ജാതീയതയുടെ കോട്ടമതിൽ കല കൊണ്ട് തകർത്തെറിഞ്ഞ് വേടൻ. 55ാമത് സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ വേടനെന്ന ഹിരണ ദാസ് തന്നെയാണ് താരം. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗാനരചയിതാവായാണ് റാപ്പര്‍ വേടന്‍ തിരഞ്ഞെടുക്കപ്പെട്ടത്. നിലനിൽപ്പിന് വേണ്ടി കല കൊണ്ട് കലഹിച്ചപ്പോൾ അവൻ തന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തി.
മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായമെന്ന ഗാനത്തിന്റെ രചനയ്ക്കാണ് വേടൻ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ്. കലാകാരൻ പറയുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ് തനിക്ക് കിട്ടിയ പുരസ്കാരമെന്ന് വേടൻ പറയുമ്പോൾ, സ്വന്തം വിയർപ്പ് കൊണ്ട് അവനുണ്ടാക്കിയെടുത്ത ഒരു സ്ഥാനത്തെ കൂടിയാണ് അവിടെ അഭിസംബോധന ചെയ്യുന്നത്.
റാപ്പ് സോങ്ങ്സ് കേട്ടും പാടിയും പരിചയിക്കാത്ത മലയാളി മാത്രമല്ല ലോകം മുഴുവൻ വേടന്റെ വരികൾ ഏറ്റു ചൊല്ലി.
ജെന്‍ സി തലമുറയ്ക്ക് പാട്ടിനൊപ്പം രാഷ്ട്രീയവും കൂടി പകര്‍ന്നു നല്‍കുന്നുവെന്നാണ് വേടന്റെ സംഗീതത്തെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നത്. ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ലെന്ന് പകുതി പറയുകയും പാടുകയും ചെയ്ത വേടനെ പുതിയ തലമുറ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.
ഹിരണ്‍ ദാസ് മുരളിയെന്ന തൃശൂര്‍ സ്വദേശിയാണ് വേടന്‍ എന്ന പേര് സ്വീകരിച്ച് റാപ്പ് മേഖലയില്‍ പേരെടുത്തത്. മ്യൂസിക് ഷോകളില്‍ വസ്ത്രം കൊണ്ടും വ്യത്യസ്തനാണ് വേടന്‍. ദലിത് രാഷ്ട്രീയം പച്ചക്ക് പറയുന്ന ഗായകനെന്നാണ് മാധ്യമങ്ങള്‍ വേടനെ വിശേഷിപ്പിച്ചത്.
വോയ്‌സ് ഓഫ് വോയിസ് ലെസ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് വേടന്‍ ശ്രദ്ധേയനാകുന്നത്. ആദ്യ വിഡിയോ പുറത്തിറക്കിയത് ഇരുപത്തിയഞ്ചാം വയസ്സില്‍. ആദ്യ വിഡിയോ തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസത്തിന് ശേഷം നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന വേടന്‍ എഡിറ്റര്‍ ബി അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ റാപ്പറായ ടൂപാക് ഷാക്കൂറില്‍ നിന്ന് പ്രചോദിതമായാണ് റാപ്പ് രംഗത്തേയ്ക്ക് എത്തുന്നത്.
2024 ലാണ് മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങുന്നത്. മികച്ച സിനിമയും മഞ്ഞുമ്മൽ ബോയ്സ് ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു.
content summary: Rapper Vedan (Hirandas) wins 55th State Award for Best Lyricist for ‘Viyarpp Thunniyitta Kuppam’ from Manjummal Boys
This post was last modified on November 3, 2025 5:34 pm
Leave a Comment