UPDATES

ഓഫ് ബീറ്റ്

മണിച്ചിത്രത്താഴിന്റെ കഥകളുറങ്ങുന്ന ഹിൽപാലസ്

തെക്കിനി വീണ്ടും തുറക്കുമ്പോൾ

                       

വരുവാനില്ലാരുമില്ലൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു
ഞാൻ വെറുതേ മോഹിക്കുമല്ലോ… manichithrathazhu

ഈ വരികൾ കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ്. ചിത്രത്തിലെ ഓരോ രംഗവും പ്രേക്ഷകർക്ക് കാണാപ്പാഠമാണെങ്കിലും ആകാംഷ തെല്ലും കുറയ്ക്കാതെ പ്രേക്ഷകനെ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുന്ന മാന്ത്രികത ചിത്രത്തിനുണ്ട്. കാലമെത്ര കഴിഞ്ഞാലും മലയാളിക്കെന്നും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്.

കഥയോടൊപ്പം തന്നെ പ്രധാപ്പെട്ടതായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. മണിച്ചിത്രത്താഴ് കണ്ട ഒരു വ്യക്തിയും മറക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ് മാടമ്പള്ളി മന, പ്രധാന കഥാപാത്രമായി തന്നെ മാടമ്പള്ളി മനയെ വിശേഷിപ്പിക്കാൻ സാധിക്കും. പഴമയുടെ പ്രൗഢിയും നിഗൂഢതയും ഒളിപ്പിച്ചു കൊണ്ട് കാണികളെ ചിത്രത്തിലേക്ക് ആകർഷിക്കുന്നതിൽ മാടമ്പള്ളി വഹിച്ചിരിക്കുന്നത് വലിയ പങ്കാണ്. സൈക്കോളജിക്കൽ- ഹൊറൽ ത്രില്ലർ ആയതുകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസിൽ ഭീകരാന്തരീക്ഷം ഉളവാക്കുന്ന തരത്തിലുള്ള സ്ഥലം ചിത്രീകരണത്തിന് അനിവാര്യമായിരുന്നു. അങ്ങനെയാണ് തൃപ്പൂണിത്തുറ ഹിൽപാലസും, പത്മനാഭ പുരം പാലസും, ജെമിനി സ്റ്റുഡിയോ ഉടമസ്ഥനായ എസ് എസ് വാസന്റെ ഉടമസ്ഥതയിൽ ഉള്ള വസതിയും ഒന്ന് ചേർന്ന് മാടമ്പള്ളി മനയായി രൂപാന്തരം പ്രാപിച്ചത്. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും കാണുന്ന മാടമ്പള്ളിയുടെ ഭാഗികദൃശ്യങ്ങൾ പൂർണ്ണ രൂപത്തെ ഭാവനാത്മകമാക്കുന്നുണ്ട്. അത്രകണ്ട് പ്രേക്ഷക മനസുകളിൽ വേരൂന്നിയ ഇടങ്ങളും കഥാപാത്രങ്ങളുമാണ് മാടമ്പള്ളി തറവാടും അവിടുത്തെ ഓരോ പുൽനാമ്പും. നിഗൂഢതയുടെയും ഏകാന്തതയുടെയും ഭീതിയുടെയും ഭാഷയിൽ മാടമ്പള്ളി ആദ്യമേ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.

മണിച്ചിത്രത്താഴ് സിനിമയിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും പാട്ടുകളും ലൊക്കേഷനും പല ഇടങ്ങളിലാണെങ്കിലും എല്ലാം മാമ്പള്ളി മനയായി മാത്രമേ പ്രേക്ഷകന് അനുഭവപ്പെട്ടിട്ടുള്ളു. ചിത്രത്തിന്റെ തുടക്കത്തിൽ ഇന്നസെന്റിന്റെ കഥാപാത്രം താക്കോൽ മറന്നുവയ്ക്കുന്ന പൂമുഖം ഹിൽപാലസും നാഗവല്ലിയായി മാറിയ ഗംഗ നൃത്തം ചെയ്യുന്ന സ്ഥലം പത്മനാഭപുരം പാലസും കാരണവരുടേയും നാഗവല്ലിയും ആത്മാക്കളെ കുടിയിരുത്തിരിക്കുന്ന തെക്കിനി വാസൻ ഹൗസുമാണ് എന്നറിയുമ്പോഴാണ് കഥയുടേയും കഥയ്ക്ക് പിന്നിലെ സംഭവങ്ങളുടേയും കൗതുകം പൂർണമാവുക.

