‘പുടിന്‍ എന്നെ താങ്ങില്ല’; റഷ്യന്‍ പിന്തുണയില്‍ പ്രതികരിച്ച് മസ്‌ക്

''പുടിൻ എന്നെ വാങ്ങിയെന്നും, ഞാൻ പുടിന്റെ സ്വത്താണ് എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. അയാൾക്ക് എന്നെ താങ്ങാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്''

റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ റഷ്യയെ അനുകൂലിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തുടർച്ചയായ വിമർശനങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മസ്കിനെ സ്വാധീനിക്കുന്നുവെന്ന വാർത്തകൾ പരന്നത്. എന്നാൽ ഈ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇലോൺ മസ്‌ക് രംഗത്തെത്തിയിരിക്കുകയാണ്. ‘പുടിന് എന്നെ താങ്ങാൻ കഴിയില്ല’ എന്നാണ് മസ്ക് പറഞ്ഞത്.

”പുടിൻ എന്നെ വാങ്ങിയെന്നും, ഞാൻ പുടിന്റെ സ്വത്താണ് എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. അയാൾക്ക് എന്നെ താങ്ങാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്” മസ്‌ക് വ്യക്തമാക്കി.

യുദ്ധം എപ്പോഴും വിനാശകരമാണെന്നും, ആളുകളുടെയും കുട്ടികളുടെയും മരണത്തിന് കാരണമാകുന്ന യുദ്ധങ്ങൾ നിർത്തേണ്ടതുണ്ട്’ എന്നും മസ്‌ക് കൂട്ടിച്ചേർത്തു.

യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്ക് മസ്‌ക് പിന്തുണ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് യുക്രെയിൻ പ്രസിഡന്റ് സെലൻസികിയെ വിമർശിച്ച് മസ്‌ക് രംഗത്തെത്തിയത്. 2022ൽ പുറത്തിറങ്ങിയ സെലൻസ്‌കിയുടെ ‘വോഗ്’ ഫോട്ടോഷൂട്ടിനെയാണ് മസ്‌ക് വിമർശിച്ചത്. യുദ്ധഭൂമിയിൽ കുട്ടികൾ മരിച്ചുവീഴുന്ന സമയത്താണ് സെലൻസ്കി ഇത്‌ ചെയ്‌തതെന്ന് വോഗ് മാസികയുടെ പഴയ കവർചിത്രം പങ്കുവെച്ച് മസ്ക് എക്‌സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സെലൻസ്ക‌ിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മസ്കിന്റെ പോസ്റ്റ്.

സെലൻസ്കിയുടെ ഭാര്യ ഒലേനയും ഫോട്ടോഷൂട്ടിൻ്റെ ഭാഗമായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ അന്നീ ലെയിബോവിറ്റ്സാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ‘ധീരതയുടെ ഛായാചിത്രം’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരേയും മാഗസിന്റെ കവർചിത്രമായി അവതരിപ്പിച്ചിരുന്നത്. പ്രസിഡൻ്റിൻ് ഓഫീസിൽ ഒലേന സെലൻസിക്കൊപ്പം ഇരിക്കുന്നതിൻ്റേയും പട്ടാളക്കാർക്കൊപ്പം തകർന്നടിഞ്ഞ നഗരത്തിൽ നിൽക്കുന്നതിൻ്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോഷൂട്ടിനെ വിമർശിച്ച് അന്നുതന്നെ പ്രമുഖർ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ലോറൻ ബോബേർട്ട്, ടെക്സാസ് കോൺഗ്രസ് അംഗം മായ്റ ഫ്ളോറസ് എന്നിവർ രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രൈന് 60 ബില്ല്യൺ ഡോളർ സഹായം യു.എസ്. നൽകുമ്പോൾ സെലൻസ്കി ഫോട്ടോഷൂട്ടിൻ്റെ തിരക്കിലാണെന്നും ആ സഹായം ഇനി ആവശ്യമുണ്ടോയെന്നും ആയിരുന്നു ഇരുവരും ചോദിച്ചത്.

ഇരുപത് വർഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ഒലേന വോഗ് മാഗസിൻ്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ പുറത്തിറങ്ങിയ പതിപ്പിലാണ് അഭിമുഖത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചത്.

content summary; “Putin can’t afford me”: Musk responds to criticism over Ukraine peace talks

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment