April 28, 2025 |
Share on

രഞ്ജി ട്രോഫി: കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു, വിദർഭയ്ക്ക് മൂന്നാം കിരീടം

കേരളം കന്നി കിരീടത്തിന് ഇനിയും കാത്തിരിക്കണം

ആദ്യ ഫൈനലിൽ എത്തിയതിന്റെ നേട്ടത്തിനൊപ്പം കിരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. രഞ്ജി കിരീടം വിദർഭയ്ക്ക്. കേരളത്തിനെതിരായ ഫൈനൽ സമനിലയിൽ അവസാനിച്ചതോടെയാണ് വിദർഭ രജ്ഞി ട്രോഫി നേടിയത്. മൂന്നാം തവണയാണ് വിദർഭക്ക് രഞ്ജി ട്രോഫി ലഭിക്കുന്നത്. കേരളം കന്നി കിരീടത്തിന് ഇനിയും കാത്തിരിക്കണം. വിദർഭയുടെ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 375 എന്ന നിലയിൽ നിൽക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദർഭ ചാംപ്യന്മാരാകുന്നത്. സ്‌കോർ: വിദർഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസിൽ 37 റൺസിന്റെ ലീഡുണ്ടായിരുന്നു വിദർഭയ്ക്ക്. രണ്ടാം ഇന്നിംഗ്സിലെ സ്‌കോർ കൂടിയായപ്പോൾ 412 റൺസ് ലീഡിലെത്തി. ദർശൻ നാൽകണ്ഡെ (51), യാഷ് താക്കൂർ (8) പുറത്താവാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ കേരളം സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.ranji trophy final: vidarbha champions again, kerala unbeaten title hopes ends

മികച്ച ലീഡുമായി അവസാന ദിനം കളി തുടങ്ങിയ വിദർഭയ്ക്ക് കരുണിന്റെ (295 പന്തിൽ 135) വിക്കറ്റ് വേഗം നഷ്ടമായി. കരുണിനെ സർവാതെയുടെ പന്തിൽ അസ്ഹറുദീൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റൺസ് മാത്രം കൂട്ടിച്ചേർത്തായിരുന്നു കരുണിന്റെ മടക്കം. 24 റൺസെടുത്ത അക്ഷയ് വാഡ്കറിനെയും സർവാതെ മടക്കി. ഹർഷ് ദുബെയെ (4) ഈഡൻ വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും വാലറ്റത്ത് അക്ഷയ് കർനെവാറും ദർശൻ നൽക്കാണ്ടെയും കേരള ബൗളർമാരെ പരിക്ഷീച്ചുകൊണ്ടിരുന്നു. ഒടുവിൽ 70 പന്തിൽ 30 റൺസെടുത്ത കർനെവാറെയെ ബേസിൽ മടക്കിയപ്പോൾ നചികേത് ഭൂട്ടെയെ (3) സർവാതെ വിക്കറ്റിനു മുന്നിൽ കുരുക്കി. ദർശൻ നൽക്കാണ്ടെയും (51), യാഷ് താക്കൂറും (8) പുറത്താകാതെ നിന്നു. നൽക്കാണ്ടെയുടെ അർധ സെഞ്ചുറിക്ക് പിന്നാലെയായിരുന്നു മത്സരം സമനിലയിൽ അവസാനിപ്പിക്കാനുള്ള തീരുമാനം.

ആദ്യ ദിനം ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം സ്‌കോർ ബോർഡ് തുറക്കുംമുൻപേ, വിദർഭയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ടീം സ്‌കോർ 24 റൺസിലെത്തുമ്പോൾ വിദർഭയുടെ വിക്കറ്റ് നഷ്ടം മൂന്ന് ആയി. അവിടെനിന്നാണ് സെഞ്ച്വറി നേടിയ ഡാനിഷ് മാലെവാറും അർധ സെഞ്ച്വറി സ്വന്തമാക്കിയ കരുൺ നായരും ചേർന്ന് പ്രതിരോധത്തിന്റെ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്നത്. ആദ്യ ദിവസത്തിന്റെ അവസാന മണിക്കൂറിൽ കരുൺ റണ്ണൗട്ടായി പുറത്തുപോയെങ്കിലും, നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിൽ ഒന്നാം ദിനം വിദർഭ സ്വന്തമാക്കി. 188 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 86 റൺസുമായി നിൽക്കുമ്പോഴായിരുന്നു കരുണിന്റെ മടക്കം. ഡാനിഷും കരുണും ചേർന്ന് 215 റൺസാണ് നേടിയത്.

