത്തപ്പെടുന്ന വില്‍പ്പന വോളിയത്തെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ വിതരണക്കാരെ ജോടിയാക്കുന്നതിലൂടെ മാത്രമല്ല. മാട്രിക്സ് മോഡലില്‍ വീതിയിലും ആഴത്തിലും കര്‍ശനമായ പരിമിതികളുണ്ട്.

പുതിയ അംഗങ്ങള്‍ക്ക് ചേരുന്നതിന് ഫീസില്ലാത്തതിനാല്‍ തങ്ങളുടെ ബിസിനസ് നിയമവിരുദ്ധമല്ലെന്ന് ഫിജികാര്‍ട്ട് വാദിക്കുന്നു. പകരം, ഉല്‍പ്പന്നങ്ങളുടെ വിലയുടെ രൂപത്തിലാണ് പണം ശേഖരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വരെ, ‘ചെയ്നില്‍’ ചേരുന്നതിന് ഓരോ പങ്കാളിയും 18,000 രൂപ മുതല്‍ 26,500 രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടതുണ്ടായിരുന്നു.

ഒരു അംഗവും അവര്‍ റിക്രൂട്ട് ചെയ്യുന്ന അംഗങ്ങളും വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ സെയില്‍സ് വോളിയം (എസ് വി), ബിസിനസ് വോളിയം (ബി വി) എന്നിവയെ ആശ്രയിച്ചിരിക്കും വരുമാനം. വരുമാനം ക്രെഡിറ്റ് ചെയ്യപ്പെടണമെങ്കില്‍, ബൈനറി മോഡല്‍ അനുസരിച്ച് ചെയിനിന്റെ ഇരുവശത്തുമുള്ള എസ് വി പൊരുത്തപ്പെടണം. ഉദാഹരണത്തിന്, ഒരു വശത്ത് 100 എസ് വിയും മറ്റേ വശത്ത് 50 എസ് വിയും ഉണ്ടെങ്കില്‍, വരുമാനം കണക്കാക്കുന്നത് 50 എന്ന കുറഞ്ഞ എസ് വിയെ അടിസ്ഥാനമാക്കിയാണ്.

ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത എസ് വികള്‍ ഉണ്ട്. പഞ്ചസാര പോലുള്ള ദൈനംദിന ഇനങ്ങള്‍ക്ക് വളരെ കുറഞ്ഞ എസ് വി(0.02) ആണുള്ളത്, അതേസമയം വിലകൂടിയ ആരോഗ്യ സപ്ലിമെന്റുകള്‍ക്ക് വെബ്‌സൈറ്റ് അനുസരിച്ച് ഉയര്‍ന്ന എസ് വി (10) ഉണ്ട്. ഒരു അംഗം 100 എസ് വി യില്‍ എത്തിയാല്‍ മാത്രമേ ബോണസുകള്‍ നല്‍കുകയുള്ളൂ, കൂടാതെ പ്രതിദിന ക്രെഡിറ്റിന് ഒരു പരിധിയുമുണ്ട്.

സജീവമായി വില്‍ക്കുന്ന പുതിയ പങ്കാളികളെ ചേര്‍ക്കാതിരുന്നാല്‍, മുടക്കു മുതല്‍ പോലും വീണ്ടെടുക്കാന്‍ പ്രയാസമാണെന്ന് മുന്‍ അംഗങ്ങള്‍ പറയുന്നു.

ഫിജികാര്‍ട്ട് അഫിലിയേറ്റുകള്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയും പണം നഷ്ടപ്പെട്ടെന്ന ആരോപണങ്ങളുമുണ്ടായിട്ടും, ആരും പൊലീസില്‍ പരാതികള്‍ നല്‍കിയിട്ടില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്. ഔദ്യോഗികമായി ഒരു പരാതി പരിഹാര സംവിധാനങ്ങളും ആരും തേടിയിട്ടില്ല.

പുതിയ ശ്രമങ്ങള്‍

അധിക വരുമാനം, മികച്ച കാറുകള്‍, വിദേശ യാത്രകള്‍ തുടങ്ങിയ സ്വപ്നതുല്യമായ വാഗ്ദാനങ്ങളായിരുന്നു ഈ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് പദ്ധതി നല്‍കിയിരുന്നത്. മുന്‍ കാലങ്ങളില്‍ തകര്‍ന്നു പോയ പല പിരിമിഡ് പദ്ധതികളുടെയും ലക്ഷണങ്ങള്‍ കാണിച്ചിട്ടും, ഫിജികാര്‍ട്ട് ആഘോഷിക്കപ്പെട്ടു.

