വീണ്ടുമൊരു മൺസൂൺ കാലം എത്തിയിരിക്കുകയാണ്. ആദ്യത്തെ മഴ പെയ്ത്, പുതുമണ്ണിന്റെ ഗന്ധം വരുന്ന സമയത്ത്, ഒരു ശബ്ദവും നമ്മൾ കേൾക്കാറുണ്ട്. തവളകളുടെ ശബ്ദം! മൺസൂൺ മഴയെ കാൽപനികവത്കരിക്കുമ്പോഴൊന്നും നമ്മൾ തവളകളെ അത്രയധികം പരാമർശിക്കാറില്ല. വർഷം മുഴുവൻ മണ്ണിനടിയിൽ ജീവിച്ച്, മൺസൂൺ മഴയെ മുൻകൂട്ടിയറിഞ്ഞ് കൊല്ലത്തിൽ ഒരിക്കൽ മാത്രം മണ്ണിന് പുറത്ത് വരുന്ന പാതാളത്തവളകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
നമ്മളിൽ പലർക്കും തവളകൾ നിർവികാരരായ ജീവികളാണ്. എന്നാൽ പ്രകൃതിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ആവാസവ്യവസ്ഥയിലെ ഒഴിച്ചുകൂടാനാവാത്ത കണ്ണികളാണവർ. കൂടുതലായും ശുദ്ധജലശ്രോതസ്സുകളോട് ചുറ്റിപ്പറ്റി കാണപ്പെടുന്ന ഉഭയജീവികളിൽപ്പെടുന്ന തവളകൾ, ആവാസവ്യവസ്ഥയിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വിശദീകരിക്കുകയാണ് ഹെർപ്പറ്റോളജിസ്റ്റായ ഡോ. സന്ദീപ് ദാസ്.
ഉഭയജീവികളിലാണല്ലോ താങ്കൾ പ്രധാനമായും ഗവേഷണം നടത്തുന്നത്. എന്താണ് ഉഭയജീവികളെന്നും അവരുടെ പ്രത്യേകതകളെന്തൊക്കെയാണെന്നും വിശദീകരിക്കാമോ.
ചെറുപ്പം മുതലേ നമ്മൾ മനസ്സിലാക്കിവരുന്നത് ഉഭയജീവികളെന്നാൽ കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന വിഭാഗമാണെന്നാണ്. അങ്ങനെയാണെങ്കിൽ മുതലയും ഹിപ്പൊപ്പൊട്ടാമസും ആമയുമൊക്കെ ആ പട്ടികയിൽ വരും. പക്ഷേ, അവയൊന്നും ഉഭയജീവികളല്ല. ‘ആംഫീബിയൻസ്’ എന്നാണ് ഉഭയജീവികൾ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. “ആംഫി”, “ബയോസ്” എന്നീ രണ്ട് ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ആ പേര് വന്നത്. “ആംഫി” എന്നാൽ രണ്ട് എന്നും “ബയോസ്” എന്നാൽ ജീവിതം എന്നുമാണർഥം. അതായത്, ജീവിത ചക്രത്തിൽ രണ്ട് ഘട്ടങ്ങളുണ്ട്. എന്നാൽ, ഉഭയജീവികളിൽ നമുക്ക് പ്രത്യേകമായ ചില സവിശേഷതകൾ കാണാം. ഒന്ന്, അവയുടെ മുട്ടകൾക്ക് കട്ടിയുള്ള ഒരാവരണമില്ല. ജെല്ലി പോലുള്ള ആവരണമാണുള്ളത്. അതുകൊണ്ട് തന്നെ അവയ്ക്ക് മുട്ടകൾ തോന്നിയയിടത്തൊക്കെ ഇട്ടിട്ടുപോകാൻ കഴിയില്ല. വെള്ളമുള്ള സ്ഥലങ്ങളിൽ, അതല്ലെങ്കിൽ ഈർപ്പമുള്ളിടത്തോ ഒക്കെയായിരിക്കും അവ മുട്ടയിടുക. മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ(ടാഡ്പോൾസ്) പുറത്ത് വരും. വാൽമാക്രികൾ കുറച്ച് കാലം വെള്ളത്തിലാണ് ജീവിക്കുന്നത്. പിന്നീട് കൈകാലുകൾ വന്ന് വാലുകൾ ചുരുങ്ങി തവളക്കുഞ്ഞായി മാറുന്നു. പിന്നൊരു കാര്യം, അവർ ശീതരക്തജീവികളാണ്(സ്ഥിരമായി ഒരു പ്രത്യേക ശരീര താപനില നിലനിർത്താൻ പറ്റാത്ത ജീവികൾ). മറ്റൊരു പ്രത്യേകത, ഇവക്ക് ത്വക്കിലൂടെയും ശ്വാസകോശത്തിലൂടെയും ശ്വസിക്കാൻ കഴിയും എന്നതാണ് .
