June 30, 2026 |
Share on

‘ആ കുരുന്നിന്റെ അവസാന നിലവിളി, ആ കുഞ്ഞു ചുവടുകള്‍, 18 മുറിവുകള്‍’; വികാരഭരിതമായി കോടതി

പൂനെയില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ 65കാരന് മൂന്ന് വധശിക്ഷ

പൂനെയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 65-കാരനായ പ്രതിക്ക് മൂന്ന് വധശിക്ഷകള്‍. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് വിധി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പ്രത്യേക ജഡ്ജി ആര്‍.എസ്. സാലുങ്കെ പ്രതിക്ക് കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ പ്രത്യേക വകുപ്പ് എന്നിവ പ്രകാരം മൂന്ന് മരണശിക്ഷകള്‍ ഒരുമിച്ച് വിധിച്ചത്. വിധി പ്രസ്താവിക്കുന്നതിനിടെ കോടതി നടത്തിയ വികാരനിര്‍ഭരമായ നിരീക്ഷണങ്ങള്‍ വിചാരണാകോടതിയിലുണ്ടായിരുന്ന എല്ലാവരെയും കണ്ണീരണിയിച്ചു. പ്രതി അര്‍ഹിക്കുന്ന ഏക ശിക്ഷ വധശിക്ഷ മാത്രമാണെന്ന നിഗമനത്തിലേക്കാണ് തന്റെ മനസ്സാക്ഷി നയിക്കുന്നതെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.

കേസിലെ വസ്തുതകളെ വെറുമൊരു തെളിവായി കണ്ട് ‘പരിഗണിക്കുക’ മാത്രമല്ല, മറിച്ച് കോടതി അതിന്റെ എല്ലാ ഇന്ദ്രിയങ്ങളും കൊണ്ട് ആ ദാരുണമായ സംഭവം ‘അറിഞ്ഞ് അനുഭവിക്കുകയാണ്’ വേണ്ടതെന്ന് ജഡ്ജി വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ആ കുരുന്നിന്റെ അവസാന നിലവിളി കേള്‍ക്കാന്‍ കോടതി അതിന്റെ ഇന്ദ്രിയങ്ങളെ സജീവമാക്കി നിര്‍ത്തണം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കുഞ്ഞ് അനുഭവിച്ച വേദനയും, അവളുടെ ആ ചെറിയ ശരീരത്തില്‍ ഏല്‍പ്പിക്കപ്പെട്ട 18 മുറിവുകളും കോടതി ഇന്ദ്രിയങ്ങളാല്‍ തിരിച്ചറിയണം.

വിശ്വാസത്തോടെ പ്രതിയുടെ കൂടെ കുഞ്ഞുചുവടുകള്‍ വെച്ച് സന്തോഷത്തോടെ ആ കുരുന്ന് നടന്നുപോകുന്ന സിസിടിവി ദൃശ്യം കോടതിക്ക് മറക്കാനാകില്ല. ഒരു പശുക്കിടാവിന്റെ ഭംഗി കാണാനുള്ള ആകാംക്ഷയിലായിരുന്നു അവള്‍. എന്നാല്‍ അത് തന്റെ ജീവനെടുക്കുന്ന അവസാനത്തെ യാത്രയാണെന്ന് ആ പാവം കുട്ടി അറിഞ്ഞിരുന്നില്ല. സ്വന്തം മകള്‍ക്ക് നീതി ലഭിക്കാനായി കോടതിവാതിലില്‍ കാത്തുനില്‍ക്കുന്ന മാതാപിതാക്കളുടെ കണ്ണീരും വികാരങ്ങളും കോടതി കാണണമെന്നും ജഡ്ജി പറഞ്ഞു. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് പ്രതി കാണിച്ച ക്രൂരത അവന്റെ അമാനുഷികവും മൃഗീയവുമായ പെരുമാറ്റമാണ് കാണിക്കുന്നത്. നിയമവ്യവസ്ഥയെ ഭയപ്പെടാതെ, പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് അവന്‍ ഇത് ചെയ്തത്. മുന്‍പ് കുറ്റകൃത്യങ്ങളില്‍ പെട്ടാലും കോടതിയില്‍ നിന്ന് ഒന്നും സംഭവിക്കില്ലെന്ന പഴയ അനുഭവ പരിചയമായിരിക്കാം അവന് ഇത്രയും ധൈര്യം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.

ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ജനരോഷത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും തങ്ങള്‍ തന്നെ നീതി നടപ്പാക്കിക്കൊള്ളാമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പെണ്‍കുട്ടിയുടെ മൃതദേഹവുമായി മുംബൈ-ബാംഗ്ലൂര്‍ ദേശീയ പാത ഉപരോധിച്ചത്. നിയമപാലകരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും, എന്തുകൊണ്ടാണ് പൊതുജനങ്ങള്‍ക്ക് ഇങ്ങനെയൊരു ചിന്താഗതി ഉണ്ടാകുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു.

കോടതികളുടെ അമിത ജോലിഭാരത്തെയും കേസുകള്‍ നീണ്ടുപോകുന്നതിനെയും വ്യക്തമാക്കാന്‍ ജഡ്ജി ഒരു ഉപമയും ഉപയോഗിച്ചു. അമിതഭാരം കയറ്റിയ ഒരു ട്രക്കിന് ഭാരം താങ്ങാന്‍ കഴിഞ്ഞേക്കുമെങ്കിലും, അഞ്ച് യാത്രക്കാരുമായി പോകുന്ന ഒരു കാറിനോട് മത്സര ഓട്ടത്തില്‍ ജയിക്കാന്‍ അതിന് കഴിയില്ല. എന്നാല്‍ ഭാഗ്യവശാല്‍ ഈ കേസിന് ആ കാറിലെ അഞ്ചാമത്തെ യാത്രക്കാരനായി അതിവേഗം സഞ്ചരിക്കാന്‍ അവസരം ലഭിച്ചു. നിയമപാലകര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന പൊതുധാരണയ്ക്കുള്ള ഒരു അപവാദമാണ് ഈ കേസ്. കുറ്റകൃത്യം നടന്ന് വെറും 16 ദിവസത്തിനുള്ളില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ കോടതിക്ക് മുഴുവന്‍ സമയവും ഈ ഒരു കേസിനായി മാത്രം മാറ്റിവെക്കാനും സാധിച്ചു.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഡിഫന്‍സ് കൗണ്‍സിലും പൂര്‍ണ്ണമായ പ്രൊഫഷണല്‍ പ്രതിബദ്ധതയോടെ കേസിനെ സമീപിച്ചതുവഴി വിചാരണാ നടപടികള്‍ വേഗത്തിലായി. ഒരു തവണ പോലും മാറ്റിവെക്കാതെ 16 ദിവസത്തിനുള്ളില്‍ 55 സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാക്കി. കുറ്റകൃത്യം നടന്ന് രണ്ട് മാസത്തിനുള്ളിലും, വിചാരണ തുടങ്ങി ഒരു മാസത്തിനുള്ളിലും വിധി പ്രസ്താവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തരമൊരു വേഗത എല്ലാ കേസുകളിലും പ്രായോഗികമാകണമെന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിധി പറയുന്നതിന് മുന്‍പ്, ഈ വിചാരണയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയെ ജഡ്ജി പ്രത്യേകം അഭിനന്ദിച്ചു. രാപ്പകലില്ലാതെ കൃത്യമായ ഏകോപനത്തോടെ അന്വേഷണം നടത്തിയ പൊലീസിനെയും, ക്ഷമയോടെ സഹകരിച്ച സാക്ഷികളെയും അദ്ദേഹം പ്രശംസിച്ചു. ഒരൊറ്റ അവധി പോലും ചോദിക്കാതെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷന്‍, ഡിഫന്‍സ് ടീമുകളെയും കൃത്യസമയത്ത് ശാസ്ത്രീയ വിശകലനം നല്‍കിയ വിദഗ്ധരെയും കോടതി ജീവനക്കാരെയും ജഡ്ജി അഭിനന്ദിച്ചു. നീതിന്യായ നിര്‍വ്വഹണത്തിലെ മികച്ചൊരു കൂട്ടായ്മയുടെ ഉദാഹരണമാണ് ഈ വിചാരണയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Content Summary; A special Pune court awards three death sentences to a 65-year-old man for the brutal rape and murder of a three-year-old girl within two months of the incident.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×