July 13, 2025 |
Share on

വിചാരണ നടന്നത് എസ്ഡിപിഐ ഓഫിസില്‍ ചോദ്യം ചെയ്യാന്‍ ബന്ധുവും; എല്ലാം സിപിഎം-പൊലീസ് ഗൂഡാലോചനയെന്ന് എസ്ഡിപിഐ

അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തത്

കണ്ണൂർ കായലോട് റസീന മൻസിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം മൂലമെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. ആത്മഹത്യാ കുറിപ്പില്‍ ഇതേ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ യുവാക്കൾ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തത്. കൂട്ട വിചാരണ നടത്തിയ യുവാക്കൾ ഇരുവരുടെയും ബന്ധുക്കള വിളിച്ചുവരുത്തിയതിന് ശേഷം രാത്രി വൈകിയാണ് സുഹൃത്തിനെ വിട്ടയക്കുന്നത്.

റസീനയെ ചോദ്യം ചെയ്തുവെന്ന് ആരോപിക്കുന്ന യുവാക്കൾ എസ്ഡിപിഐ പ്രവർത്തകരായിരുന്നുവെന്ന് റസീനയുടെ പിതാവ് മുഹമ്മദ് അഴിമുഖത്തോട് പ്രതികരിച്ചു. ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് പറമ്പായി.  എസ്ഡിപിഐയ്ക്കും സ്വാധീനമുള്ള പ്രദേശം കൂടിയാണ്. ചോ​ദ്യം ചെയ്തുവെന്ന് ആരോപിക്കുന്ന വ്യക്തികൾ ഒരാൾ ഞങ്ങളുടെ ബന്ധുവാണ്. ഈ വിഷയത്തിന് ശേഷം റസീന ‍ഞങ്ങളോട് ആരോടും സംസാരിച്ചിട്ടില്ല. സുഹൃത്തിനെ പിടിച്ചുവച്ചിട്ടുണ്ടെന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് എസ്ഡിപിഐ ഓഫീസിൽ എത്തിയപ്പോൾ റസീന വീട്ടിലായിരുന്നു. ഉടൻ തന്നെ വീട്ടിലെത്തി അവളെയും മക്കളെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നിരുന്നു. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് ഞങ്ങളെ എന്തിനാണ് നാണംകെടുത്തിയതെന്ന് ചോദിച്ച് താൻ വഴക്ക് പറയുകയും ചെയ്തിരുന്നതായി പിതാവ് പറയുന്നു. സുഹൃത്താണെന്ന് പറയുന്ന പയ്യനെ മുമ്പ് കണ്ടിട്ടില്ലെന്നും അറിയില്ലെന്നും പിതാവ് വ്യക്തമാക്കുന്നു. ചോദ്യം ചെയ്തതും മറ്റുമെല്ലാം യുവാക്കൾ ചേർന്നാണെന്ന് പിതാവ് കൂട്ടിച്ചേർത്തു. യുവാക്കളിൽ ഒരാൾ വിളിച്ചതിനെ തുടർന്നാണ് എസ്ഡിപിഐ ഓഫീസിലേക്ക് എത്തുന്നതെന്ന് പിതാവ് വ്യക്തമാക്കി.

സദാചാര വിചാരണയിൽ മനം നൊന്താണ് റസീന ആത്മഹത്യ ചെയ്തതെന്ന് പിതാവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

രാവിലെ നാലര മണിയ്ക്ക് എന്റെ ഭാര്യ നിസ്കാരത്തിനായി എഴുന്നേറ്റ സമയത്താണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഉടൻ കൽത്തേരി ​ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. രാവിലെ 9 മണിയോട് കൂടെ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‌‌‍‍ർത്തിയാക്കുന്നതിനിടയിലാണ് ഹസീനയുടെ ശരീരത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിക്കുന്നത്. കത്തുമായി എസ്ഐ പോലീസ് സ്റ്റേഷനിലേക്ക് പോയി തിരികെയെത്തി അല്പസമയത്തിനുള്ളിൽ തന്നെ രണ്ട് മൂന്ന് ആളുകളെ ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതായി മുഹമ്മദ് പറഞ്ഞു.

ഈ വിഷയത്തിൽ ഇടപെട്ട പാർട്ടി പ്രവർത്തകരെ കള്ളകേസിൽ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ അഴിമുഖത്തോട് പറഞ്ഞു. ഈ വിഷയത്തിൽ വിവിധ സംഘടനയിലെ ആളുകൾ ഇടപെട്ടിരുന്നു. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകരുടെ പേര് മാത്രം വലിച്ചിഴച്ചത് എന്ത് കൊണ്ടാണ്. ആത്മഹത്യ കുറിപ്പ് പോലും കെട്ടിചമച്ചതാണെന്നാണ് തന്റെ സംശയമെന്നും റസീന മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതാണെന്നും ബഷീർ ആരോപിക്കുന്നു.

