പലസ്തീനെ അനുകൂലിച്ചതിന് യുഎസ് വിസ റദ്ദാക്കി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സ്വമേധയാ നാട്ടിലെത്തി

അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാൽ ആ ആനുകൂല്യം റദ്ദാക്കപ്പെടും. നിങ്ങൾ ഈ രാജ്യത്തുണ്ടാകരുതെന്നും സെക്യൂരിറ്റി സെക്രട്ടറി

പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നഗരാസൂത്രണത്തിൽ പിഎച്ച്ഡി നേടുന്നതിനായി എത്തിയ ആളാണ് ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസൻ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നു. മാർച്ച് അഞ്ചിന് രഞ്ജിനിയുടെ വിസ റദ്ദാക്കിയിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിനിയുടെ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്.

അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാൽ ആ ആനുകൂല്യം റദ്ദാക്കപ്പെടും. നിങ്ങൾ ഈ രാജ്യത്തുണ്ടാകരുതെന്നും സെക്യൂരിറ്റി സെക്രട്ടറി തന്റെ പോസ്റ്റിനടിയിൽ കുറിച്ചു.

ഹമാസിനെ പിന്തുണച്ച് പലസ്‌തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെത്തുടർന്നാണ് മാർച്ച് അഞ്ചാം തീയതി രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ് വിസ യു.എസ്. റദ്ദാക്കിയത്. ഇതിനുപിന്നാലെയാണ് അധികൃതർ നാടുകടത്തുന്നതിന് മുൻപേ സ്വമേധയാ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തി വിദ്യാർഥിനി നാട്ടിലേക്ക് മടങ്ങിയത്.

കൊളംബിയ സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ഗവേഷക വിദ്യാർഥിനിയാണ് രഞ്ജിനി ശ്രീനിവാസൻ. അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെൻ്റൽ പ്ലാനിങ് ആൻഡ് ടെക്നോളജിയിൽനിന്ന് ബിരുദവും ഹാർവാഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് രഞ്ജനി ഗവേഷണത്തിനായി കൊളംബിയ സർവകലാശാലയിലെത്തിയത്.

പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് കൊളംബിയ സർവകലാശാലയിലെ മറ്റുചില വിദ്യാർഥികൾക്കെതിരേയും നേരത്തെ നടപടിയെടുത്തിരുന്നു. കഴിഞ്ഞവർഷം കൊളംബിയ സർവകലാശാല കാംപസിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന് മഹ്‌മൗദ് ഖലീൽ എന്ന പൂർവ വിദ്യാർഥി യു.എസിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീൻ കാർഡും അധികൃതർ റദ്ദാക്കി. ലെഖ കോർഡിയ എന്ന വിദ്യാർഥിനിയും പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് അമേരിക്കയിൽ വച്ച് അറസ്റ്റിലായിരുന്നു.

content summary; Ranjini Srinivasan, an Indian student at Columbia University, had her visa revoked by the US and chose to self-deport

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment