ഷാഫിയുടെയും സതീശന്റെയും സംരക്ഷണയില്‍ വളര്‍ച്ച; രാഹുലിന്റെ വീഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലും ആഘോഷം

വലിയൊരു വിഭാഗം രാഹുലിനെതിരായിരുന്നു

കോണ്‍ഗ്രസിനകത്ത് എ, ഐ ഗ്രൂപ്പുകള്‍ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പുറമെ നിലമ്പൂരില്‍ സിപിഎം സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ ആ വിജയം, വിഡി സതീശന്‍ ഗ്രൂപ്പിന്റെ വിജയമായിട്ടാണ് ആഘോഷിക്കപ്പെട്ടത്. ആ ഗ്രൂപ്പില്‍ പ്രബലനായി മാറിയ രാഹുല്‍ മാങ്കൂട്ടത്തിലിനും അതിന്റെതായ രാഷ്ട്രീയ മൈലേജ് കിട്ടി.

രാഹുല്‍-ഷാഫി കൂട്ടുകെട്ടും കോണ്‍ഗ്രസിനകത്ത് വലിയൊരു ഭിന്നതയ്ക്കായിരുന്നു വഴിവച്ചിരുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പോലും മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിന്റെ വീട്ടില്‍ അര്‍ധരാത്രി നിലമ്പൂര്‍ പിടിക്കാനായി ചെന്നത്. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്ന് വിഡി സതീശനടക്കം പറഞ്ഞതിന് പിന്നാലെയുള്ള രാഹുലിന്റെ വീട് സന്ദര്‍ശനത്തില്‍ പോലും കോണ്‍ഗ്രസ് നേതൃത്വമോ വിഡി സതീശനോ രാഹുലിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതിരുന്നത് കോണ്‍ഗ്രസിനകത്ത് രാഹുലിന്റെ സ്വാധീനത്തെ കൂടി തെളിയിക്കുന്നതാണ്. അതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് ചെവിക്കൊള്ളാന്‍ പോലും നേതൃത്വം തയ്യാറായിരുന്നില്ല.

അതുകൊണ്ടുതന്നെ, യൂത്ത് കോണ്‍ഗ്രസില്‍ മാത്രമല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെതിരേ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. തൃശൂരില്‍ നിന്നുള്ള പ്രമുഖനായ മുന്‍ എംപിയുടെ മകള്‍ക്കും രാഹുലില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ പരാതി വന്നെങ്കിലും അത് ചര്‍ച്ചയാക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. പിന്നീട് പലരും പരാതികള്‍ നേരിട്ട് ഹൈക്കമാന്‍ഡിന് നല്‍കാന്‍ തുടങ്ങി.

സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളവരുടെ പിന്തുണയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പിടിച്ചു നിന്നിരുന്നത്. മറുവശത്ത് വലിയൊരു വിഭാഗം രാഹുലിനെതിരായിരുന്നു. രാഹുലിനെതിരായ ആരോപണങ്ങളും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പടിയിറക്കവും കൂടി ആയതോടെ ആ അസംതൃപ്തരെല്ലാം ഇപ്പോള്‍ ഒത്തുകൂടിയിരിക്കുകയാണ്. രാഹുലിനോട് ഏറെ അതൃപ്തിയുണ്ടായിരുന്ന ചെന്നിത്തല ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ നിശ്ശബ്ദമായ എ ഗ്രൂപ്പിലെ നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിലെ സന്തോഷവും ആഘോഷിക്കുക തന്നെ ചെയ്യും.

രാഹുലിന്റെ രാജിയോടെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയുടെയും, കെ എം അഭിജിത്തിന്റെയും, ജെഎസ് അഖില്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്ന് വന്നിരിക്കുന്നത്. നിലവില്‍ രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടന്ന നിലപാടിലാണ് കെപിസിസി. അഭിമാന പോരാട്ടം നടത്തി ജയിച്ച പാലക്കാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ രാജിവച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സ്ത്രീ പ്രതിനിധികള്‍ വരുമോ എന്നതും സജീവ ചര്‍ച്ചയായിരിക്കുകയാണ്.

അതുപോലെ അടുത്തിടെ കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് യുവജന സമ്പര്‍ക്ക യാത്രയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി കോഴിക്കോട് ഡിസിസിയായിരുന്നു ചാണ്ടി ഉമ്മനെ നിശ്ചയിച്ചതും ക്ഷണിച്ചതും. എന്നാല്‍ കോഴിക്കോട് എത്തിയ ചാണ്ടി ടി സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പരിപാടിയില്‍ നിന്ന് വിട്ടുനിന്നുവെന്ന ആരോപണമായിരുന്നു ഷാഫി അനുകൂലികള്‍ ഉയര്‍ത്തിയത്. ഇതോടെ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഷാഫി-രാഹുല്‍ ദ്വന്ദത്തിനെതിരേ പരസ്യമായ പ്രതികരണമാണ് ഉണ്ടായത്. കോഴിക്കോട് പ്രശ്‌നത്തിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ താഴെത്തട്ടില്‍ നിന്നും നേതാവായ ആളല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ചാനല്‍ ചര്‍ച്ചകളിലൂടെ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കയറിപ്പറ്റിയ നേതാവായിരുന്നു. കോണ്‍ഗ്രസ് നേതൃനിരയിലെ നേതാക്കളുടെ പിന്തുണയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്പിലുമായി വളരെ അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചതും രാഹുല്‍ മാങ്കൂട്ടത്തിന് ഗുണകരമായിരുന്നു. അതുകൊണ്ട് തന്നെ ഷാഫി ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അധികം ബുദ്ധിമുട്ടാതെ തന്നെ രാഹുലിന് കയറിക്കൂടാനും കഴിഞ്ഞു. കാരണം ഷാഫിക്കും നിര്‍ദേശിക്കാന്‍ രാഹുലിന്റെ പേരായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് ഉണ്ടായ അറസ്റ്റും ജയില്‍വാസവുമൊക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംസ്ഥാന നേതാവ് എന്ന പരിവേഷത്തിലേക്ക് എത്തിച്ചു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പൂര്‍ണ പിന്തുണ കൂടി ആയതോടെ മുതിര്‍ന്ന നേതാക്കളെ പോലും മൂലയ്ക്ക് മാറ്റിനിര്‍ത്തുന്ന രീതിയിലേക്ക് രാഹുല്‍ നിലപാടുകളും മാറ്റിയിരുന്നു. പാലക്കാട് നിന്നും ഷാഫി പറമ്പില്‍ രാജിവച്ച് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും തന്റെ പിന്‍ഗാമിയാക്കിയത് രാഹുലിനെ തന്നെയായിരുന്നു.

രാഷ്ട്രീയ വളര്‍ച്ചയ്‌ക്കൊപ്പം വിവാദങ്ങളും ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇതുവരെ ഉണ്ടായിരുന്ന ജനപിന്തുണയും നഷ്ടപ്പെടുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ രാഹുലിനെ മത്സരിപ്പിക്കാനും സാധ്യതകള്‍ കുറവാണ്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. Rahul Mamkootatil’s downfall is being celebrated within the party

Content Summary: Rahul Mamkootathil’s downfall is being celebrated within the party

This post was last modified on August 22, 2025 10:29 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment