നീണ്ട 74 വർഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ. രണ്ടാം ഇന്നിങ്സ് സമനിലയിൽ അവസാനിച്ചതോടെ, ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീഡിൽ ജയിച്ച കേരളം ഫൈനലിലേക്ക് കടന്നു. ഒന്നാം ഇന്നിങ്‌സിൽ കേരളം ഉയർത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്തായിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റിൽ 114 റൺസ് നേടിയതോട് കൂടി മത്സരം സമനിലയിൽ അവസാനിച്ചതോടെ കേരളം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരം വിദർഭയും കേരളവും തമ്മിലായിരിക്കും.
ഒന്നാം ഇന്നിങ്സിലെ 175-ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിൻ്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിൻ്റെ ഹെൽമറ്റിൽ ഇടിച്ച് ഉയർന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു.
ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.
2017ൽ ഫിലിപ്പ്സ് ഹ്യൂസിന്റെ മരണത്തോടെയാണ് ബാറ്ററിന്റെ 7 മീറ്റർ ചുറ്റളവിലുള്ള ഫീൽഡറും ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കിയത്. ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷം പന്ത് ഹെൽമെറ്റിൽ തട്ടി ക്യാച്ച് ചെയതാലും പുറത്തായതായി കണക്കാക്കും. ഇത് കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടു ദിവസവും, മൂന്നാം ദിവസത്തിന്റെ ആദ്യ മണിക്കൂറും ബാറ്റ് ചെയ്താണ് 457 റൺസ് നേടിയത്. 341 പന്തിൽ 177 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമായിരുന്നു കേരള ഇന്നിങ്സിന്റെ ഹൈലൈറ്റ്. സച്ചിൻ ബേബിയുടെയും (69), സൽമാൻ നിസാറിന്റെയും (52) അർധ സെഞ്ചുറികൾ ഇന്നിങ്സിന് കരുത്ത് പകർന്നു. അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്സേന (30), അഹ്മദ് ഇമ്രാൻ (24) എന്നിവരും പൊരുതിനിന്നതോടെയാണ് കേരളത്തിന് മികച്ച സ്കോർ സ്വന്തമായത്.
പഴയ തിരുവിതാംകൂർ-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂർണമെൻറിൽ മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണിൽ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിൻറെ രഞ്ജി അരങ്ങേറ്റം.
രഞ്ജിയിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ കേരളം പിന്നെയും കാത്തിരിക്കേണ്ടി വന്നത് നാലു പതിറ്റാണ്ടോളമായിരുന്നു. 1994-95ൽ കെ എൻ അനന്തപദ്മനാഭൻറെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാർട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണിൽ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പർ ലീഗിലേക്ക് യോഗ്യത നേടി. 2002-2003ൽ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണിൽ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.
2017-2018 സീസണിലാണ് അതിനുശേഷം കേരളം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ കേരളം ആദ്യമായി രഞ്ജി ക്വാർട്ടറിലെത്തി. 2018-2019 സീസണിൽ ആദ്യമായി രഞ്ജി സെമിയിലെത്തിയ കേരളം ദേശീയ തലത്തിലും ശ്രദ്ധേയരായി. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി രഞ്ജിയിൽ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയിരിക്കുകയാണ്.
content summary; After 74 Years, Kerala Reaches Ranji Trophy Final