എസ്ഡിപിഐ പ്രവർത്തകനായ ബന്ധു റസീനയെ ഒരു ആൺസുഹൃത്തിനൊപ്പം കണ്ടുവെന്ന് പറയുകയുണ്ടായി. റസീനയുടെ സ്വ‍ർണ്ണവും പണവും കാണാതായ ഒരു സംഭവം മുമ്പ് ഉണ്ടായിരുന്നു. അതിനെ തുടർന്നുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ സ്വാഭാവികമായിട്ടും റസീനയെ അപരിചിതനായ ഒരു വ്യക്തിക്കൊപ്പം കണ്ടപ്പോൾ അത് വീട്ടിലേക്ക് വിളിച്ചറിയിക്കുകയുണ്ടായി. റസീനയുടെ മാതാപിതാക്കൾ വന്ന് റസീനയെ കൂട്ടിക്കൊണ്ട് പോവുകയും ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബഷീർ കണ്ണാടിപറമ്പ പറഞ്ഞു. കുറേക്കാലങ്ങളായി ഈ ബന്ധം മൂലം റസീന മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതേ തുടർന്ന് ഇരുകുടുംബവും തമ്മിലുള്ള ചർച്ചയ്ക്കായി ഒരു സ്ഥലം ഒരുക്കി കൊടുത്തു ഇതാണ് എസിഡിപിഐ പ്രവർത്തകർക്ക് ഈ കേസിലുള്ള ബന്ധമെന്ന് ബഷീർ പറയുന്നു. ശാരീരികമായോ മാനസികമായോ പീഡനം നടന്നിട്ടില്ലെന്നും ബഷീർ വ്യക്തമാക്കി. ദുരുദ്ദേശപരമായ പ്രചരണങ്ങളാണ് എസ്ഡിപിഐയ്ക്ക് നേരെ നടത്തുന്നത്. സമൂഹത്തിൽ പാർട്ടിയെ താറടിച്ച് കാണിക്കുകയാണ് ഉദ്ദേശം.

ഈ വിഷയത്തെക്കുറിച്ച് അറിയാൻ വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രവർത്തകരെ സ്റ്റേഷനിലേക്ക് വിളിച്ച് കൊണ്ട് പോകുന്നത്. സിപിഎമ്മുമായി ചേർന്ന് നടത്തിയ ​ഗൂഡാലോചനയുടെ ഭാ​ഗമായാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇവരെന്റെ മക്കളാണെന്നും നിരപരാധികളാണെന്നും റസീനയുടെ ഉമ്മ തന്നെ പറയുന്നുണ്ട്. റസീനയുടെ മരണത്തിലേക്ക് നയിച്ച ഏക കാരണം ആൺസുഹൃത്ത് ആണെന്ന് മാതാവ് സമ്മതിക്കുന്നുമുണ്ട്. യുവാവിന്റെ പേരിൽ മാതാവ് തലശേരി എസിപിയ്ക്ക് പരാതി നൽകിയിട്ടുമുണ്ടെന്നും ബഷീർ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് സിപിഎം രം​ഗത്തുവന്നിരിക്കുന്നത്. മരണവീട്ടിൽ പോവുകയും ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്ത് കൊടുക്കയും മാത്രമാണ് ചെയ്തതെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി അം​ഗം പവിത്രൻ അഴിമുഖത്തോട് പ്രതികരിച്ചു. കേസിൽ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയോ എസ്ഡിപിഐ പ്രവർത്തകരുടെ കാര്യം സംസാരിക്കുകയോ ചെയ്തിട്ടില്ല. നിയമനടപടികൾ സ്വീകരിച്ചത് പൊലീസാണ്. പാർട്ടിയെന്ന നിലയ്ക്ക് സിപിഎം ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും പവിത്രൻ കൂട്ടിച്ചേർത്തു.
യുവാക്കളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മറ്റൊരു സഹപ്രവർത്തകന്റെ വീട്ടിലായിരുന്നു സിപിഎം പ്രവർത്തകർ. റസീനയുടെ പിതാവും ഒരു സിപിഎം അനുഭാവിയാണ്. പിതാവിൽ നിന്നാണ് വിവരങ്ങളെല്ലാം അറിയുന്നതെന്നും പവിത്രൻ വ്യക്തമാക്കി. ശാരീരികമായി യുവാവിനെ ഉപദ്രവിച്ചിട്ടില്ലെന്ന ബഷീറിന്റെ വാദത്തെയും പവിത്രൻ തള്ളിക്കളയുന്നുണ്ട്.

content summary: Raseena suicide case, SDPI questioned Raseena’s friend at their office, but SDPI claims the arrest was part of a CPM-police conspiracy

Leave a Reply

Your email address will not be published. Required fields are marked *

×