June 26, 2026 |

മുന്നൊരുക്കമില്ലായ്മയും പടലപ്പിണക്കവും ‘കൈ’ പൊള്ളിച്ചു

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിലും തര്‍ക്കം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് എന്നതിലുപരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി ചോദ്യചിഹ്നങ്ങളും പാഠങ്ങളും നല്‍കി കടന്നുപോയ ഒന്നാണ്. ചരിത്രപരമായ ഭരണമാറ്റം പതിവാക്കിയിരുന്ന ബിഹാറില്‍, ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തിലും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) ഭരണത്തുടര്‍ച്ച നേടിയത്, പ്രതിപക്ഷത്തെക്കാള്‍ എന്‍.ഡി.എയുടെ തന്ത്രപരമായ മികവിനെയാണ് ഇത് എടുത്തു കാണിക്കുന്നത്.

ബിഹാറില്‍ വലിയ വോട്ട് കൊള്ള നടന്നിരുന്നുവെന്ന് രാഹുല്‍ ഗാന്ധി തെളിവുകള്‍ ഉള്‍പ്പെടെ നിരത്തിയെങ്കിലും, തിരഞ്ഞെടുപ്പില്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കപ്പെട്ടില്ല എന്നുവേണം കരുതാന്‍. കഴിഞ്ഞ 20 വര്‍ഷമായി ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുഖമായി നില്‍ക്കുന്ന നിതീഷ് കുമാറിനെ പ്രാദേശിക വികാരങ്ങള്‍ നിലനില്‍ക്കെയാണ്, രാഹുല്‍ ഗാന്ധി അവിടെ വോട്ട് ചോരി വിവാദം ഉയര്‍ത്തിക്കാട്ടിയത്.

ഒത്തൊരുമയുടെ വിജയതന്ത്രം

തുല്യ ശക്തികളായ രണ്ട് പ്രധാന പാര്‍ട്ടികള്‍ സീറ്റ് തര്‍ക്കങ്ങളോ പടലപ്പിണക്കങ്ങളോ ഇല്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇത് അണികള്‍ക്കും വോട്ടര്‍മാര്‍ക്കും ആത്മവിശ്വാസം നല്‍കി. ഒരു ഭാഗത്ത് ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ക്യാമ്പയിനുകള്‍. മറുഭാഗത്ത്, കഴിഞ്ഞ 20 വര്‍ഷമായി ബിഹാറിന്റെ മുഖമായി നിലകൊള്ളുന്ന നിതീഷ് കുമാര്‍. ഇരുനേതാക്കളും പ്രചാരണത്തിലുടനീളം സജീവമായി പങ്കെടുത്തത് എന്‍.ഡി.എക്ക് ഇരട്ടി കരുത്തായി.

നിതീഷ് കുമാറിനോടുള്ള താത്പര്യത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ സഹായഫണ്ടുകളുടെയും പിന്‍ബലത്തില്‍, വനിതാ വോട്ടര്‍മാരുടെ ശക്തമായ പിന്തുണ എന്‍.ഡി.എക്ക് അനുകൂലമായി മാറി. നിതീഷിന്റെ അനാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങളെ പോലും സ്ത്രീവോട്ടര്‍മാര്‍ തള്ളിപ്പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ജാതി സമവാക്യങ്ങള്‍ക്കപ്പുറം ചരിത്രപരമായി ബിഹാറിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഇബിസി (Extremely Backward Classes – EBC) പ്രതിനിധിയായി നിതീഷ് കുമാറിന് നിലകൊള്ളാന്‍ കഴിഞ്ഞത് എന്‍.ഡി.എക്ക് നിര്‍ണായകമായി.

മഹാസഖ്യത്തിന്റെ പാളിച്ചകള്‍

കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് എന്‍.ഡി.എയുടെ ശക്തിക്ക് സമാനമായ ഒത്തൊരുമ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, മറ്റ് ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ക്ക് കൃത്യമായ ഒരു പദ്ധതിയുടെയോ തര്‍ക്കങ്ങളില്ലാത്ത സീറ്റ് വിഭജനത്തിന്റെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ പരാജയം. ഏകദേശം പതിനൊന്നോളം സീറ്റുകളില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍, സഖ്യത്തിനുള്ളിലെ കെട്ടുറപ്പില്ലായ്മ തുറന്നുകാട്ടുന്നതായിരുന്നു.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോലും സഖ്യകക്ഷികള്‍ക്ക് സമയം എടുക്കേണ്ടിവന്നു. രാഹുല്‍ ഗാന്ധി ‘വോട്ട് ചോരി’ പോലുള്ള ഗുരുതരമായ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടും, പിന്നീടുള്ള പ്രധാന പ്രചാരണ പരിപാടികളില്‍ അദ്ദേഹത്തിന്റെയോ, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെയോ സജീവമായ സാന്നിധ്യം ഉണ്ടായില്ല. എന്‍.ഡി.എയുടെ നേതാക്കള്‍ പ്രചാരണത്തിലുടനീളം സജീവമായി നിലകൊണ്ടപ്പോള്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്മാറ്റം സഖ്യത്തിന് തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ച സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ക്യാമ്പയിന്‍ ബിഹാര്‍ ജനതയെ എത്രത്തോളം സ്വാധീനിച്ചു എന്നത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു ചോദ്യചിഹ്നമായി മാറി. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഈ വിഷയം ഉന്നയിച്ച ശേഷം, സംസ്ഥാനത്തെ ഭരണം സംബന്ധിച്ചും, ക്രമസമാധാന പ്രശ്‌നങ്ങള്‍ പോലുള്ള വിഷയങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

മഹാസഖ്യത്തിന് മുസ്ലിം-യാദവ സമുദായങ്ങളില്‍ നിന്ന് വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും, അതിനപ്പുറം മറ്റ് ജാതി-സമുദായങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല.

ചരിത്രം തിരുത്തിയെഴുതിയ വിധി

സാധാരണയായി, ബിഹാറില്‍ വോട്ടിംഗ് ശതമാനം കൂടുമ്പോള്‍ നിലവിലെ ഭരണകക്ഷി പുറത്താകുന്ന ചരിത്രമുണ്ട്. 1967 മുതലുള്ള ബിഹാറിന്റെ ചരിത്രമാണിത്. എന്നാല്‍, 2020-ല്‍ ഈ പതിവ് തെറ്റിച്ച് എന്‍.ഡി.എ ഭരണത്തുടര്‍ച്ചയില്‍ എത്തിയത്, ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും കൃത്യമായ രാഷ്ട്രീയ തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. എന്‍.ഡി.എയുടെ ഒറ്റക്കെട്ടായുള്ള ക്യാമ്പയിനെയും ജനപിന്തുണയെയും അതിജീവിക്കാന്‍ ആവശ്യമായ ബഹുതല ക്യാമ്പയിന്‍ കാഴ്ചവെക്കാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പ്രധാന പാഠം.

Content Summary: Reason for the congress failure in Bihar

Leave a Reply

Your email address will not be published. Required fields are marked *

×