മറ്റ് എംഎല്‍എമ്മുകളെപ്പോലെ, ഫിജികാര്‍ട്ടിനും അതിന്റെ കടുത്ത വിമര്‍ശകരും ആവേശഭരിതരായ പിന്തുണക്കാരും ഉണ്ട്. ഒരു വശത്ത്, ഗണ്യമായ സാമ്പത്തിക നഷ്ടങ്ങള്‍ ആരോപിച്ചുകൊണ്ട് മുന്‍ അസോസിയേറ്റുകളുടെ എണ്ണം വര്‍ധിക്കുന്നു, അതേസമയം മറ്റ് അഫിലിയേറ്റുകളും ഫിജിലൈഫ്, പവര്‍ ഓഫ് ഫിജികാര്‍ട്ട് പോലുള്ള യൂട്യൂബ് ചാനലുകളും ക്യാമ്പയിനുമായി സജീവമാണ്.

മാസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍, ഫിജികാര്‍ട്ട് അടച്ചുപൂട്ടുന്നു എന്ന കിംവദന്തികള്‍ നിഷേധിച്ച് ബോബി ചെമ്മണൂര്‍ സംസാരിക്കുന്നത് കാണാം. ‘ഫിജികാര്‍ട്ട് എത്രനാള്‍ പ്രവര്‍ത്തിക്കും? ഞാന്‍ മരിക്കുന്നതുവരെ,’ തെറ്റായ വിവരങ്ങളായി അത്തരം വാര്‍ത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ മുന്‍ പങ്കാളികള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. അനീഷ് ക്ലാമി എന്ന പേരില്‍ ഒരു കോസ്മെറ്റിക് ബ്രാന്‍ഡ് നടത്തുന്നു, അതേസമയം ജോളി 2025 ഓഗസ്റ്റില്‍ ഗ്രോവ്വിയ ഇകോം മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു പുതിയ ഡയറക്ട് സെല്ലിംഗ് കമ്പനി ആരംഭിച്ചു. ഫിജികാര്‍ട്ടിലെ മിക്ക സെയില്‍സ് മാനേജര്‍മാരും ഒറ്റരാത്രികൊണ്ട് ഗ്രോവ്വിയ-യിലേക്ക് മാറി. ഫിജികാര്‍ട്ട് താരങ്ങളായി ആഘോഷിക്കപ്പെട്ട റിജില്‍ ഭരതനും രഞ്ജുലാല്‍ പറപ്പിലും ഇപ്പോള്‍ ഗ്രോവ്വിയ-യുടെ ഡയറക്ടര്‍മാരാണ്.

അഴിമുഖം- ദി ന്യൂസ് മിനിട്ട് അന്വേഷണത്തോട് പ്രതികരിച്ച് സംസാരിച്ച ജോളിയും അനീഷും പറഞ്ഞത്, 2023-ല്‍ ബോബിയുമായി സ്വര്‍ണവും ചായയും വില്‍ക്കുന്ന ഭാഗ്യ നറുക്കെടുപ്പുകളും പദ്ധതികളും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് തങ്ങള്‍ സ്ഥാപനം വിട്ടതെന്നാണ്. ‘ഞങ്ങള്‍ ദുബായില്‍ ഒരു ഡയറക്ട് സെല്ലിംഗ് സ്ഥാപനമായാണ് ഫിജികാര്‍ട്ടിനെ വിഭാവനം ചെയ്തത്. പ്രമോഷനായി ഫുട്ബോള്‍ ഇതിഹാസം മറഡോണയെ കൊണ്ടുവരാമെന്ന് ബോബി വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ ബോബിയുടെ വാഗ്ദാനം 2.32 കോടിയായിരുന്നെങ്കിലും ആദ്യ നിക്ഷേപം ഏകദേശം 40 ലക്ഷം രൂപമാത്രമായിരുന്നു. കമ്പനി വളര്‍ത്താന്‍ സഹായിക്കാമെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം 70% ഓഹരികള്‍ സ്വന്തമാക്കി,’ അനീഷ് ആരോപിച്ചു.

ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ഉണ്ടായിട്ടും ബോബി കമ്പനിയില്‍ ഡയറക്ടറായി ചേര്‍ന്നില്ലെന്ന് ജോളി പറഞ്ഞു. ‘അദ്ദേഹത്തിന്റെ മറ്റ് സ്ഥാപനങ്ങളെപ്പോലെ, ബോബി നിക്ഷേപകനായി തുടരാനാണ് ഇഷ്ടപ്പെട്ടത്. എന്നിരുന്നാലും, അദ്ദേഹത്തിന് പ്രതിമാസം ബ്രാന്‍ഡ് അംബാസഡര്‍ ഫീസ് ലഭിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പരിശോധിച്ച രേഖകളില്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഇനത്തില്‍ 26.64 ലക്ഷം രൂപ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊടുക്കേണ്ടതായിട്ടുണ്ട്.

ജോളി തന്റെ 15% ഓഹരി ബോബിയുടെ മരുമകന് വിറ്റുവെന്ന് പറഞ്ഞു, ബോബി പോകാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് താന്‍ സ്വമേധയാ പിന്മാറിയെന്ന് അനീഷ് പറഞ്ഞു.

2023 മാര്‍ച്ച് 31 വരെ ഫിജികാര്‍ട്ടിന് ആറ് ഓഹരി ഉടമകള്‍ ഉണ്ടായിരുന്നു. സി.ഡി. ബോബി, തണ്ടിയാക്കല്‍ ആന്റണി ജോളി, അനീഷ് കരോട്ടേല്‍ ജോയ്, ദേവദാസന്‍, ചെല്ലേരി സുവീന, ചേങ്ങച്ചേരി അനില്‍. അവസാനത്തെ മൂന്ന് പേര്‍ ബോബിയുമായി ബന്ധമുള്ള ഒന്നിലധികം എല്‍എല്‍പി-കളില്‍ നിയുക്ത പങ്കാളികളാണ്. 2023 മാര്‍ച്ച് 31 വരെ ബോബിക്ക് ഏകദേശം 69.68% ഓഹരി ഉണ്ടായിരുന്നപ്പോള്‍, അനീഷിനും ആന്റണി ജോളിക്ക് ഏകദേശം 15% വീതമാണ് ഉണ്ടായിരുന്നത്. ജോളി അവകാശപ്പെട്ട ഓഹരി വില്‍പ്പന സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, അഞ്ചു രൂപ മുഖവിലയുള്ള 80 ലക്ഷം ഇക്വിറ്റി ഓഹരികള്‍ അവന്തിക ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എല്‍എല്‍പി-യിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ നിയുക്ത പങ്കാളി ബാബു ഒറേലിയ ജ്വല്ലേഴ്സ് എല്‍എല്‍പി-യുമായി ബന്ധമുള്ള വ്യക്തിയാണ്.

നടപടി നേരിട്ട എംഎല്‍എം കമ്പനികള്‍

2017-ല്‍, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം മലേഷ്യയിലെ ‘ക്യു ഐ’ ഗ്രൂപ്പ് നടത്തുന്ന പ്രമുഖ എംഎല്‍എം സ്ഥാപനമായ ‘ഗോള്‍ഡ് ക്വസ്റ്റ്’ -ന്റെ പ്രധാന വ്യക്തികളുടേതായി 150 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവും വെള്ളി നാണയങ്ങളും വില്‍ക്കുന്ന മനുഷ്യ പിരമിഡ് സ്‌കീം നടത്തിയതിന് (ആരോപിക്കപ്പെടുന്നത് 1100 കോടി രൂപയുടെ തട്ടിപ്പ്) തമിഴ്‌നാട് പോലീസ് 1978-ലെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്നു.

ഗോള്‍ഡ് ക്വസ്റ്റ് പിന്നീട് ക്യൂനെറ്റ് എന്ന പേരില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഇതിനെതിരെയും അന്വേഷണം ഉണ്ടായി. ഗോള്‍ഡ് ക്വസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന തമിഴ്‌നാട് പോലീസിലെ സിബി-സിഐഡി വിംഗിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്, നിയമങ്ങള്‍ ലംഘിക്കുന്ന എംഎല്‍എം സ്ഥാപനങ്ങളെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ്. ഈ നിയമം പല എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീമുകള്‍ (നിരോധന) നിയമം, ഒരു വില്‍പ്പനക്കാരനെ റിക്രൂട്ട് ചെയ്യുകയോ റഫര്‍ ചെയ്യുകയോ ചെയ്യുന്നതിലൂടെ മാത്രം ഒരു പങ്കാളിക്ക് വരുമാനം നേടിക്കൊടുക്കുന്നത് ഇന്ത്യയിലെ ഏതൊരു എംഎല്‍എമ്മും നിയമവിരുദ്ധമാക്കുന്നു. ഈ നിയമം റിക്രൂട്ട്മെന്റ് അല്ലെങ്കില്‍ റഫറലുകള്‍ അടിസ്ഥാനമാക്കിയുള്ള വരുമാനം ഉണ്ടാക്കുന്നതിനെ സംബന്ധിച്ചവയാണ്, കൂടാതെ ‘വേഗത്തിലോ എളുപ്പത്തിലോ പണം സമ്പാദിക്കുന്നതിനോ, അല്ലെങ്കില്‍ പണം നല്‍കാനുള്ള വാഗ്ദാനത്തിന് പ്രതിഫലമായി ഏതെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുവോ സ്വീകരിക്കുന്നതിനോ’ വേണ്ടിയുള്ള ഏതൊരു സ്‌കീമിനെയും ‘മണി സര്‍ക്കുലേഷന്‍ സ്‌കീം’ എന്ന് നിര്‍വചിക്കുന്നു.

കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയം പുറത്തിറക്കിയ ഉപഭോക്തൃ സംരക്ഷണ (ഡയറക്ട് സെല്ലിംഗ്) നിയമങ്ങള്‍, 2021 ഈ വ്യത്യാസത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ നിയമങ്ങള്‍ ഒരു ഡയറക്ട് സെല്ലിംഗ് സ്ഥാപനവും ‘ഒരു പിരമിഡ് സ്‌കീം പ്രോത്സാഹിപ്പിക്കുകയോ ഏതെങ്കിലും മണി സര്‍ക്കുലേഷന്‍ സ്‌കീമില്‍ പങ്കെടുക്കുകയോ ചെയ്യരുത്’ എന്ന് വ്യക്തമായി പറയുന്നു. കേരളം ഉള്‍പ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ 2023-ല്‍ ഈ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു.

റിക്രൂട്ട്മെന്റിന് പകരം ചരക്കുകളുടെയും സേവനങ്ങളുടെയും യഥാര്‍ത്ഥ വില്‍പ്പനയെ അടിസ്ഥാനമാക്കി കമ്മീഷന്‍ നേടാനാണ് ഈ നിയമങ്ങള്‍ ഡയറക്ട് സെല്ലര്‍മാരോട് ആവശ്യപ്പെടുന്നത്. സ്‌കീമിലെ അധിക വരിക്കാരെ എന്റോള്‍ ചെയ്യുന്നതിലൂടെയോ അവരുടെ പ്രകടനത്തിലൂടെയോ ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്ന വരിക്കാര്‍ രൂപീകരിക്കുന്ന ഒന്നാണ് പിരമിഡ് സ്‌കീം എന്നും, ഇത് വരിക്കാരുടെ ഒരു ബഹുതല ശൃംഖലയ്ക്ക് കാരണമാകുന്നു എന്നും ഈ നിയമങ്ങള്‍ നിര്‍വചിക്കുന്നു.

2023 ഏപ്രിലില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ (ഡയറക്ട് സെല്ലിംഗ്) നിയമങ്ങള്‍, 2021 പ്രകാരം ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരളം ഉള്‍പ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ വിജ്ഞാപനം ചെയ്തു. ഡയറക്ട് സെല്ലിംഗ് ബിസിനസ്സിന്റെ മറവില്‍ പിരമിഡ് സ്‌കീമുകളില്‍ പങ്കാളികളെ ചേര്‍ക്കുന്നത് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരോധിക്കുന്നു.

ഒരു മാസത്തിനുശേഷം, 2023 മെയ് 24-ന് ആഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫിജികാര്‍ട്ടിന്റെ ‘ചലോ ഭാരത്’ എന്ന ‘ദേശീയ’ കുടുംബ പരിപാടിയില്‍ ഡോ. തോമസ് ജോസഫ് തൂംകുഴി പങ്കെടുത്തു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലെ അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് അതോറിറ്റിയിലെ വിഷയ വിദഗ്ദ്ധനായിരുന്നു.

പരിപാടിയുടെ വീഡിയോയില്‍, ഫിജികാര്‍ട്ടിനെ ‘നിയമം അനുസരിക്കുന്ന സ്ഥാപനം’, ‘മികച്ച സംരംഭം’ എന്ന് തോമസ് പ്രശംസിക്കുന്നത് കാണാം. തോമസില്‍ നിന്ന് ഞങ്ങള്‍ പ്രതികരണം തേടിയപ്പോള്‍, ഫിജികാര്‍ട്ട് പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ‘കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പോലുള്ള അവരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാതെ എനിക്ക് ഫിജികാര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. മാനേജ്‌മെന്റില്‍ ഒരു പിളര്‍പ്പുണ്ടായെന്ന് ഞാന്‍ കേട്ടു,’ അദ്ദേഹം പറഞ്ഞു, താന്‍ സംസാരിക്കുന്നത് കാണുന്ന വീഡിയോ പഴയതാണെന്നും കൂട്ടിച്ചേര്‍ത്തു. ഫിജികാര്‍ട്ടിന്റെ ആരോപിക്കപ്പെടുന്ന പിരമിഡ് മോഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പണത്തിന്റെ വിനിമയം ഉള്‍പ്പെടുമ്പോള്‍ മാത്രമേ ഘടന ദോഷകരമാകൂ എന്ന് തോമസ് പറഞ്ഞു. ‘ഘടനയുടെ ശ്രദ്ധ ഉല്‍പ്പന്നങ്ങളിലാണെങ്കില്‍, അത് ഒരു പ്രശ്നമാകില്ല,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറായിരുന്ന സജിത് ബാബു പറഞ്ഞത്, കേരളത്തിലെ ഒരു എംഎല്‍എം കമ്പനികള്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നാണ്. എംഎല്‍എം നിയമങ്ങള്‍ ലംഘിച്ചെന്ന് പരാതിയുണ്ടായാല്‍ നിയമനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം നിയന്ത്രിതമല്ലാത്ത നിക്ഷേപ പദ്ധതികള്‍ (നിരോധന) നിയമം, 2019 (ബിയുഡിഎസ് ആക്ട് 2019)ന്റെ കോമ്പിറ്റന്റ് അതോറിറ്റിക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രിതമല്ലാത്ത നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് തെറ്റായതോ തെറ്റിദ്ധാരണാജനകമായതോ ആയ പ്രസ്താവനകള്‍ നല്‍കുന്നത് ബിയുഡിഎസ് ആക്ട് നിയമത്തിലെ സെക്ഷന്‍ 5 നിരോധിക്കുന്നു. എന്നാല്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ കോമ്പിറ്റന്റ് അതോറിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. മുന്‍ എഡിജിപി (ക്രൈംസ്) ആയ എച്ച്. വെങ്കിടേഷ് പ്രതികരിച്ചത്, ഫിജികാര്‍ട്ടിനെതിരെ എഫ്ഐആറുകള്‍ള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ്.

2023-ല്‍, വിറ്റുവരവ് കുറച്ചുകാണിച്ചെന്ന ആരോപണത്തെക്കുറിച്ച് കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് ഫിജികാര്‍ട്ടിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 2017-18 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 37.86 ലക്ഷം രൂപയുടെ ക്രമക്കേട് പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സ്ഥാപനം 11.57 ലക്ഷം രൂപ പിഴയായി അടച്ചു.

ഒരു റെഗുലേറ്ററി അതോറിറ്റി ഫിജികാര്‍ട്ടിനെതിരെ നടപടിയെടുത്ത ഏക സംഭവം ഇതായിരുന്നു.

2024 ജനുവരിയില്‍ നടന്ന സംസ്ഥാനതല ഏകോപന സമിതിയുടെ 59-ാമത് യോഗത്തില്‍, ഫിജികാര്‍ട്ടിനെക്കുറിച്ച് നിരവധി മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതായി ആര്‍ബിഐ പങ്കുവെച്ചു. ”അംഗങ്ങളുമായി നടത്തിയ രഹസ്യ അന്വേഷണങ്ങളില്‍, സ്‌കീമില്‍ പ്രവേശിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകളില്‍ കടയില്‍ നിന്ന് ഒരു നിശ്ചിത തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടുന്നു, ഇത് ലോയല്‍റ്റി പോയിന്റുകള്‍ നല്‍കുന്നതിനും തുടര്‍ന്ന് യൂസര്‍ ഐഡികള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു എന്ന് മനസ്സിലാക്കി. തുടര്‍ന്ന്, യൂസര്‍ ഐഡികള്‍ ലഭിച്ച ഈ വ്യക്തികള്‍ സ്‌കീമിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കേണ്ടതുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് കമ്മീഷന്‍ വഴിയോ സമ്മാനങ്ങള്‍/ആനുകൂല്യങ്ങള്‍ വഴിയോ പ്രതിഫലം നല്‍കുന്നു. ഇതൊരു വേഷംമാറിയ മണി ചെയിന്‍ / എംഎല്‍എം സ്‌കീം ആണെന്ന് തോന്നുന്നു,” ആര്‍ബിഐ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

അന്നത്തെ ചീഫ് സെക്രട്ടറി വി വേണു, പദ്ധതിയില്‍ നിരന്തരമായ നിരീക്ഷണം നടത്താനും ആവശ്യമുള്ളപ്പോള്‍ ശരിയായ നടപടി ആരംഭിക്കാനും പോലീസിന് ഉപദേശം നല്‍കിയിട്ടും കേസുകളൊന്നും ഫയല്‍ ചെയ്തില്ല.

ഫിജിക്കാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ പ്രതികരണം തേടി ദി ന്യൂസ് മിനിട്ട്-അഴിമുഖം ബോബി ചെമ്മണൂരിനും അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്കും വിശദമായ ചോദ്യാവലി അയച്ചിരുന്നു. അവരില്‍ നിന്ന് രേഖാമൂലമുള്ള മറുപടി ലഭിച്ചില്ലെങ്കിലും, ഗ്രൂപ്പിന് വേണ്ടി മലങ്കര മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി ഞങ്ങളോട് സംസാരിച്ചു.

2023-ന് ശേഷം കമ്പനി സാമ്പത്തിക രേഖകള്‍ ഫയല്‍ ചെയ്യാത്തതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് പങ്കാളികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ വിട്ടുപോയ ആളുകളെക്കുറിച്ച് ഗ്രൂപ്പ് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫിജിക്കാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നല്ല രീതിയില്‍ നടക്കുന്നു. ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം അഫിലിയേറ്റുകള്‍ ഉണ്ട്. കണക്കുകള്‍ പരിശോധിക്കാതെ ലാഭത്തിലാണോ എന്ന് എനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

അഫിലിയേറ്റുകളെ മറ്റുള്ളവര്‍ക്കു മുമ്പില്‍ സമ്പന്നരായി അവതരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, വില്‍പ്പനയിലും വിപണനത്തിലും ഒരല്‍പ്പം ‘പ്രദര്‍ശനം’ ആവശ്യമുണ്ടെന്നായിരുന്നു ജിസ്സോയുടെ ന്യായം.

‘നിരക്ഷരരായ ആളുകള്‍ പോലും ഫിജികാര്‍ട്ടിന്റെ ഭാഗമാണ്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഏറ്റവും മികച്ച രീതിയില്‍ വേണം സ്വയം അവതരിപ്പിക്കാന്‍ എന്ന് അവരോട് ആവശ്യപ്പെടാറുണ്ട്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നതിനാല്‍ ചില ലീഡര്‍മാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ അഫിലിയേറ്റുകളെ ഉപദേശിക്കുന്നുണ്ടാകാം. അഫിലിയേറ്റുകള്‍ക്ക് അവരുടെ സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരിക്കാം. ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മാത്രമാണ് അവരത് ചിന്തിക്കുന്നത്. അവരുടെ കീഴിലുള്ള ടീമിനെ ശരിയായി ശ്രദ്ധിക്കാതെ വരുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടും,’ ജിസ്സോ പറഞ്ഞു.


എഡിറ്റിംഗ്ബിനു കരുണാകരന്‍, ദി ന്യൂസ്മിനിട്ട്‌

Content Summary: How did the LLM company Phygicart, promoted by Boby Chemmanur, shatter the financial dreams of Kerala’s youth-The News Minute Investigation

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×