ഉഭയജീവികൾക്ക് അവയുടെ ജീവിതത്തിൽ രണ്ട് ഘട്ടങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ വ്യത്യസ്തമായ രണ്ട് ഘട്ടങ്ങൾ അവരിൽ പരിണമിച്ചുവരാനുള്ള കാരണമെന്തായിരിക്കും? അങ്ങനെ വന്നതിൽ ഉള്ള അതിജീവന ഗുണം എന്താണ്?
അത് കൊണ്ടുള്ള ഗുണം ചുറ്റുമുള്ള സ്രോതസ്സുകളെ നന്നായി ഉപയോഗപ്പെടുത്താനാവുമെന്നതാണ്. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾ നിശ്ചിത സമയം വെള്ളത്തിൽ ജീവിക്കുന്നു. ജലാശയത്തിലെ ഭക്ഷണം ഒക്കെ കഴിച്ച് ജീവിച്ച്, ആവശ്യമായ ഊർജം ഒക്കെ ശരീരത്തിൽ ശേഖരിച്ച് വെക്കും. അതിന് ശേഷമാണ് രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നത്(വാൽമാക്രിയിൽ നിന്ന് തവളയിലേക്കുള്ള മാറ്റം).
നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഉഭയജീവികളിൽ തന്നെ മുട്ട വിരിഞ്ഞുള്ള ഈ ആദ്യത്തെ സ്റ്റേജ് പരിണാമ വഴിയിൽ ഒഴിവായിക്കിട്ടിയവരുമുണ്ട്. പലതരത്തിലുള്ള സൂക്ഷ്മ ആവാസവ്യവസ്ഥകൾക്ക് അനുസരിച്ചാണ് ഉഭയജീവികൾ പരിണമിച്ച് വന്നത്. വെള്ളത്തിൽ വച്ച് ചിറകുകൾ കൈകാലുകളായി പരിണമിച്ച ‘ലങ് ഫിഷസ്’ ആണ് ഉഭയജീവികളുടെ പൂർവ്വികർ. അവരാണ് കരയിലേക്കെത്തുന്ന ആദ്യത്തെ ഉഭയജീവികളെന്ന് പറയാം. പുറത്തിറങ്ങിയാലും മുട്ടയിടാൻ വെള്ളത്തിലേക്ക് വരണം. അതുകൊണ്ട് തന്നെ അവർക്ക് ശുദ്ധജലസ്രോതസ്സിനോട് ചുറ്റിപ്പറ്റിവേണമായിരുന്നു ജീവിക്കാൻ. എന്നാൽ ഒരു സ്റ്റെപ് കഴിഞ്ഞപ്പോൾ അവരിലെ ഒരു വിഭാഗം ജീവികൾ, മുട്ടകൾക്ക് കട്ടിയുള്ള ഒരാവരണം വരുന്നരീതിയിൽ പരിണമിച്ചു. അവരാണ് ഉരഗങ്ങൾ. ആ വിഭാഗം ജീവികൾക്ക് മുട്ടയിടാൻ ജലാശയത്തെ ആശ്രയിക്കേണ്ടതില്ല. ജലാശയമില്ലാത്ത ഇടങ്ങളിലേക്കും ആവാസസ്ഥലം വ്യാപിപ്പിക്കാം. അങ്ങനെയാണ് ജീവപരിണാമചരിത്രത്തിന്റെ ഒരു കാലത്ത് ഉരഗങ്ങൾ ഭൂമിയിൽ മൊത്തം ആധിപത്യം സ്ഥാപിക്കുന്നത്. അതേസമയം, ഉഭയജീവികൾ, ജലാശയങ്ങൾ പോലുള്ള സൂക്ഷ്മ ആവാസവ്യവസ്ഥകളിലേക്ക് ഒതുങ്ങുകയും ആ പരിതഃസ്ഥിതികളിൽ അനുകൂലപ്പെട്ട് അതിജീവിക്കുകയും ചെയ്തു. അവയിൽ ഒരുവിഭാഗം ഉഭയജീവികൾ അവരുടെ ടാഡ്പോൾ(വാൽമാക്രി) സ്റ്റേജ് ഒഴിവായ രീതിയിൽ, അല്ലെങ്കിൽ മുട്ടകൾക്കുള്ളിൽ തന്നെ ആ ഘട്ടം ഒതുക്കുന്ന രീതിയിൽ പരിണമിച്ചു. അത്തരം തവളകളൊക്കെ ഇടുന്ന മുട്ടകൾ വിരിയുന്നത് നേരെ തവളക്കുഞ്ഞുങ്ങളായിട്ടാണ്. മറിച്ച്, വാൽമാക്രികളായിട്ടല്ല. അവയെ ‘ഡയറക്റ്റ് ഡെവലപ്പിങ് ഫ്രോഗ്സ്’ എന്നാണ് പറയുന്നത്.
