June 04, 2026 |
Share on

സത്യാനന്തരകാലത്തെ പൊതുബോധവും മാധ്യമങ്ങളും

എല്ലാവരും ഒരേകാര്യം പറയുമ്പോള്‍, സംശയാലുവായ തോമ്മാശ്ലീഹാ ആകാനാണ് എനിക്കിഷ്ടം. ഒരേകാര്യം ഒരുപാടുപേര്‍ ഏറ്റുപാടുന്നതില്‍ എന്തോ ഒരു കുഴപ്പമുണ്ടാകാനാണു സാധ്യത!

സാമൂഹികവും വ്യക്തിപരവുമായ അനവധി പ്രതിസന്ധികളിലൂടെയാണ് മനുഷ്യര്‍ ഇന്നു കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അവയോടുള്ള അപക്വപ്രതികരണങ്ങള്‍ മറ്റുള്ളവരോടുള്ള വെറുപ്പായാണ് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ അപരവിദ്വേഷം വര്‍ഗ്ഗീയവിഷമായി സമൂഹത്തിന്റെ ഞരമ്പുകളില്‍ പടരുന്നു. അയല്‍ക്കാരെ സഹോദരരായി ആശ്ലേഷിക്കാനാവശ്യപ്പെടുന്ന ആത്മീയതയെയാണ് ഈ പ്രതിസന്ധികളെ നേരിടാനായി നമ്മള്‍ മുറുകെപ്പിടിക്കേണ്ടത്. ഒരു കൂട്ടം സ്‌നേഹിതരുടെ ഈ തിരിച്ചറിവില്‍നിന്നും രൂപപ്പെട്ടതാണ് യുവജനങ്ങള്‍ക്ക് അവരെഴുതുന്ന എണ്‍പതു കത്തുകളുടെ ഒരു പുസ്തക സമാഹാരം. അതില്‍ നിന്നുള്ള ഒരു കത്താണ് ഇവിടെ ‘അഴിമുഖം’ പ്രസിദ്ധീകരിക്കുന്നത്. സത്യാനന്തര കാലം എന്നറിയപ്പെടുന്ന ഈ സമൂഹത്തിലെ പൊതുബോധത്തെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ജയിംസ് തന്റെ സുഹൃത്തായ സുനിലിന് അയയ്ക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ കുറിപ്പ്.

‘ഉള്ളെഴുത്തുകള്‍’ എന്ന് പേരിട്ടിട്ടുള്ള ഈ കത്തുകളുടെ സമാഹാരം നമ്മളനുഭവിക്കുന്ന സമകാലികപ്രതിസന്ധികളെ ക്രൈസ്തവവിശ്വാസത്തിലടിയുറച്ചുനിന്നു മനസിലാക്കാനും അതിജീവിക്കാനും യുവജനതയെ സഹായിക്കുമെന്ന് പ്രസാധകര്‍ പ്രതീക്ഷിക്കുന്നു. സാമൂഹികവും വിശ്വാസപരവുമായി പ്രസക്തമായ വിവിധ വിഷയങ്ങള്‍ ലളിതമായി ഈ കത്തുകള്‍ ചര്‍ച്ച ചെയ്യുന്നു. ക്രൈസ്തവവിശ്വാസത്തെയും ആത്മീയതയെയും ആഴത്തില്‍ മനസിലാക്കാന്‍ ഈ കത്തുപുസ്തകം വായനക്കാരെ സഹായിക്കും. ‘മഷിക്കൂട്ടാ’ണ് (കോട്ടയം) പ്രസാധകര്‍. മോത്തി വര്‍ക്കി, ഷിജു സാം വറുഗീസ്, ജോര്‍ജ്ജ് സഖറിയ എന്നിവരാണ് ഇതിന്റെ എഡിറ്റേഴ്സ്

