June 13, 2025 |
Avatar
അമർനാഥ്‌
Share on

രാമാനാന്ദ് സാഗറിന്റെയും ദൂരദര്‍ശന്റെയും രാമായണത്തിന്റെ കഥ

മെക്‌സിക്കോക്കാരന്‍ മിഗുവല്‍ സാബിഡോയില്‍ നിന്നു പറഞ്ഞു തുടങ്ങേണ്ട ചരിത്രം

1987 ജനുവരിയില്‍ ബോംബെയിലെ തന്റെ വസതിയില്‍ വന്ന ആ ഫോണ്‍ കോള്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തെ തന്നെ മാറ്റി മറിക്കാന്‍ പോകുന്നതിന്റെ ആരംഭമായിരുന്നുവെന്ന് ചലചിത്ര നിര്‍മാതാവ് രാമാനന്ദ സാഗറിന് അറിയില്ലായിരുന്നു. ഒരു ചരിത്രത്തിലേക്ക് വഴി തുറക്കുന്നതായിരുന്നു ഡല്‍ഹിയിലെ ദൂരദര്‍ശന്റെ ആസ്ഥാനമായ മണ്ഡി ഹൗസില്‍ നിന്നുള്ള ആ ഫോണ്‍ വിളി.

ദൂരദര്‍ശനിലെ പ്രോഗ്രാം വിഭാഗത്തിലെ ഒരു എക്‌സിക്യൂട്ടീവായിരുന്നു വിളിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ‘രാമായണം’ സീരിയലിന്റെ ഒരു പൈലറ്റ് എപ്പിസോഡ് തയ്യാറാക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അയാള്‍ രാമാനന്ദ് സാഗറിനോട് ചോദിച്ചു.

രാമാനന്ദ് സാഗര്‍ പറഞ്ഞു;’തീര്‍ച്ചയായും സാധിക്കും’

1987 ജനുവരി 25, ഞായറാഴ്ച്ച, രാമാനന്ദ് സാഗറിന്റെ ആദ്യത്തെ ‘രാമായണം’ എപ്പിസോഡ് ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതോടെ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രം മാറ്റി മാറ്റിയെഴുതപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഇതിഹാസമായ വാല്മീകിയുടെ ആദികാവ്യമായ രാമായണം ആദ്യമായി ഇന്ത്യന്‍ ടെലിവിഷനില്‍ പ്രേക്ഷകരുടെ മുന്നിലെത്തി.

ramanand sagar

രാമാനന്ദ്

മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ഞായറാഴ്ചകളിലും ഒരു പുണ്യകര്‍മമനുഷ്ഠിക്കും പോലെ ജനങ്ങള്‍ ‘രാമായണം’ കാണാന്‍ ടെലിവിഷന്‍ സെറ്റിന് മുന്‍പില്‍ ഉപവിഷ്ടരായി. ഒരു ജനതയുടെ മനസ് ജാതിമതവ്യതാസമില്ലാതെ ഏകപക്ഷീയമായി കീഴടക്കിയ ഒരു ദൃശ്യാനുഭവമായി മാറി. രാമായണത്തിന്റെ ടെലിവിഷന്‍ ആവിഷ്‌കരണം ഇന്ത്യയില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട ടിവി ഷോയായി സ്ഥാനം നേടി. രാമായണത്തിന് മുന്‍പും പിന്‍പുമെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രം അതോടെ പുനനിര്‍വചിക്കപ്പെട്ടു.

80 കളുടെ ആദ്യത്തോടെയാണ് ദൂരദര്‍ശന്‍ സീരിയലുകളുമായി എത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനസഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു എന്‍.ജി.ഒ സംഘടന ഇന്ത്യന്‍ വാര്‍ത്താ വിനിമയ വകുപ്പുമായി സഹകരിച്ച് ടെലിവിഷനിലൂടെ ജനസഖ്യ നിയന്ത്രണത്തെ കുറിച്ച് സന്ദേശം നല്‍കി ജനകീയ ബോധവത്കരണത്തിനായി ഒരു പദ്ധതിയിട്ടു. ഇതിനായി മെക്‌സിക്കോയില്‍ നിന്ന് മിഗുവല്‍ സാബിഡോ എന്ന പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ്-സംവിധായകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. 70 കളില്‍ ജനസഖ്യ നിയന്ത്രണത്തെ കുറിച്ച് സാബിഡോ മെക്‌സിക്കന്‍ ടെലിവിഷനില്‍ നിര്‍മിച്ച സീരിയലുകള്‍ വന്‍ വിജയമായിരുന്നു. റോമന്‍ കത്തോലിക്ക സഭക്ക് ഭൂരിപക്ഷമുള്ള മെക്‌സിക്കോയില്‍ ജനസഖ്യാ നിയന്ത്രണം നിയമം മൂലം നടപ്പിലാക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ടെലിവിഷന്‍ വഴി ശ്രമം നടത്തിയത്. ജനസഖ്യാ നിയന്ത്രണം വിഷയമാക്കിയ സാബിഡോയുടെ ടെലി ചിത്രങ്ങള്‍ നല്‍കിയ സന്ദേശങ്ങള്‍ വഴി മെക്‌സിക്കന്‍ ജനസഖ്യ വളര്‍ച്ചയില്‍ 34 % ഇടിവ് വന്നതായി പഠനനങ്ങള്‍ കണ്ടെത്തി. ചെറിയ കുടുംബങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ടെലി സീരിയലുകളുടെ ശില്‍പ്പിയെന്ന നിലയില്‍ അതോടെ സാബിഡോ പ്രശസ്തനായി.

