ഒരു ‘ലാറി’ ഇല്ലാത്തതോ വെസ്റ്റ് ഇന്‍ഡീസിന്റെ ദുരവസ്ഥയ്ക്ക് കാരണം?

'മി.ഡിപ്പന്റബിള്‍' ലാറി ഗോംസ് ആരായിരുന്നു വിന്‍ഡീസ് ക്രിക്കറ്റിന്?

ഈ കഴിഞ്ഞ ദിവസം സ്വന്തം നാട്ടില്‍, ട്രിനിഡാഡില്‍ സബീന പാര്‍ക്കില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ 27 റണ്‍സിന് പുറത്തായി നാണം കെട്ട വെസ്റ്റ് ഇന്‍സീസ് ടീമിന്റെ പതനം കണ്ട് മുന്‍ ഇതിഹാസങ്ങളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സര്‍ ക്ലൈവ് ലോയ്ഡ്, ബ്രയാന്‍ ലാറ എന്നിവരെ ഉള്‍പ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മേധാവികള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പരമ്പര നഷ്ടമായത് 3-0 ന്. ഒരു റണ്‍ കൂടി എടുത്ത് ഓള്‍ ഔട്ടായതിനാല്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറായ ന്യൂസിലാന്‍ഡിന്റെ 26നോടൊപ്പം നില്‍ക്കുക എന്ന നാണക്കേടില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടു.

സിഡബ്ല്യുഐ പ്രസിഡന്റ് ഡോ. കിഷോര്‍ ഷാലോ, ബ്രയാന്‍ ലാറ, ക്ലൈവ് ലോയ്ഡ്, സര്‍ വിവ് റിച്ചാര്‍ഡ്‌സ്, ചന്ദര്‍പോള്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, ഇയാന്‍ ബ്രാഡ്ഷാ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയോടൊപ്പം പ്രശ്‌നം ചര്‍ച്ച ചെയ്തു. 90 കളിലെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാള്‍ ഹൂപ്പര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍സീസിന്റെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു: ”ഒരു ചുവട് മുന്നോട്ട്, രണ്ട് ചുവട് പിന്നോട്ട്.”

ഡാരന്‍ സാമിയെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണോ? റോസ്റ്റണ്‍ ചേസ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കണോ? വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് തുടരണോ? സിഡബ്ല്യുഐ(വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്) പിരിച്ചുവിട്ട് പുതുതായി നിര്‍മ്മിക്കണോ? ചര്‍ച്ച ചെയ്തത് ഇതൊക്കെ.

വര്‍ഷങ്ങളായി തകര്‍ച്ച, നഷ്ടപ്പെട്ട അവസരങ്ങള്‍, വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത പ്രതിഭകള്‍ എന്നിവയാണ് ഇപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് അടിസ്ഥാന കാരണം.

വിവ് റിച്ചാർഡ്സ് , ക്ലൈവ് ലോയ്ഡ്, ബ്രയാൻ ലാറ

ചോദ്യമിതാണ്, വെസ്റ്റ് ഇന്‍ഡീസിന് ലോകക്രിക്കറ്റില്‍ ഇനിയും തിരിച്ചുവരവിന് വഴിയുണ്ടോ?

1983 ജൂണ്‍ 25 ന് ലണ്ടനിലെ ലോഡ്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കപിലും ചെകുത്താന്മാരും ആദ്യമായി വിന്‍ഡീസിന്റെ ലോകകപ്പ് അജയ്യത തകര്‍ത്തത് മുതല്‍ തുടങ്ങിയതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഈ കാലദോഷം, നാല് പതിറ്റാണ്ട് കടന്നിട്ടും പരാജയങ്ങളുടെ തീവ്രത കൂടി വരുന്നെന്ന് മാത്രം.

കുറച്ചു നാള്‍ മുന്‍പ് ഒരു ടിവി ചര്‍ച്ചയില്‍ അക്കാലത്ത് എല്ലാ കളികളിലും തോറ്റമ്പുന്ന അപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ അവസ്ഥയെ പ്രതിപാദിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ അവസാന വാക്കായ ക്ലെവ് ലോയ്ഡ് പറഞ്ഞു;

ബോളിങ്ങിലും ബാറ്റിങ്ങിലുള്ള പ്രതിഭകളുടെ കുറവല്ല- ഒരു ”ലാറി’ യില്ലാത്തതാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഇപ്പോഴത്തെ ദുരവസ്ഥക്കു കാരണം.