ഉഭയജീവിവൈവിധ്യം പരിശോധിച്ചാൽ, ഡയറക്റ്റ് ഡെവലപ്പിങ് ഫ്രോഗ്സ് എന്ന ഗ്രൂപ്പിൽ നല്ല രീതിയിലുള്ള വൈവിധ്യം നമുക്ക് കാണാം. പശ്ചിമഘട്ടം പരിശോധിച്ചാൽ, ആകെ ഏതാണ്ട് 200-നടുത്ത് തവളകളെ കണ്ടെത്തിയിട്ടുണ്ട്. അവരിൽ 60 എണ്ണം ഡയറക്റ്റ് ഡെവലപ്പിങ് ഫ്രോഗ്സ് ആണ്. അവർക്കുള്ള ഗുണം എന്താണെന്ന് വച്ചാൽ വെള്ളത്തിൽ നേരിട്ട് മുട്ടയിടേണ്ട ആവശ്യം ഇല്ല. മരത്തിന്റെ ദ്വാരങ്ങളിലോ, ഇലകളിലോ, തടികളിലോ, നിലത്തുള്ള കരിയിലകൾക്കിടയിലെ ഈർപ്പമുള്ളയിടത്തോ ഒക്കെയായി ആ തവളകൾക്ക് മുട്ടയിടാം. വെള്ളത്തിൽ മുട്ടയിടുന്ന, ആദ്യം നമ്മൾ പറഞ്ഞ ജീവിതത്തിൽ രണ്ട് ഘട്ടങ്ങളുള്ള തവളകളെക്കാൾ കുറഞ്ഞ എണ്ണം മുട്ടകളായിരിക്കും ഡയറക്റ്റ് ഡെവലപ്പിങ് തവളകൾ ഇടുക. ഒരുപാട് മുട്ടകൾ ഇടുന്നത് വഴിയുള്ള ഊർജ നഷ്ടം ഡയറക്റ്റ് ഡെവലപ്പിങ് തവളകൾക്കില്ല.
ഉഭയജീവികൾ ആവാസവ്യവസ്ഥയിലെ വളരെ പ്രാധാന്യമുള്ള ജീവിവിഭാഗമാണെന്ന് കേട്ടിട്ടുണ്ട്. എന്തൊക്കെയാണ് അവയുടെ പ്രാധാന്യങ്ങൾ എന്ന് വ്യക്തമാക്കാമോ?
ഏറ്റവും വലിയ പ്രാധാന്യമെന്ന് പറയുന്നത് അവർ പ്രകൃതിയിലെ സ്വാഭാവികമായുള്ള ‘ഇൻസെക്ട് കൺട്രോൾ ഏജന്റ്സ്’ ആണ്. അതായത്, കൊതുകുകളെ പോലുള്ള ഷഡ്പദങ്ങളെ നേരിട്ടും, അവയുടെ ലാർവകളേയും ഒക്കെ ഉഭയജീവികൾ ഭക്ഷിക്കും. അങ്ങനെ കൊതുകുകൾ മുട്ടകളിട്ട് പെരുകുന്നത് തടയാൻ തവളകൾ പോലുള്ള ഉഭയജീവികൾ വളരെ പ്രധാനമാണ്. വർഷാവർഷങ്ങളിലായി കൊതുകുനിവാരണ പ്രൊഡക്ടുകൾ പല തരത്തിൽ പുറത്തിറങ്ങാറുണ്ട്. എന്നാൽ തലമുറയുടെ ദൈർഘ്യം കുറവായത് കൊണ്ട് അവയോടൊക്കെ കൊതുകുകൾ പ്രതിരോധം നേടുകയുമാണ്. ഉഭയജീവികൾ ഇവിടെ നിന്ന് ഇല്ലാതായാൽ നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും കൂടുതലായി കൊതുകുകളും മറ്റു ഷഡ്പദങ്ങളും ഒക്കെ മുട്ടയിട്ട് പെരുകും.
മറ്റൊരു കാര്യം, ശുദ്ധജലശ്രോതസ്സുകളുടെ ഏറ്റവും നല്ല സൂചകരാണ് ഉഭയജീവികൾ. അതായത് ശുദ്ധജല സ്രോതസ്സിൽ വരുന്ന ഏത് ചെറിയ മാറ്റങ്ങളും ആദ്യം ബാധിക്കുക ഉഭയജീവികളെയാണ്. അവർ ആരോഗ്യത്തോടെ അതിജീവിക്കുന്നുണ്ടെങ്കിൽ ആ ആവാസവ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ഉഭയജീവികളെ ബാധിക്കുന്ന ഒരു തരം ഫംഗസ്സിനെക്കുറിച്ച് കേട്ടിരുന്നു. തവളകളുടെയും മറ്റും അതിജീവനത്തിന് ഇത് വലിയ വെല്ലുവിളിയുണ്ടാക്കുന്നുണ്ടോ?
ബട്രാക്കോകിട്രിയം ഡെൻഡ്രോബാറ്റിഡിസ് എന്ന് ശാസ്ത്രനാമമുള്ള ഒരു ഫംഗസ്സാണത്. ഈ ഫംഗസ് തവളകളുടെ തൊലിപ്പുറത്ത് വളരുകയും പിന്നീടത് തൊലിപ്പുറത്ത് കൂടുതൽ ബാധിച്ച് ശ്വസിക്കാൻ ആവാതെ തവളകൾ ചാവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. പരിസ്ഥിതിയിലെ താപനിലയിൽ ഉണ്ടാകുന്ന വർധനവുമായി ഈ ഫംഗസ് ബാധക്ക് ബന്ധമുണ്ട്. പഠനങ്ങൾ പറയുന്നത് ഉഭയജീവികൾ പരിണമിച്ച കാലം തൊട്ടേ ഈ ഫംഗസ്സുകളും ഉണ്ട് എന്നാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ, ചില പ്രത്യേക താപനിലകളിലാണ് ഫംഗസ്സുകൾ കൂടുതലായി ബാധിക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നുമൊക്കെ ഈ ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്തിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടായപോലെ കൂട്ടമായി തവളകൾ ചാവുന്ന തരത്തിൽ ഒരു വെല്ലുവിളിയായി അത് ഉയർന്നിട്ടില്ല. എന്നാൽ, കിട്രിഡ് ഫംഗസ്സിന്റെ ചില വകഭേദങ്ങൾ പശ്ചിമഘട്ടത്തിലെ പല തവളകളിൽ നിന്നും കണ്ടെത്തിയിട്ടുമുണ്ട്.
പാതാളത്തവള വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്നും കണ്ടെത്തപ്പെട്ട ഒരു തവളയാണല്ലോ. അതിന് ഒരുപാട് സവിശേഷതകൾ ഉണ്ടെന്ന് കേട്ടിരുന്നു. പാതാളത്തവളയുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കാമോ.
2003-ലാണ് മലയാളിയായിട്ടുളള ഡോ. സത്യഭാമ ദാസ് ബിജുവും ഡോ. ബോസ്സ്യുട്ട് എന്ന ബെൽജിയം ശാസ്ത്രജ്ഞനും കൂടി ആദ്യമായി ഈ തവളയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഈ കണ്ടെത്തലിന്റെ പ്രധാന്യമെന്തെന്നാൽ, പാതാളത്തവളകൾ ഏകദേശം 60 മുതൽ 90 ദശലക്ഷം വർഷങ്ങൾക്ക് മുൻപേ പരിണമിച്ചവരാണ്. അതായത്, ദിനോസറുകൾ ഉണ്ടായിരുന്ന കാലം തൊട്ടേ പാതാളത്തവളകൾ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് പറയാം. മറ്റൊരു കൗതുകമുള്ള കാര്യം, പാതാളത്തവളകളുടെ പരിണാമപരമായി ഏറ്റവും അടുത്തുനിൽക്കുന്ന ബന്ധുക്കൾ ഇന്ത്യക്ക് 3,000 കിലോമീറ്ററുകൾ അപ്പുറമുള്ള ദ്വീപസമൂഹമായ ‘സേഷെൽസി’ൽ കാണുന്ന ‘സൂഗ്ലോസിഡേ’ എന്ന വിഭാഗം തവളകളാണ്.
ഈ പരിണാമ ബന്ധം ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യ പണ്ട് ആഫ്രിക്കയുടെ അല്ലെങ്കിൽ മഡഗാസ്കറിന്റെ ഭാഗമായിരുന്നെന്ന “ഗോണ്ട്വാന സിദ്ധാന്ത”ത്തിന്റെ ജീവിക്കുന്ന തെളിവുകളാണ് പാതാളത്തവളകൾ എന്ന വസ്തുതയാണ്. കാരണം ഉപ്പുവെള്ളത്തിൽ ഒരിക്കലും ഉഭയജീവികൾക്ക് നിലനിൽക്കാൻ കഴിയില്ല. അവർ ചത്തുപോകും. അപ്പോൾ, ഉപ്പുവെള്ളത്തിലൂടെ നീന്തിയോ ആകാശത്തുകൂടെ പറന്നോ ഒന്നും അവയ്ക്ക് കടൽ കടന്ന് സേഷെൽസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനാകില്ലല്ലോ. പണ്ട് വൻകരകൾ ഒന്നായിരുന്നപ്പോളുണ്ടായിരുന്ന അവർ തമ്മിലെ പരിണാമപരമായ ജനിതക ബന്ധമാണത്. ഗവേഷണവുമായി ബന്ധപ്പെട്ട് പാതാളത്തവളകളുടെ പ്രജനനത്തെക്കുറിച്ച് പഠിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ഇവരുടെ ഒരു പ്രത്യേകത, വർഷത്തിലെ ഭൂരിഭാഗം സമയത്തും ഇവർ മണ്ണിനടിയിൽ ആയിരിക്കും. വർഷത്തിലൊരിക്കൽ മാത്രം പുറത്ത് വരും. പുറത്ത് വന്ന ശേഷം ഇണചേർന്ന് മുട്ടയിടും, അല്ലെങ്കിൽ അവർ ഒരുമിച്ച് ഇണചേർന്നുകൊണ്ട് തന്നെ പുറത്ത് വന്ന് മുട്ടകളിടും. എന്നിട്ട് മണ്ണിനടിയിലേക്ക് തിരിച്ച് പോകും. വളരെ കുറച്ച് സമയം മാത്രമേ മണ്ണിന് പുറത്ത് ഉണ്ടാവുള്ളൂ. ബാക്കി സമയത്തൊക്കെ മണ്ണിനുള്ളിലാണ്. ഇതിലെ രസമുള്ളൊരു കാര്യമെന്ന് പറയുന്നത്, 100 വർഷങ്ങൾക്ക് മുൻപുള്ള ചില പേപ്പറുകളിൽ പാതാളത്തവളകളുടെ വാൽമാക്രികളെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പിന്നെ അവിടെ താമസിക്കുന്ന ആദിവാസികൾക്ക് അവരുടേതായ ഭാഷയിൽ, ഈ തവളകൾ എപ്പോൾ പുറത്ത് വരും, എവിടെ മുട്ടയിടും, എത്രത്തോളം മുട്ടയിടും എന്നതിനെപ്പറ്റിയൊക്കെയുള്ള നല്ല ധാരണയുണ്ട്.
ആദ്യകാലത്ത് പാതാളത്തവളകൾ റെഡ് ലിസ്റ്റിൽ(വംശനാശം നേരിടുന്ന ജീവികളുടെ പട്ടിക) ആയിരുന്നു. പിന്നെ കുറേ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തപ്പെട്ട സാഹചര്യത്തിൽ ഈ തവളയെ റെഡ് ലിസ്റ്റിൽ നിന്ന് മാറ്റിയിട്ടുണ്ട്. എന്നാലും, ഇന്ത്യയിൽ നിന്ന് അല്ലെങ്കിൽ കേരളത്തിൽ പ്രത്യേകിച്ച്, കാലാവസ്ഥാവ്യതിയാനം കാരണം വംശനാശ ഭീഷണി നേരിടുന്ന തവളകളേതൊക്കെയെന്ന് പരിശോധിച്ചാൽ അതിൽ ഇവരും പെടും. വേനൽക്കാലത്ത് വറ്റിപ്പോകുന്ന, മഴക്കാലത്ത് വീണ്ടും ഒഴുക്കുണ്ടാകുന്ന സീസണൽ തോടുകളിൽ ആണ് പാതാളത്തവളകൾ പ്രജനനം നടത്തുന്നത്. കാരണം, ആ തോടുകളിൽ അവയെ ആഹാരമാക്കുന്ന ജീവികൾ വളരെ കുറവായിരിക്കും. മറ്റൊന്ന്, വിഭവസ്രോതസ്സുകളെ നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. അവയുടെ വാൽമാക്രികൾ സക്കർ മീനുകളെ പോലെയാണ്. കുത്തിയൊഴുന്ന വെള്ളച്ചാട്ടത്തിൽ പോലും കല്ലിലും മറ്റും പറ്റിയിരിക്കാൻ അവയ്ക്ക് കഴിയും. ഏകദേശം ഏഴുദിവസം കഴിഞ്ഞ്, മുട്ട വിരിഞ്ഞ ശേഷം വെള്ളത്തിലുള്ള ഏതെങ്കിലും പ്രതലത്തിൽ പറ്റിയിരിക്കുകയാണ് ചെയ്യുക. ആൺ തവളകൾ മണ്ണിനടിയിൽ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി പെൺ തവളകളെ ആകർഷിക്കും. എന്നിട്ടവർ ഇണചേർന്ന് ഒന്നിച്ചാണ് പുറത്ത് വരിക. പെൺ തവള, ആൺ തവളയെ മുതുകത്ത് വച്ചിട്ടാണ് പുറത്ത് വരാറ്. “ആംപ്ലെക്സസ്” എന്നാണ് ആ മേറ്റിങ് രീതിയെ പറയാറ്. പുറത്ത് വന്ന് മുട്ടയിട്ട് തിരിച്ച് പോകും. ഏഴ് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിഞ്ഞ് വാൽമാക്രികൾ പുറത്ത് വരും. സാധാരണയായി മുട്ടവിരിയുമ്പോഴേക്കും ശക്തമായ മഴയും വരും. നേരത്തെ പറഞ്ഞ പോലെ മഴ വന്നാൽ മാത്രം വെള്ളം ഒഴുകുന്ന തോടുകളാണവ. ഇതിൽ വളരെ ഇന്ററസ്റ്റിഗ് ആയ കാര്യം, മണ്ണിനടിയിലിരിക്കുന്ന ഒരു തവള ഇന്നേക്ക് ഏഴ് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ അതുള്ള സ്ഥലത്ത് മഴയുണ്ടാകും എന്ന് എങ്ങനെയറിയുന്നു? പല ശാസ്ത്രീയ വശങ്ങളും പരിശോധിക്കുമ്പോൾ നമുക്ക് എത്തിച്ചേരാവുന്ന ഒരു വിശദീകരണം, ദശാബ്ദങ്ങളോളമുളള മൺസൂൺ കാലങ്ങളിലൂടെ ജീവിച്ച് പരിണമിച്ചത് കൊണ്ട് ഈ പാതാളത്തവളകൾ മൺസൂൺ മഴയുടെ ക്രമത്തെ തിരിച്ചറിയാനുള്ള ഒരു കഴിവ് നേടിയിട്ടുണ്ടാകാം എന്നതാണ്. ഇപ്പോഴുള്ള ഒരു പ്രശ്നമെന്തെന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വിവരങ്ങൾ പരിശോധിച്ചാൽ, ഇവർ മുട്ടയിട്ട് 10 മുതൽ 20 ദിവസങ്ങൾ കഴിഞ്ഞാണ് മഴ കനക്കുന്നത്. മുട്ട വിരിയറാകുമ്പോഴും തോടുകൾ വറ്റിയിട്ട് തന്നെയാണ് ഉണ്ടാവുക. അങ്ങനെ ആ വർഷമുള്ള മുട്ടകൾ ഒക്കെ വിരിയാതെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ചിലപ്പോൾ പണ്ട് കാലത്തും ഇങ്ങനെ ഉണ്ടായിട്ടുണ്ടാവാം. പക്ഷേ, ഈ അവസ്ഥ അടുത്ത വർഷങ്ങളിലായിട്ട് കൂടെക്കൂടെ ഉണ്ടാവുകയാണ്. അതായത്, പണ്ട് കാലങ്ങളിൽ, 50 വർഷത്തിൽ ഒരിക്കൽ ഉണ്ടാകാറുള്ള മഴയുടെ വൈകിയുള്ള വരവ് ഇപ്പോൾ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ എന്ന തരത്തിൽ ആവുകയാണ്. അത് പാതാളത്തവളകളുടെ എണ്ണത്തിൽ തീർച്ചയായും കുറവുണ്ടാകും.
ഫോട്ടോഗ്രാഫി ഒരുപാടിഷ്ടമുള്ള ആളാണല്ലോ. ഫോട്ടോഗ്രഫിയെ ഒരു ആർട്ട് ഫോം ആയിട്ടാണോ അതോ സയന്റിഫിക് ഡോക്യുമെന്റേഷൻ എന്ന രീതിയിലാണോ സമീപിക്കുന്നത്?
സയന്റിഫിക് ഡോക്യുമെന്റേഷൻ എന്ന രീതിയിലാണ് ഫോട്ടോഗ്രാഫിയെ ഉപയോഗിച്ച് തുടങ്ങിയത്. ഏത് കാര്യമായാലും നമ്മൾ കുറെ കാലം അത് ചെയ്തു കൊണ്ടിരുന്നാൽ അതിൽ കൂടുതൽ തഴക്കം വരും എന്ന് പറയാറുണ്ടല്ലോ. മറ്റൊരു കാര്യം, നമ്മൾ ഗവേഷണത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ ആൾക്കാരിലേക്ക് എത്താൻ സംസാരത്തെക്കാളും ദൃശ്യങ്ങൾക്കാണ് കഴിയുക. പെൺതവള ആൺ തവളയേയും കൊണ്ട് മുട്ടയിടാൻ പോകുന്ന ഫോട്ടോയ്ക്ക് വാക്കുകളിലുള്ള വിവരണത്തേക്കാളും ആൾക്കാരിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും ഉണ്ടാക്കാൻ കഴിയും.