മിഗുവല്‍ സാബിഡോ ഇന്ത്യയിലെത്തി ദൂരദര്‍ശന്‍- ഇന്ത്യന്‍ വാര്‍ത്താ വിനിമയ വകുപ്പുമായി ചര്‍ച്ച ചെയ്ത് സാമൂഹ്യ സന്ദേശമുള്‍ക്കൊള്ളുന്ന ജനപ്രിയ പരമ്പരകളെ കുറിച്ച് ദൂരദര്‍ശന് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കി.
1984 ല്‍ ദൂരദര്‍ശന്‍ ആദ്യത്തെ പരമ്പരയായ ‘ഹം ലോഗ്’ സംപ്രക്ഷണം ചെയ്തു.

hum log doordarshan serial

സാധാരണക്കാരുടെ കഥ പറയുന്ന ‘ഹം ലോഗി ‘ലെ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷരുടെ ഹൃദയം കീഴടക്കി. ഓരോ എപ്പിസോഡിനും അവര്‍ ആകാംഷയോടെ കാത്തിരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ടെലിവിഷനിലെ സീരിയല്‍ യുഗത്തിന്റെ വിജയഗാഥ ആരംഭിച്ചു.

ഹംലോഗ് സ്‌പോണ്‍സര്‍ ചെയ്ത ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെ ഈ സന്ദര്‍ഭം വളരെ വിദഗ്ധമായി പ്രയോജനപ്പെടുത്തി. അവരുടെ ഏറ്റവും പുതിയ ഭക്ഷ്യ വിഭവമായ ‘മാഗി നൂഡില്‍സ്’ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഒപ്പം മാഗി നൂഡില്‍സ് ടി വി പരസ്യങ്ങളും. ഏറെ താമസിയാതെ, രണ്ടു മിനിറ്റ് കൊണ്ടുണ്ടാക്കുന്ന മാഗി നൂഡില്‍സ് ഇന്ത്യന്‍ തീന്‍ മേശയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി മാറി. രാജ്യത്താകമാനം കുട്ടികളെ വശീകരിച്ച ഈ വില കുറഞ്ഞ വിഭവം അവരുടെ പ്രിയപ്പെട്ട മാഗിയായി മാറി.

maggi noodles old doordarshan ad

മാഗി നൂഡില്‍സ് പാക്കറ്റില്ലാത്ത ഇന്ത്യന്‍ കടകള്‍ അക്കാലത്ത് അപൂര്‍വ്വ കാഴ്ചയായിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പരസ്യ വിപണി അതോടെ ഇന്ത്യയില്‍ തുറക്കപ്പെട്ടു. മറ്റ് സ്വകാര്യ ചാനലുകള്‍ ഇല്ലാത്ത അന്നത്തെ ഇന്ത്യയില്‍ ദൂരദര്‍ശന്റെ കുത്തകയായിരുന്നു എന്ന് മാത്രം. അതോടെ ഇന്ത്യന്‍ ടെലിവിഷന്‍ പരസ്യ വിപണി മൂല്യം അതിന്റെ അത്യുന്നതങ്ങളിലെത്തി.

അടുത്ത പരമ്പര രമേഷ് സിപ്പിയും ജ്യോതി സ്വരൂപും ചേര്‍ന്ന് എടുത്ത ‘ബുനിയാദ്’ (1986-87) ഹം ലോഗിനെ കടത്തി വെട്ടി. ദൂരദര്‍ശന്റെ പരസ്യ വരുമാനം ഇരട്ടിയായ് ഉയര്‍ന്നു. ടി വി പരമ്പരകളുടെ വിജയം സിനിമാ രംഗത്ത് വന്‍ ചലനങ്ങളുണ്ടാക്കി. വന്‍ നിര്‍മാതാക്കള്‍ ആദ്യമായി ബോളിവുഡ് വിട്ട് ഡല്‍ഹിയിലേക്ക് കുതിച്ചു. കുറഞ്ഞ സമയം, കുറഞ്ഞ മുടക്കു മുതല്‍, വന്‍ ലാഭം, താരപരിവേഷം ആവശ്യമില്ലാത്ത സംരംഭം എന്നിവയാണ് അവരെ ആകര്‍ഷിച്ചത്. ബോളിവുഡിലെ ചില വൃത്തികെട്ട പ്രവണതകളായ താരജാഡകളോ, തരംതാണ സിനിമ രീതികളോ സീരിയല്‍ രംഗത്തില്ലയെന്നതും അവര്‍ക്ക് ആശ്വാസകരമായിരുന്നു. മനോഹര്‍ ശ്യാം ജോഷിയെന്ന എഴുത്തുകാരനാണ് ആദ്യത്തെ രണ്ടു പരമ്പരകളും എഴുതിയത്. പിന്നീട് സീരിയല്‍ രംഗത്തെ ഏറ്റവും ജയിച്ച എഴുത്തുകാരനായി മനോഹര്‍ ശ്യാം ജോഷി മാറി.

buniyaad doordarshan serial

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ദൂരദര്‍ശനിലൂടെ ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും, മൂല്യങ്ങളും തത്വങ്ങളും നന്നായി ഉല്‍ബോധിപ്പിക്കുന്ന പരമ്പരകള്‍ ദേശീയ ചാനലിലൂടെ അവതരിപ്പിക്കണമെന്ന ആശയത്തിന് 1985 ല്‍ തുടക്കമിട്ടത്. അന്നത്തെ ഐ ആന്‍ഡ് ബി സെക്രട്ടറി എസ്. എസ് ഗില്ലിനും വകുപ്പ് മന്ത്രിയായ വി.എന്‍ ഗാഡ്ഗില്ലിനും ഇതിനായ് രാജിവ് ഗാന്ധി നിര്‍ദേശം നല്‍കി. രാമായണവും മഹാഭാരതവുമായിരുന്നു ആദ്യം പരിഗണിച്ച കഥകള്‍. പരമ്പര നിര്‍മിക്കാനായി രണ്ട് ബോംബെ നിര്‍മാതാക്കളെ ദൂരദര്‍ശന്‍ തെരഞ്ഞെടുത്തു. അതിലൊരാളായിരുന്നു രാമാനന്ദ് സാഗര്‍. മറ്റെയാള്‍ പിന്നീട് മഹാഭാരതം നിര്‍മ്മിച്ച ബി. ആര്‍ ചോപ്രയും.

രാമാനന്ദ് സാഗര്‍ നിര്‍മിച്ച് നല്‍കിയ ആദ്യ പൈലറ്റ് എപ്പിസോഡ് കണ്ട വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ഗാഡ്ഗില്‍ ദൂര്‍ദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ ഘോഷിനോട് പറഞ്ഞു; ‘ഇത് പരിതാപകരമാണ്’ എങ്കിലും താങ്കള്‍ കണ്ട് തീരുമാനിക്കുക’. ഭാസ്‌കര്‍ ഘോഷ് അത് കണ്ടപ്പോള്‍ ഗാഡ്ഗില്ലിന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്ന് മനസിലായി. അദ്ദേഹം രാമാനന്ദ സാഗറിനെ ഫോണില്‍ വിളിച്ചു; ”രാമാ നന്ദ് ജി, ഈ രാമായണം എപ്പിസോഡുകള്‍ നന്നല്ല. രാമനെയും ലക്ഷ്മണനെയും നോക്കൂ. അവര്‍ മെലിഞ്ഞവരും അനാകര്‍ഷര്‍കരുമാണ്, വെള്ള താടിയുള്ള വൃദ്ധരായ ചിലര്‍ നല്‍കുന്ന ബുദ്ധിപരമായ ചില ഉപദേശങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല. ഈ എപ്പിസോഡുകള്‍, ഇതെങ്ങനെ ടിവിയില്‍ കാണിക്കും?

രാമനന്ദസാഗര്‍ നീരസത്തോടെ മറുപടി നല്‍കി; ‘രാമനും ലക്ഷ്മണനുമൊക്കെ പരിശീലനം സിദ്ധിച്ച ബാലതാരങ്ങളാണ്, വയസായവര്‍ എന്ന് താങ്കള്‍ പറഞ്ഞവരെല്ലാം യഥാര്‍ത്ഥത്തില്‍ സന്യാസിമാരാണ്’.

