March 19, 2025 |
Share on

പ്രിയങ്ക വയനാട്ടിലേക്ക്, രാഹുലിന് റായ്ബറേലി

പ്രിയങ്ക ഗാന്ധി ആദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച റായ്ബറേലി വയനാട് സീറ്റുകളില്‍ റായ്ബലേറി നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. വയനാട്ടില്‍ നിന്നും രാഹുല്‍ ഒഴിയുമ്പോള്‍ നടക്കുന്ന ബൈ ഇലക്ഷനില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക മത്സരിക്കുന്ന കാര്യം രാഹുല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. റായ്ബറേലി മണ്ഡലമായിരിക്കും രാഹുല്‍ നിലനിര്‍ത്തുകയെന്ന വിവരം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് തിങ്കളാഴ്ച്ച പുറത്തു വിട്ടത്.

ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടായത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഒരു സ്ഥാനാര്‍ത്ഥിക്ക് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 14 ദിവസത്തിനുള്ളില്‍ ഒരു മണ്ഡലം ഒഴിഞ്ഞു കൊടുക്കണം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം കൂടി രാഹുല്‍ ഏറ്റെടുക്കണമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വയനാടോ റായ്ബറേലിയോ ഏതു തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. ഏത് തീരുമാനമാണെങ്കിലും അതില്‍ രണ്ട് മണ്ഡലങ്ങളും സന്തുഷ്ടരായിക്കുമെന്നുമായിരുന്നു നേരത്തെ രാഹുല്‍ പറഞ്ഞത്.

2019 ലാണ് രാഹുല്‍ വയനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്നത്. അമേഠിയില്‍ അതേ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് തോല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ കുടുംബ മണ്ഡലമായി കരുതിയിരുന്ന അമേഠിയിലെ തോല്‍വി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ ആഘാതം വലുതായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയും അമേഠിയും അവസാന നിമിഷം വരെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ബാക്കിയെല്ലാ കോണ്‍ഗ്രസ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടും ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ വേണമെന്ന വാശിയലായിരുന്നു ഉത്തര്‍പ്രദേശ് പാര്‍ട്ടി ഘടകം. റായ്ബറേലി സോണിയ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായിരുന്നു. എന്നാല്‍ സോണിയ രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലിയിലും ഇത്തവണ മറ്റൊരാളെ തേടേണ്ടി വന്നു.

വയനാട്ടില്‍ തന്നെ രാഹുല്‍ ഇത്തവണയും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും വേറെ സ്ഥാനാര്‍ത്ഥികള്‍ വരുമെന്നായിരുന്നു സൂചന. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം കൂടി വന്നതോടെ റായ്ബറേലിയിലും അമേഠിയിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഒടുവില്‍ റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അപ്പോഴും പ്രിയങ്ക ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. അങ്ങനെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ അമേഠിയില്‍ വരുന്നത്.

ബിജെപിയുടെ സകല പ്രതീക്ഷകളും തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സാമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയപ്പോള്‍, അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു.

പ്രിയങ്ക ഗാന്ധി പാര്‍ട്ടി പദവികളിലേക്ക് വന്നെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഗാന്ധി കുടുംബത്തിലെ ഒരു കണ്ണി കൂടി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വന്നിരിക്കുകയാണ്.  rahul gandhi will keep rae bareli  seat, priyanka gandhi will contest in the bypoll from wayanad congress take decision 

Content Summary; rahul gandhi will keep rae bareli  seat, priyanka gandhi will contest in the bypoll from wayanad congress take decision

×