പ്രിയപ്പെട്ട സുനില്‍,

നമ്മുടെ വാട്‌സപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തിനുശേഷമാണ് ഇങ്ങനെയൊരു കത്ത് എഴുതണമെന്നു തോന്നിയത്. കണ്ണൂരിലെ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്കു തള്ളിവിട്ടെന്നു കരുതപ്പെടുന്ന, കണ്ണൂര്‍ ജില്ലാപ്പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗമായിരുന്നല്ലോ തര്‍ക്കത്തിന് ആധാരം. ‘നിഷകളങ്കനായ ഒരു മനുഷ്യനെ കൈക്കൂലിക്കാരനാക്കി കുരുതിക്കൊടുത്തില്ലേ?’ എന്ന പൊതുവികാരത്തിനിടെ, ”ഇനി എങ്ങാനും അയാള്‍ കൈക്കൂലി വാങ്ങിച്ചുകാണുമോ?!” എന്നു നമ്മുടെ ബേബിച്ചായന്‍ ഉയര്‍ത്തിയ സംശയത്തിന്മേലായിരുന്നല്ലോ ഗ്രൂപ്പില്‍ അടിപൊട്ടിയത്. അഭിപ്രായം പറഞ്ഞ ബേബിച്ചായന്‍ നിമിഷനേരംകൊണ്ടു തവിടുപൊടിയായി! വാഗ്ശരങ്ങളെയ്യാന്‍ നമ്മളെല്ലാവരും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതേസംശയം എനിക്കും തോന്നി. പമ്പിന് അനുമതി കൊടുക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിച്ചോ? അതുകൊണ്ടാണോ ആത്മഹത്യാക്കുറിപ്പുപോലും എഴുതിവെക്കാതെ അദ്ദേഹം പോയത്? നിനക്കെന്തുതോന്നുന്നു?

ഇങ്ങനെയൊരു സാധ്യത പുറത്തുപറയാന്‍ എനിക്കു പേടിയാണ്. ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ആശയപ്രകാശനത്തിന്റെ വേദികളാണെങ്കിലും, പറഞ്ഞാലെന്താകുമെന്നതിനു നമ്മുടെ വാട്‌സപ്പ് ഗ്രൂപ്പിലെ തര്‍ക്കംതന്നെ ഉദാഹരണം. 2016 സെപ്റ്റംബര്‍ അഞ്ചിനാണു ജിയോ 4ജി രാജ്യത്തവതരിക്കുന്നത്. അതോടെ, നമ്മളതുവരെ കാണാതിരുന്ന വേഗത്തിലായി ഇന്റര്‍നെറ്റ്. സിനിമകള്‍വരെ ഞൊടിയിടയില്‍ ഡൗണ്‍ലോഡാകുന്ന സാങ്കേതികക്കുതിപ്പില്‍ സമൂഹ്യമാധ്യമങ്ങളുടെ വിസ്‌ഫോടനമാണു പിന്നെ നടന്നത്. ഫേസ്ബുക്കും യൂട്യൂബും മാത്രമായിരുന്ന സമൂഹികമാധ്യമങ്ങള്‍ വളരെവേഗം പെറ്റുപെരുകി. പത്രവും ടെലിവിഷനും റേഡിയോയും മാത്രം കൈയ്യടക്കിവെച്ചിരുന്ന ബഹുജനമാധ്യമപദവയിലേക്ക് അവരെല്ലാം ഓടിക്കയറി. കോടിക്കണക്കിന് ആളുകളുടെ കൈകളിലെ മൊബൈല്‍ഫോണ്‍ ക്യാമറകളില്‍നിന്നും കീപ്പാഡുകളില്‍നിന്നും ദൃശ്യങ്ങളും വാക്കുകളും പെയ്തിറങ്ങി. ഏതൊരു ബഹുജനമാധ്യമത്തെയുംപോലെ കോടാനുകോടി പ്രേക്ഷകര്‍ അവയ്ക്കുണ്ടായി.
വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നതിലെ കുത്തക തകര്‍ന്നുവെന്നാണ് ആദ്യം തോന്നിയത്. എല്ലാവരും പ്രക്ഷേപകരാകുന്ന കാലം. സത്യം മറച്ചുവെക്കാന്‍ വന്‍കിടമാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഇനി കഴിയില്ല. പക്ഷേ, ഏറെക്കഴിയുംമുന്‍പേ ഈ പ്രതീക്ഷകളവസാനിച്ചു. ഏതു സംഭവത്തിലും ഒരു പൊതുബോധം വേഗം സൃഷ്ടിക്കപ്പെടുന്നു; എല്ലാവരും അതിനു പിന്നാലെ പായുന്നു. വിമതസ്വരങ്ങള്‍ പരിഹസിക്കപ്പെട്ട്, ഭര്‍സിക്കപ്പെട്ട്, ഇല്ലാതാകുന്നു. എല്ലാം എതാണ്ടു പഴയപോലെതന്നെ!