ഈ എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഭാസ്‌കര്‍ ഘോഷ് ശഠിച്ചപ്പോള്‍, ബോംബെയിലെ സിനിമാ ലോകത്തെ പല കളികളും പയറ്റിയിട്ടുള്ള രാമാനന്ദ് സാഗര്‍ പറഞ്ഞു; ‘ഈ എപ്പിസോഡുകള്‍ക്കായി ഞാന്‍ ധാരാളം പണം ചെലവഴിച്ചിട്ടുണ്ട്, രാമായണം സീരിയല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് താങ്കളുടെ ദൂരദര്‍ശനാണ്. അതാവശ്യപ്പെട്ടു കൊണ്ടുള്ള ഗില്‍ സാഹിബിന്റെ ഒരു കത്ത് എന്റെ കയ്യില്‍ ഉണ്ട്’. അതോടെ ഭാസ്‌കര്‍ ഘോഷ് വെട്ടിലായി.

പക്ഷേ, ഭാസ്‌കര്‍ ഘോഷ് പിന്‍മാറിയില്ല. അദ്ദേഹം പറഞ്ഞു; ‘എങ്കിലും നിങ്ങള്‍ ബാലനടന്മാരെ മാറ്റണം. കുറെക്കൂടി രാമായണ കഥാസാരം ചേര്‍ക്കണം. രാമാനന്ദ് സാഗര്‍ അതിനു സമ്മതിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം പരിഷ്‌കരിച്ച എപ്പിസോഡുകള്‍ രാമാനന്ദ് സാഗര്‍ ദൂരദര്‍ശന് നല്‍കി.

വാഗ്ദാനം ചെയ്തതുപോലെ ബാലതാരങ്ങളെ മാറ്റി, പകരം റോളില്‍ താരങ്ങള്‍ വന്നു. 80 കളില്‍ ബോളിവുഡ് താരമായി ഉയര്‍ന്ന അരുണ്‍ ഗോവല്‍ എന്ന നടന്‍ രാമനായി സ്‌ക്രീനിലെത്തി. ലക്ഷ്മണനായി ബോളിവുഡിലെ മറ്റൊരു യുവനടന്‍ സുനില്‍ ലാഹരിയും സീതയായി സഹനടി വേഷങ്ങളില്‍ അഭിനയിക്കുന്ന ദീപിക ചിഖ്‌ലി എന്ന നടിയും അഭിനയിച്ചു. പി.ജി. വിശംഭരന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തുവന്ന ‘ഇതിലേ ഇനിയും വരൂ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുള്ളതിനാല്‍ മലയാളികള്‍ കുറച്ച് പേര്‍ക്കെങ്കിലും പരിചിതയായിരുന്നു സീതയായി വേഷമിട്ട ദീപികയെന്ന ഈ നടി.

ഗുജറാത്തി സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് അഭിനേതാവായി പ്രസിദ്ധനായ അരവിന്ദ് ദ്വിവേദിയാണ് രാവണനായത്. ഇന്ത്യയിലെ ഏറ്റവും പ്രശ്‌സ്തനായ ഗുസ്തിക്കാരന്‍ ധാരാസിംഗ് ഹനുമാനായി വേഷമിട്ടത് പ്രേക്ഷകരെ പുളകം കൊള്ളിച്ചു. പക്ഷേ, മാറ്റം വരുത്തിയെന്ന് രാമാനന്ദ സാഗര്‍ അവകാശപ്പെട്ട പുതിയ രാമായണം എപ്പിസോഡുകള്‍ കണ്ട ഭാസ്‌കര്‍ ഘോഷിന് അവയും വിരസമായി തന്നെ അനുഭവപ്പെട്ടു.

arvind dwivedi as ravana in ramayanam serial

അതിനിടയില്‍ മന്ത്രി ഗാഡ്ഗില്‍ ഭാസ്‌കര്‍ ഘോഷിനെ വിളിച്ചു വരുത്തി. ‘എന്താണ് രാമായണം സീരിയലിന്റെ പുരോഗതി? എന്ന് തുടങ്ങാം? ഗാഡ്ഗില്‍ ചോദിച്ചു. ‘അതൊരു ഇടത്തരം, നിലവാരമില്ലാത്ത ഒന്നാണ്. നമുക്കങ്ങനെ പെട്ടെന്ന് ടെലിവിഷനില്‍ കാണിക്കാന്‍ പറ്റില്ല’ ഘോഷ് സത്യം വെട്ടിത്തുറന്നു പറഞ്ഞു.