രണ്ടാം ദിനം കേരളം മികച്ച പ്രകടനം കാഴ്ച്ച വച്ചു. ആദ്യ സെഷനിലെ പത്താം ഓവറിൽ, ഡാനിഷിനെ വീഴ്ത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ തുടക്കം. 285 പന്ത് നേരിട്ട് 153 റൺസെടുത്ത ഡാനിഷിനെ എൻ.പി. ബേസിൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ, യാഷ് താക്കൂറിന്റെ (25) വിക്കറ്റും സ്വന്തമാക്കി. പിന്നീടങ്ങോട്ട് വിദർഭയുടെ പ്രതിരോധ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. 125 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വിദർഭയുടെ എല്ലാം വിക്കറ്റും വീഴ്ത്തി കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. വിദർഭയുടെ ആദ്യ ഇന്നിങ്‌സ് 379 റൺസിന് അവസാനിച്ചു. കേരളത്തിനുവേണ്ടി എം.ഡി. നിതീഷും ഈഡൻ ആപ്പിൾ ടോമും മൂന്ന് വിക്കറ്റ് വീതം നേടി. ബേസിൽ രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.

പ്രതീക്ഷയോടെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പിഴച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹൻ കുന്നുമ്മൽ (0) കൂടാരം കയറി. മൂന്നാം ഓവറിൽ അക്ഷയ് ചന്ദ്രനും (11) വീണു. പിന്നാലെ ആദിത്യ സർവാതെയും അഹ്‌മദ് ഇമ്രാനും ചേർന്ന് ഇന്നിങ്‌സിന് ജീവൻ പകർന്നു. ഒരറ്റത്ത് പ്രതിരോധ കോട്ട കെട്ടിയ സർവാതെ അർധ സെഞ്ചുറിയുമായി മുന്നേറവെ, ഇമ്രാൻ (37) വീണു. ഇതോടെ, ക്യാപ്റ്റൻ സച്ചിൻ ബേബി കളത്തിലിറങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കേരളം കളി അവസാനിപ്പിച്ചു.

ലീഡ് ലക്ഷ്യമിട്ടാണ് കേരളം മൂന്നാം ദിനത്തിൽ ബാറ്റെടുത്തത്. എന്നാൽ സർവാതെയുടെയും (79) സൽമാൻ നിസാറിന്റെയും (21) വിക്കറ്റുകൾ കേരളത്തിന് രാവിലെ തന്നെ നഷ്ടമായി. പിന്നാലെ മുഹമ്മദ് അസ്ഹറുദീനും (34), മൂന്നാം സെഷനിൽ സെഞ്ചുറിക്കരികിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും (98), അവസാന ഓവറുകളിൽ ജലജ് സക്‌സേനയും (28) നിതീഷും ഏഡൻ ആപ്പിൾ ടോമും (10) വീണതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 342 റൺസിൽ അവസാനിച്ചു. 211 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ, കേരളത്തിന്റെ ശേഷിച്ച വിക്കറ്റുകൾ കൂടി പിഴുത വിദർഭ 37 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. ദർശൻ നൽക്കാണ്ടെ, ഹർഷ് ദുബെ, പാർഖ് രെഖാഡെ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. യാഷ് താക്കൂർ ഒരു വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സിൽ ലഭിച്ച 37 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദർഭയുടെ ഓപ്പണിങ് വിക്കറ്റുകൾ വേഗത്തിൽ സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിരുന്നു. പാർഥ് രെഖാഡെയും ധ്രുവ് ഷോറെയും ചേർന്നാണ് വിദർഭയുടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവറിൽ തന്നെ സക്‌സേന രെഖാഡെയുടെ (1) വിക്കറ്റ് തെറിപ്പിച്ചു. മൂന്നാമത്തെ ഓവറിൽ ഷോറെയും (5) പുറത്തായി. പിന്നാലെ, ഡാനിഷും കരുണും വീണ്ടും ഒന്നിച്ചു. രണ്ട് വിക്കറ്റിന് ഏഴ് റൺസ് എന്ന നിലയിലായിരുന്ന വിദർഭയെ ഇരുവരും ചേർന്ന് മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ 182 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയ ശേഷമാണ് ഡാനിഷ് പുറത്തായത്. 162 പന്തിൽ നിന്ന് 73 റൺസെടുത്ത ഡാനിഷിനെ അക്ഷയ് ചന്ദ്രന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. യാഷ് റാത്തോഡിനെ (24) സർവാതെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ, നാല് വിക്കറ്റിന് 249 റൺസ് എന്ന നിലയിലാണ് നാലാം ദിനം വിദർഭ കളി അവസാനിപ്പിച്ചത്. 286 റൺസിന്റെ ലീഡാണ് അവർ സ്വന്തമാക്കിയത്. 280 പന്തിൽ 132 റൺസെടുത്ത കരുണിനൊപ്പം അക്ഷയ് വാഡ്കറായിരുന്നു ക്രീസിൽ.ranji trophy final: vidarbha champions again, kerala unbeaten title hopes ends

Content summary: ranji trophy final: vidarbha champions again, kerala unbeaten title hopes ends

Leave a Reply

Your email address will not be published. Required fields are marked *

×