മനുഷ്യരെ ഈ വിഷയത്തിൽ ആകൃഷ്ടരാക്കാനും ഒപ്പം നമ്മൾ ഭൂമിയിലെ ജീവികളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കൊണ്ടുവരാനും ഫോട്ടോഗ്രാഫിയാണ് ഏറ്റവും നല്ല മാർഗം. ഫോട്ടോകൾ കണ്ട് മനസ്സിലാക്കിയാലേ, നമ്മൾ പറയുന്ന കാര്യങ്ങൾ ഉൾക്കൊണ്ട് ഈ ജീവികളൊക്കെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന ചിന്തയിലേക്ക് ആൾക്കാർ എത്തുകയുള്ളൂ.
താങ്കൾ പകർത്തിയ ഒരു ചിത്രം ലോകപ്രസിദ്ധ ശാസ്ത്ര ജേർണലായ നേച്ചറിന്റെ കവർ പേജായി പ്രസിദ്ധീകരിച്ചിരുന്നല്ലോ. എങ്ങനെയായിരുന്നു താങ്കളുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്ന് വിശദീകരിക്കാമോ?
2020-ലെ കൊവിഡ് കാലഘട്ടത്തിലാണ് ഐ. യു. സി. എൻ ഉഭയജീവികളുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി ഓൺലൈൻ വഴി ഒരു അസസ്മെന്റ് നടത്തുന്നത്. പശ്ചിമഘട്ടത്തിലെ തവളകളുടെ അസസ്മെന്റിന് 80-ഓ 90-ഓ മീറ്റിംഗുകൾ കൂടിയിരുന്നു. അതിൽ ഞാനും പങ്കാളിയായിരുന്നു. അസസ്മെന്റിന്റെ ഭാഗമായി നടത്തിയ പഠനങ്ങൾ പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹത്തിൽ പഠനങ്ങൾ നടത്തിയ ആൾക്കാരെ വച്ച് ഞങ്ങൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. നേച്ചർ മാസികയിൽ സയൻസ് പേപ്പർ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തപ്പോൾ പേപ്പറിന്റെ മുഖ്യരചയ്താവായ ജെന്നിഫർ ഞങ്ങളെയൊക്കെ ആ വിവരം അറിയിച്ച് മെസ്സേജയച്ചു. അതോടൊപ്പം, നമ്മളെടുത്ത ചിത്രങ്ങളിൽ ഒന്ന് നേച്ചർ മാസികയുടെ കവർ ഫോട്ടോ ആയി പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അതിന് വേണ്ടി ഞാൻ നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ഇത് പറഞ്ഞ ഉടനെ തന്നെ ഞാൻ പാതാളത്തവളയുടെ ഒരു ചിത്രം അയച്ചുകൊടുത്തിരുന്നു. അപ്പോത്തന്നെ മറുപടിയും വന്നു; “ഞങ്ങൾക്ക് നല്ല ഭംഗിയുള്ള തവളകളുടെ ഫോട്ടോകളാണ് വേണ്ടത്” എന്ന്. ഒരു ഗവേഷകൻ എന്ന രീതിയിൽ എനിക്ക് പാതാളത്തവള വളരെ പ്രിയപ്പെട്ടതായിരിക്കും. പക്ഷേ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയാവണം എന്നില്ലല്ലോ.
അതിന് ശേഷം നേച്ചർ മാസികയുടെ 100-ലധികം വിത്യസ്ത പതിപ്പുകളുടെ കവറുകൾ ഞാൻ എടുത്ത് കണ്ടു. എങ്ങനെയാണ് അവർ ചിത്രങ്ങൾ കവർ പേജിനായി തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. അത്യാവശ്യം ഭംഗിയുള്ള ഒരു ചിത്രം ആണെങ്കിൽ തന്നെയും ഇടതും വലതും ഭാഗങ്ങളിൽ ഒക്കെ ഒഴിഞ്ഞ സ്ഥലം വേണം. വലത് ഭാഗത്ത് ടൈറ്റിൽ കൊടുക്കാൻ സ്ഥലമാവശ്യമാണ്. ജേർണലിന്റെ ടാഗ് ലൈൻസും എഡിറ്റോറിയൽ വിവരങ്ങളും ഒക്കെ കൊടുക്കാനും ഇടമാവശ്യമാണ്. അതൊക്കെ കൃത്യമായി പഠിച്ച ശേഷം, കവർ മനസ്സിൽ കണ്ടുകൊണ്ട് അഞ്ച് ചിത്രങ്ങൾ തിരഞ്ഞെടുത്ത് ഞാൻ അയച്ചുകൊടുത്തു. ഞങ്ങളുടെ ഗ്രൂപ്പിൽ നിന്ന് എന്റെ അഞ്ച് ചിത്രങ്ങളുൾപ്പെടെ ആകെ 10 ചിത്രങ്ങൾ അയച്ചിരുന്നു. പിന്നെ കുറച്ച് കാലം അതിനെ കുറിച്ചുള്ള ചർച്ചകൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പഠനം