ഒരേ വിലാസത്തിൽ 439 പേർ; വ്യാജ വിലാസത്തിലൂടെ രജിസ്റ്റർ ചെയ്തവർ 80,000 വോട്ടർമാർ

ബിഹാറിലെ മൂന്ന് മണ്ഡലങ്ങളിൽ വ്യാപക ക്രമക്കേട്

ബീഹാറിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 80,000 വോട്ടർമാർ വ്യാജ വിലാസങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തവരെന്ന് കണ്ടെത്തൽ. അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇ.സി.ഐ) അടുത്തിടെ വിവാദമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വോട്ടർ പട്ടിക പുതുക്കലിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയിരുന്നു.

പുതിയ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ, പിപ്ര, ബഗാഹ, മോത്തിഹാരി നിയമസഭാ മണ്ഡലങ്ങളിൽ മാത്രം 3,590 വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്തിയതായി ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഈ വ്യാജ വോട്ടർ രജിസ്‌ട്രേഷനുകളിൽ പലതും ഒരൊറ്റ വിലാസത്തിൽ നിന്ന് രജിസ്റ്റർ ചെയ്തവയാണ്. ചിലപ്പോൾ നിലവിലില്ലാത്ത വീട്ടുനമ്പറുകളോ, അല്ലെങ്കിൽ ഗ്രാമങ്ങളുടെയോ വാർഡുകളുടെയോ പേരുകളോ ആണ് വിലാസമായി നൽകിയിരിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഈ വോട്ടർമാരിൽ ചിലർ 2003ലെ വോട്ടർ പട്ടികയിൽ അവരുടെ ശരിയായ വിലാസങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നു എന്നതാണ്, എന്നാൽ ഇപ്പോൾ പുതുക്കിയ പട്ടികയിൽ ഈ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

ഞങ്ങളുടെ അന്വേഷണത്തിൽ, എസ്.ഐ.ആറിൽ (SIR) വ്യാപകവുമായ പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിൽ നടപ്പാക്കിയ പ്രക്രിയ ആയതുകൊണ്ട് തന്നെ മുൻകാല വോട്ടർ പട്ടികയിലെ പ്രശ്നങ്ങളും, പിഴവുകളും, വ്യാജ വോട്ടർമാരെയും പൂർണ്ണമായി നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നത് വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പിപ്ര മണ്ഡലത്തിലെ ഗാലിംപൂർ ഗ്രാമത്തിലെ രണ്ട് പോളിംഗ് ബൂത്തുകളിൽ ഇത്തരത്തിലൊരു ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട് നമ്പർ 39-ൽ 459 പേരും വീട് നമ്പർ 4-ൽ 509 പേരും വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വോട്ടർമാർ വ്യത്യസ്ത കുടുംബങ്ങളിലും ജാതികളിലും സമുദായങ്ങളിലും ഉൾപ്പെട്ടവരാണ്.

ഗാലിംപൂർ ഗ്രാമത്തിലെ വീട് നമ്പർ 4-ൽ രജിസ്റ്റർ ചെയ്ത 509 വോട്ടർമാരിൽ ഒരാൾ റിപ്പോർട്ടിൽ പറഞ്ഞത് ഇങ്ങനെയാണ് മാഞ്ചി-മുസഹർ, ബ്രാഹ്മിൺ-ബനിയ ജാതിക്കാർ എങ്ങനെയാണ് ഒരുമിച്ച് താമസിക്കുന്നത്? ഇതെല്ലാം പേരുകൾ ചേർക്കുന്നവരുടെ കുതന്ത്രമാണ്. 2003ലെ ഒരു വോട്ടർപട്ടികയിൽ ശരിയായ വിലാസത്തിൽ വോട്ട് ചേർത്തിരുന്ന 459 വോട്ടർമാരെ, പുതിയതായി പുറത്തിറക്കിയ കരട് പട്ടികയിൽ നിലവിലില്ലാത്ത ഒരു വീട്ടുനമ്പറിന് കീഴിൽ കൂട്ടമായി ചേർത്തതായി കണ്ടെത്തി.

ബഗാഹ മണ്ഡലത്തിൽ, നൂറിലധികം വോട്ടർമാരുള്ള ഒമ്പത് വീടുകൾ ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഒരു വീട്ടുവിലാസത്തിൽ 248 പേരെയാണ് ചേർത്തത്. മോത്തിഹാരി നിയമസഭാ മണ്ഡലത്തിൽ, നിലവിലില്ലാത്ത വിലാസങ്ങളിൽ നൂറോ അതിലധികമോ വോട്ടർമാരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുണ്ടായിരുന്നു. 294 വോട്ടർമാർ ഒരുമിച്ച് താമസിക്കുന്ന ഒരു വീട്ടുവിലാസവും കണ്ടെത്തി. ഈ മണ്ഡലങ്ങളിലെ പല വോട്ടർമാരുടെയും വിവരങ്ങൾ ബൂത്ത് ഉദ്യോഗസ്ഥർ അവരുടെ അറിവില്ലാതെയാണ് പൂരിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചില സന്ദർഭങ്ങളിൽ, ബൂത്ത് ഉദ്യോഗസ്ഥർ വോട്ടർമാരുടെ ആധാർ ഐഡി അല്ലെങ്കിൽ ഒരു ഫോട്ടോ മാത്രം ചോദിക്കുകയും, തുടർന്ന് ബാക്കിയുള്ള എല്ലാ വിവരങ്ങളും അവർ സ്വയം പൂരിപ്പിക്കുകയും ചെയ്തത്.

റിപ്പോർട്ട് പുറത്തുവന്നതോടെ, പ്രതിപക്ഷ പാർട്ടികൾ ബീഹാർ എസ്.ഐ.ആറിനെതിരെ (SIR) പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ് ഉൾപ്പെടെയുള്ള ‘ഇന്ത്യ’ ബ്ലോക്ക് നേതാക്കൾ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ബീഹാറിലെ സസാറാമിൽ നിന്ന് 16 ദിവസത്തെ ‘വോട്ട് അധികാർ യാത്ര’ ആരംഭിച്ചിട്ടുണ്ട്.

content summary: Bihar SIR report reveals 80,000 voters registered with fake or incorrect addresses in three constituencies

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment