January 18, 2025 |
Share on

ഫയര്‍ ഇതുമതിയോ?

ഒന്നാം ഭാഗത്തിലേത്‌ പോലെ തന്നെ ഡയലോഗിൽ പരാമർശിക്കുന്ന ഫയർ അത്‌ പറയുമ്പോൾ കാഴ്‌ചക്കാർക്ക്‌ ലഭിക്കുന്നില്ല

ഇന്ത്യൻ സിനിമാലോകം സമീപകാലത്ത്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ പുഷ്‌പ 2, 2021ൽ പുറത്തിറങ്ങിയ പുഷ്‌പ ദ റൈസിന്റെ മികച്ച ഒരു സീക്വൽ തന്നെയാണ്‌. സുകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഒന്നാം ഭാഗത്തിലുളളതുപോലെ സംഘട്ടനവും സെന്റിമെൻസും പകയും കള്ളക്കടത്തും ഒക്കെ തന്നെയാണ്‌ പറയുന്നത്‌. അല്ലു അർജുന്റെ പുഷ്‌പരാജ്‌ എന്ന കഥാപാത്രത്തിന്റെ വളർച്ച എങ്ങനെയാണെന്ന്‌ കാണിക്കുന്നതൊഴിച്ചാൽ, സിനിമാപ്രേമികൾക്ക്‌ ശരാശരിയെന്നതിനപ്പുറം പുഷ്‌പ ദി റൂളിൽ ഒന്നും പ്രതീക്ഷിക്കാനില്ല. Pushpa 2 review

എന്നാൽ രചയിതാവും സംവിധായകനുമെന്ന നിലയിൽ കഥയുടെ ഡെവലപ്‌മെന്റ്‌ കാണിക്കുന്നതിൽ സുകുമാർ വിജയിച്ചിട്ടുണ്ട്‌. പോളിഷ്‌ ഛായാഗ്രഹകനായ മിറോസ്ലോവ്‌ കുബ ബ്രോഷെകിന്റെ സിനിമാറ്റോഗ്രഫി എടുത്ത്‌ പറയേണ്ടതാണ്‌. സംഗീതവും സംഘട്ടനവും ആദ്യ ഭാഗത്തിലേതു പോലെ തന്നെ. ദേവി ശ്രീ പ്രസാദാണ്‌ ചിത്രത്തിന്റെ സംഗീതം. ഏറെ വിസിമയിപ്പിക്കുന്ന തരത്തിലായിരുന്നില്ലെങ്കിൽ പോലും പുഷ്‌പ പോലൊരു ചിത്രത്തിന്‌ യോജിക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. മനോഹരമായ എഡിറ്റിങ്ങും സിനിമയുടെ മികവ്‌ തന്നെയാണ്‌.

പുഷ്‌പയിൽ മലയാളികൾ ആകാംഷയോടെ കാത്തിരുന്നത്‌ ഫഹദ്‌ ഫാസിലിന്റെ ഭൻവർ സിങ്‌ ഷെഖാവത്ത്‌ എന്ന കഥാപാത്രത്തെ കാണാനായിരുന്നു. എന്നാൽ പുഷ്‌പ ദി റൈസിൽ അവതരിപ്പിച്ചതു പോലെ തന്നെ എടുത്തുപറയാൻ കഴിയുന്ന രീതിയിലുള്ള കഥാപാത്ര മികവ്‌ ഷെഖാവത്ത്‌ എന്ന പോലീസ്‌ ഓഫീസറിനില്ല. തമിഴ്‌ സിനിമയിൽ കുറച്ച്‌ നാളായി സംവിധായകനും അഭിനേതാവുമായ എസ്‌ ജെ സൂര്യ പിന്തുടരുന്ന രീതി തന്നെയാണ്‌ ഫഹദിന്റേതും. പുഷ്‌പ ദ റൈസിൽ അനുഭവപ്പെട്ട അതേ ആവർത്തന വിരസത രണ്ടാം ഭാഗത്തിലുമുണ്ട്‌. പുഷ്‌പ 1 ൽ കുറച്ച്‌ സീനുകളിൽ മാത്രമാണ്‌ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ പുഷ്‌പ 1 ൽ നിരവധി രംഗങ്ങളിൽ ഫഹദുണ്ട്‌. അത്‌ മാത്രമാണ്‌ മലയാളികൾക്ക്‌ ആശ്വാസമേകുക.

അല്ലു അർജുന്റെ താരപദവി കൂടുതൽ ഉയരങ്ങളിലെത്തുന്നതിൽ പുഷ്‌പ എന്ന ചിത്രം ഏറെ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതിന്‌ പ്രധാന കാരണം പുഷ്‌പയിലെ അഭിനയത്തിന്‌ മികച്ച നടനുളള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്‌ തന്നെ. ദേശീയ പുരസ്‌കാരത്തിന്റെ വില എത്രത്തോളമുണ്ടെന്ന്‌ അന്ന്‌ ചർച്ചാവിഷയമായ കാര്യമാണ്‌. വീണ്ടും അതിന്‌ വേണ്ടിയിട്ടുള്ള ശ്രമങ്ങൾ ചിത്രത്തിൽ നടത്തിയിട്ടുണ്ട്‌ എന്നത്‌ വ്യക്തമാണ്‌. ദൈവീക പരാമർശങ്ങൾ അനാവശ്യമായി ചിത്രത്തിൽ തിരുകി കയറ്റിയിട്ടുണ്ട്‌. ഒന്നാം ഭാഗത്തിലേത്‌ പോലെ തന്നെ ഡയലോഗിൽ പരാമർശിക്കുന്ന ഫയർ അത്‌ പറയുമ്പോൾ കാഴ്‌ചക്കാർക്ക്‌ ലഭിക്കുന്നില്ല. ഒന്നാം ഭാഗത്തെ പോലെ പാൻ ഇന്ത്യൻ വിജയം ചിത്രം ആവർത്തിക്കുമെന്നതിൽ സംശയമില്ല. കാരണം ഒരു കച്ചവട സിനിമക്ക്‌ ആവശ്യമായ ഘടങ്ങൾ ഒത്തിണക്കി തന്നെയാണ്‌ സംവിധായകൻ പുഷ്‌പ ദി റൂൾ ഒരുക്കിയിരിക്കുന്നത്‌. Pushpa 2 review

Content summary: Review of Allu Arjun and Fahadh Faasil’s movie Pushpa 2: The Rule

Pushpa 2: The Rule Allu ArjunFahadh FaasilSukumar South Indian cinema

×