June 04, 2026 |
Share on

വിസയുണ്ടായിട്ടും പ്രവേശനമില്ല; ഹിന്ദി പണ്ഡിത ഫ്രാൻസെസ്ക ഓർസിനിയെ തടഞ്ഞ് ഇന്ത്യ

വിദേശത്തുള്ളവർ ഇന്ത്യയെക്കുറിച്ച് അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ എഴുതുന്നുവെന്ന് ന്യായീകരണം

ഹിന്ദി പണ്ഡിതയും ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ പ്രൊഫസറുമായ ഫ്രാൻസെസ്ക ഓർസിനിയെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായി റിപ്പോർട്ട്. അഞ്ച് വർഷത്തേക്ക് സാധുവായ ഇ-വിസയുണ്ടായിരുന്നിട്ടും രാജ്യത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയായിരുന്നു.

‘ദി ഹിന്ദി പബ്ലിക് സ്ഫിയർ 1920-1940 ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷണലിസം’ എന്ന ഏറെ ശ്രദ്ധേയമായ 2002 ലെ പുസ്തകത്തിന്റെ രചയിതാവാണ് ഓർസിനി. ചൈനയിൽ ഒരു അക്കാദമിക് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഹോങ്കോങ് വഴിയാണ് ഒക്ടോബർ 21ന് രാത്രി ഓർസിനി ഡൽഹിയിലെത്തിയത്.

സുഹൃത്തുക്കളെ സന്ദർശിക്കാനായിരുന്നു ഓർസിനി ഇന്ത്യയിലെത്തിയത്. 2024 ഒക്ടോബറിൽ അവർ അവസാനമായി ഇന്ത്യയിൽ വന്നിരുന്നു. പ്രവേശനം നിഷേധിച്ചതിന് ഒരു കാരണവും തനിക്ക് നൽകിയില്ല എന്ന് ഓർസിനി പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. വിസ നിഷേധിക്കുന്നതും യാത്രികരെ നാടുകടത്തുന്നതും പതിവാണെന്ന തരത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിസ ഉണ്ടായിട്ടും ഇന്ത്യയിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന നാലാമത്തെ വിദേശ പണ്ഡിതയാണ് ഓർസിനി.

ബ്രിട്ടനിൽ നിന്നുള്ള ആന്ത്രോപോളജിസ്റ്റ് ഫിലിപ്പോ ഒസെല്ലയെ 2022 മാർച്ചിൽ തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. അതേ വർഷം ബ്രിട്ടീഷ് ആർക്കിടെക്ചർ പ്രൊഫസറായ ലിൻഡ്‌സെ ബ്രെംനറെയും കാരണം കൂടാതെ തിരിച്ചയച്ചിരുന്നു.

2024 ൽ യു.കെയിൽ നിന്നെത്തിയ കാശ്മീരി പണ്ഡിത നിതാഷ കൗളിനെ കർണാടക സർക്കാർ സംഘടിപ്പിച്ച ഒരു സമ്മേളനത്തിനായി ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ പ്രവേശനം നിഷേധിച്ചു. തുടർന്ന് അവരുടെ ഒ.സി.ഐ കാർഡ് റദ്ദാക്കുകയും ചെയ്തു. ബി.ജെ.പി.യുടെ രാഷ്ട്രീയ വിമർശകനും സ്വീഡൻ ആസ്ഥാനമായുള്ള അക്കാദമിക പണ്ഡിതനുമായ അശോക് സ്വെയിനിന്റെയും ഒ.സി.ഐ. കാർഡ് സർക്കാർ റദ്ദാക്കിയിരുന്നു.

സാധുവായ വിസയുണ്ടായിട്ടും എന്തുകൊണ്ടാണ് ഓർസിനിയെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തത് എന്നാണ് നിലവിൽ ഉയരുന്ന പ്രധാന ചോദ്യം. വിദേശത്തുള്ളവർ ഇന്ത്യയെക്കുറിച്ച് അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ എഴുതുന്നു, അത് രാജ്യത്തിൻ്റെ മഹത്തായ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു എന്ന തരത്തിൽ ബിജെപി സർക്കാർ വ്യാഖ്യാനം നടത്തിയിട്ടുണ്ട്. അതിൻ്റെ ഭാ​ഗമായാണ് അവരെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയതെന്നാണ് വിമർശനം.

ഒരു വശത്ത് വിദേശ സർവകലാശാലകളെ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാനും പഠന ഗവേഷണങ്ങൾ നടത്താനും ഈ സർക്കാർ അനുവദിക്കുമ്പോൾ, മറുവശത്ത് പണ്ഡിതരെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Content Summary: Renowned Hindi scholar Francesca Orsini deported from Delhi airport despite valid visa

Leave a Reply

Your email address will not be published. Required fields are marked *

×