‘നമുക്ക് മറ്റൊരു വഴിയും ഇല്ല. ഇത് ഒരു ഇഷ്യൂ ആകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ചില എം.പി.മാര്‍ ചോദിച്ചു തുടങ്ങി. ഇത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാല്‍ കാര്യം കുഴയും. ഗാഡ്ഗില്‍ പറഞ്ഞു. ‘താങ്കള്‍ ഹിതമനുസരിച്ച് വേണ്ടതു ചെയ്യുക’ ഗാഡ്ഗില്‍ കൗശലപൂര്‍വ്വം ഒഴിഞ്ഞു മാറി.

നിലവാരമില്ലാത്ത ഒരു പരമ്പര, അതും രാമായണം പോലുള്ള ഒരു ഇതിഹാസം പ്രക്ഷേപണം ചെയ്താലുണ്ടാകുന്ന വരും വരായ്കകള്‍ തന്നിലാണ് എത്തുകയെന്നറിയാവുന്ന ഭാസ്‌കര്‍ ഘോഷ് ഒടുവില്‍ നിര്‍ണായക തീരുമാനം എടുത്തു. രാമായണം പ്രേക്ഷകര്‍, കാണട്ടെ, വിധി അവര്‍ തീരുമാനിക്കട്ടെ!

1987 ജനുവരി 25 ന് രാമായണം പരമ്പരയുടെ ആദ്യ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ആദ്യ എപ്പിസോഡുകള്‍ വിമര്‍ശനങ്ങള്‍ എറ്റ് വാങ്ങിയെങ്കിലും നാല് ആഴ്ച്ച പിന്നിട്ടതോടെ വിമര്‍ശനം നിശ്ചലമായി, സ്വീകാര്യതക്ക് വഴിമാറി. ഇന്ത്യന്‍ ജനത ഏറ്റെടുത്ത ഈ ടി വി പരമ്പര രാജ്യത്തിന്റെ വികാരമായി മാറി. 1988 ജൂലൈ 31 ന്, 78 മത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത് പരമ്പര അവസാനിക്കുമ്പോള്‍ പേരു പോലെ തന്നെ ലോക ടെലിവിഷന്‍ ചരിത്രത്തിലെ ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു രാമാനന്ദ സാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പര.

കശ്മീരിലെ ഒരു ധനിക കുടംബത്തില്‍ ജനിച്ച രാമനന്ദ് സാഗര്‍ 1950 കളില്‍ ബോംബയിലേക്ക് കുടിയേറുകയും ബോംബെ സിനിമാ രംഗത്തെ അന്നത്തെ പ്രമുഖനായ പൃഥ്വിരാജ് കപൂറിന്റെ സഹായിയായി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാരംഭിക്കുകയും ചെയ്തു. പിന്നീട് സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചു. ശരാശരി ചിത്രങ്ങള്‍ നിര്‍മിച്ച സാഗര്‍ പിന്നിട് മിനിസ്‌ക്രീനിലേക്ക് തിരിഞ്ഞു. രാമായണം പുറത്ത് വന്ന ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാമായണം ടെലിവിഷന്‍ സീരിയലിലെ ഒരു എപ്പിസോഡിന് 9 ലക്ഷം രൂപയാണ് 1987 ല്‍ സാഗര്‍ ചിലവിട്ടത്. അക്കാലത്തെ വലിയ തുകയാണത്. രവിന്ദ്ര ജെയിന്റെ രാമായണം ടൈറ്റില്‍ സോങ്ങ് ഉള്‍പ്പെടെയുള്ള രാമായണം പരമ്പരയിലെ സംഗീതം പ്രേക്ഷകരെ ഹൃദ്യമായി ആകര്‍ഷിച്ചു. അവരുടെ മനസിനെ തൊട്ട ഈണമായി മാറി രാമകഥയിലെ സംഗീതം.

‘രാമായണവും മഹാഭാരതവും പോലുള്ള പരമ്പകളുടെ അതിശയകരമായ വിജയം ഇങ്ങനെ രേഖപ്പെടുത്തുന്നു: രാമായണം ടിവിയില്‍ പ്രത്യക്ഷപ്പെടുന്ന സമയം തെരുവുകള്‍ ആളൊഴിഞ്ഞ് ശൂന്യമായി കാണപ്പെട്ടു. രാമകഥ കാണാനായി ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ പള്ളികളിലെ പതിവ് പ്രാര്‍ത്ഥനാ ചടങ്ങുകളുടെ സമയം ചരിത്രത്തിലാദ്യമായി മാറ്റേണ്ടി വന്നു. സിപിഎമ്മിന് അവരുടെ പ്രചാരണ യോഗങ്ങളുടെ സമയം പോലും പുന:ക്രമീകരിക്കേണ്ടി വന്നു എന്നുമാണ് മാധ്യമപ്രവര്‍ത്തകയായ നീലാഞ്ജന ശര്‍മ്മയുടെ ‘Switching Channels: Ideologies of Television in India (1998) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ രാമായണം കാണാനായി ടിവിക്ക് മുന്നില്‍ ഇരിക്കുന്നതിനുമുമ്പ് പലരും കുളിച്ച് ശുദ്ധമായി പൂജകള്‍ നടത്തുന്നതു പതിവായി. പ്രേക്ഷകര്‍ വീടുകളില്‍ പ്രാര്‍ത്ഥനയോടെ ടിവി സെറ്റില്‍ മാല ചാര്‍ത്തുന്നതും ചന്ദനം പൂശി അഭിഷേകം ചെയ്യുന്നതും സാധാരണ സംഭവമായി. മറ്റൊരു മാധ്യമ നിരീക്ഷകനായ സെവന്തി നൈനാന്‍ ‘Through The Magic Window ‘ (1995) എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു.

