അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാമൂഴം ആരംഭിച്ചത് മുതൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി നടപടികളാണ് അമേരിക്കയിലെ സർവ്വകലാശാലകളെ ലക്ഷ്യം വച്ച് സ്വീകരിച്ച് വരുന്നത്. നിലനിൽപ്പിനെ ഭയന്ന് സർവ്വകലാശാലകൾക്ക് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹാർവാർഡ് സർവ്വകലാശാലയുടെ 2.3 ബില്യൺ ഫെഡറൽ ഫണ്ട് വെട്ടിക്കുറച്ചതും ചർച്ചയാവുകയാണ്. ചരിത്രം പരിശോധിക്കുമ്പോൾ ഹിറ്റ്ലറുടെ കാലം മുതൽ ഇത്തരം നടപടികൾ യൂണിവേഴ്സിറ്റികൾക്കെതിരെ സ്വീകരിച്ചിരുന്നതായി കാണാം. ഇതേ രീതികളുടെ ആവർത്തനമാണ് ട്രംപും നടപ്പിലാക്കുന്നത്.
വിവേചനപരമായ പ്രവർത്തനങ്ങളാണ് യൂണിവേഴ്സിറ്റികളുടേതെന്ന് ആരോപിച്ച് രാജ്യത്തെ അമ്പതോളം യൂണിവേഴ്സിറ്റികൾക്കെതിരെ അന്വേഷണം നടത്താൻ ട്രംപ് നിർദ്ദേശം നൽകിയതായിരുന്നു ആദ്യം സ്വീകരിച്ച നടപടി. മിഷിഗണിലെ ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സിലെ ന്യൂ ഇംഗ്ലണ്ട് കോളേജ് ഓഫ് ഒപ്‌റ്റോമെട്രി തുടങ്ങിയ ചെറിയ പ്രാദേശിക സ്‌കൂളുകൾ മുതൽ ഹാർവാർഡ്, യേൽ പോലുള്ള ഉന്നത സ്വകാര്യ സർവകലാശാലകൾ വരെ 50ലധികം സർവകലാശാലകളെയായിരുന്നു ട്രംപ് ഭരണകൂടം അന്വേഷണത്തിന് വിധേയമാക്കിയത്. സർവ്വകലാശാലയുടെ ഗവേഷണ ഫണ്ടിംഗിന്റെ കാര്യം ആരോപിച്ചായിരുന്നു സർവ്വകലാശാലകൾക്ക് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയിരുന്നത്. മാർച്ച് മാസത്തിൽ ആയിരുന്നു കാമ്പസിൽ അക്രമവും ജൂതവിരുദ്ധ പ്രവർത്തനവും നടത്തുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം കൊളംബിയ സർവ്വകലാശാലയുടെ 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും പിൻവലിച്ചത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് എതിരെയുള്ള നയങ്ങൾ കടുപ്പിക്കുന്നത് ഉൾപ്പെടെ ഭരണകൂടത്തിന്റെ നിരവധി നിർദ്ദേശങ്ങളാണ് സമ്മർദ്ദത്തിന് വഴങ്ങി കൊളംബിയ സർവ്വകലാശാലയ്ക്ക് അംഗീകരിക്കേണ്ടി വന്നത്.
കോർണൽ, നോർത്ത് വെസ്റ്റേൺ, പ്രിൻസ്റ്റൺ, ബ്രൗൺ, പെൻസിൽവാനിയ സർവകലാശാലകളുടെയും ഗ്രാന്റുകൾ അടുത്തിടെ മരവിപ്പിച്ചിരുന്നു. ഇത്തരത്തിൽ തങ്ങളുടെ 9 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് നിലനിർത്തുന്നതിനായി ഹാർവാർഡിനും നിർദ്ദേശങ്ങളുടെ ഒരു പട്ടിക ഭരണകൂടം അയച്ചിരുന്നു. ഹാർവാർഡ് ഉൾപ്പെടെ ചുരുക്കം ചില സർവ്വകലാശാലകൾ തങ്ങളുടെ തത്വത്തിലൂന്നി പ്രവർത്തിക്കാനും ഭരണകൂട നടപടികൾക്കെതിരെ പ്രതിരോധം തീർക്കാനും ശ്രമിക്കുന്നുണ്ട്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളെ ചോദ്യം ചെയ്ത് അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്‌സ് ഉൾപ്പെടെയുള്ള സംഘടനകൾ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
1975-ൽ പുറത്തിറങ്ങിയ ” The Abuse of Learning: The Failure of German Universities ” എന്ന പുസ്തകത്തിൽ 20-ാം നൂറ്റാണ്ടിൽ ജർമ്മൻ സർവകലാശാലകൾ നാസി ഭരണകൂടത്തെ ചെറുക്കാതെ, അതിനോട് എങ്ങനെ പൊരുത്തപ്പെട്ടു എന്ന് ചരിത്രകാരനായ ഫ്രെഡറിക് ലിൽജ് വിവരിക്കുന്നുണ്ട്. 1933ൽ ദേശീയ അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പുതന്നെ, നാസി പാർട്ടി ദേശീയവാദ വിദ്യാർത്ഥി ഗ്രൂപ്പുകളിലൂടെ ജർമ്മൻ സർവകലാശാലകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജൂതന്മാർ, മാർക്സിസ്റ്റുകൾ, ലിബറലുകൾ, സമാധാനവാദികളെയും വിമർശിക്കുകയും ചെയ്തു. അധികാരത്തിലേറിയതിന് ശേഷം ജൂതന്മാരെയും ആര്യൻമാരല്ലാത്ത അധ്യാപകരെയും പിരിച്ചുവിടാൻ നിർദ്ദേശം നൽകുകയുണ്ടായി. ആദ്യം പ്രതിരോധിച്ചെങ്കിലും താമസിയാതെ, പ്രൊഫസർമാർക്ക് ഹിറ്റ്‌ലറോട് കൂറ് പുലർത്തേണ്ടി വന്നതായാണ് ചരിത്രം