പ്രേക്ഷകര്‍ക്കു തിരിച്ചൊന്നും പറയാനാവാത്ത വ്യവസ്ഥാപിതമാധ്യമങ്ങളുടെ (mass media) കാലത്തുനിന്ന് അവര്‍ക്കുകൂടി അഭിപ്രായം രേഖപ്പെടുത്താവുന്ന സാമൂഹികമാധ്യമങ്ങളുടെ (social media) രീതി വലിയ വിപ്ലവംതന്നെയായിരുന്നു. പക്ഷേ, അതും പൊതുബോധത്തിനു വിരുദ്ധമായി ആഭിപ്രായം പറയുന്നവരെ കൂട്ടത്തോടെ ആക്രമിക്കുന്നവരുടെ വേട്ടനിലങ്ങളായി മാറി. വെട്ടുക്കിളികളുടെ ആക്രമണംപോലെ സംഘടതിമായ നീക്കം. നേതാവു വേണ്ട, ആസൂത്രണം വേണ്ട. പ്രതികരിക്കാന്‍ അനുമതി കിട്ടിയതോടെ, പൊതുബോധത്തെ സംരക്ഷിക്കേണ്ടതു സ്വന്തം കടമയായി പ്രേക്ഷകരെല്ലാം ഏറ്റെടുത്തു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള സോഷ്യല്‍മീഡിയ പോരാട്ടം ഒരു പ്രധാന പണിയായി ഏറ്റെടുത്തിരിക്കുന്ന ഒരുപാടു ചെറുപ്പക്കാരുണ്ട് ഇന്നു നമുക്കുചുറ്റും. അറിയാനോ അറിയിക്കാനോ അല്ല, ഓരോ വിഷയത്തിലും നേതൃത്വം പറയുന്ന ന്യായം എങ്ങനേയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഉദ്ദേശ്യം. എതിര്‍ശബ്ദങ്ങളെ കളിയാക്കിയോ തെറിപറഞ്ഞോ ഭീഷണിപ്പെടുത്തിയോ ഇല്ലാതാക്കും. വസ്തുനിഷ്ഠമായി കാര്യങ്ങളെ അവലോകനം ചെയ്യുന്നവര്‍ സമൂഹ്യമാധ്യമങ്ങളിലില്ലെന്നല്ല കേട്ടോ. പക്ഷേ, അവരെല്ലാം ഈ പുതിയ മാധ്യമലോകത്തിന്റെ അരികുകളിലാണു ജീവിക്കുന്നത്. ഇതിനിടെ ചുരുക്കം ചിലര്‍ ജനശ്രദ്ധ ആകര്‍ഷിച്ചു മുന്നോട്ടു വരുന്നുണ്ട്. യൂട്യൂബില്‍ സെന്‍സേഷനായി മാറിയ ധ്രുവ് റാഠേ, രവീഷ് കുമാര്‍, ആകാശ് ബാനര്‍ജി തുടങ്ങിയവര്‍. എങ്കിലും പൊതുബോധത്തെ ഊട്ടിയുറപ്പിക്കാന്‍ ജനങ്ങള്‍ത്തന്നെ മുന്നിട്ടിറങ്ങിയാല്‍ എതിര്‍ശബ്ദങ്ങള്‍ക്ക് ഒരു പരിധിയുണ്ടാവില്ലേ?!

ഇതിനു പുറമേയാണ് തത്പരകക്ഷികള്‍ നിയോഗിക്കുന്ന വേട്ടനായ്ക്കളുടെ കൂട്ടങ്ങള്‍. ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും, എന്തിന്, മത, സാമുദായിക സംഘടനകള്‍ക്കുപോലും ഇന്നു ഡിജിറ്റല്‍ ആര്‍മ്മികളുണ്ട്. അവയെക്കുറിച്ചുള്ള, I am a Troll എന്ന പുസ്തകം അതിന്റെ എഴുത്തുകാരിയുടെതന്നെ (സ്വാതി ചതുര്‍വേദി, juggernaut, 2016) അനുഭവസാക്ഷ്യമാണ്. ഇത്തരം വേട്ടനായ്ക്കളുടെ കൂട്ടങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ ആശയവിനിമയങ്ങള്‍ ഫലത്തില്‍ നിയന്ത്രിക്കുന്നത്.

ഇതിനു പുറമേയാണ് സാമൂഹികമാധ്യമങ്ങളുടെ ഉടമകളുടെ നിയന്ത്രണങ്ങള്‍. ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഫേസ്ബുക്ക് , ട്വിറ്റര്‍ (X) എന്നിവ പോലെയുള്ള മാധ്യമങ്ങളില്‍ എന്തു പ്രത്യക്ഷപ്പെടരുതെന്നും എന്താണ് ആളുകള്‍ കൂടുതല്‍ കാണേണ്ടതെന്നും തീരുമാനിക്കുന്നത് അവരാണ്. പലസ്തീന്‍ അനുകൂലപോസ്റ്റുകള്‍ ഒതുക്കപ്പെടുന്നതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ലോകത്തെ ഏറ്റവും വലിയ വിവരകൈമാറ്റശൃംഖലയുടെ നിയന്ത്രണം ഒരുകൂട്ടം സാമൂഹികമാധ്യമ മുതലാളിമാരുടെ കൈയ്യിലാണ്.

ചുരുക്കത്തില്‍, പരമ്പരാഗത ബഹുജനമാധ്യമങ്ങളിലേതുപോലെ അറിവിന്റെയും വാര്‍ത്തയുടെയും കുത്തകവത്കരണം വേറേരീതിയില്‍ ഭംഗിയായി നടക്കുകയാണു പുതിയ മാധ്യമങ്ങളിലും. മൂന്നുപതിറ്റാണ്ടു മുന്‍പു കേരളം ചര്‍ച്ച ചെയ്ത ഐഎസ്ആര്‍ഒ ചാരക്കേസ് ഇന്നു വ്യത്യസ്തമായി നോക്കിക്കാണുന്നു മലയാളികള്‍. അന്നു മാധ്യമങ്ങള്‍ കൊത്തിപ്പറിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും കൂട്ടരും ഇപ്പോള്‍ കൊണ്ടാടപ്പെടുകയാണ്. പക്ഷേ, അന്നും ഇന്നും ഒരു കാര്യത്തില്‍ എല്ലാവും ഒരുമിച്ചാണ്; അന്ന് ഇവരുടെ ചോരയ്ക്കായി മുറവിളികൂട്ടിയ മാധ്യമങ്ങളും ജനവും ഇന്നും മുറവിളി കൂട്ടുന്നുണ്ട് നമ്പി നാരായണനെയും മറ്റും ക്രൂശിച്ചവരുടെ ചോരയ്ക്കുവേണ്ടിയാണെന്നു മാത്രം! അന്നു നമ്പി നാരയണന്‍ നിരപരാധിയാണെന്നു പറയാന്‍ പറ്റില്ലായിരുന്നു; ഇന്ന്, നമ്പി നാരായണന്‍ അപരാധിയാണെന്നും!

സത്യം ഒരു ഘോഷയാത്രയാണ്. ഏറ്റവും കൂടുതലാളുകള്‍ അണിനിരക്കുന്ന ജാഥ. നാളെ പുതിയ ഒരു ജാഥയിലാണു ഭൂരിപക്ഷംപേരും അണിനിരക്കുന്നതെങ്കില്‍ അതാകും സത്യം. അവരുടെ വാദ്യഘോഷങ്ങളില്‍ മറ്റുള്ള ശബ്ദങ്ങള്‍ നേര്‍ത്തില്ലാതാകും. വേറൊരു ഘോഷയാത്ര മുന്‍പുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും അവശേഷിക്കില്ല!

സുനിലേ, എല്ലാവരും ഒരേകാര്യം പറയുമ്പോള്‍, സംശയാലുവായ തോമ്മാശ്ലീഹാ ആകാനാണ് എനിക്കിഷ്ടം. ഒരേകാര്യം ഒരുപാടുപേര്‍ ഏറ്റുപാടുന്നതില്‍ എന്തോ ഒരു കുഴപ്പമുണ്ടാകാനാണു സാധ്യത!

നിര്‍ത്തട്ടെ. സസ്‌നേഹം,

ജിമ്മി.

ജിമ്മി ജെയിംസ്‌

ജിമ്മി ജെയിംസ്‌

ദൃശ്യമാധ്യമരംഗത്ത് ഇരുപതില്‍പ്പരം വര്‍ഷങ്ങളായി ജോലിചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ന്യൂസ് 18 മലയാളത്തിന്റെ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×