ഇതിനിടയില്‍ രാമായണ പരമ്പരയുടെ വന്‍ വിജയമാഘോഷിക്കുന്ന ഭാസ്‌കര്‍ ഘോഷിനും ദൂരദര്‍ശന്‍ സംഘത്തിനും പരമ്പരയുടെ മറ്റൊരു വിചിത്രമായ ഫീഡ് ബാക്ക് ലഭിച്ചു. ബോബെയില്‍ നേത്രരോഗ ഡോക്ടര്‍മാര്‍ക്ക് തിരക്ക് വര്‍ദ്ധിക്കുന്നു. എല്ലാ രോഗികളും കുട്ടികളാണെന്നായിരുന്നു ഇതിന്റെ പ്രത്യേകത. പലര്‍ക്കും ഒരു കണ്ണിന് സാരമായ മുറിവേറ്റ് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. രാമായണത്തിലെ യുദ്ധരംഗം ടിവിയില്‍ കണ്ട രാമന്റെയും ലക്ഷ്മണന്റെയും വില്ലുകളില്‍ നിന്ന് ചീറിപ്പായുന്ന അസ്ത്രങ്ങളില്‍ ആകൃഷ്ടരായ കുട്ടികള്‍ പ്രകൃതമായ വില്ലും അമ്പും ഉണ്ടാക്കി യുദ്ധരംഗം അനുകരിച്ച് പരസ്പരം അസ്ത്രം തൊടുക്കാന്‍ ആരംഭിച്ചു. ടിന്നില്‍ നിന്ന് തകിട് വെട്ടിയെടുത്ത് അമ്പിന്റെ അറ്റത്ത് പിടിപ്പിച്ച്, മൂര്‍ച്ചയുള്ള ഈ അസ്ത്രങ്ങള്‍ വില്ലില്‍ തൊടുത്ത് കുട്ടിയോദ്ധാക്കള്‍ രാമരാക്ഷസ യുദ്ധം തെരുവുകളിലും കളിസ്ഥലങ്ങളിലും അനുകരിച്ചതോടെ പലയിടത്തും അമ്പേറ്റ് കുട്ടികള്‍ക്ക് സാരമായ മുറിവേറ്റു. അതാണ് കണ്ണ് ഡോക്ടര്‍മാര്‍ക്ക് ജോലി പെട്ടെന്ന് കൂടിയത്.

അയല്‍ രാജ്യത്ത് പാക്കിസ്ഥാനില്‍ വരെ വന്‍ ജനക്കൂട്ടങ്ങള്‍ തെരുവുകളിലെ ടി വി കടകളില്‍ രാമായണം കാണാന്‍ തടിച്ചുകൂടാന്‍ തുടങ്ങിയെന്ന വാര്‍ത്ത ദൂരദര്‍ശന്‍ ഇതിഹാസ പരമ്പരയുടെ പ്രശസ്തിയും സ്വാധീനവും ചക്രവാളസീമകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചതിന്റെ വിജയകുതിപ്പായി മാറി.

പിന്നീട് 55 രാജ്യങ്ങളില്‍ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. 650 ദശലക്ഷം ഇതിനകം കണ്ട ഈ ഇതിഹാസത്തിന്റെ ദൃശ്യരൂപം ലോകത്തിലേറ്റവുമധികം ആളുകള്‍ കണ്ട ടിവി പരമ്പരയായി മാറി.

Ramayana doordarshan serial

ടെലിവിഷന്‍ സംസ്‌കാരം രൂപപ്പെട്ടു വരുന്ന ആ കാലത്ത് ഇതൊരു യാദൃശ്ചിക വിജയമായിരുന്നില്ല. കാരണം ലളിതമായി മനസിലാക്കാം. 2020 മാര്‍ച്ചില്‍ ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയലമര്‍ന്നപ്പോള്‍ മാര്‍ച്ചില്‍ പ്രധാനമന്ത്രി മോദി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖാപിച്ചു. ദൂര്‍ദര്‍ശന്‍ ആ സമയത്ത് രാമായണം വീണ്ടും നാഷണല്‍ നെറ്റ് വര്‍ക്കില്‍ റീ ടെലികാസ്റ്റ് ചെയ്തു. 33 വര്‍ഷത്തിന് ശേഷമാണ് രാമായണം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയത്.

