കഥാപ്രസംഗം, ഐഎഎസ് പഠനം ഒടുവില്‍ ശബ്ദത്തിന്റെ വഴിയില്‍: റസൂല്‍ പൂക്കുട്ടിയെ കുറിച്ച്
കായംകുളത്ത് ബാപ്പയുടെ പഴയതെരുവ് വീട്ടില്‍ വന്നാല്‍ റസൂല്‍ ഉണര്‍ന്നിരുന്നത് ക്ഷേത്രത്തില്‍ നിന്നൊഴുകി വരുന്ന ‘കൗസല്ല്യാ സുപ്രജാ രാമ പൂര്‍വ്വാ” എന്നു തുടങ്ങുന്ന ഭക്തിഗാനം കേട്ടുകൊണ്ടായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് കായംകുളം പള്ളിയില്‍ നിന്നുള്ള വാങ്ക് വിളിയും ഉയരും. രണ്ടും പുലര്‍ച്ച അഞ്ചുമണിക്കു തന്നെ. പുലര്‍കാലത്തെ കടല്‍ക്കാറ്റും ക്ഷേത്രത്തില്‍ നിന്നുള്ള ഭക്തിഗാനവും പള്ളിയിലെ വാങ്ക് വിളിയും റസൂലിന്റെ ശബ്ദലോകത്തിലേക്കുള്ള വാതിലുകളായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ റസൂല്‍ ഈ ശബ്ദങ്ങള്‍ വേര്‍ത്തിരിച്ച് കേള്‍ക്കുവാന്‍ പഠിച്ചു തുടങ്ങി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമാണ് പുലര്‍ച്ചെയുള്ള കായംകുളത്തെ ശബ്ദം തനിക്കു നല്‍കിയതെന്ന് റസൂല്‍ ഇന്നും ഓര്‍ക്കുന്നു. ശബ്ദത്തിന്റെ ആദ്യപാഠമായിരുന്നു കായംകുളത്തെ പുലര്‍ക്കാലം റസൂലെന്ന കുട്ടിക്കു സമ്മാനിച്ചത്.
കായംകുളത്തുകാരന്‍ പി.റ്റി. പൂക്കുട്ടിയും, നബീസാ ബീവിയും കൊല്ലം ജില്ലയിലെ കുടിയേറ്റ ഗ്രാമമായ വിളക്കുപ്പാറ എന്ന സ്ഥലത്തായിരുന്നു താമസിച്ചത്. പത്തു മക്കളില്‍ ഇളയവനായ റസൂലിന് സ്‌നേഹവായ്പ്പ് കൂടുതലായിരുന്നു. മിടുക്കനായ റസൂല്‍ പഠനത്തിലും കലാപ്രകടനത്തിലും ഒന്നാമനായിരുന്നു. റസൂല്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നത് എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. അക്കാലത്ത് കുട്ടികളുടെ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു കഥാപ്രസംഗവുമായാണ് സ്റ്റേജില്‍ എത്തിയത്. തബലയും ഗിറ്റാറും ഹാര്‍മോണിയവുമായി കൂട്ടുകാര്‍ പിന്നണിയിലുണ്ടായിരുന്നു. വിളക്കുപ്പാറ ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു റസൂലിന്റെ കഥാപ്രസംഗം അരങ്ങേറിയത്. കഥാപ്രസംഗത്തിന് നല്ല ജനപ്രീതി ഉണ്ടായിരുന്ന കാലത്താണ് റസൂല്‍ പ്രശസ്ത കാഥികരെ അനുകരിച്ച് കഥപറഞ്ഞത്. നാട്ടിലെ ഹീറോയായി മാറാന്‍ കഥാപ്രസംഗം കാരണമായി. നട്ടുകാരുടെ പ്രിയപ്പെട്ടവനായി റസൂല്‍. സുഹൃത്തുക്കളും നാട്ടുകാരും റസൂലിന് പുതിയ പേരും നല്‍കി; കാഥികന്‍ റസൂല്‍.
കുന്നിന്‍പ്രദേശത്തെ വിളക്കുപ്പാറ ഗ്രാമത്തിലൂടെ കൂപ്പില്‍ നിന്നു മരവും കയറ്റി വരുന്ന ലോറിക്കാര്‍ ഒരു വിശ്വാസത്തിന്റെ പേരില്‍ മലയില്‍ നിന്നുള്ള കുത്തനെയുള്ള വളവിലെ ആല്‍മരചുവട്ടില്‍ ഒരു കല്ല് വെച്ച് വിളക്ക് കത്തിക്കുമായിരുന്നു. അതു വഴി പോയിരുന്ന എല്ലാ വാഹനത്തിലെ ആളുകളും ഈ ആല്‍മര ചുവട്ടിലെ മലദൈവത്തെ പ്രാര്‍ത്ഥിക്കുമായിരുന്നു. പലപ്പോഴും അവിടെ അപകടങ്ങള്‍ പതിയിരുന്നതിന് റസൂലും കുട്ടി ആയിരുന്നപ്പോഴേ സാക്ഷിയായിരുന്നു. മലദൈവത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചു. അതൊരു ക്ഷേത്രമായി. എല്ലാ മതസ്ഥരും ചേര്‍ന്നുള്ള നടത്തിപ്പായിരുന്നു വിളക്കുപ്പാറ ക്ഷേത്രത്തിന്റെത്. റസൂലിന്റെ ബാപ്പയായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ അധ്യക്ഷന്‍. ഇന്നും ക്ഷേത്രത്തില്‍ എല്ലാമതസ്ഥരും സൗഹാര്‍ദ്ദത്തോടെ എത്തുന്നതില്‍ റസൂല്‍ സന്തുഷ്ടനാണ്. വിളക്കുപ്പാറ ക്ഷേത്രത്തിലെ സപ്താഹം ഈ വര്‍ഷം ഉദ്ഘാടനം ചെയ്തത് ആദ്യത്തെ ക്ഷേത്ര കമ്മറ്റി അദ്ധ്യക്ഷന്റെ മകന്‍ റസൂല്‍ പൂക്കുട്ടിയായിരുന്നു. ഓസ്‌കര്‍ വേദിയില്‍ ‘ഓങ്കാര’ത്തിന്റെ നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്ന് അഭിമാനത്തോടെ റസൂല്‍ പറഞ്ഞപ്പോള്‍ വിളക്കുപ്പാറയായിരുന്നു മനസ് നിറയെ. കായംകുളത്തെ പുലര്‍ക്കാല ശബ്ദമായിരുന്നു ചുറ്റിനും.
കായംകുളം എംഎസ്എന്‍ കോളേജില്‍ നിന്ന് ബിഎസ്‌സി ഫിസിക്‌സ് പാസായ റസൂലിന് എംഎസ്‌സിക്ക് അഡ്മിഷന്‍ കിട്ടിയില്ല. നന്നായി വായിക്കുമായിരുന്ന റസൂലിന്റെ ബാപ്പയില്‍ നിന്ന് മാത്യഭാഷയോട് സ്‌നേഹക്കൂടുതലായിരുന്നു റസൂലിന്. മലയാളം രണ്ടാം ഭാഷ എടുത്ത് പഠിച്ചത് കൊണ്ടാണ് മാര്‍ക്ക് കുറഞ്ഞതെന്ന് റസൂല്‍ വിശ്വസിക്കുന്നു. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടുകയും ചെയ്തു. ഡൊണേഷന്‍ കൊടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കുന്നതിനോട് ബാപ്പയ്ക്കും താത്പര്യം ഇല്ലായിരുന്നു. ബാപ്പയുടെ ജേഷ്ഠന്റെ മകന്‍ തിരുവനന്തപുരത്ത് വക്കീലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ലോ കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു. താമസം കോളേജ് ഹോസ്റ്റലില്‍. കുസൃതിത്തരങ്ങള്‍ പലതരത്തില്‍ അരങ്ങേറി. ഒരിക്കല്‍ കോളേജ് ഹോസ്റ്റലിന് മുന്നില്‍ പോസ്റ്റോഫീസ് എന്ന് പേരിട്ടു. മറ്റൊരു അവസരത്തില്‍ കമ്പി ഓഫീസ് എന്നാക്കി. പലരും ഇങ്ങനെയുള്ള ബോര്‍ഡ് കണ്ട് തെറ്റിദ്ധരിച്ച് ഹോസ്റ്റലില്‍ കയറി വന്നത് ഉപകഥകള്‍. അങ്ങിനെ റസൂലിന് ലോ കോളേജ് സൂഹ്യത്തുക്കള്‍ ഒരു വിളിപ്പേരിട്ടു, ലുട്ടാപ്പി. കുന്തത്തില്‍ കയറി എവിടേയും എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ചിത്രകഥയായ മായാവിയിലെ പ്രശസ്തമായ കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് റസൂല്‍ അറിയപ്പെട്ടത്.
സയന്‍സിന്റെ ലോകത്ത് നിന്ന് കലാസാംസ്‌കാരിക രംഗത്ത് എത്തിച്ചതിന് തിരുവനന്തപുരത്തെ ലോ കോളേജ് വാസം പ്രധാന പങ്കാണ് വഹിച്ചത്. തിരുവനന്തപുരത്തെ കലാ സാംസ്‌കാരിക വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു റസൂല്‍. സിനിമാ കമ്പം വളര്‍ത്തിയതും തിരുവനന്തപുരം വാസത്തിലായിരുന്നു. ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടിയപ്പോള്‍ മൂന്ന് ഫോട്ടോ എടുത്ത് അയച്ച് പ്രതീക്ഷയോടെ കാത്തിരുന്നത് റസൂലിന്റെ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കലാസാംസ്‌കാരിക അരങ്ങുകള്‍, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, വിജെടി ഹാള്‍ എന്നീ കേന്ദ്രങ്ങള്‍ റസൂലിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ജീവിതം മാറ്റി മറിച്ചതുമായ കേന്ദ്രങ്ങളാണ്. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അടച്ചുപൂട്ടുന്നതിന് തൊട്ടുമുന്‍പ് നടന്ന അവസാന പരിപാടിയില്‍ മാധവിക്കുട്ടി പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ സങ്കടം സഹിക്കവയ്യാതെ റസൂല്‍ സദസില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങള്‍ തന്റെ പ്രിയപ്പെട്ടത്(റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍) നഷ്ടമായ വേദനയിലായിരുന്നു റസൂല്‍. സിനിമയുടേയും വായനയുടേയും വിശല ലോകം അവിടെ നിന്നായിരുന്നു റസൂല്‍ പഠിച്ചത്.
ലോ കോളേജിലെ സുഹ്യത്തും സഹപാഠിയുമായിരുന്ന അനിത ഐഎഎസ് പ്രിലിമിനറി പരീക്ഷയ്ക്കു പഠിക്കാന്‍ തമ്പാനൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകുമായിരുന്നു. അവിടെ പഠിച്ച കാര്യങ്ങള്‍ റസൂലിനോടും സുഹൃത്തുക്കളോടും അവര്‍ പറയുമായിരുന്നു. റസൂലിനും തോന്നി ഐഎഎസ് പരിക്ഷ എഴുതാന്‍. അങ്ങനെ അനിതയുടെ പുസ്തകം നോക്കിയും, പകര്‍ത്തി എഴുതിയും മറ്റും പഠിച്ച് റസൂലും പരീക്ഷ എഴുതി. പഠിച്ച് തയ്യാറായ അനിത പ്രിലിമിനറി പരീക്ഷയില്‍ പരാജയപ്പെടുകയും, റസൂല്‍ പാസായതായും അനിത തന്നെ പറഞ്ഞതായി റസൂല്‍ ഓര്‍ക്കുന്നു. ഐഎഎസ് മോഹം ഉപേക്ഷിച്ച് ലോ കോളേജ് പഠനം പൂര്‍ത്തിയാക്കാതെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയത് പഴയ ചില ബിഎസ്‌സി സുഹ്യത്തുക്കളുടെ ഉപദേശത്തിലാണ്. സൗണ്ട് എന്‍ജിനിയറിങ്ങിന് ചേരാന്‍ ഡിഗ്രിക്ക് ഫിസിക്‌സ് പഠിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്. ഫിസിക്‌സ് വിഷയം എറെ ഇഷ്ടപ്പെട്ട റസൂല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷ എഴുതി പാസായി. ആദ്യവര്‍ഷം അഡ്മിഷന്‍ കിട്ടാതെ പുറത്ത് നിന്ന റസൂലിന് രണ്ടാം വര്‍ഷമാണ് പ്രവേശനം ലഭിച്ചത്. പില്‍ക്കാലത്ത് സൗണ്ട് എന്‍ജിനീയര്‍മാര്‍ക്ക് നിലയും വിലയും നല്‍കാന്‍ റസൂലിന് ലഭിച്ച ഓസ്‌കര്‍ കാരണമായി. ഇന്ന് പഴയ കാഥികനും ലുട്ടാപ്പിയുമായ റസൂല്‍ സിനിമാ നിര്‍മാണവും, സംവിധായക കുപ്പായവും അണിഞ്ഞ് ഭാര്യ ബാബിന്‍ ഷാദിയക്കും മക്കളായ റയാന്‍ പൂക്കുട്ടിക്കും സല്‍നാ പൂക്കുട്ടിക്കുമൊപ്പം മുംബയില്‍ താമസം. Rasool Pookutty oscar award winner indian sound designer life stories
Content Summary; Rasool Pookutty oscar award winner indian sound designer life stories