ദേശീയ പ്രതിരോധം, വംശീയ ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനായി പാഠ്യപദ്ധതികൾ പരിഷ്കരിച്ചത് ഉൾപ്പെടെ നാസി പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനായി മുഴുവൻ വകുപ്പുകളും പുനഃക്രമീകരിച്ചു. ഹിറ്റ്‌ലർ അധികാരത്തിലെത്തി ആഴ്ചകൾക്കുള്ളിൽ തന്നെ , ടെക്‌നിഷെ ഹോഷ്‌ഷൂൾ സ്റ്റുട്ട്ഗാർട്ട് പോലുള്ള ചില സ്ഥാപനങ്ങൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാൻ പോലും തിടുക്കം കാണിച്ചു. ജർമ്മൻ യൂണിവേഴ്‌സിറ്റീസ് അസോസിയേഷൻ പോലുള്ള പ്രൊഫഷണൽ അസോസിയേഷനുകൾ മൗനം പാലിച്ചു, സർവകലാശാലകൾക്ക് സ്വയംഭരണം നഷ്ടപ്പെട്ട് നാസി ഭരണകൂടത്തിന് കീഴ്പ്പെടാനാണ് അവർ ശ്രമിച്ചത്. ചില അക്കാദമിക് വിദഗ്ധർ ഈ നടപടികളെ എതിർത്തു, എന്നാൽ അവരെ പുറത്താക്കുകയോ നാടുകടത്തുകയോ വധിക്കുകയോ ചെയ്തു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് കീഴിൽ വന്ന മറ്റ് രാജ്യങ്ങൾക്കും സമാനമായ നടപടിയാണ് നേരിടേണ്ടി വന്നത്. 1931ൽ, മുസ്സോളിനി ഭരണകൂടം എല്ലാ സർവകലാശാലാ പ്രൊഫസർമാരും രാഷ്ട്രത്തോടുള്ള കൂറ് പുലർത്തുന്നുവെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെട്ടു . 1,200ലധികം പേരിൽ 12 പേർ മാത്രമാണ് വിസമ്മതിച്ചത്. പലരും സത്യപ്രതിജ്ഞ തങ്ങളുടെ അധ്യാപനത്തിലോ ഗവേഷണത്തിലോ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് വാദിച്ചുകൊണ്ട് തങ്ങളുടെ നയത്തെ ന്യായീകരിച്ചു. എന്നാൽ ഈ എതിർപ്പിന്റെ അഭാവം ഫാസിസ്റ്റ് സർക്കാരിന് സർവകലാശാലകളുടെ മേലുള്ള നിയന്ത്രണം കർശനമാക്കാനും അവരുടെ പ്രത്യയശാസ്ത്ര അജണ്ട മുന്നോട്ട് കൊണ്ടുപോകാനുമുള്ള ധൈര്യം നൽകി. സോവിയറ്റ് യൂണിയൻ മുഴുവൻ അക്കാദമിക് സംവിധാനത്തെയും പുനർനിർമ്മിക്കുകയാണുണ്ടായത്.
ഉന്നത വിദ്യാഭ്യാസ ഭരണത്തിലുള്ള ട്രംപ് ഭരണകൂടത്തിന്റെ ഇടപെടൽ സർവകലാശാലകളെ ഭരണകൂടത്തിന്റെ സ്വാധീനത്തിലോ നിയന്ത്രണത്തിലോ കൊണ്ടുവരാനുള്ള ശ്രമങ്ങളെയാണ് വ്യക്തമാക്കുന്നത്.കോളേജ് കാമ്പസുകളിലെ വിവേചനപരമായ ഡിഇഐ നയങ്ങൾ ഇല്ലാതാക്കാനും ജൂതവിരുദ്ധത ഇല്ലാതാക്കാനുമാണ് നടപടി സ്വീകരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഫെഡറൽ ഫണ്ടിംഗ് ഉൾപ്പെടെ തടഞ്ഞുവച്ചുകൊണ്ട് ഭരണകൂടം സർവകലാശാലകളോട് പ്രത്യയശാസ്ത്രപരമായി തങ്ങളോട് അനുഭാവം പുലർത്താനാണ് ആവശ്യപ്പെടുന്നത്
ട്രംപിന്റെ ആവശ്യങ്ങളോടുള്ള കൊളംബിയയുടെ പ്രതികരണം ചെറുത്തുനിൽപ്പ് അപകടകരമാണെന്ന സന്ദേശമാണ് നൽകുന്നത്. പെൻസിൽവാനിയ സർവകലാശാലയുടെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ, പ്രിൻസ്റ്റൺന്റെ കാലാവസ്ഥാ പരിപാടികൾക്കെതിരെ , ജൂതവിരുദ്ധത ആരോപിച്ച് ഹാർവാർഡിനെതിരെയുൾപ്പെടെ ട്രംപ് ഭരണകൂടം ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കുകയാണ് ചെയ്തത്. പൗരസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സമ്മേളിക്കാനുള്ള അവകാശം തുടങ്ങി സര്‍വകലാശാലയുടെ ഒന്നാം ഭേദഗതി അവകാശങ്ങളും ഫെഡറല്‍ അധികാരവും മറികടക്കുന്ന കാര്യങ്ങളാണ് തങ്ങളോട് ചെയ്യാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നായിരുന്നു ഗാര്‍ബര്‍ തിരിച്ചടിച്ചിരിക്കുകയാണ്
content summary: retaliation against Harvard University, Trump administration repeating Nazi history