നിരവധി സ്വകാര്യ ചാനലുകളും വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും നിറഞ്ഞാടിയ ഈ ഡിജിറ്റല്‍ യുഗത്തിലും ദൂരദര്‍ശന്റെ പഴയ ക്ലാസിക്ക് ‘രാമായണം’ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വന്‍ വിജയം നേടി. സംപ്രേക്ഷണം തുടങ്ങി ഒരു മാസത്തിനുള്ളില്‍ 16.77 കോടി പ്രേക്ഷരാണ് രാമായണത്തിന്റെ പുന: സംപ്രേക്ഷണം കണ്ടതെന്ന് ദൂരദര്‍ശന്റെ ഔദ്യോഗിക ട്വീറ്റര്‍ രേഖപ്പെടുത്തി. രാമായണം സീരിയല്‍ ഒരു ഭാഗ്യ വിജയമല്ല എന്ന് ഉറപ്പിക്കുന്ന വസ്തുതയാണ് ഇത്.

രാമായണം പരമ്പര ഇന്ത്യന്‍ രാഷ്ടീയത്തില്‍ നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കിയെന്ന് വിശ്വസിക്കുന്ന ഒരു വാദം ശക്തമായിരുന്നു. ഒരു കൂട്ടം വിമര്‍ശകരുടെ സിദ്ധാന്തമായി പിന്നീട് ഇത് മാറി. ടെലിവിഷനില്‍ കാണിച്ച രാമാനന്ദ് സാഗറിന്റെ രാമായണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹിന്ദുത്വവാദത്തെ നിശബ്ദമായി ഉണര്‍ത്തുകയും ആര്‍എസ്എസ്സിനും, അദ്വാനിയുടെ പ്രസിദ്ധമായ രഥയാത്രാ കാലത്ത് രൂപം കൊണ്ട ഹിന്ദു തീവ്രവാദി സംഘടന ബജ്രംഗ്ദളിനും വളരാനാവശ്യമായ വളവും വെളിച്ചവും നല്‍കാന്‍ ഈ പരമ്പര സഹായിച്ചു എന്നൊരു വാദം ശക്തമായി ഉയര്‍ന്നു.

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ മീഡിയ സ്റ്റഡിസിലെ അദ്ധ്യാപകനായ അരവിന്ദ് രാജഗോപാല്‍ Politics After Television: Hindu Nationalism and the Reshaping of the Public in India (2000) എന്ന തന്റെ പുസ്തകത്തില്‍ എഴുതി; ‘ ഒരു മതേതര രാഷ്ട്രത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സ്ഥാപനം ഒരു മതത്തേയും പിന്‍തുണക്കരുതെന്ന ദശാബ്ദങ്ങളായി നില നിന്ന വിലക്ക് ലംഘിച്ചാണ് ഈ ടെലിവിഷന്‍ പരമ്പര പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമൊരുക്കിയത്. ഹിന്ദു ദേശീയവാദികള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തി. ഇത് ഹിന്ദുവിന്റെ ഉണര്‍വ് എന്ന ആശയത്തെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും പ്രചോദനം നല്‍കി.’

വലിയ മതേതരരെന്ന് വീമ്പടിക്കുന്ന നെഹ്‌റു കുടുംബത്തിലെ അംഗമാണ് ഇതിന് വഴിയൊരുക്കിയതെന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കാനാണ് ദേശീയ മാധ്യമങ്ങളുള്‍പ്പടെ പലരും ശ്രമിച്ചത്. രാജഗോപാലിന്റെ വാദത്തില്‍ കഴമ്പുണ്ടെങ്കില്‍, രാമജന്മഭൂമി സംഭവത്തെ ടി വി രാമായണം ഉത്തേജിപ്പിച്ചെന്ന വാദം ശരിയാകും. എങ്കില്‍ ബിജെപിയും ബജ്രംഗദളും രാജിവ് ഗാന്ധിയോടും കോണ്‍ഗ്രസിനോടും രാമായണം ചെറിയ സ്‌ക്രിനില്‍ എത്തിച്ചതിന് കടപ്പെട്ടിരിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പണ്ഡിതനും നാടകകൃത്തുമായ ജി.പി. ദേശ്പാണ്ഡെ ‘നീതിരാഹിത്യത്തിന്റെ ഇതിഹാസ രൂപം’ എന്നാണു രാമാനന്ദ സാഗറിന്റെ രാമായണത്തെ വിമര്‍ശിച്ചത്.’ഒരു കലണ്ടര്‍ പടങ്ങള്‍ വരക്കുന്ന രീതിയിലാണത്. പണം വാരാന്‍ ഉള്ള ദൂരദര്‍ശന്റെ ഒരു കച്ചവട ചരക്ക് മാത്രമാണത്’ അദ്ദേഹം പറഞ്ഞു.

