ജമ്മു കശ്മീരില്‍ റെക്കോഡ് മഴ, 41 മരണം; 5,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

24 മണിക്കൂറിനിടെ 380 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്

ജമ്മുവിലെ റിയാസി, ദോഡ ജില്ലകളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 41 പേര്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും വൈഷ്‌ണോദേവി തീര്‍ത്ഥാടകരാണ്. ജമ്മു പ്രവിശ്യയില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണ് ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്.

റിയാസിയിലെ അര്‍ധ്ക്വാരിക്കു സമീപം മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 34 പേര്‍ മരിച്ചു. ദോഡ ജില്ലയില്‍ നാലുപേരും മരിച്ചു. മരിച്ച 18 പേര്‍ പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 9 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചു.

അതേസമയം, ജമ്മു കശ്മീരില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയ്ക്ക് ശേഷം വ്യാഴാഴ്ച രാവിലെ വെയില്‍ കണ്ട് തുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതിശക്തമായ മഴയെത്തുടര്‍ന്ന് താവി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റോഡുകള്‍, പാലങ്ങള്‍, ദേശീയപാതകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളും കടകളും ഒലിച്ചുപോയി. നദിക്കരയിലുള്ള ബെലിചരണയില്‍ 35 വീടുകളും 6 കടകളും നശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവില്‍ 24 മണിക്കൂറിനിടെ 380 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 1910-ല്‍ ഇവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണിത്. മുന്‍പ് 1988 സെപ്റ്റംബര്‍ 25-ന് 270.4 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

കനത്ത മഴയെത്തുടര്‍ന്ന് ജമ്മു-പഠാന്‍കോട്ട്, ജമ്മു-ശ്രീനഗര്‍ ദേശീയപാതകളിലെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 5000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ശ്രീനഗറിലെ ഝലം നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തി. 2014-ലെ വെള്ളപ്പൊക്കത്തിന് ശേഷം നഗരം അതീവ ജാഗ്രതയിലാണ്. എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ താഴ്വരയില്‍ ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടു. Record rain in Jammu and Kashmir, 41 dead; 5,000 people evacuated

Content Summary:  Record rain in Jammu and Kashmir, 41 dead; 5,000 people evacuated

This post was last modified on August 28, 2025 11:37 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment