UPDATES

ഭയസൗന്ദര്യാനുഭവങ്ങളുടെ നിഗൂഢത ‘കലിക’

വടയക്ഷിണിയും ധൂമാവതിയും മലയാള വായനക്കാര്‍ക്ക് പരിചിതമായി

Avatar

അമർനാഥ്‌

                       

കലിക മോഹന്‍ ചന്ദ്രന്‍ എന്നറിയപ്പെട്ട കുവൈറ്റിലെ മുന്‍ അംബാസിഡറായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍ 47 വര്‍ഷത്തിന് മുമ്പ് മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക്കല്‍ ഫാന്റസിയായ കലിക എന്ന നോവലെഴുതുമ്പോള്‍, മലയാളത്തില്‍  ‘മാന്ത്രിക നോവല്‍’ എന്ന സാഹിത്യ ശാഖക്ക് ആരംഭം കുറിക്കുകയായിരുന്നു. 1977ല്‍ കുങ്കുമം വാരികയില്‍ ഖണ്ഡശ പ്രസിദ്ധികരിച്ച ‘കലിക’ വിഷയത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ രചനയായി. ഏറെ ശ്രദ്ധിക്കപ്പെട്ട നോവലിന്റെ ആഖ്യാനം, കുങ്കുമം പോലെയൊരു വാരികയുടെ വായനക്കാര്‍ സ്വീകരിക്കുമോ എന്ന ആശങ്ക നോവലിസ്റ്റിനുണ്ടായെങ്കിലും വാരികയുടെ പത്രാധിപര്‍ക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. എന്‍.വി.കൃഷ്ണവാര്യരായിരുന്നു പത്രാധിപര്‍. സൗന്ദര്യലഹരിയും ലളിതാസഹസ്രനാമത്തിന്റെ വര്‍ണ്ണനയും ഒരു നോവലില്‍ ഉപയോഗിക്കുക എളുപ്പമല്ല. വടയക്ഷിണിയും ധൂമാവതിയും മലയാള വായനക്കാര്‍ക്ക് പരിചിതമാകുന്നതും കലികയിലൂടെ തന്നെ. ഉപയോഗിച്ചിരിക്കുന്ന മന്ത്രങ്ങളും പ്രയോഗങ്ങളും താന്ത്രിക രംഗങ്ങളും പുതുമന തന്ത്രിയുടെ സംശോധനയില്‍ തന്നെയായതിനാല്‍ ഒറിജിനല്‍ തന്നെ! അത് കൊണ്ടാണ് നോവലിസ്റ്റ് ഇതിലെ വിദ്യകളും മന്ത്രങ്ങളും വായനക്കാരന്‍ പരീക്ഷിക്കരുത് എന്ന കുറിപ്പ് നോവല്‍ പുസ്ത രൂപത്തില്‍ വന്നപ്പോള്‍ ചേര്‍ത്തത്. BMC Nair Kalika .

നോവല്‍ അവസാനിച്ചപ്പോള്‍ വായനക്കാര്‍ അതേറ്റു വാങ്ങി എന്ന് മാത്രമല്ല, കുങ്കുമത്തിന്റെ പ്രചാരം അക്കാലളവില്‍ കൂടി. കലിക 1980ല്‍ ചലച്ചിത്രമായി. ബാലചന്ദ്രമേനോന്റെ രണ്ടാമത്തെ ചിത്രം. പടം വിജയിച്ചെങ്കിലും നോവലുമായി വളരെ കുറവ് ബന്ധമേ ചിത്രത്തിനുള്ളു. കലികയായ് ഷീല.
തകര്‍പ്പന്‍ ഡയലോഗുകള്‍ പടത്തില്‍ പറഞ്ഞ സുകുമാരന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട റോളായിരുന്നു കലികയിലെ ജോസഫ് എന്ന പൊടിയന്‍.സംവിധായകന്റെ പേര് സിനിമാപോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയ ആദ്യ ബഹുമതിയും കലിക എന്ന ചിത്രത്തിനാണ്. നിര്‍മ്മാതാവായ കൃഷ്ണസ്വാമി റെഡിയാരും ബാലചന്ദ്രമേനോനും തമ്മില്‍ തെറ്റി. അങ്ങനെ സംവിധായകന്റെ പേരില്ലാതെ ഒരു പടത്തിന്റെ, കലികയുടെ സിനിമാ പോസ്റ്ററ്റര്‍ കേരളത്തിലെ ഭിത്തികളില്‍ പ്രത്യക്ഷപ്പെട്ടു.കലിക നോവല്‍ വന്ന് 7 കൊല്ലം കഴിഞ്ഞാണ് പി.വി.തമ്പി മനോരാജ്യത്തില്‍ മാന്ത്രിക നോവല്‍ കൃഷ്ണ പരുന്ത് എഴുതുന്നത്. അത് ഹിറ്റായെങ്കിലും കലികയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ചലചിത്ര രൂപം വിജയിച്ചു എന്ന് മാത്രം. കലികയെ തുടര്‍ന്ന് 7 നോവലുകള്‍ മോഹനചന്ദ്രന്‍ എഴുതി, കാപ്പിരി എന്ന നോവല്‍ വേറിട്ട ഒന്നായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി. രതിയുടെയും മരണത്തിന്റെയും അസുരതാളമുള്ള, പച്ചിലകളുടേയി കാറ്റിന്റെയും ലയന ഭാവം. കാലം കാത്ത് വെച്ച പകയുടെ ക്രൂരഭാവത്തിലെത്തുന്ന കാപ്പിരിയുടെ താണ്ഡവമാണ് ഏറെ ചോരയൊഴുകിയ കാപ്പിരിയെന്ന നോവലിന്റെ കഥാസാരം.

തമിഴില്‍ ആനന്ദവികടനിലെ ശിവന്‍ പരിഭാഷ നല്‍കി, അവിടെയും കലികക്ക് വായനക്കാരുണ്ടായി.ചെറുകഥാ കൃത്ത് വിക്ടര്‍ ലീനസാണ് കലിക ആദ്യം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയത്. പക്ഷേ, അത് പുറത്ത് വന്നില്ല.പിന്നിട് 2010ല്‍ വെറൊരാളുടെ പരിഭാഷ പുസ്തകമായി. സാധാരണ വായനക്കാരെ ഭയ സൗന്ദര്യാനുഭവങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു മാന്ത്രിക നോവലെ മലയാള ഭാഷയിലുള്ളൂ! അത് ‘കലിക’യാണ്.കാല്‍ നൂറ്റാണ്ടായി ഒരു പരസ്യവും ഇല്ലാതെ മലയാള വായനക്കാരന്‍ വാങ്ങി വായിക്കുന്ന നോവല്‍! ഇന്ന് മോഹനചന്ദ്രന്റെ ചരമവാര്‍ഷികമാണ്.

 

English summary: Renowed novelist BMC Nair and his novel Kalika

Share on

മറ്റുവാര്‍ത്തകള്‍