ഗംഗയുടെ യാത്രകൾ മാടമ്പള്ളിയുടെ ഭൂത-വർത്തമാനങ്ങളിലൂടെയാണ്. ഭൂതകാലം വർത്തമാനത്തിൽ സംവദിക്കുന്ന രീതിയാണ് ചിത്രത്തിൽ ഉടനീളം.

സിനിമ ആരംഭിക്കുന്നത് പഴമയും പ്രൗഢിയും ഒന്നുചേർന്ന ഹിൽപാലസിന്റെ ദൃശ്യം കാണിച്ചുകൊണ്ടാണ്. പശ്ചാത്തലത്തിൽ ഇന്നസെന്റിന്റെ പാട്ടും, കൂടെ ഒരു വൈഡ് ഷോട്ടും, കൊട്ടാരത്തിന്റെ പ്രൗഢി ഒന്നുകൂടി കാഴ്ചക്കാർക്ക് വ്യക്തമാക്കി നൽകുന്നുണ്ട്. രാഘവോ ഏന് വിളിച്ചുകൊണ്ട് കൊട്ടാരത്തിന്റെ പ്രധാന കവാടത്തിലുള്ള ദ്വാര പാലകരുടെ പ്രതിമയുടെ അടുത്ത് കുട വച്ചാണ് ഉണ്ണിത്താൻ അകത്തേയ്ക്ക് കയറുന്നത്. അകത്ത് പണിക്കാരുണ്ടെന്ന് കരുതിയാണ് ഉണ്ണിത്താൻ ഉച്ചത്തിൽ അവരോട് സംസാരിക്കുന്നത്.

പാട്ടും വർത്തമാനവുമെല്ലാം മാടമ്പിള്ളി തറവാടിനോടും തമിഴത്തിയോടും ഉള്ള ഉണ്ണിത്താന്റെ ഭീതി മറികടക്കാൻ കൂടിയാണ്. അകത്ത് കൊട്ടാരം വൃത്തിയാക്കി വെള്ള പൂശാനുള്ള ആളുകൾ എത്തിയിട്ടുണ്ടാകുമെന്ന ധൈര്യത്തിന്റെ പുറത്താണ് അയാൾ മനക്കകത്ത് പ്രവേശിക്കുന്നത് തന്നെ. അവിടെ താനല്ലാതെ മറ്റൊരാളില്ലെന്ന് തിരിച്ചറിയും വരെ മാത്രമേ ആശ്വാസത്തിന് ആയുസ്സുണ്ടായിരുന്നിള്ളൂ. നർമ്മ രംഗ മാണെങ്കിൽ പോലും മാടമ്പിള്ളിയുടെ ദുരൂഹത പ്രേക്ഷകരിൽ എത്തിക്കുന്നതിൽ ഏറിയ പങ്കും വഹിച്ചിരിക്കുന്നത് ഹിൽപാലസിന്റെ രൂപകല്പനയാണ്. വിശാലമായ ഇടനാഴിയും, പടിക്കെട്ടുകളും തുടങ്ങി മാടമ്പള്ളി ഒരു പ്രേതാലയമായി പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നു.

 

 

പ്രേക്ഷകർക്കും ഡോക്ടർ സണ്ണിക്കും മുൻപ് മാടമ്പള്ളിയിലെ മനോരോഗിയെ കണ്ട ഒരേയൊരു വ്യക്തിയേയുള്ളു അത് കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപത്രമാണ്. സിനിമയിൽ നാഗവല്ലിയെ നിഴലായും ഒരു മിന്നായം പോലെ കാണിക്കുന്നതും ഇതേ രംഗത്തിൽ വച്ചാണ്. കാരണവരുടെയും നാഗവല്ലിയുടെയും ആത്മാവിനെ തളയ്ക്കാൻ  തെക്കിനിയിലെത്തുന്നതും പേടിച്ച് വീഴുന്നതും ആർക്കും മറക്കാനാകാത്ത രംഗമാണ്. ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത് ഹിൽപാലസിലാണ്. തെക്കിനി ബന്ധിക്കാൻ വന്ന കാട്ടുപറമ്പൻ രോഗിയായി മാറിയ അവസ്ഥയായിരുന്നു.

 

മലയാള സിനിമയെ നർമത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുപോയ ജോഡിയാണ് ഇന്നസെന്റും കെപിഎസി ലളിതയും, ഇന്നസെന്റും മണിച്ചിത്രത്താഴിൽ എല്ലാ മലയാളികളും ഓർക്കുന്ന ഒരു പിടി മുഹൂർത്തങ്ങളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത്. ഏത് വേഷവും രസച്ചരട് മുറിയാതെയാണ് ഇരുവരും മണിച്ചിത്രത്താഴിലെ ഭാസുരയും ഉണ്ണിത്താനും. ‘എന്താ ഭാസുരേ കാണിക്കുന്നേ? ഞാൻ അങ്ങോട്ട് വരാമെന്ന്.. എന്ന് ഇന്നസെന്റും ജപിച്ച ചരട് കെട്ടാൻ ശ്രമിക്കുന്ന കെ പി എ സി ലളിതയും ഇന്നും മലയാളിയുടെ മനസിൽ മായാതെ കിടപ്പുണ്ട്. മാടമ്പള്ളിയുടെ ഈ ഇടനാഴിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഈ രംഗമാണ്.

 

 

 

വളരെ കുറച്ച് സീനുകളിൽ മാത്രമാണ് ചിത്രത്തിൽ ശ്രീദേവിയുടെ അനിയൻ ചന്തുവിനുള്ളു എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും കിണ്ടി കിണ്ടി എന്ന് പറയുമ്പോൾ മനസിലേക്ക് എത്തുക സുധീഷും മോഹൻ ലാലുമൊത്തുള്ള സീനുകളാണ്. ഗംഗയുടെ ഭൂതകാലത്തിലേക്ക് സണ്ണിയും ചന്ദുവും യാത്ര പോകാൻ തീരുമാനിക്കുന്നത് മാടമ്പള്ളിയിലെ കുളക്കടവിൽ വച്ചാണ്. നീണ്ടു കിടക്കുന്ന കുളക്കടവിലേക്കുളള പടിക്കെട്ടിൽ നിന്നുകൊണ്ടാണ് സണ്ണി ചന്ദുവിനെ ആശ്വസിപ്പിക്കുന്നതും പോകാനുള്ള കാര്യങ്ങൾ പറയുന്നതും. ചന്ദുവിനെ ആശ്വസിപ്പിക്കുമ്പോഴും മാടമ്പള്ളിയിലെ യഥാർത്ഥ മാനസിക രോഗി ആരാണെന്ന വിവരം സണ്ണി ചന്ദുവിനോട് പറഞ്ഞില്ല. സണ്ണിയുടെ കണക്ക് കൂട്ടലുകൾ പക്ഷെ കുളക്കടവിലെ കാറ്റിനു പോലും മനസിലായിരിക്കണം, അത്രമേൽ മനയും ഗംഗയും തമ്മിൽ ഇഴുകി ചേർന്നിരുന്നു. മാടമ്പള്ളിയുടെ ഘടനയിൽ നിലനിൽക്കുന്ന അയുക്തികൾക്കും രഹസ്യങ്ങൾക്കും ഒപ്പം ഗംഗയിലെ നാഗവല്ലിയും ഒളിച്ചു. അല്ലിയും ഗംഗയും ഓടി വരുന്നതും ഇതേ കുളക്കടവിലേക്കുള്ള വഴിയിലൂടെയാണ്.

 

 

 

 

 

 

 

 

ചിത്രത്തിൽ ഇന്നും ഓർത്തിരിക്കുന്ന രംഗമാണ് കുതിരവട്ടം പപ്പുവിന്റെ കാട്ടുപറമ്പൻ. തെക്കിനിയിൽ വെച്ച് പ്രേതസാന്നിധ്യം കണ്ട് ഭയന്നോടുന്ന കാട്ടുപറമ്പന് പിറ്റേന്ന് മുതൽ തനിക്ക് വല്ല കുഴപ്പവും പറ്റിയോ എന്നായി സംശയം, ‘ ദാസപ്പോ, എന്നെ ശരിക്കൊന്ന് ശ്രദ്ധിച്ചേ. എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടോന്ന് ഒന്ന് നോക്കിക്കേ’ ഈ സംശയവുമായി നടക്കുന്ന കാട്ടുപറമ്പനെ എങ്ങനെ മറക്കും. ചിത്രത്തിന്റെ ഒടുക്കം കാട്ടുപറമ്പനെയും സണ്ണി ചികിത്സിച്ചു ഭേദമാക്കുന്നുണ്ട്, ഒപ്പം വെള്ളത്തിൽ ചവിട്ടരുതെന്ന ഉപദേശവും. വെള്ളം.. വെള്ളം.. എന്ന് സണ്ണി പറയുമ്പോൾ അതിൽ ചവിട്ടാതെ   കാട്ടുപറമ്പൻ ചാടി പോകുമ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു രംഗം കൂടിയാണ് പിറവിയെടുത്തത്. കാലാനുവർത്തിയായി ഓരോ സിനിമാസ്വാദകന്റെയും മനസിൽ നിലനിൽക്കുന്ന വേഷമാണ് കാട്ടുപറമ്പന്റെത്.

 

സിനിമയുടെ അവസാന ഷോട്ടിൽ ഡോക്ടർ സണ്ണി തിരിച്ചെത്തും വരെയും ശ്രീദേവിയുടെ മുന്നിലുള്ള, കാത്തിരിപ്പിന്റെ നീണ്ട പാതയും പ്രേക്ഷകർക്ക് മുന്നിൽ അനാവൃതമാക്കുന്നുണ്ട്. തിയേറ്റർ റിലീസിലൂടെ, വീണ്ടും ഒരിക്കൽ കൂടി മണിച്ചിത്രത്താഴ് ആഘോഷമാക്കുകയാണ് സിനിമ ആസ്വാദകർ. മറ്റേത് രംഗങ്ങളേക്കാളും, ഒരുപക്ഷെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുക സണ്ണിയുടെ വിടപറച്ചിലും, നോക്കാത്ത ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്ന വിനയ പ്രസാദിന്റെ അവസാന ഷോട്ടുമായിരിക്കുമെന്ന് സംവിധായകൻ ഫാസിൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്നും ഹിൽപാലസിൽ എത്തുന്നവർ ജനലോരത്ത് സണ്ണിയെ കാത്തുനിൽക്കുന്ന ശ്രീദേവിയെ തിരയുന്നുണ്ടാകും.

 

 

ഹിൽപാലസിൽ എത്തുന്ന ഭൂരിഭാഗം സന്ദർശകരും മണിച്ചിത്രത്താഴ് ചിത്രീകരിച്ച സ്ഥലം എന്ന നിലയിലാണ് എത്തുന്നത് എന്ന് പറയുകയാണ് പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഹിൽപാലസ് ജീവനക്കാരൻ.

‘ മണിച്ചിത്രത്താഴിന്റെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമേ ഹിൽപാലസിൽ ചിത്രീകരിച്ചിട്ടുള്ളു എങ്കിലും ഇവിടെ വരുന്ന സന്ദർശകർ മുഴുവനും സിനിമ കണ്ട് എത്തുന്നവരാണ്. ഞാൻ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി, വളരെ കുറച്ച് സന്ദർശകർ മാത്രമാണ് കൊട്ടാരത്തിന്റെ ചരിത്രം അന്വേഷിച്ച് എത്തുന്നത്. സിനിമ ആദ്യമായി കാണുമ്പോൾ ഇവിടെ ജോലിക്ക് എത്തുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ ഓരോ ദിവസവും ചിത്രീകരണങ്ങൾ നടന്ന ഭാഗങ്ങൾ കാണുമ്പോൾ ആ രംഗങ്ങൾ മനസിലേക്ക് എത്തും. ഇനി ചിത്രം റീ റിലീസ് ചെയ്യുമ്പോൾ സന്ദർശകരുടെ തിരക്ക് കൂടും എന്നാണ് കരുതുന്നത്’.

ആദ്യമായി ഹിൽപാലസ് സന്ദർശിക്കാൻ എത്തിയതാണ് ഷാമിൽ. മണിച്ചിത്രത്താഴ് തന്നെയാണ് ഷാമിലിൻറെ ഹിൽപാലസ് സന്ദർശിക്കാനുള്ള പ്രചോദനം.

‘ ഞാൻ മണിച്ചിത്രത്താഴ് സിനിമ ആദ്യമായി കാണുന്നത് എന്റെ അഞ്ചാം ക്ലാസ്സിലെ അവധിക്കാലത്താണ്. അവധിയായത് കൊണ്ട് തന്നെ സിനിമ കാണൽ പൊതുവെ കുറവാണ്. പക്ഷെ അവിചാരിതമായി ഏഷ്യാനെറ്റ് പ്ലസ് ചാനലിലാണ് ചിത്രം കാണുന്നത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് സിനിമയുടെ ഉള്ളിലെ സിനിമ വായിച്ചെടുക്കാൻ ഉള്ള പ്രാവീണ്യം ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ, അത് മുഴുവൻ കാണാൻ പകത്തിൽ എൻറെ ആകാംഷ ഉയർത്താൻ മണിച്ചിത്രത്താഴിന് സാധിച്ചു എന്നതാണ് സത്യം. പല ഇടങ്ങളിലാണ് ചിത്രീകരണം നടന്നതെന്നൊക്കെ പിന്നീട് ആണ് അറിയുന്നത്, ഇന്നും ജോലി കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോൾ ഞാൻ മണിച്ചിത്രത്താഴ് കാണാറുണ്ട്. ഇവിടെ എത്തിയപ്പോഴാണ് സിനിമയ്ക്ക് പിന്നിലെ യഥാർത്ഥ അദ്ധ്വാനം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. കൂടാതെ ഇവിടെ ഉള്ള അന്തരീക്ഷവും വളരെ വ്യത്യസ്തമാണ്, ഒരു പാട് ആളുകൾക്ക് ചുറ്റുമാണ് നിൽക്കുന്നതെങ്കിലും ഒരു ഏകാന്തത അനുഭവപ്പെടും’.

മണിച്ചിത്രത്താഴ് മാത്രമല്ല മറ്റൊരു മോഹൻ ലാൽ ചിത്രമായ മൂന്നാം മുറയും തനിക്ക് ഓർമ്മ വന്നു വെന്ന് പറയുകയാണ് സന്ദർശകനായ രാജീവ് കെ.

‘ഞാൻ ഹിൽപാലസിൽ കുടുംബത്തോടൊപ്പവും അല്ലാതെയും ഒരു പാട് തവണ വന്നിട്ടുണ്ട്. ഹിൽപാലസ് എന്ന് കേൾക്കുമ്പോഴേ ഓർമ്മവരുന്നത് മാടമ്പള്ളി മനയും നാഗവല്ലിയുമൊക്കെയാണ്. പല തവണ ഞാൻ ഇവിടെ എത്തിയിട്ടുണ്ടെങ്കിലും ഞാൻ പോകാത്ത ഒരു സ്ഥലം കുളക്കടവാണ് എന്തോ അങ്ങോട്ട് പോകാൻ മാത്രം മനസ് അനുവദിക്കാറില്ല. മണിച്ചിത്രത്താഴ് റീ റിലീസിനെത്തുമ്പോൾ ഉറപ്പായും തീയറ്ററിൽ പോയി കാണണം എന്ന് കരുതി ഇരിക്കുകയാണ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ടി വിയിൽ കാണുന്നതിനേക്കാൾ എത്രയോ മികച്ച അനുഭവം ആയിരിക്കും ചിത്രം തീയറ്ററിൽ കാണുമ്പോൾ’.

 

content summary; revisiting madambally mana manichithrathazhu

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