പ്രസിദ്ധീകരിച്ചു എന്നറിയുന്നത് ഒരു രാത്രി കുറെ വൈകിയിട്ടാണ്. ഇ-മെയിൽ കണ്ട് വളരെ സന്തോഷമായി. എന്നിട്ട് വീണ്ടും കിടന്നു. കുറച്ച് കഴിയുമ്പോഴത്തേക്ക് ഫോണിൽ ഒരുപാട് മെസ്സേജ് നോട്ടിഫിക്കേഷനുകൾ വരാൻ തുടങ്ങി. ആദ്യം കണ്ടത് ‘ലിയോനാർഡോ ഡി കാപ്രിയോ ഷെയർഡ് യുവർ ഇമേജ്’ എന്ന നോട്ടിഫിക്കേഷൻ ആണ്. ഇൻസ്റ്റാഗ്രാമാണല്ലോ… നമുക്കെല്ലാം വിശ്വസിക്കാൻ കഴിയില്ല! തുടർന്ന് നോക്കിയപ്പോ മെസ്സേജും നോട്ടിഫിക്കേഷനുമൊക്കെ പിന്നെയും ഒരുപാട് വരുന്നത് കണ്ടു. ലിയോനാർഡോ ഡി കാപ്രിയോ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യുന്നയാളാണ്. ഉഭയജീവികളുടെ സംരക്ഷണത്തിലും അദ്ദേഹം ഒരുപാട് ഇടപെടുന്നുണ്ട്. നേച്ചർ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്ത ഞങ്ങളുടെ പഠനത്തെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോൾ അതിന്റെ കൂടെ ഞാൻ പകർത്തിയ തവളയുടെ ചിത്രവും ഷെയർ ചെയ്യുകയായിരുന്നു.
സ്റ്റഡി പബ്ലിഷ് ചെയ്യും എന്ന് ഉറപ്പായെങ്കിലും ചിത്രം കവർ ഫോട്ടോ ആയി വരും എന്ന കാര്യത്തിന് അപ്പോഴും തീരുമാനം ആയിരുന്നില്ല. കവർ ആയി ചിത്രം വരില്ലായിരിക്കുമെന്നാണ് ഞാൻ അപ്പോൾ വിചാരിച്ചത്. അങ്ങനെയിരിക്കുമ്പോഴാണ്, “സ്റ്റേറ്റ് ഓഫ് ദ വേൾഡ് ആംഫീബിയൻസ്” എന്ന ഐ. യു. സി. എൻ ന്റെ ഒരു റിപ്പോർട്ട് ഇറങ്ങുന്നന്നത്. അതിന്റെ കവർ ആയി ഞാൻ അയച്ച ചിത്രങ്ങളിൽ ഒന്ന് വന്നു. അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. പിന്നീട് നേച്ചർ മാസികയുടെ പ്രിന്റ് വേർഷൻ രണ്ടാഴ്ച കഴിഞ്ഞാണ് ഇറങ്ങുന്നത്. അതിറങ്ങുന്നതിന്റെ നാലോ അഞ്ചോ ദിവസം മുൻപാണ് എനിക്ക് അന്നുണ്ടായപോലെ പോലെ രാത്രിയിൽ ഒരു ഇ-മെയിൽ വരുന്നത്. “നിങ്ങൾ അയച്ച ഫോട്ടോ കവർ പേജിനായി സെലക്ട് ചെയ്തിരിക്കുന്നു. എഗ്രിമെന്റ് ഒപ്പിടേണ്ടതുണ്ട്” എന്നായിരുന്നു ആ ഇ-മെയിൽ. അപ്പോഴാണ് സത്യത്തിൽ ഞങ്ങളതറിയുന്നത്. അറിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം വലിയ ഞെട്ടലായിരുന്നു. കാരണം, പഠനം പ്രസിദ്ധീകരിക്കും എന്നറിയിപ്പിച്ചപ്പോഴും കവർ പേജിനായി ഫോട്ടോ തിരഞ്ഞെടുത്തതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തീർച്ചയായും, ഞങ്ങളുടെ ഒരു പഠനം നേച്ചറിൽ പബ്ലിഷ് ചെയ്യുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അതിനോടൊപ്പം എന്റെ ഒരു ഫോട്ടോ നേച്ചറിന്റെ കവർ പേജിൽ വരുക എന്നത് ആ സന്തോഷത്തെ ഒന്നും കൂടെ കൂട്ടുന്നുണ്ട്.
Content Summary: Herpetologist Dr. Sandeep Das discusses the ecological importance of amphibians, the unique underground life and monsoon breeding of the rare Purple Frog, and the threats frogs face from climate change and habitat loss. He also shares how his frog photograph appeared on the cover of Nature magazine.
This post was last modified on June 9, 2026 12:06 pm
Leave a Comment