പില്‍ക്കാലത്ത് ടിവിയിലെ രാമനും സീതയും എന്തിന് രാവണന്‍ പോലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഇലക്ഷനില്‍ മത്സരിച്ച് ജയിച്ച് എം.പി മാരായി പാര്‍ലമെന്റിലെത്തിയെന്നതാണ് ടി വി രാമായണത്തിന്റെ മറ്റൊരു സംഭാവന. എല്ലായിടങ്ങളിലും പോലെ കേരളത്തിലും ദൂരദര്‍ശന്റെ രാമായണം ഹിന്ദിയായിട്ടു പോലും വന്‍ രീതിയില്‍ സ്വീകരിക്കപ്പെട്ടു. രാമായണത്തിന്റെ ടെലി തിരക്കഥ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ രണ്ടു വന്‍ കിട പത്രങ്ങള്‍ മത്സരിക്കുക പോലുമുണ്ടായി. പകര്‍പ്പവകാശം ഒരു പത്ര ഗ്രൂപ്പിന് കിട്ടി. അപര പത്രം വിടുമോ, ടെലിക്കഥയുടെ ഏകദേശ രൂപം എഴുതി കളര്‍ ചിത്രങ്ങളോടെ ഞായറാഴ്ച വായനക്കാര്‍ക്ക് നല്‍കി. പക്ഷേ, ഭാഷ മറികടന്ന് മലയാളികള്‍ ടി വി രാമായണം സ്വീകരിച്ചു.

അക്കാലത്തും മുന്‍നിര പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പ് ടി വി രാമായണത്തെ കുറിച്ച് ഒരു ചര്‍ച്ച സ്വഭാവമുള്ള ലേഖനങ്ങള്‍ എല്ലാ ലക്കത്തിലും പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് രാമായണ പരമ്പര അവഗണിക്കാനാവാത്ത ടെലിവിഷന്‍ പരമ്പരയായി മലയാളി പ്രേക്ഷകര്‍ എറ്റ് വാങ്ങിയെന്നതിന് തെളിവായിരുന്നു.

പരമസ്വാത്വികനും തികഞ്ഞ സംസ്‌കൃത പണ്ഡിതരുമായ കെ.പി. നാരായണ പിഷാരടി തൊട്ട് കേരളത്തിലെ യുക്തിവാദികളുടെ മാര്‍പ്പാപ്പ പവനന്‍ വരെ രാമാനന്ദ സാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പരയെ അവലോകനം ചെയ്ത് എഴുതി. ആരോഗ്യപരമായ വിമര്‍ശനങ്ങളായിരുന്നു ആ ലേഖനങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പരമ്പരയില്‍ ഒരു ദൂരദര്‍ശന ലേഖനത്തില്‍ ചീഫ് എഡിറ്ററായ എന്‍.വി. കൃഷ്ണവാര്യര്‍ എഴുതി; ‘നമ്മുടെ പല ബുദ്ധിജീവികളും രാമായണ സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം ശിശുക്കള്‍ മാത്രമാണ്. രാമായണം സീരിയലിലെ യുക്തിഭംഗങ്ങളേയും അനൗചിത്യങ്ങളേയും പറ്റി അവര്‍ക്ക് ദീര്‍ഘമായി സംസാരിക്കാനുണ്ടാവും (വാല്മീകിയിലും അവര്‍ അപൂര്‍ണ്ണതകള്‍ കണ്ട് പിടിക്കുന്നുണ്ടാകും). ഈ ചര്‍ച്ചകളായിരിക്കാം ആ ഇതിഹാസത്തിന്റെ സ്പിരിറ്റിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ലഭിക്കുന്ന ആത്മവിസ്മൃതിയേക്കാള്‍ അവര്‍ക്ക് അഭികാമ്യം. കുട്ടികളേ നിങ്ങള്‍ ഹനുമാന്റെ വാല്‍ നോക്കി തൃപ്തിയടയുക’.  Ramanand sagar’s Doordarshan epic serial Ramayanam back story 

Content Summary; Ramanand sagar’s Doordarshan epic serial Ramayanam back story

Leave a Reply

Your email address will not be published. Required fields are marked *

×