ഒരു കാലത്ത് അടിച്ച് തകര്‍ക്കുന്ന ബാറ്റിംഗും നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ മുട്ട് വിറയ്ക്കുന്ന ബോളിംഗ് നിരയും വിന്‍ഡീസിനെ തോല്‍വിയറിയാത്ത ലോകക്രിക്കറ്റിലെ രാജാക്കന്മാരായിരുന്നു. ആ ടീമിലെ വ്യതസ്തനായ ഒരു കളിക്കാരനായിരുന്നു ലാറി ഗോംസ്. ചരിത്രം ഒരിക്കലും പാടിപ്പുകഴ്ത്താത്തവനായ ഗോംസ്. കഴിഞ്ഞ ദിവസം തന്റെ 71ാം പിറന്നാള്‍ ആഘോഷിച്ച ഒരു വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍’.

1984 ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുന്ന ലാറി ഗോംസ്

എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും അജയ്യരായ വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റ്സ്മാരുടെ നിരയില്‍ ഒരക്ഷരത്തെറ്റ് പോലെയായിരുന്നു അയാള്‍. വെടിക്കെട്ടു ബാറ്റിങ്ങ് നടത്തുന്ന ലോകത്തെ ഏറ്റവും മികച്ച, ബാറ്ററായ സാക്ഷാല്‍ വിവിയന്‍ റിച്ചാഡ്‌സും, ക്ലൈവ് ലോയിഡും, റോയ് ഫെഡ്രിക്‌സും, ലോറന്‍സ് റോയും, ആല്‍വിന്‍ കാളീചരണും, ഗോര്‍ഡന്‍ ഗ്രീനിഡ്ജും, ഹെയിന്‍സും ഒക്കെയുള്ള മികച്ച ബാറ്റ്‌സ്മാരുടെ ജനപ്രിയ പ്രതിച്ഛായയ്ക്ക് ഒട്ടും യോജിച്ചിക്കാത്തവന്‍. എന്നിട്ടും അയാള്‍ കാല്‍ നൂറ്റാണ്ടോളം ആ പ്രഗല്‍ഭരുടെ ഇടയില്‍ ഒരു നിഴല്‍ പോലെ, നിശ്ബദമായി ടീമില്‍ തുടര്‍ന്നു. കാരണം വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അയാളെ ആവശ്യമായിരുന്നു.

ലാറി ഗോംസ് എന്ന ഇടം കൈയ്യന്‍ ബാറ്റര്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ലോകക്രിക്കറ്റിലെ മുടിച്ചൂടാമന്നന്മാരായ കാലത്തെ ടീമിന്റെ നട്ടും ബോള്‍ട്ടുമായിരുന്നു. കരീബിയക്കാരില്‍ നിന്ന്, രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തനായ ചെറിയ മനുഷ്യന്‍. ചുരുണ്ട മുടിയും രൂപത്തിലും ഭാവത്തിലും ഒരു വെസ്റ്റ് ഇന്‍ഡീസുകാരനായി അയാളെ ഒരിക്കലും സങ്കല്‍പ്പിക്കാനാവില്ല.

ലാറി ഗോംസിന്റെ ക്രിക്കറ്റ് ജീവിതം പലപ്പോഴും വെസ്റ്റിന്‍ഡീസ് ടീമിനെ മത്സരങ്ങളിലെ പ്രതിസന്ധികളില്‍ നിന്ന് കരകേറ്റിയ ചരിത്രമാണ്. അതിനാല്‍ ഈ ട്രിനിഡാഡുകാരന്‍ കൊച്ചു മനുഷ്യന്‍, വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് മി.ഡിപ്പന്റബിള്‍’എന്നറിയപ്പെട്ടു.

ലാറി ഗോംസ് തന്റെ ക്രിക്കറ്റ് ജീവിതത്തിലൊരിക്കലും ഹെല്‍മെറ്റോ, ക്യാപ്പോ തലയില്‍ വെച്ചിട്ടില്ല. തന്റെ കാലത്ത് അതിവേഗത്തില്‍ പന്തെറിഞ്ഞിരുന്ന ഓസ്‌ട്രേലിയയുടെ തോംസണനെയും പാക്കിസ്ഥാന്റെ ഇമ്രാന്‍ ഖാനേയും, ഇംഗ്ലണ്ടിന്റെ ബോബ് വില്ലിസിനേയും ന്യൂസിലാണ്ടിന്റെ റിച്ചാഡ് ഹാഡ്ലിയേയും ഇന്ത്യയിലെ കപില്‍ ദേവിനേയും ഹെല്‍മെറ്റോ ഒരു തൊപ്പിയോ ധരിക്കാതെ നിസംഗതയോടെ അയാള്‍ നേരിട്ടു. ലോക ക്രിക്കറ്റിലെ ഹെല്‍മെറ്റ് കാലം ആരംഭിച്ചപ്പോള്‍ അത് ധരിക്കാത്ത അങ്ങനെയൊരെയൊരു കളിക്കാരന്‍ ലാറി ഗോംസാണ്.

മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് പലപ്പോഴും പ്രതിസന്ധിയിലാകുമ്പോള്‍, അത് തന്റെ ഇന്നിംഗ്സുകളിലൂടെ പരിഹരിച്ച മധ്യനിര ബാറ്ററായിരുന്നു ലാറി ഗോംസ്. പ്രതിസന്ധി മറികടന്ന് വിന്‍ഡീസിനെ പറയാന്‍ കൊള്ളാവുന്ന സ്‌കോറിലെത്തിക്കുക.

അതിന് ശേഷം മറ്റൊരു വിജയത്തിലേക്ക് വിന്‍ഡീസ് കുതിക്കുക ബൗളിങ്ങിലൂടെയാകും. ആന്‍ഡി റോബര്‍ട്സ്, മൈക്കല്‍ ഹോള്‍ഡിംഗ്, ജോയല്‍ ഗാര്‍നര്‍, കോളിന്‍ ക്രോഫ്റ്റ്, മാല്‍ക്കം മാര്‍ഷല്‍ എന്നിവരടങ്ങുന്ന ലോകത്തിലെ ഏറ്റവും വേഗതയും ശക്തിയുമുള്ള പേസ് ബാറ്ററി എതിര്‍ ടീമിനെ എറിഞ്ഞ് വിഴ്ത്തി കഴിഞ്ഞിരിക്കും. വിന്‍ഡീസ് വിജയം ആഘോഷിക്കുമ്പോള്‍ പിന്നെ എല്ലാ പ്രശംസയും പിടിച്ചു പറ്റുക ആ ബൗളര്‍മാരായിരുന്നു. ടീമിനെ പ്രതിസന്ധിയില്‍ നിന്ന് കരകേറ്റിയ ലാറി ഗോംസ് അപ്പോഴേക്കും വിസ്മൃതനായി കഴിഞ്ഞിരിക്കും. ലാറി ഗോംസിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന വസ്തുതയായിരുന്നു അത്.

1984 വിവ് റിച്ചാർഡ്‌സും ലാറി ഗോംസും ഇംഗ്ലണ്ടിനെതിരെ

40 വര്‍ഷം മുന്‍പ്, ഇന്ത്യ ലോകക്രിക്കറ്റ് ചാമ്പ്യന്‍മാരാവുന്നതിനു തൊട്ടു മുന്‍പ് വെസ്റ്റ് ഇന്ത്യന്‍ പര്യടനത്തിനു പോയിരുന്നു. 1983ലെ പോര്‍ട്ട് ഓഫ് സ്‌പെയിന്‍, വിന്‍ഡീസ്- ഇന്ത്യ ടെസ്റ്റ് ആരംഭിക്കുന്നു. വിന്‍ഡീസ് 1ന് 3. ഗ്രീനിഡ്ജ്(0), ഹെയ്ന്‍സ്(0), റിച്ചാര്‍ഡ്‌സ് (1) എല്ലാവരും പവലിയനില്‍ തിരിച്ചെത്തി.

ലാറി ഗോംസ് ബാറ്റിങിനെത്തി. അതോടെ വിക്കറ്റ് വീഴ്ച്ചയ്ക്ക് വിരാമമായി. സാവധാനം രണ്ട് ബൗണ്ടറികള്‍ ഓഫ് ഡ്രൈവുകളിലൂടെ നേടിക്കൊണ്ട് ഗോംസ് ബാറ്റിങ്ങ് ആരംഭിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡുമായി ചേര്‍ന്ന് 238 റണ്‍സ് കൂട്ടുകെട്ട്. 338 റണ്‍സ് എത്തിച്ചതിനു ശേഷമാണ് 123 റണ്‍സെടുത്ത ലാറി ഗോംസ് ഗവാസ്‌കര്‍ക്ക് കാച്ച് നല്‍കി, വെങ്കിട്ട രാഘവന്റെ പന്തില്‍ പുറത്താവുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ആകെയുള്ള റണ്‍സില്‍ പകുതി ലാറി ഗോംസിന്റെതാണെന്ന വാചകം പ്രശസ്തനായ കമന്റേറ്റര്‍ ടോണി കോസിയര്‍ ടി വി കമന്ററിയില്‍ പറഞ്ഞത് പിറ്റേന്ന് ദിനപത്രങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ട തലവാചകമായി. ഗോംസും ക്ലൈവ് ലോയിഡും മത്സരത്തില്‍ സെഞ്ച്വറി നേടി, ബാക്കിയുള്ളത് ചരിത്രമാണ്.

വെസ്റ്റ് ഇന്‍ഡീസ് ടീമിലെ നിരവധി മികച്ച കളിക്കാരുടെ കഴിവും പ്രകടനവും കണക്കിലെടുക്കുമ്പോള്‍, അന്നത്തെ ക്രിക്കറ്റ് ലോകം ലാറി ഗോംസിനെ വില കുറച്ച് കണ്ടു. അദ്ദേഹം എല്ലായ്‌പ്പോഴും ടീമിലെ താരങ്ങളുടെ പിറകില്‍ രണ്ടാം നിര ഫിഡില്‍ വായിക്കുന്ന കളിക്കാരനായി. ആവശ്യമുള്ളപ്പോള്‍, എല്ലായ്‌പ്പോഴും വെസ്റ്റ് ഇന്‍ഡീസിന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. കൂടാതെ ഒരു വശത്ത് താരതമ്യേന എളുപ്പത്തില്‍ തന്നെ പുറത്താക്കാമെന്ന കരുതിയ ഒട്ടെറെ ബൗളര്‍മാരെ നിരാശരാക്കി.

1953 ജൂലൈ 13 വെസ്റ്റ് ഇന്‍ഡീസിലെ സെന്‍ട്രല്‍ ട്രിനിഡാഡ് പട്ടണമായ അരിമയില്‍ ജനിച്ച ഹിലാരി ആഞ്ചലോ ഗോംസിന്റെ കുടുംബത്തിലെ അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരും എല്ലാ ബോള്‍ ഗെയിമുകളോടും താല്‍പ്പര്യമുള്ളവരായിരുന്നു. 1970-ല്‍ പോര്‍ട്ട്-ഓഫ്-സ്‌പെയിനില്‍ ടൂറിങ്ങ് ഓസ്ട്രേലിയന്‍ സ്‌കൂള്‍ ടീമിനെതിരെ 154 റണ്‍സ് നേടി, 16-ാം വയസ്സില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ യൂത്ത് ടീമില്‍ ഇടം നേടാന്‍ ലാറി ഒരു ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മികച്ചുനിന്നു. 18, ടൂറിങ് ന്യൂസിലന്‍ഡുകാര്‍ക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തുകയായിരുന്നു.

1976-ലെ വെസ്റ്റ് ഇന്ത്യന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍, അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ പ്രഗത്ഭരായ സ്ഫോടനാത്മക ബാറ്റര്‍മാരുടെ സമ്പത്ത് കണക്കിലെടുത്ത്, ലാറി ഗോംസിനെപ്പോലെ ശാന്തനായ ഒരു ബാറ്ററെ വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യ കാഴ്ചയില്‍ തന്നെ പൊരുത്തക്കേടായിരുന്നു.

1984 ൽ ഹെഡ്ങ്ങി ലിയിൽ സെഞ്ചറി പൂർത്തിയാക്കിയ
ലാറി ഗോംസ്

1983 ലെ പ്രൊഡ്യന്‍ഷല്‍ കിക്കറ്റ് ലോകകപ്പില്‍ ആ പൊരുത്തക്കേട് തെറ്റാണെന്ന് തെളിയിച്ച ഓള്‍ റൗണ്ടര്‍ പ്രകടനമായിരുന്നു ലാറി ഗോംസ് നടത്തിയത്. 269 റണ്‍സും 9 വിക്കറ്റും നേടിയ ഏറ്റവും നല്ല പ്രകടനം.

1983 ലെ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തന്നെ തോല്‍വിയോടെയായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ മാഞ്ചസ്റ്റ്‌റില്‍ ഇന്ത്യ വിന്‍ഡീസിനെ ഞെട്ടിച്ചു കൊണ്ട് 34 റണ്‍സിന് തോല്‍പ്പിച്ചു. രണ്ടാമത്തെ മത്സരം ലീഡ്‌സില്‍ ഓസ്ട്രലിയയുമായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ന്നു. രണ്ട് ഓപ്പണര്‍മാരും റിച്ചാഡ്‌സും ലോയ്ഡും വേഗം തിരിച്ചെത്തി. 78- 4, ലോകകപ്പിലെ രണ്ടാമത്തെ പരാജയം വിന്‍ഡിസ് മണക്കാന്‍ തുടങ്ങി.

ഈ അപകട നിലയില്‍ നാലാമതായി ബാറ്റിങ്ങിനെത്തിയ ലാറി ഗോംസിന് അത്തരം സമ്മര്‍ദ്ദം പുതുമയുള്ള കാര്യമല്ല, അയാള്‍ പതുക്കെ ആരംഭിച്ചു. ശബ്ദഘോഷങ്ങളില്ലാത്ത ബാറ്റിംഗ്. അക്കാലത്തെ ഏറ്റവും വേഗതയില്‍ പന്തെറിയുന്ന റോഡിനി ഹോഗും, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായ ഡെന്നിസ് ലില്ലിയും അക്കാലത്തെ സ്റ്റാര്‍ ബൗളറായ ജെഫ് ലോസനുമാണ് ബോളര്‍മാര്‍. സിംഗിളും ഡബിളുകളും എടുത്ത് അയാള്‍ തന്റെ ശൈലിയില്‍ മുന്നേറി. കാലുകളിലേക്കുള്ള ട്വിച്ച്, വിചിത്രമായ കവര്‍ ഡ്രൈവ്, ചിലത് ഗല്ലിയിലേക്ക് സ്ലൈഡ് ചെയ്യുന്നു, ഒരുതരം ഹുക്ക്. ഒരിക്കലും പന്ത് ഹുക്ക് ചെയ്യാത്ത ബാറ്ററാണ് ഗോംസ്. ഫൗദ് ബാക്കസ് ആയിരുന്നു ഗോംസിന്റെ കൂട്ടാളി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 76 റണ്‍ ചേര്‍ത്തു. ബാക്കസ് 47 റണ്‍സില്‍ പുറത്തായപ്പോള്‍ വിന്‍ഡീസ് 150 റണ്‍ കടന്നതേയുള്ളൂ. പിന്നിട് വന്ന ഡുജോണോടൊപ്പം ചേര്‍ന്ന് ഗോംസ് സ്‌കോര്‍ 200 കടത്തി. ഗോംസ് ലില്ലിയുടെ പന്തില്‍ പുറത്താവുമ്പോള്‍ വിന്‍ഡീസിന് പൊരുതാനുള്ള സ്‌ക്കോര്‍ ആയി അഴിഞ്ഞു. 153 പന്തില്‍ നാല് ബൗണ്ടറിയടക്കം 78 റണ്‍സ് എടുത്ത ഗോംസ് ലോകകപ്പിലെ തന്റെ ആദ്യ അര്‍ദ്ധശതകത്തോടെ കൂടി ഒരിക്കല്‍ കൂടി പ്രതിസന്ധിയില്‍ രക്ഷകനായി.

വര്‍ണ്ണശബളമായ ഗെയിം കളിക്കാത്ത തന്നെ എന്ത് കൊണ്ട് ടീമിലെടുത്തുവെന്ന് നിശബദമായി ക്രിക്കറ്റ് ലോകത്തിനെ സാക്ഷ്യപ്പെടുത്തിയ, കരീബയന്‍സിന്റെ അനേകം പ്രതിസന്ധികള്‍ ഒഴിവാക്കിയതു പോലെ മറ്റൊരു ഒരു ഇന്നിംഗ്‌സ് ആയിരുന്നു അത്. ഒരിക്കല്‍ കൂടി മി. ഡിപ്പന്റബിള്‍ രക്ഷനായി.

252 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ ഓസീസിന്റെ തുടക്കം തന്നെ അശുഭകരമായരുന്നു. ഹോള്‍ഡിംങ്ങിന്റെ മാരകമായ ബൗണ്‍സര്‍ തലക്ക് കൊണ്ടു ഓപ്പണര്‍ ഗ്രഹാം വുഡ് വീണു പോയി. പരിക്കേറ്റ അയാള്‍ കളിക്കളം വിട്ടു.

വിന്‍ഡീസിന്റെ പേസ് സൈന്യത്തില്‍ പ്രധാനികളായ ഗാര്‍ണറും മാര്‍ഷലും പരിക്ക് മൂലം കളിച്ചിരുന്നില്ല. അവരുടെ അഭാവം തങ്ങള്‍ക്ക് എളുപ്പമാവുമെന്ന പ്രതീക്ഷയോടെ കളിക്കാനിറങ്ങിയ ഓസ്ട്രലിയയെ തകര്‍ത്ത് തരിണപ്പണമാക്കി കൊണ്ട് പുതിയൊരാള്‍ രംഗത്തെത്തി കളിക്കളം കീഴക്കി. മാര്‍ഷലിന് പകരക്കാരനായി എത്തിയ ജമൈക്കന്‍ ഫാസ്റ്റ് ബൗളര്‍ 24 കാരന്‍ ‘വിന്‍സ്റ്റന്‍ ഡേവീസ്. ആദ്യം തന്നെ അയാള്‍ ഓസീസ് ക്യാപ്റ്റന്‍ കിം ഹ്യൂസിനെ പുറത്താക്കി. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ പ്രമുഖ ബാറ്റിംഗ് താരങ്ങള്‍ വിന്‍സ്റ്റന്‍ ഡേവീസിന്റെ ഏറില്‍ വേഗത്തില്‍ കൂടാരത്തില്‍ തിരികെയെത്തി.

30ാം ഓവറില്‍ അവസാന ബാറ്ററായ ലില്ലിയെ പുറത്താക്കി വിന്‍സ്റ്റണ്‍ ഡേവീസ് വിന്‍ഡീസിന് 151 റണ്‍സിന്റെ വന്‍വിജയം നേടിക്കൊടുക്കുമ്പോള്‍ അയാള്‍ അര ഡസന്‍ കൂടുതല്‍ വിക്കറ്റുകള്‍ എടുത്ത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 51 റണ്‍സിന് 7 വിക്കറ്റ്. ഏകദിനത്തില്‍, ആദ്യമായി 7 വിക്കറ്റ് നേടിയ കളിക്കാരന്‍.

ആ വിജയത്തിന്റെ മാന്‍ ഓഫ് ദി മാച്ചും എല്ലാ ക്രഡിറ്റും വിന്‍സ്റ്റണ്‍ ഡേവിസിനു ലഭിച്ചു. പക്ഷേ, പൊരുതാനുള്ള സ്‌കോര്‍ വിന്‍ഡിസിന് നല്‍കിയ ഗോംസിന്റെ സംഭാവന പതിവു പോലെ രണ്ടാം നിര വാര്‍ത്തയിലൊതുങ്ങി.

അലൻ ലാംബ് , ലാറി ഗോംസ്, ഇയാൻ ബോഥം

അടുത്ത മത്സരത്തില്‍ സിംബാവക്കെതിരെ ഗ്രീനിഡ്ജുമായി മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ടിലൂടെ 195 റണ്‍സ് കൂട്ടി ചേര്‍ത്ത് ലാറി ഗോംസ് 75 റണ്‍സോടെ വെസ്റ്റീന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. സെമിയില്‍ പാക്കിസ്ഥാനെതിരെ അവരുടെ സ്റ്റാര്‍ ബാറ്ററായ സഹീര്‍ അബ്ബാസിന്റെ കുറ്റി ലാറി ഗോംസ് തെറിപ്പിച്ചതോടെ പാക്കിസ്ഥാന്‍ 184 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങി.

ബാറ്റിങ്ങാരംഭിച്ച വിന്‍ഡീസിന് തുടക്കത്തില്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി 56-2. അബ്ദുള്‍ ഖാദര്‍ ഫോമിലായാല്‍ ഇന്ത്യ ആവര്‍ത്തിച്ചത് പാക്കിസ്ഥാനു കഴിയും. ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 21 റണ്‍സിന് 5 വിക്കറ്റ് എടുത്ത ഖാദര്‍ അപകടകാരിയായ ലെഗ് സ്പിന്നറാണ്.

വിവിയന്‍ റിച്ചാര്‍ഡ്‌സിന് കൂട്ടായി ലാറി ഗോമസ് ഒരറ്റത്ത് നിന്നു. 48 ഓവറില്‍ കഥ അവസാനിച്ചു. റിച്ചാര്‍ഡ്‌സ് 80 നോട്ട് ഔട്ട്. ഗോംസ് ലോകകപ്പിലെ തന്റെ മൂന്നാം അര്‍ദ്ധശതകം തികച്ചു. 50 നോട്ട് ഔട്ട്. 8 വിക്കറ്റ് ജയം.

1983 ജൂണ്‍ 25 ന് പിന്നിട്ട് ലോഡ്‌സിലെ പ്രശസ്തമായ ഫൈനലില്‍ ലാറി ഗോംസിന്റെ റോള്‍ വളരെ പ്രധാനമായിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങ് നിര മൂന്ന് മത്സരങ്ങളില്‍ നിന്നായി പേസ് പടയെ നേരിടാന്‍ കരുത്ത് നേടിക്കഴിഞ്ഞിരുന്നു. വിന്‍ഡീസ് സെമി ഫൈനലിലെ വന്‍ വിജയത്തോടെ മികച്ച ആത്മവിശ്വാസത്തിലും. കളി തുടങ്ങിയപ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ശ്രീകാന്ത് മാത്രം തനതു ശൈലിയില്‍ ഗാര്‍നറേയും ഹോള്‍ഡിങ്ങിനേയും കൈകാര്യം ചെയ്തു.

വിന്‍ഡീസ് ഏറ്റവും ഭയപ്പെട്ടിരുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെയായിരുന്നു. സിംബാബെക്കെതിരെയുള്ള വിഖ്യാതമായ 175 നോട്ട് ഔട്ട് ഒരു പേടിസ്വപ്നമായി അവരുടെ മനസില്‍ ഉറച്ചിരുന്നു. അതിന്റെ പകുതി കപില്‍ ആവര്‍ത്തിച്ചാല്‍ കാര്യം മാറും. തന്റെ മൂന്നാം ലോക കപ്പ് കിരീടം കണ്ട ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡ് കപിലിനെ തളയ്ക്കാന്‍ കണ്ട് വെച്ചത് ലാറി ഗോംസിനെയായിരുന്നു.

ഗ്രൂപ്പ് മത്സരത്തില്‍ അത് ഫലം കണ്ടതുമാണ്. അത് തന്നെ സംഭവിച്ചു. ബൗണ്ടറിക്ക് തൊട്ട് കപിലിന്റെ ഉയര്‍ത്തിയ അടി ചെന്നവസാനിച്ചത് ഹോള്‍ഡിങ്ങിന്റെ കയ്യിലാണ്. നിര്‍ണ്ണായ വിക്കറ്റ് ഗോംസ് നേടിയതോടെ വിന്‍ഡീസ് ആശ്വസിച്ചു. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ കുഴക്കിയ യശ്പാല്‍ ശര്‍മ്മയെ ഫൈനലില്‍ പുറത്താക്കിയതും ഗോംസായിരുന്നു. 49 റണ്‍സിന് രണ്ട് നിര്‍ണ്ണായക വിക്കറ്റുകളോടെ തന്റെ റോള്‍ ലാറി ഗോംസ് പൂര്‍ത്തിയാക്കി.

പക്ഷേ, അന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ഫൈനലില്‍ 57ന് 3 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് പരുങ്ങുമ്പോഴാണ് ഗോംസ് ബാറ്റ് ചെയ്യാനെത്തിയത്. റിച്ചാഡ്‌സിനെ ഐതിഹാസികമായ ക്യാച്ചിലൂടെ കപില്‍ പുറത്താക്കിയ ആഹ്ലാദം കെട്ടടങ്ങും മുന്‍പേ അത് സംഭവിച്ചു. മദന്‍ ലാലാലിന്റെ ഓഫ് കട്ടറില്‍ സ്ലിപ്പില്‍ ഗവാസ്‌ക്കറുടെ കയ്യിലൊതുങ്ങിയ കാച്ചില്‍ 5 റണ്‍ എടുത്ത ലാറി ഗോംസ് പുറത്തായി. ‘നിലയുറപ്പിച്ചിരുന്നെങ്കില്‍ കളിയുടെ ഗതി മാറ്റാന്‍ കഴിയുമായിരുന്ന മറ്റൊരു കളിക്കാരനായിരുന്നു ലാറി ഗോംസ്.’ കപില്‍ ദേവ് തന്റെ ആത്മകഥയില്‍ ഇതേ സന്ദര്‍ഭത്തെ കുറിച്ച് എഴുതി. പിന്നീട് വെസ്റ്റ് ഇന്‍ഡീസിന് പിടിച്ച് നില്‍ക്കാനായില്ല. ഇന്ത്യ ചരിത്ര വിജയം നേടി.

1984 ലെ ഇംഗ്ലണ്ട് പര്യടനത്തിന്റെ മത്സരങ്ങളിലാണ് ലാറി ഗോംസ് തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ഏറ്റവും ഉയരത്തിലെത്തിയത്.

അദ്ദേഹത്തിന്റെ ആദ്യ നാല് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ എഡ്ജ്ബാസ്റ്റണില്‍ 143, ലോര്‍ഡ്സില്‍ 10, 92, ഹെഡിംഗ്ലിയില്‍ 104 നോട്ടൗട്ട്. ഗ്രീനിഡ്ജ് മാത്രമാണ് പരമ്പരയില്‍ ഗോംസിന്റെ ശരാശരിയെ മറികടന്നത്. ഗോംസ് ഒരിക്കല്‍ കൂടി വെസ്റ്റ് ഇന്‍ഡീസിലെ തന്റെ സ്ഥാനം തെളിച്ചു.

ഹെഡിംഗ്ലിയില്‍ എല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ടപ്പോള്‍ ലാറി ഗോംസ് ഒറ്റക്ക് പൊരുതി. ഹോള്‍ഡിംങ്ങിനോടൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അവസാനം സെഞ്ചറിക്കടുത്ത് 96 ല്‍ നിന്നപ്പോള്‍ ഒമ്പതാമന്‍ ഔട്ടായി. പത്താമന്‍ ബാറ്റ് ചെയ്യാന്‍ വരാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. പക്ഷേ, 8 സ്റ്റിച്ച് ഇട്ട ഇടതു കൈയുമായി അയാള്‍ വന്നു. പരിക്കേറ്റ് വിശ്രമിച്ചിരുന്ന മാല്‍ക്കംം മാര്‍ഷല്‍. ഗോംസിന് സെഞ്ചറി തികയ്ക്കാനായി വന്നതാണ്.

തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലീഷ് ഫാസ്റ്റ് ബോളര്‍ ബോബ് വില്ലിസിനെ സ്ട്രേറ്റ് ഫോറടിച്ചു കൊണ്ട് ലാറി ഗോംസ് തന്റെ 6 മത്തെ ശതകം പൂര്‍ത്തിയാക്കി. കന്മേന്റര്‍ റിച്ചി ബെനഡ് പറഞ്ഞ പോലെ, ‘Great innings !’. ഗോംസിന്റെ ഏറ്റവും മികച്ച സെഞ്ചറി’. കഴിഞ്ഞില്ല, ഒറ്റക്കയ്യില്‍ ബാറ്റേന്തിയ മാല്‍ക്കം മാര്‍ഷല്‍ ഒരു ഫോറടിച്ചിട്ടാണ് പുറത്തായത്.

1984 ലെ ഹെഡിങ്ങ് ലി ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ മാൽക്കം മാർഷൽ ഒറ്റക്കെയ്യിൽ ബാറ്റ് ചെയ്യുന്നു

അപരാജിതനായി 104 റണ്‍സുമായി ലാറി ഗോംസ് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ ഒരിക്കലും പാടിപ്പുകഴ്ത്താത്ത ആ വെസ്റ്റ് ഇന്ത്യന്‍ ഹീറോയെ സ്റ്റേഡിയത്തിലുള്ളവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിച്ചു.

ഇംഗ്ലണ്ടിന് പിന്നിട് സംഭവിച്ചത് കൂട്ട ദുരന്തമായിരുന്നു. കൈ പ്ലാസ്റ്റര്‍ ഇട്ട് മാല്‍ക്കം മാര്‍ഷല്‍ എറിയാനെത്തി. ആ അശനിപാതത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ദഹിച്ചു. 65 ഓവറില്‍ 159 ല്‍ ഇംഗ്ലണ്ട് തീര്‍ന്നു. മാര്‍ഷല്‍ 53 റണ്‍സിന് 7 വിക്കറ്റ് തെറിപ്പിച്ചു.

പരമ്പരയില്‍ രണ്ടാം തവണ ലാറി ഗോംസ് കളിയിലെ കേമനായി. 1984 ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഈ പ്രകടനം വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി നേടിക്കൊടുത്തു.

ഇതേ വര്‍ഷം പെര്‍ത്ത് ടെസ്റ്റില്‍ 104 ന് 5 വിക്കറ്റ് പോയി വിന്‍ഡീസ് മുടന്തുമ്പോള്‍ വീണ്ടും മി ഡിപ്പന്റബിള്‍ രക്ഷക്കായ് എത്തി. ഇത്തവണ 127 അടിച്ചു. റോഡ്‌നി ഹോഗിന്റെ അതിവേഗ ബൗണ്‍സര്‍ മുഖത്തേറ്റ് ചോര വന്ന ശേഷവും ബാറ്റിങ്ങ് തുടര്‍ന്നു. അടുത്ത പന്ത് സ്റ്റിപ്പില്‍ ബോര്‍ഡറുടെ തലക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക് പന്ത് പറത്തി താന്‍ ഒരു വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ തന്നെയാണെന്ന് ഹോഗിനെയും ഓസ്‌ട്രേലിയയേയും ഓര്‍മ്മിപ്പിച്ചു.

1987 ല്‍ ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ അവസാന ടെസ്റ്റില്‍ അവസാന ഇന്നിംഗ്‌സില്‍ ഗോംസ് നേടിയത് 33 റണ്‍സ്. കളി വിന്‍ഡീസ് തോറ്റു. മൈക്കേല്‍ ഹോള്‍ഡിങ്ങ്, ജോയല്‍ ഗാര്‍നര്‍, ലാറി ഗോംസ് മൂന്ന് പ്രഗല്‍ഭ കളിക്കാര്‍ ഈ പരമ്പരയോടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോട് വിട പറഞ്ഞു.

ആധുനിക ക്രിക്കറ്റില്‍ പ്രതിരോധ ബാറ്റിങ് വിരളമാണ്. എങ്കിലും ലോയിഡ് പറഞ്ഞത് ഇപ്പോഴും പ്രസക്തമാണ്. ‘ബോളിങ്ങിലും ബാറ്റിങ്ങിലുള്ള പ്രതിഭകളുടെ കുറവല്ല – ഒരു ”ലാറി’യില്ലാത്തതാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഇപ്പോഴത്തെ ദുരവസ്ഥക്കു കാരണം’.

തന്റെ കാലത്തെ പ്രതിസന്ധികളില്‍ രക്ഷക്കെത്തുമായിരുന്ന ഹിലാറി ഏയ്ജല്‍ ലാറി ഗോംസ് എന്ന മി. ഡിപ്പന്റബിളിന്റെ കഴിവുകളില്‍ ക്ലൈവ് ലോയ്ഡിന് അത്ര മേല്‍ മതിപ്പായിരുന്നു.  Recalling Larry Gomes as West Indies cricket teams pathetic state

Content Summary; Recalling Larry Gomes as West Indies cricket teams pathetic state

അമർനാഥ്‌:
Leave a Comment