June 26, 2026 |
Share on

ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ തല്ലിയോടിച്ച കാമില രാജ്ഞി

ബ്രിട്ടീഷ് രാജ്ഞിയുടെ കൗമരകാലത്ത് നേരിട്ട അനുഭവത്തെ കുറിച്ച് പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ ഉള്ളത്

തന്റെ കൗമാരപ്രായത്തില്‍ ലൈംഗികാതിക്രമം പ്രതിരോധിച്ച പെണ്‍കുട്ടിയാണ് ബ്രിട്ടീഷ് രാജ്ഞി കാമില എന്ന് പുതിയ വെളിപ്പെടുത്തല്‍. ഷൂസിന്റെ ഹീല്‍ ഉപയോഗിച്ചായിരുന്നു അന്ന് കാമില അക്രമിയെ നേരിട്ടതെന്നുമാണ് വാലന്റൈന്‍ ലോ രാജകുടുംബവുമായി ബന്ധപ്പെട്ട് എഴുതിയ പവര്‍ ആന്‍ഡ് ദി പാലസ് എന്ന പുസ്തകത്തില്‍ പറയുന്നു. സണ്‍ഡേ ടൈംസില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച കുറിപ്പുകളാണ് പിന്നീട് വാന്‍ലൈന്റ് ലോ പവര്‍ ആന്‍ഡ് ദി പാലസ് എന്ന പേരില്‍ തന്നെ പുസ്തകമാക്കിയത്. ടൈംസിന്റെ റോയല്‍ കറസ്‌പോണ്ടന്റായിരുന്നു ലോ.

കാമിലയ്ക്ക് 16-17 വയസുള്ളപ്പോള്‍ ട്രെയിനില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പിന്നീട് ഈ സംഭവത്തെ കുറിച്ച് ലണ്ടന്‍ മേയര്‍ ആയിരുന്ന(2008-2016) ബോറിസ് ജോണ്‍സണോട് കാമില പറഞ്ഞിരുന്നതായും പുസ്തകത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ മേയര്‍ ആയിരുന്ന സമയത്ത് ജോണ്‍സണ്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കാമില അദ്ദേഹത്തെ നേരില്‍ കണ്ടത്. കാമിലയും ബോറിസ് ജോണ്‍സണും തമ്മില്‍ 2008 ല്‍ ക്ലാരന്‍സ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച്ച നടന്ന കാര്യം ജോണ്‍സന്റെ മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഗുട്ടോ ഹാരി വാലന്റൈനോട് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി തന്നെയാണ് കാമിലയെ കണ്ട കാര്യം പറഞ്ഞതെന്നാണ് ഹാരി ഓര്‍മിക്കുന്നത്. ബോറിസ് ജോണ്‍സണും കാമിലയും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്ന ഗുട്ടോ ഹാരിയുടെ അഭിപ്രായം പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ‘തീപിടിച്ച വീട് പോലെ’ ആയിരുന്നു അവര്‍ എന്ന പ്രയോഗമാണ് ഹാരി രണ്ടുപേരെയും ചേര്‍ത്ത് പറയുന്നത്. കാമിലയും ജോണ്‍സണും വളരെ അടുത്ത് ഇടപഴകുന്നവരും അവര്‍ക്കിടയിലെ ബന്ധം തീവ്രവുമായിരുന്നു എന്നാണ് ഈ പ്രയോഗത്തിലൂടെ ഹാരി ഉദ്ദേശിക്കുന്നത്. ക്ലാരന്‍സ് ഹൗസില്‍ അവര്‍ തമ്മില്‍ നടന്നത് വളരെ ഗൗരവമേറിയ വിഷയം ചര്‍ച്ച ചെയ്യുന്നതായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാമില ലൈംഗികാതിക്രമം നേരിട്ട കാര്യമായിരുന്നു അവര്‍ സംസാരിച്ചത്, ഹാരി പറയുന്നു.

പാഡിംഗ്ടണിലേക്കുള്ള ട്രെയിനായിരുന്നു കാമില, അവള്‍ക്ക് അന്ന് പതിനാണോ പതിനേഴോ വയസാണ്. ആരോ ഒരാള്‍ ട്രെയിനില്‍ വച്ച് അവളെ അപമാനിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം കാമില പറഞ്ഞപ്പോള്‍, പിന്നെ നീ എന്തു ചെയ്തു എന്ന് ബോറിസ് ചോദിച്ചു. അമ്മ എന്നെ പഠിപ്പിച്ച കാര്യം ഞാന്‍ ചെയ്തു. കാലിലെ ഷൂ ഊരിയെടുത്ത് അതിന്റെ ഹീല്‍ കൊള്ളുന്ന വിധം അവന്റെ പാദത്തില്‍ അടിച്ചു, എന്നാണ് കാമില മറുപടി പറഞ്ഞത്; ഹാരിയുടെ വാക്കുകള്‍. ട്രെയിന്‍ പാഡിംഗ്ടണില്‍ എത്തിയ ഉടന്‍ തന്നെ കാമില പുറത്തിറങ്ങി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുകയും തനിക്ക് നേരിട്ട അനുഭവം പരാതിപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ അക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു; ഹാരി വിവരിക്കുന്നു.

78 കാരിയായ കാമില രാജ്ഞി, ഗാര്‍ഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനുമെതിരെ വളരെക്കാലമായി പോരാട്ടം നടത്തുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനായും കാമില പ്രവര്‍ത്തിക്കുന്നുണ്ട്.  Queen Camilla was a victim of an attempted sexual assault as a teenager, Power and the Palace, claims 

Content Summary; Queen Camilla was a victim of an attempted sexual assault as a teenager, Power and the Palace, claims

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×