ന്യായീകരണങ്ങളും വെല്ലുവിളികളും ബാക്കി; രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ചു

ആരോപണം തനിക്കെതിരെയാണെന്ന് തോന്നുന്നില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. യൂത്ത്  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ രാഹുലിന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎല്‍എ സ്ഥാനത്ത് തുടരും. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ രാജിപ്രഖ്യാപനം നടത്തിയത്.

‘എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുതിർന്ന നേതാക്കളുമായി സംസാരിച്ചു. ഹൈക്കമാൻഡും രാജി ആവശ്യപ്പെട്ടിട്ടില്ല. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല. പരാതിവന്നാൽ നിയമപരമായി നേരിടും. ആരോപണം ഉന്നയിച്ച യുവ നടി എന്റെ അടുത്ത സുഹൃത്താണ്. ആരോപണം തനിക്കെതിരെയാണെന്ന് തോന്നുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞത്. ഇത്തരം ചെറിയ കാര്യങ്ങളാണോ വാർത്തയാക്കുന്നതെന്ന് ചോദിച്ച രാഹുല്‍ കോൺ​ഗ്രസിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുണ്ട്. ഓഡിയോ സന്ദേശം വ്യാജമായിനിർമ്മിക്കുന്ന കാലമാണ്. ഹണിഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെ. ഗർഭഛിദ്രത്തിന് തെളിവുണ്ടോ? കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണ്’-വാർത്താസമ്മേളത്തിൽ രാഹുൽ പറഞ്ഞു. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

content summary: Rahul Mamkootathil has resigned from his position

 

This post was last modified on August 21, 2025 3:59 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment